കൊവിഡ് മഹാമാരി തുടച്ചു നീക്കാനായി അക്ഷീണം പ്രവർത്തിക്കുന്നവരാണ് ഡോക്റ്റർമാരും നഴ്‌സ്‌മാരും. കുടുംബം മറന്ന്, സ്വയം മറന്ന് അവർ സമൂഹത്തിനോടുള്ള കടമ നിറവേറ്റുകയാണ്.

കാൾ യുങ്ങിന്റെ വാക്കുകൾ കടമെടുത്താൽ, ‘മരുന്ന് രോഗത്തെ സുഖപ്പെടുത്തും, എന്നാൽ രോഗിയെ സുഖപ്പെടുത്തുന്നത് ഡോക്റ്റർ ആണ്’. തീർച്ചയായും അതെ. ഓരോ മനുഷ്യനും അവന്റെ ജീവൻ വിലപ്പെട്ടതാണ്.

ഒരു തവണയെങ്കിലും ഡോക്റ്ററെ സമീപിക്കേണ്ടി വരാത്തവരായി ആരും തന്നെ കാണാനിടയില്ല. സ്വന്തം ജീവൻ ആപത്തിലാണെന്ന് തോന്നിയാൽ ആരായാലും ആദ്യമൊന്നു പതറും. പക്ഷേ, ഡോക്റ്ററുടെ ഒരു സാന്ത്വനം മതി വേഗത്തിലതു മറി കടക്കാൻ. ഭൂമിയിൽ, ദൈവത്തിന്റെ പ്രതിനിധികളാണ് ഡോക്‌ടേർ‌സ്.

ഇന്ന് ദേശീയ ‘ഡോക്‌ടേർ‌സ് ഡെ’ ആണ്. സ്വാതന്ത്യസമര സേനാനിയും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബി സി റോയ് യുടെ ജന്മദിനമായ ജൂലൈ ഒന്നാണ് ഇന്ത്യയിൽ ഡോക്‌ടേർ‌സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ചരമദിനവും ജൂലൈ ഒന്ന് തന്നെയായിരുന്നു.

ഇത്തവണ വേറൊരു കാര്യം കൂടി പ്രത്യകം ഓർമ്മിക്കേണ്ടതുണ്ട്.  എന്താണെന്നറിയാമോ? ഇന്ന് ഡോ. സെമ്മൽ വെയ്‌സിന്റെയും ജന്മദിനമാണ്. ഇന്നത്തെ ദേശാഭിമാനി ഡോക്റ്റർ സെമ്മൽ വെയ്‌സിനെ ഓർമ്മിപ്പിക്കുന്നുണ്ട്.

കൊവിഡ് പ്രതിരോധിക്കാനായി നമ്മൾ പാലിക്കുന്ന സോപ്പിട്ട് കൈ കഴുകൽ, കൊല്ലങ്ങൾക്ക് മുൻപ് ഡോ. വെയ്‌സ് മുന്നോട്ട് വച്ച ആശയമാണ്.

വിയന്നയിലെ ആശുപത്രിയിൽ സ്‌ത്രീരോഗ വിദഗ്‌ധനായിരുന്നു ഡോ. വെയ്‌സ്. അവിടെ പ്രസവത്തിന് രണ്ടു വാർഡുകളാണുണ്ടായിരുന്നത്. ഒന്ന് ഡോക്റ്റർമാർ പ്രസവമെടുക്കുന്ന വാർഡും രണ്ടാമത്തേത് നഴ്‌സുമാർ പ്രസവമെടുക്കുന്ന വാർഡും. ആയിടയ്ക്ക് പ്രസവത്തിന് ശേഷം അണുബാധയെ തുടർന്ന് നിരവധി സ്‌ത്രീകൾ മരണമടഞ്ഞിരുന്നു. എന്നാൽ, നഴ്‌സുമാർ പ്രസവമെടുക്കുന്ന വാർഡിനെ അപേക്ഷിച്ച് ഡോക്റ്റർമാർ പ്രസവമെടുക്കുന്ന വാർഡിൽ മരണ സംഖ്യ കൂടുതലായിരുന്നു. ഡോ. വെയ്‌സ് ഈ വ്യത്യാസം ശ്രദ്ധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ മറ്റൊരു കാര്യം പെട്ടത്. ഡോക്റ്റർമാരിൽ പലരും മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തിരുന്ന ഡിസ്‌കഷൻ ഹാളിൽ നിന്നും നേരിട്ടാണ് പ്രസവ വാർഡിൽ എത്തുക. മൃതദേഹങ്ങളിൽ നിന്നും അവരുടെ കൈകളിലേക്ക് പകർന്ന അണുക്കളാവാം കാരണമെന്നും അതുകൊണ്ട് കൈ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം പ്രസവ വാർഡിൽ കയറിയാൽ മതിയെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആ നിർദ്ദേശം നടപ്പിലാക്കിയതോടെ മരണ സംഖ്യ വളരെയധികം കുറഞ്ഞു. അങ്ങനെ കൈ വൃത്തിയായി കഴുകിയാൽ രോഗാണുക്കളെ തുരത്താനാകുമെന്ന് ഡോ. വെയ്‌സ് തെളിയിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പലരും ആ നിർദ്ദേശത്തിനൊപ്പം അദ്ദേഹത്തെയും പുറംതള്ളി. പിന്നീട് മാറ്റൊരാശുപത്രിയിൽ ജോലി തുടർന്നുവെങ്കിലും മാനസികമായി തകർന്ന്, മാനസികാശുപത്രിയിൽ രോഗിയായി പ്രവേശിക്കപ്പെട്ടു. ഒടുവിൽ കഷ്‌ടിച്ച് നാൽപ്പത്തിയേഴു വയസ്സുള്ളപ്പോൾ, ആശുപത്രി സെക്യൂരിറ്റികളിൽ നിന്നും തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു.

ഡോ. വെയ്‌സിന്റെ ജന്മദിനം 1818 ജൂലൈ ഒന്നിനായിരുന്നു. അപ്പോൾ തീർച്ചയായും ഇന്നത്തെ ദിനത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം നാം ഓർമ്മിക്കേണ്ടതുണ്ട്.

ഈ ദിനത്തിൽ മാത്രമല്ല, എന്നും ലോകത്തിലെ എല്ലാ ഡോക്റ്റർമാരോടും ആരോഗ്യ പ്രവർത്തകരോടും ആദരവ്.

ആരോഗ്യമാണ് സമ്പത്ത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account