പുതിയ കഥയുടെ സ്വത്വം എന്നത് അപരിചിതവും അസ്വീകാര്യവുമായ ഭൂമികളിലൂടെയുള്ള അവധൂത സഞ്ചാരമാണ്. അരൂപവും വിഛിന്നവുമായ ആകുലതകൾക്ക് പ്രമേയ പരിമിതികൾക്കപ്പുറം കടന്ന് ശരീരങ്ങൾ നിർമിച്ചു നൽകുന്ന ദൗത്യമാണ് കഥാകൃത്തിന് നിർവഹിക്കാനുള്ളത്. അന്ത:സംഘർഷങ്ങളുടെ സൂക്ഷ്മതലത്തിൽ നിന്ന് ശരീരാവസ്ഥകളുടെ സ്ഥൂല പരിസരങ്ങളിലേക്ക് പരിണമിപ്പിക്കപ്പെടുമ്പോൾ കഥകൾ സ്ഫോടനാത്മകമായ ഒരു മുഴക്കം ഉള്ളിൽ പേറുകയും വായനക്കാരനെ നിരന്തരമായി പിന്തുടരാൻ പര്യാപ്തമായ വിഹ്വലതകളുടേയും അസ്ഥിരതകളുടേയും പ്രക്ഷേപണ കേന്ദ്രങ്ങളായിത്തീരുകയും ചെയ്യുന്നു. വ്യവസ്ഥിതികളോട് സംഘർഷത്തിലേർപ്പെടുന്നതോടൊപ്പം തന്നെ അനുപേക്ഷണീയമായ സാമൂഹ്യ സാഹചര്യങ്ങളോട് സമരസപ്പെടുകയും ചെയ്യേണ്ടി വരുന്നത് വർത്തമാന കഥകളുടെ രൂപഘടനയാണ്. അവ്യക്തമായ ഉൾഭയങ്ങളെ അതേ അവ്യക്തതയോടെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയുമ്പോഴാണ് കഥ പൊതു സ്വീകാര്യത ഉള്ളതായിത്തീരുക. “കടൽ ശരീരം” എന്ന കഥാപുസ്തകം വായിച്ചു തീരുമ്പോൾ ആകുലതകളുടെ ഒരു നൂൽ വല്ലാതെ നീണ്ടു കിടക്കുന്നതായി അനുഭവപ്പെടും.

നമുക്കു പരിചിതമായ കഥാകഥന രീതി കഥാകൃത്തുൾപ്പെടെ നന്മയുടെ ഭാഗത്തും മറ്റു ചിലർ മറുഭാഗത്തും നിൽക്കുന്ന നായക പ്രതിനായക ഘടനയാണ്. സ്വയം പ്രതിനായക സ്ഥാനത്തു നൽക്കേണ്ടി വരുന്ന സമൂഹം മിക്കപ്പോഴും ഒരു കുറ്റവാളിയെ – വ്യക്തിയെയോ സമൂഹത്തേയോ ഗോത്രത്തേയോ – കണ്ടെത്തുകയും എല്ലാ തീവ്ര ചിന്താ പദ്ധതികൾക്കും കാരണം അത്തരം കുറ്റവാളി സമൂഹങ്ങളോ ഗോത്രങ്ങളോ ആണെന്ന് വിധിക്കുകയും ചെയ്യുന്നു. സ്വയം വിമർശനങ്ങളേക്കാളും തിരുത്തലുകളേക്കാളും എളുപ്പമാണ് പൊതു നിലപാടുകളിൽ നിൽക്കുന്നു എന്ന വ്യാജേന നടത്തുന്ന വിമർശനങ്ങളും വിധി നിർണയങ്ങളും. ഇത്തരത്തിലുള്ള സമൂഹ നിലപാടുകളെ ശീർഷാസനത്തിൽ നിന്ന് നിരീക്ഷിക്കുകയാണ് കടൽ ശരീരം എന്ന കഥ.

ഭൂമിയിലെ ഏതു രാജ്യവുമാകാം കടൽ ശരീരത്തിലെ ദേശം. വംശീയ സംഘർഷങ്ങൾ കടലുകൾ താണ്ടി ലോകമാകെ വ്യാപരിക്കുന്ന കാലികാവസ്ഥയിൽ പ്രത്യേകിച്ചും. ബാല്യവും കൗമാരവും യൗവനവും വാർദ്ധക്യവും വംശീയപ്പോരാട്ടങ്ങളുടെ ഹിംസാത്മകതയിൽ നിസഹായനായിപ്പോകുന്ന സാധാരണ മനുഷ്യന്റെ വിലാപം കൂടിയാണ് ഈ കഥ. ഈ പട്ടണവും അതിനു ചുറ്റുമുള്ള ഏതാനുമിടങ്ങളും കേന്ദ്രീകരിച്ചാണ് ഞങ്ങളുടെ വംശീയ സംഘടന പോരാട്ടം നടത്തുന്നത് എന്നാണ് കഥാകൃത്തിന്റെ വാചകം. ഞങ്ങളുടെ എന്ന ഒരൊറ്റ പ്രയോഗം കൊണ്ട് കഥ നിർമിച്ചെടുക്കുന്ന രാഷ്ട്രീയ ശരീരം കടലിനെക്കാൾ വലുതാണ്. മനുഷ്യരൊക്കെയും വംശീയാടിസ്ഥാനത്തിൽ മാത്രം വീക്ഷിക്കപ്പെടുന്ന  വികല സമൂഹത്തിൽ കഥ കൂടുതൽ ഗഹനമാകുന്നു.  ജനിച്ച നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന അഭയാർഥികളുടെ എണ്ണം എല്ലാ പരിധികളെയും അതി ലംഘിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്ന മതം, വംശം ഒക്കെ എവിടെയാണെന്ന് ആശങ്കപ്പെടേണ്ടതുണ്ട്. പാഴ് വെടിയുണ്ടകൾ പെറുക്കി വിറ്റ് ബ്രഡ് വാങ്ങി വിശപ്പടക്കേണ്ടി വരുന്നതിലെ ചാക്രികയുക്തിയെത്തന്നെയാണ് യുദ്ധം ഒരു വലിയ വിപണിയാണ് എന്ന തത്വശാസ്ത്രം കൊണ്ട് നേരിടേണ്ടി വരുന്നത്. കൊന്ന് കടലിലെറിയപ്പെടുന്ന സ്വാതന്ത്ര്യവാഞ് ചകളെക്കുറിച്ച്, മടങ്ങിപ്പോക്ക് അസാധ്യമായിത്തീർന്ന നിതാന്ത പ്രവാസത്തെക്കുറിച്ച് ഒക്കെ കടൽ ശരീരം നമ്മെ വേവലാതിപ്പെടുത്തുന്നു.

സ്വന്തം മണ്ണിൽ തന്നെ അഭയാർഥികളാക്കപ്പെടുന്ന വികസനത്തിന്റെ ഇരകളാണ് വനശരീരം  എന്ന കഥയിൽ കണ്ടുമുട്ടുന്നവർ. നഗരവൽക്കരണം ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ നിഷ്കാസനം ചെയ്യപ്പെടുന്ന മനുഷ്യർ വനങ്ങളിലേക്കും അവിടെ നിന്ന് പിന്നെയും അറിയപ്പെടാത്ത ദേശാന്തരങ്ങളിലേക്കും പാലായനം ചെയ്യിക്കപ്പെടുന്നു എന്നത് നമുക്ക് അപരിചിതമായ അവസ്ഥയല്ല. നഷ്ടപ്പെട്ട ഭൂസമരങ്ങൾ, നിലനിൽപ്പിനു വേണ്ടി ഗോത്ര സമൂഹങ്ങളും കർഷകരും നടത്തുന്ന നിരന്തരമായ ചെറുത്തു നിൽപ്പുകൾ, എല്ലാം എത്ര ആസൂത്രിതമായാണ് തകർക്കപ്പെടുന്നത് എന്ന്, സമരങ്ങളൊക്കെയും സ്ഥാപിത താൽപര്യക്കാർ തട്ടിയെടുക്കുന്നത് എന്ന് വനശരീരം നമുക്കു കാണിച്ചു തരുന്നു. പരാജയപ്പെടുന്ന ഓരോ സമരവും സർവനാശത്തിലേക്കുള്ള വേഗമേറിയ മാർഗങ്ങളാണ് എന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയിൽ പോരാട്ടങ്ങളൊക്കെയും ജനങ്ങൾക്ക് വേണ്ടിയാണ് എന്ന് പറയപ്പെടുന്നു. എന്നാൽ എല്ലാ പോരാട്ടങ്ങളിലും ദുരിതമനുഭവിക്കുന്നതും ജനങ്ങളത്രേ. സമരങ്ങൾ സായുധ ഏറ്റുമുട്ടലുകളുടേയും നിഷ്കാസനങ്ങളുടേയും മാത്രം രൂപകങ്ങളാവുമ്പോൾ എന്താണ് പ്രതിഷേധങ്ങൾ എന്നു ചോദിക്കപ്പെടുന്നു. സമ്പത്തും സ്വത്വവും ഉപേക്ഷിച്ച് നാടു വിട്ടു പോകേണ്ടി വരുന്നവനും വിശ്വസിക്കുന്നത് അവിടെ നടക്കുന്ന പോരാട്ടങ്ങൾ തനിക്കു വേണ്ടിയാണ് എന്നു തന്നെ. മടങ്ങി വരവുകളുടെ നിതാന്തമായ കിനാവുകളാണ് സത്യത്തിൽ ജീവിതങ്ങൾ. ഉയിരു വിട്ടു പോകുമ്പോൾ പോലും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുന്നത് സ്വപ്നം കാണുന്നവരാണ് നമ്മൾ. സ്വന്തമെന്നത് വല്ലാത്തൊരു മരീചികയാവുമ്പോഴും അത് നമ്മെ വല്ലാതെ ആശ്വസിപ്പിക്കുന്നു. ഒരു പക്ഷേ അത്തരത്തിലൊരു നിരന്തര പ്രയാണത്തിലാണ് നാമോരോരുത്തരും. മണൽ ശരീരം എന്ന കഥ ഈ ശൂന്യതാ ബോധത്തെ ശരീരവൽക്കരിക്കുന്നുണ്ട്. കൂടെ നടന്നവന്റെ നാറുന്ന ശവശരീരവും പേറി തന്റെ സ്വത്വബോധത്തിലേക്ക് തിരികെ നടക്കുന്ന അയാൾ കലുഷ മാനസികാവസ്ഥയുടെ ഭിന്ന ഭാവങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

ശരി തെറ്റുകളുടെ വിശകലനം എന്തിന്റെ അടിസ്ഥാനത്തിലാണ് നടത്തേണ്ടത്.  ചിലതൊക്കെ ചിലപ്പോൾ ശരിയും ചിലപ്പോൾ തെറ്റുമാകുമ്പോൾ നമ്മളെന്തു ചെയ്യും?  ഹിമശരീരം എന്ന കഥ മുന്നോട്ടു വക്കുന്ന പ്രതിസന്ധി ഇതാണ്. ഒരു വലിയ ശരിക്കു വേണ്ടിയുള്ള നിലപാടിനെ തെറ്റായി കാണുന്ന ഭരണകൂടമാണോ അധികാരസ്ഥാനങ്ങളെ വെല്ലുവിളിക്കാൻ നിസാരനായ മനുഷ്യന്റെ പ്രവൃത്തിക്ക് സാധ്യമാണ് എന്ന വിശ്വാസമാണോ ശരി /തെറ്റ്.? അവനവൻ ശരികൾക്കു വേണ്ടി സമരം ചെയ്യേണ്ടി വരുന്ന അനവധി മനുഷ്യരുടെ പ്രതിനിധികളായി ഹിമശരീരത്തിലെ രണ്ടു സ്ത്രീകൾ മാറുന്നു. വ്യവസ്ഥാപിതമായ നന്മ സങ്കൽപങ്ങളെ അട്ടിമറിക്കുന്ന ഹിമശരീരത്തിന്റെ ഭൂമിക ടിയാനൻമെൻ സ്ക്വയറോ തെഹരികെ ചത്വരമോ ഡൽഹിയിലെ തെരുവുകളോ ആവാം.

കടൽശരീരത്തിലെ കഥകളൊക്കെയും വായിച്ചു തീരുമ്പോൾ മനസിൽ ഒരു കല്ലിന്റെ ഭാരവും തണുത്ത ഒരു നിസഹായതയും തളം കെട്ടി നിൽക്കുന്നു. കഥകൾ, ദേശാതിർത്തികളെ അതിലംഘിക്കുന്ന രചനാ തന്ത്രത്തിന്റെ ശരീരവൽകരണവും പാർശ്വവൽകൃത ഭൂരിപക്ഷത്തിന്റെ അനുഭവങ്ങളുടെ സഹ സഞ്ചാരവുമാവുമ്പോൾ നമ്മിൽ അവ വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നു. അരൂപികളായി ചിതറിക്കിടക്കുന്ന ആകുലതകൾക്ക് ശരീരങ്ങൾ ഉണ്ടാവുകയും അവയുടെ മൂർച്ചയുള്ള നഖങ്ങൾ കൊണ്ട് മസ്തിഷ്കത്തിന്റെ മണ്ണടരുകളിൽ മാന്തൽപ്പാടുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ വായന സഹൃദയ മനസിൽ കരുണ രസത്തിന്റെ തീവ്രാനുഭവം പകർന്നു നൽകുന്നു.

കടൽ ശരീരം (കഥകൾ)
കെ.ടി.ഷാഹുൽ ഹമീദ്
കൈരളി ബുക്സ്, കണ്ണൂർ.

5 Comments
 1. Babu Raj 5 years ago

  വളരെ നല്ല വിവരണം. അഭിവാദ്യങ്ങൾ

 2. Haridasan 5 years ago

  മനോഹരമായ അവലോകനം

 3. Retnakaran 5 years ago

  wonderful review..

 4. Anil 5 years ago

  Beautiful review

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account