ഏപ്രില്‍ 9 ന് ദലിത് വിഭാഗങ്ങള്‍ നടത്തിയ ഹര്‍ത്താല്‍ കേരള രാഷ്‌ട്രീയത്തിന് പുതിയ മാനം നല്‍കി. പട്ടികജാതി/വര്‍ഗ്ഗക്കാരോട് സമൂഹത്തിന് പൊതുവായുള്ള പുച്ഛം ദലിത് ഹര്‍ത്താലിനോടും നിഴലിച്ചു കണ്ടു. ഒരു രാഷ്‌ട്രീയപ്പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലിനോട് പ്രതികരിക്കുന്നതില്‍ നിന്ന് വിഭിന്നമായി കടകമ്പോളങ്ങള്‍ തുറന്നിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയും, ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഹോട്ടലുടമകളും അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് ഭിന്ന അഭിപ്രായങ്ങള്‍ നടന്നു. ഇതിനിടയ്ക്ക് ദലിത് സംഘടനയിലെ പ്രബല വിഭാഗങ്ങളിലൊന്നായ KPMS പുന്നല വിഭാഗം കാര്യമായ പിന്തുണ നല്‍കാതിരുന്നത് ആശങ്കയുളവാക്കി.

എന്നാല്‍ അക്ഷാര്‍ത്ഥത്തില്‍ പൊതു സമൂഹത്തെ അമ്പരപ്പിച്ച് ഹര്‍ത്താല്‍ വിജയം നേടി. ഇന്ത്യയിലെ ഒരു പ്രഷര്‍ ഗ്രൂപ്പ് ആയി ദലിത് ജനതയ്ക്കു മാറാന്‍ കഴിഞ്ഞു എന്നതാണ് ഈ സമരം തെളിയിക്കുന്നത്. സമരത്തെ അനുകൂലിച്ച ഘടകങ്ങളില്‍ ചിലത്, സംഘടനാ നേതൃത്വങ്ങള്‍ പടലപ്പിണക്കങ്ങള്‍ മറന്നുവച്ച് പൊതു ആവശ്യത്തിനായി ഒന്നിച്ചു എന്നത് തന്നെയാണ് ആദ്യവിജയം. ഇതിനു മുന്‍പ് പലയിടത്തും ഇത് സാധ്യമായിരുന്നില്ല. ഇതിനായ് സോഷ്യല്‍ മീഡിയയെ നന്നായി പ്രയോജനപ്പെടുത്താന്‍ ദലിത് സമൂഹത്തിന് കഴിഞ്ഞു. വിവരസാങ്കേതികതയെ കൂട്ടുപിടിച്ച് ആശയങ്ങള്‍ ലോകമെമ്പാടുമുള്ള ആളുകളില്‍ എത്തിച്ചത് ആശയപരമായി ഒരേ മനസാകുവാന്‍ അവരെ സഹായിച്ചു.

എല്ലാ ജില്ലയിലേയും വിവിധ ഭാഗങ്ങളില്‍ വിളംബര ജാഥകള്‍ നടത്തി പ്രസ്‌തുത പടങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് ഹര്‍ത്താലിന്‍റെ മുന്നൊരുക്കങ്ങളില്‍ പ്രധാനപ്പെട്ടതായി. കോര്‍ണര്‍ മീറ്റിംഗുകളില്‍ ബൗദ്ധിക നേതൃത്വങ്ങളും, സംഘടനാ നേതാക്കളും ഏറ്റെടുക്കേണ്ട ദൗത്യങ്ങള്‍. സമരക്കാര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ചൂടന്‍ പ്രതികരണങ്ങള്‍ സമരത്തിനിറങ്ങാതെ വീട്ടിലിരിന്ന് അനുഭാവം പ്രകടിപ്പിക്കാം എന്ന് കരുതിയവരെക്കൂടി കര്‍മ്മനിരതരാക്കി. ഹിന്ദുവിന് വേണ്ടി നിലകൊണ്ട ചില പ്രസ്‌താവനകള്‍ ഇതര സമുദായങ്ങളെ സമരാനുഭാവികളാക്കാന്‍ പര്യാപ്‌തമായി. ഇതിന്‍റെയൊക്കെ ഫലമായി ദലിത്/ആദിവാസി ബഹുജന്‍ മതന്യൂനപക്ഷങ്ങള്‍ ആശയപരമായി മുന്നിട്ടിറങ്ങിയത് ഹര്‍ത്താലിന് ഗുണകരമായ ഭവിച്ചു.

ദലിത് സ്‌ത്രീ ആക്റ്റിവിസ്റ്റുകളടക്കം കോളേജ് വിദ്യാര്‍ത്ഥികളും, വീട്ടമ്മമാരുമടങ്ങിയ വനിതാ സമൂഹം അവകാശത്തിനായി നിരത്തിലിറങ്ങിയത് സമരത്തിന് മറ്റൊരുദിശ നല്‍കി. ടിവി, പത്രമാധ്യമങ്ങള്‍ പരിഗണിക്കാതിരുന്നത് സാംസ്‌കാരിക സമൂഹത്തിലെ മാറ്റമാഗ്രഹിക്കുന്ന ജനങ്ങള്‍ കുറ്റബോധത്തോടെ ഏറ്റെടുത്തു. ഇരയാക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കും എന്ന പൗരബോധമുള്ള സമൂഹം ജാതി-മത ചിന്തയ്ക്കതീതമായി നല്‍കിയ പിന്തുണയും സഹായകമായി.

ഗീതാനന്ദന്‍ മാഷ് പറഞ്ഞ പ്രസ്‌താവന അപരവായന നടത്തി പുറത്ത് വന്നെങ്കിലും ഹര്‍ത്താല്‍ ശക്‌തമാകുമെന്ന തോന്നലിന് ആക്കം കൂട്ടിയത് മനശാസ്‌ത്രപരമായി വീട്ടിലിരിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് ഹര്‍ത്താലിന്‍റെ വിജയത്തിനൊരു കാരണമായി. ദലിത് ദേഷ്യങ്ങള്‍ ശീലിച്ചിട്ടില്ലാത്ത സമൂഹത്തിലേയ്ക്കു അത്തരത്തില്‍ ഉയര്‍ന്നു വന്ന ശബ്‌ദം ഒരു പരിധിവരെ ഹര്‍ത്താലിനെ രൂക്ഷമാക്കുവാന്‍ സഹായിച്ചു. കാരണം പറഞ്ഞത് ഗീതാനന്ദന്‍ ആയതിനാല്‍ ശക്‌തമായ പ്രതികരണമായി അതുമാറുകയുണ്ടായി. പിന്നീട് വന്ന ചാനല്‍ ചര്‍ച്ചയില്‍ താന്‍ അങ്ങനെയല്ല പറഞ്ഞത് എന്നാല്‍ അങ്ങനെയാണ് പ്രചരണം നടക്കുന്നതെങ്കില്‍ അത് തിരുത്താന്‍ പോകുന്നുമില്ലായെന്നു അദ്ദേഹം പ്രതികരിച്ചു. ഏപ്രില്‍ 8 ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ച ദലിത് ആക്റ്റിവിസ്റ്റുകളുടെ പ്രതികരണം കുറേയെങ്കിലും സമൂഹത്തെ തിരുത്തിചിന്തിപ്പിക്കുവാന്‍ പ്രാപ്‌തമാകുന്ന തരത്തിലുള്ളവായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ്  നസറുദ്ദീന്‍ ഉന്നയിച്ച പല വാദങ്ങളും യുക്‌തിരഹിതമായിരുന്നുവെന്നതും പൗരബോധമുള്ള ജനതയെ ഹര്‍ത്താലിന് അനുകൂലമായി നിലകൊള്ളുവാന്‍ സഹായിച്ചു.

അട്രോസിറ്റി നിയമങ്ങളുടെ ആവശ്യകതയെപ്പറ്റി, അത് ഇന്ത്യന്‍ പട്ടികജാതി വര്‍ഗ്ഗക്കാര്‍ക്കു നൽകുന്ന പരിരക്ഷയെപ്പറ്റി അവബോധമുള്ള പൊതുസമൂഹം വളരെ ശക്‌തമായിതന്നെ ഹര്‍ത്താലിനൊപ്പം നിലകൊണ്ടു. മതന്യൂനപക്ഷങ്ങളും യാഥാര്‍ത്ഥ്യം മനസ്സിലാക്കിയവരുമായ വ്യക്‌തികളും ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ ഫ്രെയിം ദലിത് ഹര്‍ത്താല്‍ വിജയിപ്പിക്കുക എന്നപേരില്‍ ആക്കിയത് ജനപിന്‍ന്തുണ വര്‍ദ്ധിപ്പിച്ചു.

അര്‍ദ്ധരാത്രിയോടെ പന്തളത്തുനിന്നും വന്ന ലൈവ് വീഡിയോ ദലിത് ഇടങ്ങളില്‍ കര്‍മ്മപരിപാടികള്‍ മറ്റൊരു ദിശാബോധത്തോടെ കൊണ്ടുപോകുവാന്‍ പ്രേരിപ്പിച്ചു. വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ സ്‌ത്രീകളും കുട്ടികളും അടങ്ങിയ ദലിത് സമൂഹത്തെ തെരുവില്‍ ഇറങ്ങുവാന്‍ പ്രേരിപ്പിച്ചു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ അക്രമങ്ങള്‍ നടന്നു. എങ്കില്‍ തന്നെയും അത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആദ്യമായിയാണ് എന്ന മട്ടില്‍ പര്‍വ്വതീകരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വ്യപാരി വ്യവസായി ഏകോപനസമിതി ദലിത് സമരത്തെ പിന്തുണയ്ക്കുന്നമട്ടിലല്ലായെങ്കിലും സമരത്തില്‍ നിന്നു പിന്‍മാറിയത് ഹർത്താലിനുള്ള വിജയമായി എണ്ണാവുന്നതാണ്.

ഇതിനു മുന്‍പ് കേരളമൊട്ടാകെ ഒരു ദലിത് ഹര്‍ത്താല്‍ നടക്കാത്തതിനാല്‍ തന്നെ ഇതിനെ മുന്‍ ചരിത്രങ്ങള്‍ വച്ച് വിലയിരുത്തുവാന്‍ ദലിത് സമൂഹത്തിനോ പൊതുസമൂഹത്തിനോ സാധ്യമായിരുന്നില്ല. ഇത്രയധികം സമ്മര്‍ദത്തോടെ ഇന്ത്യയില്‍ ഒരു ഹര്‍ത്താല്‍ സ്വാതന്ത്ര്യാനന്തരം നടന്നതും ആദ്യമായാണ്. ദലിത് സമൂഹത്തിനകത്തുനിന്നു തന്നെ പ്രബല വിഭാഗങ്ങള്‍ മാറി നിന്നത് കുറച്ച് ആശങ്കയുളവാക്കിയിരുന്നു. കൊച്ചി പട്ടണത്തിന് അകത്ത് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ കാര്യമായി ഇല്ലായെന്നത് ആ ഭാഗങ്ങളിലെ സമരത്തെ ദുര്‍ബലപ്പെടുത്തി. പട്ടികവിഭാഗങ്ങള്‍ സംഘടനാപരമായി അത്രയധികം കൊച്ചിയില്‍ ശക്‌തമല്ലാഞ്ഞതും അതിനുള്ള കാരണങ്ങളിലൊന്നാണ്. മുഖ്യധാരായിടങ്ങളില്‍ കേരളത്തിലെ ഭൂമാഫിയ സംവിധാനങ്ങള്‍ പട്ടികവിഭാഗങ്ങളെ എത്രമാത്രം അകറ്റി നിര്‍ത്തുന്നുവെന്നുള്ളത് ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. വിട്ടുനിന്ന പ്രബല വിഭാഗങ്ങളില്‍ ഒന്നായ KPMS പുന്നല വിഭാഗം ഇറങ്ങിയിരുന്നെങ്കില്‍ സമ്പൂര്‍ണ്ണ വിജയം കൊച്ചിയില്‍ കൂടി അവകാശപ്പെടാമായിരുന്ന സാദ്ധ്യതയില്ലാതായി.

ദലിത് ഹര്‍ത്താല്‍ വളരെയധികം ജനശ്രദ്ധ നേടിയെങ്കിലും സമരത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. സമരത്തില്‍ പങ്കെടുക്കാതിരുന്ന നേതൃത്വങ്ങള്‍ എന്തുകൊണ്ട് അത്തരം തീരുമാനം എടുത്തു എന്നു ആലോചിക്കേണ്ടതുണ്ട്. കേരളത്തിലെ പ്രബല സമുദായ സംഘനയായ KPMS-യുമായി ആലോചിക്കാതെയാണ് സമരം ആഹ്വാനം ചെയ്‌തത് എന്ന റിപ്പോര്‍ട്ടുകള്‍ പരിഗണിക്കേണ്ടതുണ്ട്. വിവിധ സംഘടനകളുടെ ഇടയിലെ വല്ല്യേട്ടന്‍ മനോഭാവം പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. പട്ടികവിഭാഗക്കാരും മറ്റ് അനുഭാവികളും തെരുവില്‍ ഇറങ്ങി നേടിയ സമരവിജയത്തിന്‍റെ ഫലം അനുഭവിക്കുവാന്‍ ആത്മനിന്ദയോടെ അല്ലാതെ വിട്ടുനിന്ന സംഘടനകള്‍ക്ക് സാധിക്കുകയില്ലയെന്നതും ഓര്‍ക്കേണ്ടതാണ്.

കൂടിയാലോചിച്ചില്ലായെങ്കിലും പൊതു ഉത്തരവാദിത്വം എന്ന നിലയില്‍ സമരത്തോടൊപ്പം നിലകൊള്ളുക എന്ന ജനാധിപത്യബോധം സംഘടനാ നേതൃത്വത്തിന് ഉണ്ടാവേണ്ടതാണ്. കാരണം പട്ടികവിഭാഗക്കാര്‍ ഇന്നും കുടില്‍കെട്ടി സമരവും നില്‍പ്പുസമരവുമായി നിലകൊണ്ടാണ് ആവശ്യങ്ങള്‍ക്കായി പോരാടുന്നത്. അവര്‍ക്കൊപ്പം ചേരാന്‍ ആരുമില്ല എന്നതിന്‍റെ ദൃഷ്‌ടാന്തമായിരുന്നു വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തീരുമാനം. ആ അവസരത്തിലെങ്കിലും കൃത്യമായ നിലപാട് ഏടുക്കേണ്ടതായിരുന്നു. അതില്‍ ഏറെയും അഭിനന്ദനം അര്‍ഹിക്കുന്നത് സംഘനാ നേതൃത്വത്തെ തള്ളിക്കളഞ്ഞ് സമുദായ അംഗങ്ങള്‍ സമരം വിജയിപ്പിക്കുവാന്‍ ഇറങ്ങിയെന്നുള്ളതാണ്. ഏറെക്കുറെ പുലര്‍ച്ചയോടെ വിവിധ പാര്‍ട്ടി നേതൃത്വങ്ങള്‍ പിന്തുണ അര്‍പ്പിച്ച് കടന്നുവന്നുകൊണ്ടിരുന്നത് സമരനേതൃത്വങ്ങളുടെ ആത്‌മവിശ്വാസം കൂട്ടി. അക്കാദമിക് തലത്തില്‍ പറയുന്ന, എഴുതുന്ന കാര്യങ്ങളെ ലഘൂകരിച്ച് സാധാരണ ഭാഷയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചതില്‍ ഫേസ്ബുക്ക് വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.

ഡോ. ബി.ആര്‍ അംബേദകര്‍ എഡ്യുക്കേറ്റ്, അജിറ്റേറ്റ്, ഓര്‍ഗനൈസ് എന്ന് പഠിപ്പിച്ചതനുസരിച്ചാവണം മുന്നോട്ടുള്ള കര്‍മ്മപരിപാടികള്‍ നീങ്ങേണ്ടത്. സഹിഷ്‌ണുതയാവണം മുഖമുദ്ര. ഇത്തരം സമരം വിജയിപ്പിച്ചതിനാല്‍ കൂടുതല്‍ സര്‍ഗ്ഗാത്‌മകമായ സമരമുറകളെപ്പറ്റിയും ദലിത് ജനതയ്ക്കു ചിന്തിക്കാവുന്നതാണ്. ഗീതാനന്ദന്‍റെ പ്രസ്‌താവന ഏപ്രില്‍ 9 ലെ സമരത്തെ സഹായിച്ചുവെങ്കിലും അത്തരത്തിലുള്ള നീക്കങ്ങള്‍/പ്രസ്‌താവനകള്‍ കൂടുതല്‍ ശ്രദ്ധയോടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഏപ്രില്‍ 9 ലെ സമരത്തില്‍ അത് പറയേണ്ടിവന്നെങ്കിലും അതാവരുത് ദലിത് ഹര്‍ത്താലുകളുടെ വിജയത്തെ നിര്‍ണ്ണയിക്കേണ്ടത്. അദ്ദേഹത്തിന്‍റെ പ്രസ്‌താവനയെപ്പറ്റി വിവിധ അഭിപ്രായങ്ങള്‍ ദലിത് ഇടങ്ങളില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അത്തരത്തിലുള്ള ഭാഷ്യങ്ങളുടെ ആവശ്യകതയെപ്പറ്റി ബൗദ്ധിക സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.  ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ സമരം നടത്തുവാന്‍ ശക്‌തിയുള്ള ജനതയായി മാറിയതിനാല്‍ അത്തരം ചെറിയ ന്യൂനതകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. കേരളം മുഴുവനുമുള്ള ദലിത് ആദിവാസി നേതൃത്വങ്ങള്‍ സമരത്തിനുശേഷമുള്ള അവലോകനങ്ങള്‍ വിലയിരുത്തേണ്ടതാണ്. കൂടുതല്‍ പഠനങ്ങളുമായി കരുത്തോടെ മുന്നോട്ടുപോകുന്നത് ഉയര്‍ന്നുവന്ന ദലിത് രാഷ്‌ട്രീയത്തെ ശക്‌തിപ്പെടുത്തും. ദലിത് വിഭാഗങ്ങളുടെ പൊതുവായ പ്രശ്‌നം ഒന്നാണെന്ന് സംഘടനാ നേതൃത്വങ്ങള്‍ തിരിച്ചറിഞ്ഞത് ഇന്ത്യന്‍ ദലിത് രാഷ്‌ട്രീയത്തിന്‍റെ വളര്‍ച്ചയെ ചൂണ്ടിക്കാട്ടുന്നു. ഉപജാതിയ്ക്കതീതമായി ഉണര്‍ന്ന ജനതയെ അധികാര രാഷ്‌ട്രീയത്തിലേയ്ക്കു എത്തിക്കണമെങ്കില്‍ ക്രിയാത്മക വിമര്‍ശനങ്ങളോടെ, ഉചിതമായ കണക്കുക്കൂട്ടലുകളോടെ കൃത്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

3 Comments
  1. Sibin Haridas Sibin 1 year ago

    ദളിത് ഏകീകരണം സാധ്യമാവട്ടെ

  2. Vijay 1 year ago

    കരുത്തോടെ മുന്നോട്ടുപോകുന്നത് ഉയര്‍ന്നുവന്ന ദലിത് രാഷ്‌ട്രീയത്തെ ശക്‌തിപ്പെടുത്തും. പക്ഷെ അതിനു ഹർത്താൽ തന്നെ വേണോ?

  3. P K N Nair 1 year ago

    …ഇന്ത്യന്‍ ദലിത് രാഷ്‌ട്രീയത്തിന്‍റെ വളര്‍ച്ചയെ ചൂണ്ടിക്കാട്ടുന്നു. Let energy and spirit continue for a better tomorrow..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account