ഡെജാ വൂ… മുന്നനുഭവത്തിന്റെ ഓർമ്മയോ അതോ വെറും തോന്നലോ..? അത് അനുഭവിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാകുമോ?

ഒരാളെക്കാണുമ്പോൾ, സംസാരിക്കുമ്പോൾ, ഇടപെടുമ്പോഴൊക്കെ ഇതിന് മുമ്പ് ഇതേപോലൊരു സന്ദർഭവും ഇതേ വാക്കുകളും ഓർമ്മയിൽ നിന്ന് പുനരവതരിക്കുന്നത് പോലെ തോന്നാറില്ലേ? അത് ഓർമ്മയോ അതോ തോന്നലോ എന്ന് തിരിച്ചറിയാനാകാതെ, പക്ഷേ എത്ര പരിചിതമാണ് ഈ നിമിഷം എന്ന പോലെ വിസ്‌മയം പൂണ്ട് നിൽക്കാറില്ലേ?

ചിലപ്പോൾ ഒരു വഴിയിലൂടെ നടക്കുമ്പോഴാകും ഇത്തരം തോന്നലുകൾ പിന്നാലെ എത്തുന്നത്. മുൻപെന്നോ കടന്നുപോയതിന്റെ പരിചിതത്വം അതും എന്നാണെന്നും എന്തിനായിരുന്നുവെന്നും ഓർക്കാനാവാതെ. വഴിയരികിൽ പൂത്തു നിൽക്കുന്ന ചെമ്പരത്തിയേയും പടർപ്പിനിടയിൽ നിന്ന് ചാടിയ സുന്ദരിപ്പൂച്ചയേയും മുൻപ് ഇതേപോലെ കണ്ടതല്ലേയെന്ന ഉത്തരമില്ലാത്ത ചോദ്യം മനസെടുത്തിടും. മുമ്പിവിടെ വന്നിട്ടുണ്ടല്ലോ എന്ന് ചിലയിടങ്ങളിലെത്തുമ്പോൾ മനസ് നമ്മളോട് ചോദിക്കും. ഇതേ ആമ്പൽപ്പൊയ്‌ക   എന്നായിരുന്നു കണ്ടതെന്നും അന്നത്തെ കാറ്റിനും ഇതേ മണം തന്നെയായിരുന്നുവല്ലോ എന്നും നമ്മളമ്പരക്കും.

വഴിയരികിലെ കാഴ്ച്ചകൾ മാത്രമല്ല, ചിലപ്പോൾ യാത്രയിലുണ്ടാകുന്ന സംഭാഷണങ്ങൾ പോലും മുന്നൊരിക്കലുണ്ടായത് പോലെ മനസ് പറയും,  അതെന്നായിരുന്നു? ഇതുപോലൊരു യാത്രയോ ഇതുപോലെയൊരു സംസാരമോ എന്ന് ഓർത്തെടുക്കാൻ ഒട്ടാവുകയുമില്ല.

ചില പാട്ടുകൾ, ചില വായനകൾ എന്നിങ്ങനെ പലതും കൃത്യമായറിയാത്ത, എന്നാൽ മുന്നേയറിയുന്നതെന്തോ എന്ന് തോന്നിപ്പിക്കാറുണ്ട്.  പഞ്ചേന്ദ്രിയങ്ങളിലൂടെയറിയുന്ന ഏതറിവിനും ഇത്തരം തോന്നലുണ്ടാക്കാനാവും. പലപ്പോഴും ഇത്തരം ‘പരിചിതമായതെന്തോ‘ എന്ന തോന്നലുണ്ടാകുമ്പോൾ, അതെന്തെന്ന് വ്യക്‌തമാകാതിരിക്കുമ്പോൾ ഒരു സ്വസ്ഥത തോന്നാതിരിക്കാം. അതോർത്തെടുക്കാൻ വീണ്ടും വീണ്ടും ശ്രമിച്ച് ക്ഷമകെടും.

കാലങ്ങൾക്കും ദേശങ്ങൾക്കും പോലും അതീതമാണ് ഇത്തരം തോന്നലുകൾ. സ്വന്തം നാടിനു പുറത്തേക്കാദ്യമായി പോകുന്നയാൾക്കു വരെ മറ്റൊരിടത്തെത്തുമ്പോൾ ഇത്തരം തോന്നലുണ്ടാകാം.

ഉപബോധമനസിലുള്ള ഓർമ്മകളും ആശയങ്ങളുമാകാം ആദ്യമായിക്കാണുന്ന കാഴ്ച്ചയെപ്പോലും പരിചിതം എന്ന് തോന്നിപ്പിക്കുന്നത്.

മറ്റ് ചിലപ്പോൾ മുന്നേയറിയുന്നത് എന്ന തോന്നൽ ഉണ്ടാകുന്നതിനെ ഡെജാ വൂ എന്ന് പറയാനുമാകില്ല. മന:ശാസ്‌ത്രപരമായ അപഗ്രഥനത്തേക്കാൾ കാൽപ്പനികതയുടെ ഭംഗിയേറുന്ന തോന്നലായി ഡെജാ വൂ നിൽക്കുമ്പോഴെല്ലാണ് അതിന്  ഭംഗിയേറുന്നത്. ഓർമ്മകളുടെ താളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ജീവിതത്തിന്റെ ദിനസരിക്കുറുപ്പുകളെ Daily, I Always Remember You (DIARY) എന്ന് പുനരാഖ്യാനം ചെയ്യുന്നത് പോലെയാണത്. ഞാൻ എന്നും എല്ലായിപ്പോഴും (നിന്നെ) ഓർത്തുകൊണ്ടേയിരിക്കുന്നു എന്ന പ്രണയേന്ദ്രിയത്തിന്റെ സജീവത തന്നെയാണ് ഡെജാ വൂ.

തികച്ചും സാങ്കൽപ്പികമായി ഒരാളെപ്പറ്റിയെഴുതുക, അങ്ങനെയൊരാളെ പിന്നീടൊരിക്കൽ കണ്ടുമുട്ടുക, എന്നതൊക്കെ എത്ര അത്‌ഭുതവും രസകരവുമാകാം. താനെഴുതിയ പല കാര്യങ്ങളും ഇയാളെപ്പറ്റിയായിരുന്നല്ലോ എന്ന് തിരിച്ചറിയുമ്പോൾ ഒരു മുൻജന്മബന്ധം പോലെയാകുമത് തോന്നുന്നത്. അത്തരമൊരു പരിചയപ്പെടൽ രണ്ട് കൂട്ടർക്കും രസകരമാകാം. എന്റെ കഥാപാത്രമല്ലേയിത്, ഇത്രനാൾ എവിടെ മറഞ്ഞിരുന്നു എന്ന തോന്നൽ എഴുതിയ ആൾക്കും എന്നേപ്പറ്റി ഇത്രയൊക്കെ എങ്ങനെ ഇയാളറിഞ്ഞു എന്ന് മറ്റേയാൾക്കും അത്‌ഭുതത്തോന്നൽ ഉണ്ടാകുന്നു.

പറയാതെ മനസ്സിലാകുന്ന ഇഷ്‌ടങ്ങൾക്കു മുന്നിൽ ഇതെനിക്ക് നിന്നേക്കുറിച്ച് നേരത്തേയറിയുന്നതല്ലേ എന്ന് പറയുന്നവർ.

ജന്മാന്തര ബന്ധങ്ങൾ എന്ന് പറയാൻ തോന്നുന്ന കൂട്ടുകൾ. സങ്കൽപ്പത്തിലുള്ളയാളെ, ആഗ്രഹിക്കുന്ന ഗുണങ്ങൾ തികഞ്ഞയാളെ കണ്ടെത്തൽ എന്ന മട്ടിലാണ് ഇതൊക്കെ കൂട്ടിന്റെ രസതന്ത്രമാകുന്നത്. പക്ഷേ തികച്ചും വ്യത്യസ്‌തമായ കണ്ടുമുട്ടലുമാകാമല്ലോ അത്. അത്തരത്തിലൊന്ന് ചിന്തിച്ചു നോക്കൂ. സഹിക്കാനാവില്ലാത്ത പല സ്വഭാവങ്ങളുടേയും ആകെത്തുകയായി പടച്ച് വിട്ട കഥാപാത്രം ഉയിരാർന്ന് മുന്നിൽ വന്ന് നിൽക്കുന്ന ദുരവസ്ഥ!

ചിലപ്പോൾ ഒരു കഥ വായിക്കുമ്പോൾ, ഒരു ചിത്രം കാണുമ്പോൾ ഒക്കെ തോന്നുന്ന പരിചിതത്വവുമുണ്ടല്ലോ. മുൻപ് വായിച്ചതു പോലെ, മുൻപ് കണ്ടതുപോലെ എന്നതിലൊക്കെ ഉപരി ഞാനെഴുതാനിരുന്ന കഥ, ഞാൻ വരക്കാനിരുന്ന ചിത്രം എന്നൊക്കെ തോന്നുന്ന ചില അവസരങ്ങൾ. ഇനിയിത് താൻ ചെയ്യുന്നത് നിരർത്ഥകമാകാമെന്ന് തോന്നുന്ന അവസ്ഥ. ഒപ്പം താനുള്ളിൽ കണ്ടത് മറ്റൊരാളും കണ്ടുവല്ലോ എന്ന തിരിച്ചറിവും അത്‌ഭുതവും.

ഈ ലോകത്തിലുള്ളതും നടന്നതും നടക്കാനിരിക്കുന്നതുമൊക്കെ നേരത്തേ നിർവ്വചിക്കപ്പെട്ടത് എന്ന വിശ്വാസമില്ലെങ്കിലും ഓർമ്മകളുടെ നേർത്ത ചരടുകൾ കൊണ്ട് ബന്ധിപ്പിച്ചിട്ടുള്ളതത്രേ മനസുകൾ തമ്മിൽപ്പോലും. ഒരു ചിത്രശലഭത്തിന്റെ ചിറകടിയെ പ്രീയപ്പെട്ടൊരാളുടെ ശ്വാസഗതിയായി സങ്കൽപ്പിക്കും പോലെ കാൽപ്പനികവുമാണ് ഡെജാ വൂ.

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account