സൈന്യത്തോടുള്ള അമിത പ്രതിപത്തിയും വീരാരാധനയുമാണല്ലോ ഇന്നൊരു സാധാരണ ഇന്ത്യക്കാരന്റെ ദേശസ്നേഹം അളക്കാനുള്ള മിനിമം സ്കെയിൽ. സൈനികരുടെ സേവനത്തേയും ത്യാഗത്തേയും കുറിച്ച് ആവേശം കൊള്ളുകയും നമ്മുടെയൊക്കെ ജീവിതം സൈനികരുടെ ഔദാര്യമാണെന്നും പട്ടാളക്കാർ കഷ്ടപ്പെടുമ്പോൾ മറ്റുള്ളവർക്ക് സുഖ സൗകര്യങ്ങൾ അനുഭവിക്കാൻ അവകാശമില്ലെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന ദേശസ്നേഹത്തിന്റെ കുത്തകാവകാശികളെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഭരണകൂട വക്താക്കളോട് ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്.

കഴിഞ്ഞ മൂന്നു വർഷം സൈനികരുടെ ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി എന്താണ് ഇന്ത്യാ ഗവർമെന്റ് ചെയ്തത്? മറ്റൊരു കാലത്തുമില്ലാത്തത്ര ആക്രമണങ്ങളും ആൾനാശവും ഇന്ത്യൻ സേന നേരിടുന്ന സങ്കീർണ അവസ്ഥ പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? ഒന്നുമില്ല എന്നതാണ് വാസ്തവം. വർഷങ്ങളായി സർക്കാരിന്റെ പരിഗണനക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള ആധുനികവൽക്കരണ നിർദ്ദേശങ്ങളൊന്നും തന്നെ ദേശ സ്നേഹികളുടെ സ്വന്തം ഗവർമെന്റും ഇതു വരെ ഗൗരവമായി കണ്ടിട്ടില്ല. കേവലം 28,000 രൂപ വിലയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വിതരണം ചെയ്യാനുള്ള നിർദ്ദേശം പോലും ഇതുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നറിയുമ്പോഴാണ് സൈനികരോട് നമ്മുടെ ഗവർമെൻറിനുള്ള സ്നേഹവും പ്രതിബദ്ധതയും ബോധ്യമാവുക.

ഇന്ത്യൻ സർക്കാരിന് പട്ടാള സ്നേഹം ഒരു തന്ത്രം മാത്രമാണ്. അതിർത്തിയിൽ ട്രഞ്ച് കുഴിച്ച് മനുഷ്യത്വ വിരുദ്ധമായ സാഹചര്യങ്ങളിൽ ഒളിച്ചിരിക്കുകയും തോക്കും പിടിച്ച് കവാത്തു നടത്തുകയും ചെയ്യുന്ന സേന വികസിത സമൂഹങ്ങളിൽ ഒരു പക്ഷേ ഇന്ത്യയിൽ മാത്രമേ ഇപ്പോഴുള്ളൂ. അതിർത്തികൾ കമ്പ്യൂട്ടർവൽക്കരിക്കാനോ ഏകീകൃത നിയന്ത്രണ സംവിധാനത്തിൻ കീഴിൽ കൊണ്ടു വരാനോ ഉള്ള ഒരു നീക്കവും ഗവർമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാവുന്നില്ല. പ്രശ്നങ്ങളുള്ള പാകിസ്ഥാൻ അതിർത്തി മുഴുവനും ഉപഗ്രഹ നിരീക്ഷണത്തിലാക്കാനും അതിർത്തി ലംഘനങ്ങളെ നേരിടാൻ വിദൂര നിയന്ത്രിത സംവിധാനങ്ങൾ ഏർപ്പെടുത്താനും വേണ്ടിവരുന്നതിനേക്കാൾ എത്രയോ മടങ്ങ് തുകയാണ് ഒരിക്കലും ഉപയോഗിക്കാൻ ഇടയില്ലാത്ത വെടിക്കോപ്പുകൾ വാങ്ങാൻ ചെലവഴിക്കുന്നത്. സിയാച്ചിനിലെ – 50 ഡിഗ്രി തണുപ്പിൽ കാവൽ നിൽക്കുക മനുഷ്യ സാധ്യമല്ല എന്നറിഞ്ഞിട്ടും അവിടെ മനുഷ്യരെ തന്നെ ജോലി ചെയ്യിക്കണമെന്ന് ആർക്കാണ് നിർബന്ധം. താഴെയിരുന്ന് നിയന്ത്രിക്കാവുന്ന ഏതാനും ചില റോബോട്ടുകൾക്ക് നിർവഹിക്കാൻ കഴിയുന്നതേയുള്ളൂ മനുഷ്യ വാസമില്ലാത്ത ആ അതി ശീത മേഖലയിലെ ഉത്തരവാദിത്തങ്ങൾ.

നിരന്തരം ആഭ്യന്തര പ്രശ്നങ്ങൾ നേരിടുന്ന രാജ്യങ്ങളെ മാറ്റിനിർത്തിയാൽ നമ്മളീ പറയുന്ന വീരമൃത്യു വേറൊരു രാജ്യത്തുമില്ല എന്നതാണ് സത്യം. സമാധാന കാലത്ത് പട്ടാളക്കാരൻ കൊല്ലപ്പെടുന്നത് കേട്ടുകേൾവി മാത്രമാണ് മിക്ക രാജ്യങ്ങളിലും. ഇന്ത്യ നേരിടുന്നതിനേക്കാൾ ഗുരുതരമായി ബാഹ്യശകതികളുടെ ആക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളിൽ എന്തു കൊണ്ടാണ് സൈനികരുടേയും സിവിലിയൻമാരുടേയും മരണസംഖ്യ കുറഞ്ഞിരിക്കുന്നത് എന്നതിന് ഒരുത്തരമേയുള്ളു. അവിടങ്ങളിലൊക്കെ സൈന്യത്തിന്റെ ആധുനികവൽക്കരണം എന്നത് കേവലം ആയുധങ്ങൾ വാങ്ങിക്കൂട്ടലല്ല, ഓരോ സൈനികന്റേയും ജീവന് സാധ്യമായ പരമാവധി സുരക്ഷ ഉറപ്പുവരുത്തുക എന്നു കൂടിയാണ്.

ഇന്ത്യൻ കരസേന അതിന്റെ ആധുനികവൽകരണം സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുകൾ സഹിതം 2027 ൽ പൂർത്തിയാവുന്ന വിധത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ച് ഗവര്‍മെന്റിന് സമര്‍പ്പിച്ചിട്ട് ഏറെ കാലമായി. ഇതിൽ കാലാൾപടയുടെ സുരക്ഷക്കായി ഡിജിറ്റൽ ഹെൽമെറ്റും ഇലക്ട്രോണിക് കണ്ണുകളും ബുള്ളറ്റ് പ്രൂഫും ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങളുണ്ടെങ്കിലും ഒന്നു പോലും ഇതുവരെ നടപ്പായിട്ടില്ല – എന്നു മാത്രമല്ല 2015-16 വർഷത്തിൽ പദ്ധതിക്കായി നീക്കി വച്ച തുക വെട്ടിക്കുറക്കുകയുമുണ്ടായി. കാര്യം ഇത്രയേയുള്ളൂ.. കൊല്ലപ്പെടുന്ന ഓരോ പട്ടാളക്കാരനും പ്രകടനോന്മുഖമായ അമിത ദേശീയതയുടേയും കപട ദേശ സ്നേഹത്തിന്റേയും ബലിയാടുകളാണ്. അവരുടെ മരണം ഭരണകൂടവും അതിന്റെ സിൽബന്തികളും സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി ദുരുപയോഗിക്കുകയാണ്.

ദേശസ്നേഹം വിജ്യംഭിച്ചിട്ടൊന്നുമല്ല ഇവിടുത്തെ ചെറുപ്പക്കാർ പട്ടാളത്തിൽ ചേരുന്നത്. ഒരു തൊഴിൽ എന്ന നിലയിൽ തന്നെയാണ് ഭൂരിഭാഗം പേരും സൈനിക സേവനത്തിനിറങ്ങുന്നത്. അതിനാൽ തന്നെ അവർക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. പട്ടാളക്കാരന്റെ മരണവും ഒരു പാടു ജീവിതങ്ങളെ അനാഥമാക്കുന്നുണ്ട്. വീരമൃത്യു എന്ന വ്യാജ ലേബലൊട്ടിച്ച് അതിൻമേൽ മുതലക്കണ്ണീരൊഴുക്കലല്ല യഥാർഥത്തിൽ സൈനികരെ ബഹുമാനിക്കുന്ന ഒരു ഭരണകൂടം ചെയ്യേണ്ടത്. മരണത്തെ ആഘോഷമാക്കി അതിൽ നിന്ന് മുതലെടുപ്പ് നടത്തലല്ല ഒരു ദേശീയ സർക്കാരിന്റെ ദൗത്യം. ഓരോ സൈനികന്റേയും ജീവൻ അമൂല്യമാണെന്ന് ബോധ്യപ്പെടുകയും സംരക്ഷിക്കുകയും ചെയ്യലാണ്. ഓരോ ദിവസവും വീരമൃത്യുവിന്റെ വാർത്തകൾ കേട്ട് കോരിത്തരിക്കുന്നതല്ല ദേശ സ്നേഹം, മറിച്ച് ചോര മണക്കുന്ന വാർത്തകൾ ഇല്ലാതെയാക്കലാണ് ദേശസ്നേഹത്തിന്റെ ഉദാത്ത ഭാവം.

2 Comments
  1. Peter 1 year ago

    Correctly said… The treatment for our armed forces must change, especially for the lower ranking personnel.

  2. Haridasan 1 year ago

    Yes, our military personnel deserves a better life. Use technologies to reduce casualities. Thanks for the insights…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account