മോടി പിടിപ്പിച്ച വീഥിയിലൂടെ വിരുന്നിനായി അതിഥി എത്തിയപ്പോൾ
വീട്ടിൽ അക്രമവും കൊലപാതകങ്ങളും അരങ്ങേറിയതു പോലെയായിപ്പോയി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവും, വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപവും.

നിശബ്‌ദമായി സമരത്തിലേർപ്പെടുകയായിരുന്നവർക്കു നേരെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് അക്രമികൾ പേരും മതവും ചോദിച്ചു അക്രമം തുടങ്ങിയതെന്നാണ് പ്രദേശവാസികൾ പറഞ്ഞത്.

ഒരു പോലീസുകാരൻ ഉൾപ്പെടെ പതിനെട്ട് പേർ കൊല്ലപ്പെടുകയും ഡി സി പി ഉൾപ്പെടെ ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ചിലർ ഗുരുതരാവസ്ഥയിലുമാണ്.

കഴിഞ്ഞ ഞായറാഴ്ച്ച  ഉച്ചയ്ക്കു ശേഷം മൗജ്‌പുരിയിൽ ബി ജെ പി നേതാവ് കപിൽ മിശ്ര, ജാഫ്രബാദിലെയും ചാന്ദ് ബാഗിലെയും റോഡുകളിൽ നിന്നും പൗരത്വ ഭേദഗതിയെ എതിർക്കുന്ന സമരക്കാരെ ഒഴിപ്പിച്ചില്ലങ്കിൽ അമേരിക്കൻ പ്രസിഡന്റ് മടങ്ങിക്കഴിഞ്ഞ് തങ്ങൾ രംഗത്തിറങ്ങി ഒഴിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. അതിനുശേഷമാണ് മൗജ്‌പുരിയിലും ബ്രഹ്‌മപുരിയിലും കല്ലേറ് നടന്നത്. ഇതിനായി ലോറിയിലാണ് കോൺക്രീറ്റ് കല്ലുകളെത്തിച്ചതെന്നു പറയപ്പെടുന്നു.

മുസ്‌തഫാബാദിലും ഭജൻപുരചൗക്കിലും ഗോകുൽ പുരിയിലും കലാപം വ്യാപിക്കുകയാണ്.

വാഹനങ്ങളും വീടുകളും കടകളും തല്ലിതകർക്കുകയും തീയിടുകയും ചെയ്‌തിരിക്കുന്നു. പെട്രോൾ പമ്പുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും തീയിട്ടു. ജാഫ്രാബാദിൽ പള്ളിയും തീയിട്ടിരിക്കുന്നു. ഇ-റിക്ഷയിൽ യാത്ര ചെയ്‌തവരെ കൊള്ളയടിച്ചു. NDTV യിലെ മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റു. പന്ത്രണ്ട് പേർക്ക് വെടിയേറ്റിട്ടുമുണ്ട്.

ഇരുമ്പുവടികളും ആയുധങ്ങളുമായി അക്രമികൾ അഴിഞ്ഞാടുകയാണ്. തോക്കുകളും ഉപയോഗിക്കുന്നുണ്ട്.

സംഘർഷത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച അടിയന്തര യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ,  ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ തുടങ്ങിയവർ പങ്കെടുത്തു.

പുറത്തു നിന്ന് കലാപകാരികൾ ഡൽഹിയിലേക്കെത്തുന്നുവെന്നും
അതിനാൽ അതിർത്തികൾ അടക്കണമെന്ന അരവിന്ദ് കേജ്‌രിവാൾ ആവശ്യത്തെ തുടർന്ന് അതിർത്തികൾ അടച്ചതായി പോലിസ് അറിയിച്ചു.

കലാപം കൂടുതൽ ഇടങ്ങളിലേക്ക് പടർന്നതിനെ തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയുമാണ്.

ജാഫ്രബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു.

കലാപം വർദ്ധിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രിയും, അതല്ല സ്ഥിതി നിയന്ത്രണ വിധേയമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രസ്‌താവിച്ചിരിക്കുന്നു.

ഇതേ സമയം പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച  നടത്തുകയും മതസ്വാതന്ത്യം, കാഷ്‌മീർ വിഷയം, ഇന്ത്യാ-പാക് ബന്ധം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തു.

താൻ ഡൽഹി കലാപത്തെക്കുറിച്ച് അറിഞ്ഞുവെന്നും അത് ആഭ്യന്തര കലഹമാണെന്നുമാണ് ഡോണൾഡ് ട്രംപ്  അഭിപ്രായപ്പെട്ടത്.
പൗരത്വ ബില്ലിനെ കുറിച്ച് ചർച്ച ചെയ്‌തില്ലന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ സന്ദർശനത്തിന് ഇരുപത് കമ്പനി സേനയെ നിയോഗിക്കേണ്ടി വന്നതു കൊണ്ടാണ് ആവശ്യത്തിനു പോലീസുകാരുണ്ടാകാതിരുന്നതെന്ന് ഡൽഹി പോലീസ് അറിയിച്ചു.

ഇപ്പോൾ രംഗത്തുള്ള അർദ്ധ സൈന്യത്തിന്   അക്രമികളെ കണ്ടാലുടനെ വെടിവയ്ക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വിവിധയിടങ്ങളിൽ കേന്ദ്ര സേന ഇറങ്ങിയിട്ടുമുണ്ട്.

കലാപത്തെ തുടർന്ന് അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നു.

ഇതിനിടയിൽ, തന്റെ പരാമർശത്താൽ ഖേദമില്ലന്ന് കപിൽ മിശ്ര വിവാദ പ്രസ്‌താവന നടത്തിയിരിക്കുന്നു.

ഷഹീൻ ബാഗ് കേസ് പരിഗണിക്കുന്ന ബഞ്ചിനു മുൻപിൽ ചന്ദ്രശേഖർ ആസാദ് ഡൽഹി കലാപ വിഷയം ഉന്നയിക്കുകയും സുപ്രീം കോടതി ഇന്ന് ഈ വിഷയത്തിൽ വാദം കേൾക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്.  ഈ ഭാഗത്ത് മലയാളികളടക്കം നിരവധി താമസക്കാരുണ്ട്. അവർ വളരെയധികം മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. അവരുടെ സുരക്ഷിതത്ത്വവും മാനസിക നിലയും സുരക്ഷിതമായിരിക്കുമോ?

സാധാരണയിൽ സാധാരണ മനുഷ്യർ ജീവിക്കുന്നയിടമാണ് കലാപം നടക്കുന്ന മേഖല. ഈ നഷ്‌ടങ്ങളെല്ലാം അവരുടെ ജീവിതത്തെ അങ്ങേയറ്റം ബാധിക്കുന്നതാണ്. ഉടനെ തീരുമെന്നാണ്, തീരണമെന്നാണ് അവരുടെ പ്രതീക്ഷയും ആവശ്യവും.

ഡൽഹി അതിവേഗം ശാന്തത കൈവരിക്കുമെന്നു നമുക്കും പ്രത്യാശിക്കാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account