മലയാള ഭാഷയുടെ വർത്തമാനകാല സ്ഥിതിയെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കാഴ്ച്ച പ്രസക്‌തമാകുന്നു. വലിയ പുരോഗതികളിലേക്കുള്ള പ്രയാണത്തിൽ നമുക്ക് പലതും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഒരു യഥാർത്ഥ്യമാണ്. സംസ്ക്കാരം, കരുണ, ദയ, സൗഹൃദങ്ങൾ തുടങ്ങി ഏറെയുണ്ട് കൈമോശം വന്നു കൊണ്ടിരിക്കുന്നവ. ഇവക്കിടയിലൂടെ ഭാഷയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് നാം അറിയാതെ പോകുന്നു. ഒരുപക്ഷെ അറിഞ്ഞിട്ടും അറിയാതെ പോകുന്നതുമാകാം.

മലയാളത്തിന് ക്ലാസിക്കൽ പദവി നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇടക്കാലത്ത് സജീവമായി, ഇപ്പോൾ അത് ശാന്തമായി. ഭരണഭാഷ മലയാളമാക്കണമെന്ന ആവശ്യം ശക്‌തമായി. അത് ഏറെക്കുറെ നടപ്പായി വരുന്നു എന്ന് പറയാം. സ്‌കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കണമെന്നത് ഭാഷാ സ്‌നേഹികൾ ശക്‌തമായി ആവശ്യപ്പെടുന്ന ഒന്നാണ്. അത് ഇനിയും യഥാർത്ഥ്യമായില്ല. വിദൂരമല്ലാത്ത ഭാവിയിൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം. ഇത്തരം ആവശ്യങ്ങളും പ്രവർത്തനങ്ങളും നടക്കുന്നത് മലയാള ഭാഷയുടെ സംരക്ഷണവും നിലനിൽപ്പും ആവശ്യമാണെന്ന ഉത്തമ ബോധ്യത്തിൽ നിന്നുമാണ്. ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് സജീവതയിലൂടെ മുന്നേറുമ്പോൾ മറുഭാഗത്ത് ഭാഷ ജീർണ്ണതയിലേക്ക് നീങ്ങുന്നയവസ്ഥ മലയാളിയുടെ ദൈന്യതയുടെ കാഴ്ച്ചയാണ് ഒരുക്കുന്നത്.

പ്രാദേശിക ഭംഗിയുള്ള ഭാഷയാണ് മലയാളം. 14 ജില്ലകളിലും 14 രീതികളിൽ സംസാരിക്കുന്ന ഭാഷ. ഗ്രാമീണ സംസാര രീതികൾ വേറെയും. സാഹിത്യത്തിലും സംസ്‌ക്കാരത്തിലും വലിയ പ്രാധാന്യം നേടിയ ഭാഷ. ഈ ഭാഷയുടെ അവസ്ഥയെക്കുറിച്ചാണ് ചുള്ളിക്കാട്  പറഞ്ഞത്. എവിടെയാണ് നമുക്ക് തെറ്റിയത്? ഭാഷ പഠനത്തിന് പ്രാധാന്യം കുറഞ്ഞു, പ്രാദേശികമായ സംസാര രീതികളും, വാക്കുകളും, പ്രയോഗങ്ങളും ഇല്ലാതാവുന്നു, അവ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നില്ല, വൈദേശിക ഭാഷകളോടുള്ള വലിയ താൽപ്പര്യം, പ്രത്യേകിച്ച് ഇംഗ്ലീഷിനോട്, മലയാളിക്ക്‌ മലയാളത്തോടുള്ള പുച്ഛം അല്ലെങ്കിൽ താൽപ്പര്യക്കുറവ്, മലയാള പഠനം നിർബന്ധമാക്കാത്തത്, ഭാഷയോടുള്ള  വൈകാരിക അടുപ്പക്കുറവ്, തുടങ്ങി നിരവധി കാരണങ്ങൾ ഭാഷയുടെ ജീർണ്ണതയ്ക്ക് കാരണമായിട്ടുണ്ട്. മറ്റൊന്ന്, ഭാഷയിലെ പദങ്ങളുടെ  ഉപയോഗത്തിൽ വന്ന മാറ്റങ്ങളാണ്. ഉദാഹരണമായി, പഴയ അദ്ധ്യാപകനിൽ നിന്ന് പുതിയ അധ്യാപകൻ വന്നു.  ഒപ്പം വിദ്ധ്യാർത്ഥിയും മാറി വിദ്യാർത്ഥി ആയി. ഇത്തരത്തിൽ പദ വ്യത്യാസങ്ങൾ  നിരവധിയായി മലയാളത്തിൽ വന്നു കൊണ്ടിരിക്കുന്നു. ഉപയോഗത്തിലും ഇത്തരം  മാറ്റങ്ങൾ ഉണ്ട്. ഈ മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ പദസമ്പത്തുകളും, പ്രയോഗ രീതികളും നഷ്‌ടപ്പെടുന്നു. അത് ഭാഷയുടെ ജീർണ്ണതയ്ക്ക് കൃത്യമായ കാരണങ്ങളാകുന്നു. മലയാളത്തെ മറക്കാത്ത ഒരു മലയാളിയെയാണ് നമുക്കാവശ്യം. മലയാളം നന്മയും, സ്‌നേഹവുമാണ്.

1 Comment
  1. V Thomas 4 years ago

    മലയാളിക്ക്‌ മലയാളത്തോടുള്ള പുച്ഛം അല്ലെങ്കിൽ താൽപ്പര്യക്കുറവ്… അത് ഭാഷയുടെ ജീർണ്ണതയ്ക്ക് കൃത്യമായ കാരണങ്ങളാകുന്നു

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account