ലോകം മുഴുവൻ മരണമെണ്ണുന്നു. കാറ്റിൽ പോലും എന്റെ വഴിയേ മരണമെത്തരുതേ എന്ന എങ്ങലുകളുണ്ട്. മരിച്ചു പോയവർ മിച്ചം വച്ച ജീവിതങ്ങളുടെ നിഴൽ മൂടിയ കണ്ണുകളിൽ പെടാനാവാതെ തോറ്റ് മാറുന്ന പ്രഭാതങ്ങളാണ് മുൻപോട്ടുള്ള കാലത്തിന്റെ അടയാളങ്ങൾ ആകുന്നത്.

എന്നിട്ടും രോഗം തേടി എത്താത്ത ഇടവഴികളിൽ നിന്ന് ചിലർ മരണത്തെ കൂട്ട് വിളിച്ചു ഒപ്പം ചേർക്കുന്നു.

അവർ ചുമന്ന വേദനയുടെ ഭാരം അറിയാതെ ലോകം അപ്പോൾ കഥമെനയുന്നു, നിർഭാഗ്യമെന്നും അഹങ്കാരമെന്നും തരാതരത്തിന് പേരിടുന്നു.

ലോകം അടഞ്ഞു കിടന്ന  ‘ലോക് ഡൗൺ’ എന്നു ഓമനപ്പേരിട്ട മൂന്ന് മാസത്തെ ഏകാന്ത വാസം ഒറ്റയെന്നു പേർത്തും പേർത്തും പറഞ്ഞ മനുഷ്യർ എങ്ങിനെ നേരിട്ട് കാണും എന്നൊരു ചോദ്യം ഇപ്പോൾ കൂടുതൽ ആക്കമുള്ളത് ആകുന്നുണ്ട്.

ഒറ്റയ്ക്കല്ലെന്നു തലക്കെട്ടിട്ട ചങ്ങാത്ത കൂട്ടങ്ങൾക്കും  സിനിമ പങ്കിടലുകൾക്കും തിരിച്ചറിയാൻ  കഴിയാതെ പോയ എത്ര മരണ കൊതിപ്പുകൾ ഉണ്ടായിട്ടുണ്ടാവും?

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ വിഷാദത്തിൽ മുങ്ങി ഒടുവിൽ നിവരാൻ ആവാതെ മരിച്ചു പോകുന്നവരിൽ ഏറെയും നമ്മുടെ രാജ്യത്താണ് എന്നറിയുമ്പോൾ നമ്മൾ തോറ്റ് പോയവരാണോ എന്നൊരു ഭയം പുകയുന്നുണ്ട്.

വിഷാദം നോവിക്കുന്ന ആകെ ലോക മനുഷ്യരിൽ പതിനെട്ട് ശതമാനം, ഏകദേശം അൻപത്തി ഏഴ് മില്യൻ, ഇന്ത്യയിൽ നിന്നാണ് എന്നു ലോകാരോഗ്യ സംഘടന പറയുമ്പോൾ മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ ഇതിലും നമുക്ക് അടിമുടി പരാജയം പറയേണ്ടി വരും.

മറ്റൊരു കണക്ക് പ്രകാരം ഇന്ത്യയിൽ നടക്കുന്ന ആത്‌മഹത്യകളുടെ കാരണങ്ങളിൽ രണ്ടാമതാണ് വിഷാദം. എന്നിട്ടും അങ്ങിനെ മരിച്ചു പോയ എത്ര പേരുടെ ജീവിതത്തെ നമ്മൾ ചികിത്‌സ വേണ്ട ഒരു രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ മരണം കൊണ്ട് ചികിത്‌സിച്ചതാണ് എന്നു നമ്മൾ അടയാള പെടുത്തിയിട്ടുണ്ട്.

ക്രിസ്‌തുവിനും മുൻപുള്ള ഏതോ കാലത്താണ് വിഷാദത്തെ മനുഷ്യൻ തിരിച്ചറിഞ്ഞത്. അവരതിനെ ദൈവ കോപമെന്നും ചെകുത്താന്റെ പരീക്ഷണമെന്നും വിളിച്ചു. നദികളിലെ വെള്ളമൊക്കെ ഒഴുകി പോയിട്ടും ക്രിസ്‌തു ജനിച്ചിട്ടും ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നില്ലെന്നു മനുഷ്യർ വാദിച്ചിട്ടും കര കടൽ ആയിട്ടും ഇന്നും നമ്മൾ അതിനെ മാറ്റി പറയാതെ മനുഷ്യരെ മരിക്കാൻ വിടുന്നുണ്ട്.

മന്ത്രവാദം കൊണ്ട് മാറുമെന്ന് ഒളിഞ്ഞും, വായനയും സിനിമയും പാട്ടും യാത്രയുമാണ് മരുന്നെന്നു തെളിഞ്ഞും പറഞ്ഞ് അബദ്ധ വേഷം കെട്ടിയ ആരാച്ചാർ ആകുന്നുണ്ട് നമ്മൾ.

വിഷാദം ഒരു രോഗമാണ്. പനി വരുമ്പോൾ പാട്ട് കേട്ടാൽ മാറില്ലെന്നത് പോലെ വിഷാദത്തിനു മരുന്നല്ലാതെ മറ്റൊന്നും മരുന്നാവില്ല.

നമുക്ക് മാനസ്സികാരോഗ്യമുള്ള ഒരു സമൂഹം വേണം. മനസ്സ് തകർന്നത് കൊണ്ട്   സ്വയം തൂക്കിലേറ്റിയ ശരീരങ്ങളായി നമ്മുടെ ചെറുപ്പക്കാർ ഇല്ലാതെ ആവരുത്.

അദൃശ്യ നിയമങ്ങൾകൊണ്ടു നമ്മൾ ഒതുക്കി കെട്ടുന്ന ഈ ജീവിത പരിസരങ്ങളിൽ നിന്ന് നമുക്ക് തന്നെ സ്വയം ഒഴിപ്പിക്കാൻ കഴിയണം.

കാരണങ്ങൾക്ക് പ്രതിവിധികളും രോഗങ്ങൾക്ക് ചികിത്‌സകളുമുള്ള ഒരു ആരോഗ്യാന്തരീക്ഷം നിലനിന്നാൽ നമ്മളറിയാതെ മരിച്ചു പോകുന്ന നിരവധി സുശാന്ത് സിങ് രാജ്‌പുത്തുമാർ പിന്നെയും ജീവിചിരിക്കും, അവരിൽ എല്ലാവർക്കും പ്രിയപ്പെട്ടവരും ചിലർക്ക് മാത്രം പ്രിയപ്പെട്ടവരുമുണ്ടാകാം. പക്ഷെ അവർ എല്ലാവരും ആർക്കൊക്കെയോ പ്രിയപ്പെട്ടവരാണ്. എല്ലാവർക്കും ജീവിച്ചു മരിക്കാൻ ഭൂമി പാകമാണ്, നമ്മളതിനുള്ള അന്തരീക്ഷത്തെ ആരോഗ്യത്തോടെ സൂക്ഷിച്ചാൽ മാത്രം മതി.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account