2014ൽ ആയിരുന്നു ഞങ്ങൾ (അച്ഛൻ, അമ്മ, ചേച്ചി, പിന്നെ ഞാൻ) ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിലേക്ക് പോയത്. അന്ന് ഞങ്ങൾക്കവിടെ താമസ സൗകര്യം ഒരുക്കി തന്നത് കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗവും, മഹാത്‌മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലറുമൊക്കെയായിരുന്ന ഡോക്റ്റർ സിറിയക് തോമസ് അങ്കിളായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ രാമപുരം വീട്ടിൽ തോമസ് മുൻ നിയമസഭ സ്‌പീക്കർ കൂടിയായിരുന്നു. ന്യൂ മോത്തി ബാഗിലെ ആ ബംഗ്ലാവുകളും ചുറ്റുമുള്ള നിശ്ശബ്‌ദമായ വഴികളും പാർക്കും ഒക്കെ ഇപ്പോഴും മനസിലുണ്ട്.

ക്രിസ്‌തുമസ്‌ വെക്കേഷന്റെ ആലസ്യത്തിൽ മനസ്സ് മൂടി പുതച്ചിരിക്കുമ്പോഴാണ് എന്തെങ്കിലും വായിക്കാമെന്നു കരുതി വെറുതെ ഒന്ന് പഠനമുറിയിൽ കയറിയത്. പറ്റിയ  പുസ്‌തകത്തിനായി വളരെ നേരം പരതി. ദിനരാത്രങ്ങൾ പിന്നിട്ട ആ തിരച്ചിലിനിടയിലാണ് പാലായുടെ നൈർമ്മല്യം പ്രതിഫലിപ്പിച്ചൊഴുകുന്ന പാൽ പുഞ്ചിരിയുമായി പുസ്‌തകങ്ങൾക്കിടയിൽ ഞാൻ സിറിയക്ക് അങ്കിളിനെ കണ്ടത്. വേഗം എടുത്തു നോക്കി. ‘ഡൽഹി ഡയറി’.

ഒറ്റ പ്രാവശ്യമേ പോയിട്ടുള്ളുവെങ്കിലും എന്തുകൊണ്ടൊ ഡൽഹി വല്ലാതെ ഇഷ്‌ടപ്പെട്ടതു കാരണമാകണം ഞാനാ പുസ്‌തകം തന്നെ വായിക്കാനായി എടുത്തു.

2010 മുതൽ 2015 വരെ അദ്ദേഹം കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനംഗമായിരുന്നു. അതിനായി ഡൽഹിയിൽ താമസിക്കുന്നതിനു മുൻപ് തന്നെ പല തവണ പല ആവശ്യങ്ങൾക്കായി അദ്ദേഹം ഡൽഹി സന്ദർശിച്ചിട്ടുണ്ട്. വളരെ വർഷങ്ങൾക്ക് മുൻപ് 1977-79 കാലഘട്ടത്തിൽ കോട്ടയത്ത് വെച്ച് നടന്ന മദ്യനിരോധന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായ്‌ മൊറാർജി ദേശായിയെ ക്ഷണിക്കുന്നതിനായ് അദ്ദേഹം ഒരിക്കൽ ഡൽഹിയിൽ പോയ അനുഭവമൊക്കെ  വളരെ ഹ്യദയസ്‌പർശിയായാണ് നമുക്ക് മുന്നിൽ ഡോ. സിറിയക് തോമസ് അവതരിപ്പിച്ചിരിക്കുന്നത്.

ഡൽഹി സമ്മാനിച്ച ആദരവുകളും, പുരാസ്‌കാരങ്ങളും, സൗഹൃദങ്ങളും തന്മയത്വത്തോടെയാണ് ഡോ. സിറിയക് തോമസ് പറയുന്നത്. ഓരോ സന്ദർഭവും മനസ്സിൽ ദൃഢമായ് പതിയുന്ന ചിത്രങ്ങളാണ്. ഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി മോത്തി ബാഗിലായിരുന്നു. (അവിടെയാണ് അന്ന് ഞങ്ങളും  താമസിച്ചത്, മുമ്പു പറഞ്ഞല്ലോ!). ഡൽഹി അദ്ദേഹത്തിന് ഒരു മോഹന നഗരമായിരുന്നു. അഞ്ച് വർഷത്തെ ഔദ്യോഗിക ഡൽഹി ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്‌മരണകളിൽ നിന്ന് തന്നെ അത് വായിച്ചെടുക്കാൻ കഴിയും.

സരസമായ ഭാഷയിൽ ഒഴുകിനീങ്ങുന്ന പുസ്‌തകം വായനക്കാരന്  രസകരമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. താജ് മഹൽ ഞാനൊരിക്കൽ കണ്ടതാണ്. ഈ പുസ്‌തകം വായിച്ചപ്പോൾ ഡൽഹിയിലെ ദൃശ്യങ്ങളൊക്കെ  വീണ്ടും കണ്ടതുപോലത്തെ അനുഭവമാണുണ്ടായത്. അങ്ങനെ ഒട്ടനവധി കാഴ്‌ചകൾ നിറഞ്ഞൊരു പുസ്‌തകമാണിത്. ചുരുക്കി പറഞ്ഞാൽ ഡൽഹി കാണിച്ച് തരുന്ന ഒരു ടൂറിസ്റ്റ് ഗൈഡ് തന്നെയാണ് ഡൽഹി ഡയറി.

ഡൽഹി ഡയറി യഥാർത്ഥത്തിലൊരു നദിയാണ്. സരസമായ്, ഒരു താളത്തോടെ ഒഴുകുന്ന ഒരു നദി. ആ നദിയിലെ തോണിക്കാരാണ് വായനക്കാർ. തുടക്കത്തിലെങ്ങനെയാണോ യാത്ര ആരംഭിച്ചത്, അതേ പോലെ ഉന്മേഷത്തോടെ  തോണി തുഴഞ്ഞ് ഒരു നീണ്ട ഡൽഹി സഞ്ചാരത്തിനു ശേഷം നമ്മൾ  കരയിലെത്തുന്നു. അത്രയ്ക്കും രസകരമാണീ പുസ്‌തകം.

ഡൽഹി ഡയറി
ഡോ. സിറിയക് തോമസ്

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account