ലോകത്ത് കൊവിഡ് കേസുകൾ കോടിക്കണക്കിനാണ്. നമ്മുടെ രാജ്യത്താവട്ടെ പത്തു ലക്ഷത്തിനടുത്തെത്താറായിരിക്കുന്നു. സംസ്ഥാനത്താവട്ടെ അയ്യായിരത്തിലേറെയും! സംസ്ഥാനത്ത് ഇതുമൂലം മരണമടഞ്ഞവരുടെ എണ്ണം മുപ്പത്തി അഞ്ച് ആയി. ഉറവിടമറിയാത്ത കേസുകൾ പെരുകുകയും ചെയ്യുന്നു.
ഇന്നലെ (July 15) ന് സംസ്ഥാനത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകൾ 623 ആണ്. അതിൽ 432 എണ്ണം സമ്പർക്കത്തിലുടെയും 37 എണ്ണം ഉറവിടമറിയാത്തവയുമാണ്.
തിരുവനന്തപുരവും പൊന്നാനിയുമൊക്കെ അതീവ ഗുരുതരാവസ്ഥയിൽ തന്നെ.
എന്നിട്ടും ചില മനുഷ്യർക്കൊന്നും ജീവനിൽ താത്പര്യമില്ലാത്തതു പോലെ, അതോ അറിവില്ലാഞ്ഞിട്ടാണോ, സാമൂഹിക അകലത്തിന്റെ ആവശ്യകതയെ കുറിച്ച് ആരോഗ്യ പ്രവർത്തകരും സർക്കാരും ആവർത്തിച്ചു പറഞ്ഞിട്ടും വകവയ്ക്കാത്തത്?
മാസ്ക്ക് ഉപയോഗിച്ചാലും സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. അപ്പോൾ മാസ്കും ഇല്ല, സാമൂഹിക അകലവും പാലിക്കുന്നില്ലങ്കിലത്തെ അവസ്ഥയോ?
മാസ്ക് ഒരു ഐഡന്റിറ്റി കാർഡല്ല, താടിയിൽ തൂക്കിയിട്ട മാസ്ക് കണ്ട് തിരിച്ചറിഞ്ഞ് കൊറോണ തിരികെ പോകാൻ. അത് വായും മുക്കും നന്നായി മറച്ച് തന്നെ ഉപയോഗിക്കണം. എങ്കിലേ കൊറോണ അകന്നു നിൽക്കു.
ജീവനോളം വലുതല്ല മറ്റൊന്നും, സമ്പത്ത് വെട്ടിപ്പിടിക്കാനും അധികാരം സ്ഥാപിക്കാനുമൊക്കെയായി, സാമൂഹിക അകലം പാലിക്കാതെയും മാസ്ക്കണിയാതയുമൊക്കെ നടക്കുമ്പോൾ ഒരു കാര്യമോർക്കണം,
ജീവനില്ലങ്കിൽ കരസ്ഥമാക്കിയതൊന്നും തന്നെ അനുഭവിക്കാനാവില്ല. പകരം കൊറോണ കൂട്ടിക്കൊണ്ടു പോകും. പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാൻ വിട്ടു നൽകുക കൂടെ ചെയ്യാതെ.
കൊറോണ ബാധിച്ചു രക്ഷപ്പെട്ടവരോട് ചോദിച്ചു നോക്കു, അതിന്റെ ബുദ്ധിമുട്ടിന്റെ തീവ്രത എന്താണെന്ന്. ‘വെന്റിലേറ്റർ’ എന്ന വാക്കു കേൾക്കുന്നതു പോലല്ല അനുഭവത്തിൽ.
സ്വന്തം ജീവനും കുടുംബവുമൊക്കെ പിന്നിൽ നിർത്തിക്കൊണ്ടാണ് ആരോഗ്യ പ്രവർത്തകർ കൊറോണക്കെതിരെ പോരാടുന്നത്. അതുപോലെ പോലീസും വിശ്രമമില്ലാതെ ജോലി ചെയ്യുന്നു, സമൂഹത്തിനു വേണ്ടി.
ഇവരുടെയൊക്കെ കഷ്ടപ്പാടുകൾ വിവരിക്കാനാവുന്നതിനുമപ്പുറത്താണ്. അതൊന്നും വെള്ളത്തിൽ വരച്ച വര പോലാക്കി കളയരുത് നാം.
‘ബ്രേക്ക് ദി ചെയ്ൻ’ മൂന്നാം ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ‘ജീവന്റെ വിലയുള്ള ജാഗ്രത’ വെറും മുദ്രാവാക്യത്തിലൊതുക്കാതെ പ്രവർത്തിയിൽ വരുത്തുക.
ആരിൽ നിന്നു വേണമെങ്കിലും പടരാം. അതുകൊണ്ട് ദയവു ചെയ്ത് മാസ്ക് കൃത്യമായി ഉപയോഗിക്കുകയും രണ്ടു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുകയും
ആവശ്യമില്ലാത്ത യാത്രകൾ നിരോധിച്ച്, ആരോഗ്യപ്രവർത്തകരുടെയും സർക്കാറിന്റെയും നിയന്ത്രണങ്ങൾ അനുസരിക്കുക. അതുവഴി അവനവനെയും മറ്റുള്ളവരെയും സംരക്ഷിക്കുക.