വലിയൊരു തമാശയാണ് കുറേ കാലമായി ഇന്ത്യൻ ജനാധിപത്യം. ഭൂരിപക്ഷം വോട്ടർമാർ നിരാകരിക്കുന്നവരാണ് ഏറെ നാളായി ഇന്ത്യ ഭരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷി, പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള തട്ടിക്കൂട്ടു സഖ്യങ്ങൾ, തുടങ്ങി പല തരത്തിലുള്ള മറികടക്കലുകൾ നമുക്ക് പരിചിതമായിക്കഴിഞ്ഞു. 38 ശതമാനം പേർ പിന്തുണക്കുന്ന ഒരു ഭരണകൂടത്തെ ജനാധിപത്യ ഭരണം എന്നു വിളിക്കേണ്ടി വരുന്നതാണ് നമ്മുടെ ഗതികേട്. തെരഞ്ഞെടുപ്പുകൾ അന്നോളമുള്ള രാഷട്രീയ സാമൂഹ്യ സാമ്പത്തിക അവസ്ഥകളുടെ പൊതു വിലയിരുത്തലാവുന്നതിനു പകരം സൃഷ്‌ടിക്കപ്പെടുന്ന അജണ്ടയുടെ അടിസ്ഥാനത്തിൽ മാത്രമാവുന്ന രീതി 1994 ൽ ആണ് നടപ്പായത് എന്ന് തോന്നുന്നു. ആഗോളവൽക്കരണത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കപ്പെട്ടതും അതിനു യോജ്യമായ ഗവണ്മെന്റ് രൂപപ്പെട്ടതുമൊന്നും യാദൃശ്ചികമായിരുന്നില്ലല്ലോ. 2014നു ശേഷം രാജ്യത്താകെ തെരഞ്ഞെടുപ്പുകൾ വർഗീയ അജണ്ടകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് നടക്കുന്നത്. 20 വർഷം മുമ്പ് തെരഞ്ഞെടുപ്പുകളിൽ മതവും ജാതിയും പറയുന്നത് തെറ്റായി കരുതിയിരുന്നുവെങ്കിൽ ഇപ്പോൾ മതാടിസ്ഥാനത്തിലും ജാതി വ്യവസ്ഥക്കു വിധേയമായുമല്ലാതെയുള്ള എല്ലാ രാഷ്‌ട്രീയ പ്രവർത്തനവും പാഴ് ശ്രമങ്ങളായിത്തീരും എന്നതാണ് ജനാധിപത്യത്തിനുണ്ടായ അപചയം. പരസ്യമായി മതം പറയുകയും മതേതരത്വം മണ്ടത്തരമാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യപ്പെടുന്ന ദയനീയ പരിതസ്ഥിതിയിൽ ജനാധിപത്യത്തിന് എന്തു സംഭവിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ഏറ്റവുമൊടുവിൽ കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രൂപപ്പെട്ടു വരുന്ന ഒരവസ്ഥയുണ്ട്. ജനാധിപത്യത്തെ ജനാധിപത്യം കൊണ്ടു തന്നെ അട്ടിമറിക്കാൻ സാധ്യമാണ് എന്ന ഭയാനകമായ യാഥാർഥ്യമാണത്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലോ തിരുത്തലുകൾക്കു വേണ്ടിയുള്ള ആവശ്യപ്പെടലുകളോ ഇല്ലാതെ, പണം, മതം, ജാതി, വിദ്വേഷം എന്നീ ആയുധങ്ങൾ മാത്രം പ്രയോജനപ്പെടുത്തി പൊതു താൽപര്യങ്ങളെ അപ്രസക്തമാക്കുന്ന കാഴ്ച്ചയാണ് കർണാടക നമുക്കു തരുന്നത്. അതിസമ്പന്നരും വ്യവസായികളും അഴിമതിക്കേസുകളിലും തട്ടിപ്പുകളിലും പ്രതികളായവരും ശിക്ഷിക്കപ്പെട്ടവരും ഒരു ലജ്ജയുമില്ലാതെ സ്ഥാനാർഥികളാവുന്നു. അവരെ ജനം വോട്ടു നൽകി തെരഞ്ഞെടുക്കുന്നു. ഏറ്റവും കൂടുതൽ വോട്ടു നേടിയവർ പരാജയപ്പെടുകയും ജനം നിരാകരിച്ചവർ വിജയികളാവുകയും ചെയ്യുന്നു.

ജനാധിപത്യം നിലനിൽക്കുന്നതും അതിജീവിക്കുന്നതും അതിൽ ഇണക്കിച്ചേർത്തിട്ടുള്ള വിമർശനത്തിന്റേയും തിരുത്തലിന്റേയും ഏജൻസികളായ ജുഡീഷ്യറിയുടേയും സോഷ്യൽ ഓഡിറ്റിങ്ങിന്റേയും ഇടപെടൽ കൊണ്ടാണ്. എന്നാൽ ഇപ്പോൾ നാം തിരിച്ചറിയുകയാണ് പൂർണമായും ഭരണഘടനയുടെ ലിഖിത ചട്ടങ്ങൾക്കു വിധേയമായി പ്രവർത്തിക്കുമ്പോൾ തന്നെ ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്ത പരിരക്ഷിക്കപ്പെടാനുള്ള യുക്‌തിഭദ്രമായ നിലപാടുകൾ സ്വീകരിക്കേണ്ട ഗവർണറും സുപ്രീം കോടതിയുംപോലും നിയമാനുസൃതമായിത്തന്നെ അതിനെ അട്ടിമറിക്കാൻ പര്യാപ്‌തമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന ഭയാനക വാസ്‌തവം. മുള്ളിനെ മുള്ളു കൊണ്ടു നേരിടണമെന്ന പഴമൊഴി പോലെ ജനാധിപത്യം ജനാധിപത്യ രീതിയിൽ തന്നെ നിഷ്‌കാസനം ചെയ്യപ്പെടുകയാണ് ഇന്ത്യയിൽ.

-മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account