ലോകത്തിനു ശുഭപ്രതീക്ഷ നൽകി കൊണ്ട് ബ്രിട്ടനിൽ ഓക്സ്ഫോർഡ് സർവ്വകലശാല വികസിപ്പിച്ച സാധ്യതാ വാക്സിന്റെ ആദ്യ ഫലങ്ങൾ വിജയം!
മരുന്നു കമ്പനിയായ ആസ്ട്ര സെനേക്കുമായി ചേർന്ന് വികസിപ്പിച്ച ‘AZD 1222’ മനുഷ്യരിൽ പരീക്ഷിച്ചതിന്റെ ആദ്യ രണ്ടു ഘട്ടങ്ങളാണ് വിജയിച്ചത്.
ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിൻ ഭാഗമായ ജെന്നർ ഇൻസ്റ്റിട്യൂട്ടാണ് വികസിപ്പിച്ച വാക്സിൻ, ബ്രിട്ടനിലെ അഞ്ച് ആശുപത്രികളിലായി പതിനെട്ടിനും അൻപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ആയിരത്തി എഴുപത്തി ഏഴ് പേരിൽ പരീക്ഷണം നടത്തിയത്.
വാക്സിൻ എടുത്ത തൊണ്ണൂറ് ശതമാനം ആളുകളിലും വൈറസിനെതിരെയുള്ള ആന്റിബോഡിയും ടി കോശങ്ങളും രൂപപ്പെട്ടു. ടി കോശങ്ങൾ വൈറസിൽ നിന്നും വർഷങ്ങളോളം സംരക്ഷണം നൽകുകയും
രോഗപ്രതിരോധ ശേഷി വർദ്ധിപിക്കുകയും ചെയ്യുമെന്ന് ജെന്നർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്റ്റർ അഡ്രിയാൻ ഹിൽ അറിയിച്ചു.
വാക്സിൻ സുരക്ഷിതമാണെന്നും പാർശ്വ ഫലങ്ങളൊന്നുമില്ലന്നുമാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ലാൻസെറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇനി നടക്കാനിരിക്കുന്ന, പതിനായിരത്തിലേറെ പേരിൽ നടത്തുന്ന, മൂന്നാംഘട്ട പരീക്ഷണവും വിജയിച്ചാൽ മാത്രമേ വാക്സിന് അംഗീകാരം ലഭിക്കു.
ആസ്ട്ര സെനേക്കുമായി സഹകരിച്ച ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘സെറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ’യുടെ സി.ഇ.ഓ അദാർ പുനവല്ല വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്, രണ്ടായിരത്തി ഇരുപത് അവസാനത്തോടെ വാക്സിൻ ലഭ്യമാകുമെന്നാണ്.
ഇതേ സമയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും പൂനെയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഹൈദരബാദിലെ ഭാരത് ബയോടെക്ക് ഇന്ത്യയിൽ നിർമ്മിച്ച കൊവിഡ് വാക്സിനാണ് കൊവാക്സിൻ. കോവാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം
ഇന്ത്യയിലെ, കൊവിഡ് ബാധിച്ചിട്ടില്ലാത്ത മുന്നൂറ്റി എഴുപത്തിയഞ്ച് വോളന്റിയർമാരിൽ പരീക്ഷിച്ചു.
ലോകം ഉറ്റുനോക്കിയിരിക്കുന്ന ഒന്നാണ് കൊവിഡ് 19 വൈറസിനെതിരെയുള്ള വാക്സിൻ. അതിലേയ്ക്കുള്ള ദൂരം കുറഞ്ഞു കൊണ്ടിരിക്കുന്നു.