അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇടതു മേഖലകളിലാകെ കള്ളനാണയങ്ങളും വ്യാജ ബുദ്ധിജീവികളും നുഴഞ്ഞു കയറുകയും അവരുടെ സ്വാർഥവും ഉപരിപ്ലവവുമായ നിലപാടുകൾക്ക് ന്യായീകരണങ്ങളും പിന്തുണയും തരപ്പെടുത്തിയെടുക്കുന്നതിനുള്ള ഉപകരണമായി ഇടതു പ്രത്യയശാസ്‌ത്രങ്ങളേയും ചിന്താപദ്ധതികളേയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് വർത്തമാനത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളിൽ പ്രധാനപ്പെട്ടത്.  ഇടതു പക്ഷത്തോട് ചേർന്നു നിൽക്കുന്നത് സ്വന്തം സാമൂഹ്യ വിരുദ്ധ നടപടികളെ സാധൂകരിക്കുന്നതിനും അവയുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനും കൂടിയാകുന്നു. ഇടതു രാഷ്‌ട്രീയ പാർട്ടികളുടെ പ്രാദേശിക ഘടകങ്ങളുടെ  നിർണായക സ്ഥാനങ്ങളിൽ നുഴഞ്ഞു കയറുന്ന മണൽ മണ്ണ് കള്ളക്കടത്തു മാഫിയ മുതൽ ഇടതാഭിമുഖ്യമുള്ള സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തന മണ്ഡലങ്ങളിൽ തന്ത്രപൂർവം എത്തിച്ചേരുന്ന സാംസ്‌കാരിക നായികാ നായകൻമാർ വരെ ഇക്കൂട്ടത്തിൽ പെടുന്നു.

കണ്ണൂരിൽ സ്‌കൂൾ വിദ്യാർഥിനികളെ ബലാത്‌സംഗം ചെയ്‌ത കേസിൽ പിടിയിലായ DYFI പ്രവർത്തകൻ മുതൽ കവിതാ മോഷണ വിഷയത്തിൽ നാണക്കേട് വിലക്കു വാങ്ങിയ ദീപാ നിശാന്ത് വരെ ഇത്തരത്തിൽ സ്വന്തം വ്യാജ വ്യക്‌തിത്വങ്ങളെ  മറച്ചു പിടിക്കാൻ ഇടതു പരിപ്രേക്ഷ്യങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. അതു വഴി അവർ  സാമൂഹ്യ ഘടകങ്ങളിലെ  നിർണായക ശക്തികളായിത്തീരുകയും പൊതു നിലപാടുകൾക്ക് റഫറൻസ് ആയി ചമയുകയും ചെയ്യുന്നു. ഇപ്പറഞ്ഞവർക്കാർക്കും തന്നെ ഇടതുപക്ഷ മനസോ ഇടതു പക്ഷ നിലപാടുകളോ ഇല്ല എന്നതാണ് കൗതുകകരം. മറിച്ച് അവരുടെ സ്വാർഥ താൽപര്യങ്ങൾക്ക് ഏറ്റവും സഹായകരമാവുക ഇടതു പക്ഷത്തോട് ചേർന്നു നിൽക്കുന്നതാണ് എന്ന തിരിച്ചറിവാണ് അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. മണൽ കള്ളക്കടത്തു നടത്തുന്നയാൾക്ക് നിയമ സംവിധാനങ്ങളെ മറി കടക്കാനുള്ള ഉപാധിയാണ് ഇടതു ബന്ധം. പൊതുമണ്ഡലത്തിൽ നിന്നുണ്ടായേക്കാവുന്ന ചെറുത്തു നിൽപുകളേയും എതിർ ശബ്‌ദങ്ങളേയും തരണം ചെയ്യാനുള്ള സൂത്രപ്പണിയാണ് അവർക്ക് രാഷ്‌ട്രീയ നിലപാടുകൾ. ഇതു തന്നെയാണ് നവ മുതലാളിത്തത്തോട് സന്ധി ചെയ്യുന്ന സാംസ്‌കാരിക മേഖലയുടേയും വർത്തമാന ജീർണാവസ്ഥയുടെ കാരണം. ഇടതു പക്ഷത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിലൂടെ കേരളീയ സാംസ്‌കാരിക രംഗത്ത് കിട്ടുമെന്നുറപ്പുള്ള അംഗീകാരവും ആധികാരികതയും തട്ടിയെടുക്കുകയും ആ അംഗീകാരത്തെ തന്ത്രപൂർവം മാർക്കറ്റ് ചെയ്യുകയുമാണ് ഈ നിയോ സ്യൂഡോ കമ്യൂണിസ്റ്റുകൾ ചെയ്യുന്നത്.  ഇടതു പക്ഷത്തിന്മേൽ സമൂഹം പുലർത്തുന്ന വിശ്വാസം ഇത്തരം കള്ള നാണയങ്ങൾ അട്ടിമറിക്കുകയും സ്വാഭാവികമായും ഭീതിയും അസഹിഷ്‌ണുതയും അമാനവികതയും പ്രത്യയശാസ്‌ത്രങ്ങളായി കൊണ്ടു നടക്കുന്ന തമ:ശക്‌തികൾ സമൂഹത്തിൽ സ്വാധീനമുറപ്പിക്കുകയും ചെയ്യുന്നു.

സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്‌ഭമായ പുരസ്‌കാരങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി മാത്രം ഇടതു പക്ഷക്കാരായി വേഷമിട്ട പലരും ഇപ്പോഴഴും ഭരണസ്വാധീനത്തിന്റെ തണലിൽ സുഖമായി വാണരുളുന്നുണ്ട് എന്നത് നിസ്‌തർക്കമാണല്ലോ. പിന്നീട് അവർ നിർമിക്കുന്ന ഉപജാപക സംഘങ്ങൾ ചെയ്യുന്നതൊക്കെയും ഇടത് താത്വിക നിലപാടുകൾ നിരത്തി ന്യായീകരിച്ച് നാണം കെടാനും ആത്‌മാർഥമായും സത്യസന്ധമായും ഇടതു പക്ഷത്തു നിൽക്കുന്നവരെ നാണം കെടുത്താനും തുനിഞ്ഞിറങ്ങിയിട്ടുള്ള മറ്റു ചിലരും ചേർന്ന് ഇടതിടങ്ങൾ പൂർണമായും കള്ളൻമാരുടേയും വ്യാജൻമാരുടേയും ഒളിവിടങ്ങളാക്കിയിരിക്കുന്നു. സംസ്ഥാന യുവജനോത്സവത്തിൽ വിധികർത്താക്കളെ നിർണയിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വ്യക്‌തമായ നിർദ്ദേശങ്ങൾക്കനുസൃതമായാണ് എന്നിരിക്കെ ദീപാ നിശാന്ത് അവിടേക്ക് ക്ഷണിക്കപ്പെടുന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. വ്യാജൻമാരേയും കള്ളൻമാരേയും എക്കാലവും ഒളിപ്പിച്ചു നിർത്താനുള്ള ഇടങ്ങളായി ഇടതു താവളങ്ങൾ ഉപയോഗപ്പെടുത്താമെന്ന് കരുതുന്നവർക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.

7 Comments
 1. sibin Haridas 3 years ago

  സാംസ്ക്കാരിക മൗനങ്ങൾ ശരിയല്ല .അതാണിവിടെ നടക്കുന്നത് .ഇടക്ക് അലറി വിളി ഇടക്ക് നീണ്ട മൗനം.നിലപാടില്ലാത്ത വ്യക്തി കേന്ദ്രീകൃത അവസ്ഥ സാംസ്ക്കാരിക ലോകത്തിന്റെ അപചയം .

  • Author
   Manoj Veetikad 3 years ago

   സ്വന്തം ഒളിവിടങ്ങളായി പുരോഗമന മാർഗങ്ങളെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാനുള്ള നിതാന്ത ജാഗ്രതയാണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്.

 2. gopinathk 3 years ago

  ഇടതു നിലപാടുയര്‍ത്തി ശ്രദ്ധ നേടുന്നവര്‍ തീര്‍ച്ചയായും ഇടതു മനസ്സുകളിിിില്‍ ഇടം തേടും ,ഇവരുടെ നിലപാടുകളിലെ സ്വാര്‍ത്ഥത കാപട്യം തെളിയും വരെ അവരെ തിരിച്ചറിയുക പ്രയാസം ,ഇത് ഇടതിടങ്ങളില്‍ മാത്രമല്ല സകലയിടങ്ങളിലും സ്വാഭാവികം

  • Author
   Manoj Veetikad 3 years ago

   പൊതുമണ്ഡലം ഇടതു പ്രസ്ഥാനങ്ങളിൽ അർപ്പിച്ചിട്ടുള്ള വിശ്വാസമാണ് ഇത്തരം സ്യൂഡോ കമ്യൂണിസ്റ്റുകൾ ചൂഷണം ചെയ്യുന്നത്. അവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് വെല്ലുവിളി

 3. Valsan 3 years ago

  Well said. Absolutely true

 4. Haridasan 3 years ago

  ഇടതു മേഖലകളിലാകെ കള്ളനാണയങ്ങളും വ്യാജ ബുദ്ധിജീവികളും നുഴഞ്ഞു കയറുകയും….. രാഷ്‌ട്രീയം എല്ലാത്തിനും ഒരു മറയാണല്ലോ !!

 5. Dr. SUNEETH MATHEW 3 years ago

  നല്ല നിരീക്ഷണം.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account