തോരാത്ത കൺകളിൽ കണ്ടു ഞാനാദ്യമായ്
നോവിന്റെ ചിത്രശലഭങ്ങൾ കൂട്ടമായ്,
എന്തു പിണഞ്ഞതിനെന്തൊരു കാരണം,
എന്തെന്നറിയാൻ തുളുമ്പിയെൻ മാനസം.

അദ്ധ്യാപന നാളിലെത്രയോ കണ്ടു നാം
വൈവിധ്യമാർന്ന കുരുന്നു മനസ്സുകൾ,
അല്ലലില്ല ചിലർ, അന്നമില്ലാത്തവർ,
അച്ഛനില്ല ചിലർ, അമ്മയില്ലാത്തവർ.

കരുണയ്ക്ക് കാതോർത്തിരിക്കുന്ന പൈതലും,
അരുമതൻ തേരിൽ കൊതിക്കുന്ന ബാലനും,
ഒരുമതൻ തോണിയിൽ മറുകര താണ്ടുവാൻ
ഒരുമിച്ചിരുന്നു നാം കൈയ്യുകൾ കോർത്തതും.

പരിഭവം ചൊല്ലിയും, കളിപറഞ്ഞും,
പഠന വൈഭവം കൂട്ടുകാർ തതമ്മിൽതമ്മിലായ് ,
കണ്ടതില്ല നിന്റെ വൈഭവമൊന്നുമേ,
കേട്ടതില്ല നിന്റെ കൊഞ്ചലിൻ നാദവും.

ക്ലാസ്സിൻ മുറിയിലെ പിന്നിലായിട്ടൊരാ
ബെഞ്ചിന്റെ കോണിലായ് നമ്രശിരസ്‌കനായ്,
ചെന്നു ഞാനന്തികേയൊന്നു തലോടുവാൻ,
ചെറ്റെന്നു ഞെട്ടി നീ, നീർമിഴിക്കോണിനാൽ.

ഒരു ദുഃഖ സാഗരമലയടിക്കുന്നതും,
ഒരു കിനാവിൻ കപ്പലോളക്കരങ്ങളിൽ
ആടിയുലയുന്നു, നീർച്ചുഴി കൈകളാൽ
മാടിവിളിക്കുന്നു സ്വപ്നസൗധങ്ങളെ.

എല്ലാമറിയുന്നു മാൻകിടാവേ, നിന്റെ
അല്ലലൊന്നൊന്നായ് പകുത്തു നൽകീടു നീ,
തെല്ലുമേയാശങ്ക വേണ്ടതില്ലോമനേ,
കല്ലല്ല നിൻ ഗുരുവൃന്ദമിന്നാരുമേ.

പെട്ടെന്നൊരുദിനം ”ട്രാൻസ്‌ഫെറിൻ” രൂപേണ
ഞെട്ടിത്തരിച്ചു ഞാൻ, നിന്നെപ്പിരിയുവാൻ,
പോകുന്ന നേരത്തൊരെൻ മിഴിപ്പറവകൾ
പാറിപ്പറന്നു, ചിറകും തളർന്നുപോയ്.

ഈരെട്ടിതാണ്ടുകൾ പിന്നിട്ട വേളയിൽ,
ഈ ഗ്രാമ വീഥിയിൽ രാജ്യകാര്യാർത്ഥമായ്,
ഒാർമ്മകൾ ചേക്കേറി, ഒാളപ്പരപ്പിലായ്,
ഒാർക്കുന്നു നിൻ മുഖം, കാണാൻ കൊതിക്കുന്നു.

പെട്ടെന്നൊരോട്ടൊയെൻ മുന്നിലായ് ബ്രേയ്ക്കിട്ടു,
ഞെട്ടലോടൊന്നു ഞാന്‍ പിന്നോട്ടു വെച്ചതും,
”ടീച്ചറേ” എന്നെയറിയുമോ, എന്നൊരാ
സ്നേഹപീയൂഷമെൻ കർണ്ണപടങ്ങളിൽ.

”തോറ്റുപോയീ പരീക്ഷയിൽ, തെല്ലുമേ
തോറ്റതില്ല ഞാൻ ജീവിത പാതയിൽ,
നന്മയെ നെഞ്ചതിലേറ്റി ഞാൻ  ജീവിത-
വന്മതിൽ ചാടിക്കടക്കാൻ സമർത്ഥനായ് ”.

ഇണ്ടലുണ്ടായതില്ലതിലൊട്ടുമേ,
ഉണ്ടതിൽ നന്മ തങ്കത്തിളക്കമായ്,
കണ്ടു ഞാനിന്നു കർമ്മ നിരതനായ്,
കൊണ്ടുപോകുവാൻ നാടിനെ പ്രാപ്തനായ്.

”ധർമ്മപന്ഥാവിൽ സ്വാർത്ഥം വെടിഞ്ഞു നീ,
കർമ്മ ധീരനായ്, നാടിൻ പുരോഗതി,
അർത്ഥ ചിന്തയിൽ നീന്തിത്തുടിക്കാതെ,
സാർത്ഥമായ് തീർക്ക നീ ജീവിതയാനവും”.

”എന്നരികത്തിരുന്നൊരെൻ കൂട്ടുകാരനെ,
ഇന്നോർക്കുന്നുവോ ഗുരു, പാവമാം ബാലനെ,
ഏന്തുന്നു തുപ്പാക്കി,മാനമായ് കൈകളിൽ,
ഇന്ത്യതന്നതിർത്തി കാത്തീടുവാൻ”.

എത്രയും ശ്രേഷ്ഠമാണദ്ധ്യാപനം, നാം
എത്രയും ശ്രേഷ്ഠരാമാരാധ്യരാകുന്നു,
ഭാവി പൗരരെ വാർത്തെടുത്തീടുന്നു,
ഭാരത മണ്ണിൻ പവിത്രത കാക്കുവാൻ.

ധന്യമാകുന്നു ജീവിതം, സായൂജ്യം,
ധന്യമീയാത്ര മരണം വരുംവരെ,
‌ധന്യരാകുന്ന ശിഷ്യ വൃന്ദങ്ങളും,
ധന്യമാകുന്നു സർവ്വതിൽ  ശ്രേഷ്ഠമായ്.

10 Comments
 1. Pramod 1 year ago

  മനോഹരമായ കവിത. ടീച്ചർക്കും നമ്മുടെ ജവാന്മാർക്കും നമ്മുടെ ദേശത്തിനും വിനീത നമസ്കാരം. ജയ് ഹിന്ദ്!

 2. Priya 1 year ago

  A big salute to our fighters and teachers! Jai Hind!

 3. Anil 1 year ago

  Excellent. Jai Hind.

 4. Haridasan 1 year ago

  A nice presentation of the great work of our teachers and soldiers! Congrats.

 5. Babu Raj 1 year ago

  Excellent!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account