പൊരിച്ച മീനിന്റെയോ വറുത്ത കോഴിയുടെയോ നടുക്കഷണം കിട്ടാത്തതു കൊണ്ടു മാത്രം ഫെമിനിസ്റ്റായിത്തീർന്ന, യഥാർത്ഥത്തിൽ ഫെമിനിച്ചികളായ (എച്ചിക്കണക്കു പറയുന്നതു കൊണ്ട് അങ്ങനെ വിളിക്കുന്നതാണു ചേർച്ചയും) കുറെ സ്ത്രീകളുടെ പ്രതിഷേധങ്ങളും അവർക്കെതിരെയുള്ള പ്രതിരോധങ്ങളും സോഷ്യൽ മീഡിയയിൽ തകർത്താടുകയാണ്. ട്രോളുകൾ, പോസ്റ്റുകൾ, അനുഭവകഥനങ്ങൾ, കമന്റുകൾ, മറുപടികൾ ..

വളരെ സങ്കീർണമായ, നൂറ്റാണ്ടുകൾ പഴക്കമുള്ള, സമൂഹ മനസ്സിൽ അടിയുറച്ച ലിംഗവിവേചനത്തെയാണ് (Gender Discrimination)  ഇത്രയും ലളിതമായ, അനുഭവത്തിന്റെ ചൂരുള്ള ഉദാഹരണത്തിലൂടെ റിമ കല്ലിങ്കൽ തുറന്നു കാട്ടിയതെന്ന് പക്ഷേ ഈ ബഹളങ്ങൾക്കിടയിൽ മറന്നു പോവുന്നു. നിഷേധിക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും പക്ഷേ കൃത്യമായി  അറിയാം, ലിംഗവിവേചനത്തിന്റെ ആദ്യത്തെ കളരി  വീടാണ്. എന്നും ആയിരുന്നു. ഇനിയും ആയിരിക്കും. ഏതെങ്കിലുമൊക്കെ തരത്തിൽ എല്ലാ പെണ്ണുങ്ങളും പെണ്ണായതിന്റെ പേരിൽ മാത്രം വീട്ടിൽ വേർതിരിവുകൾ  അനുഭവിച്ചിട്ടുണ്ട്. അനുഭവിക്കുന്നുമുണ്ട്. മീൻ തുല്യമായി വിഭജിക്കപ്പെട്ടിടങ്ങളിൽ മറ്റെന്തെങ്കിലുമാവാം വിവേചനത്തിനടിസ്ഥാനം.

നീയൊരു പെണ്ണാണ് എന്നൊരുവൾ നിരന്തരം, മരണം വരെ പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇടമാണ് കുടുംബം. നല്ല ഭക്ഷണവും വിശ്രമവേളകളും നല്ല കിടക്കയും വസ്ത്രങ്ങളും ആണിനുള്ളതുതന്നെയാണ്, എന്നും. അവനു വേണ്ടിയാണ് സ്ത്രീ അടുക്കളയിൽ വിയർത്തൊഴുകുന്നത്. സർഗ്ഗാത്‌മകമായും ഉപയോഗിക്കാമായിരുന്ന അവളുടെ സമയം ഹോമിക്കുന്നതും അവനു വേണ്ടി. ലോകത്തിലെ ആദ്യത്തെ വൈരുദ്ധ്യമായി സ്ത്രീപുരുഷസമത്വത്തെയും ആദ്യത്തെ വർഗ്ഗ ചൂഷണമായി പുരുഷാധിപത്യത്തെയും നിർണയിക്കുന്ന എംഗൽസ് ഇക്കാര്യം വൃത്തിയായി പറഞ്ഞു വെയ്ക്കുന്നുണ്ട്. കുടുംബ വ്യവസ്ഥയുടെ  ഉദ്ഭവമാണ് സ്ത്രീയുടെ ലൈംഗികതയെയും അധ്വാനത്തെയും പ്രത്യുൽപ്പാദനശേഷിയെയും പുരുഷാധികാരത്തിനു കീഴിലാക്കിയത്, സ്ത്രീ പുരുഷന്മാർക്കിടയിലെ വിവേചനവും അസമത്വവും ശക്‌തമാക്കിയത് എന്ന് കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉദ്ഭവമെന്ന ഗ്രന്ഥത്തിൽ അദ്ദേഹം സ്ഥാപിക്കുന്നു.

പ്രാചീനയുഗങ്ങളിലെ സമത്വാധിഷ്ഠിത ജീവിതശൈലികൾ പരിഷ്കൃത സമൂഹമായുള്ള വളർച്ചയുടെ ഘട്ടങ്ങളിൽ ഓരോന്നായി കൈമോശം വരുകയായിരുന്നു. സ്ത്രീയുടെ ഒരേയൊരു ഭാഗ്യം ഭർത്താവെന്നും അയാളുടെ ഇച്ഛാനുസാരിണിയാവണം അവളെന്നും വൈദിക കാലം അനുശാസിച്ചു. കുഷ്ഠരോഗിയായ ഭർത്താവിന്റെ എച്ചിലിലയിൽ നിന്ന് അയാളുടെ അറ്റു വീണ വിരലുകളെടുത്തു മാറ്റി അയാൾ ബാക്കിവെച്ച  ഭക്ഷണം നിർവൃതിയോടെ കഴിക്കുന്ന നളായണിയെപ്പോലുള്ള മഹിളകൾ ആദരണീയകളും എക്കാലത്തെയും മാതൃകകളുമായി പ്രതിഷ്ഠിക്കപ്പെട്ടു. പിൽക്കാലവും സ്ത്രീയുടെ രണ്ടാംകിട പദവി ഭദ്രമായി സംരക്ഷിക്കുന്നു. വിവാഹം കഴിയുന്നതോടെ സ്ത്രീകളുടെ സിവിൽ മരണം സംഭവിച്ചിരുന്നു ബ്രിട്ടണിലും അമേരിക്കയിലുമെന്ന് ചരിത്രം പറയുന്നു. എല്ലാ പൗരാവകാശങ്ങളും ഇല്ലാതാവും. ശരീരവും സേവനവും അവളുടെ സ്വത്തും  പുരുഷനവകാശപ്പെട്ടത്. കുട്ടികളുടെമേലും  അയാൾക്കാണധികാരം. ഉപേക്ഷിച്ചാലും തിരിച്ചുവിളിച്ചാൽ കൂടെപ്പോണം. 1930കൾ വരെയൊക്കെ ഇതായിരുന്നത്രേ അവസ്ഥ. ഇത്തരം വീട്ടടിമകളെ സൃഷ്‌ടിക്കാനുള്ള വിദ്യാഭ്യാസമാണ് അവർക്കു നൽകിയിരുന്നതും. ബയോളജി മാത്രമാണ് സ്ത്രീകൾ പഠിക്കേണ്ട ശാസ്ത്ര വിഷയം. മറ്റെല്ലാം ഗാർഹികവിഷയങ്ങൾ മാത്രം. എന്നു വെച്ചാൽ, തുന്നൽ, പാചകം, ശിശുപരിചരണം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലും ഒരെഴുത്തുകാരൻ സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചു സമാനമായ വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അത്യാവശ്യം എക്കണോമിക്സ് കൂടി അവൾ പഠിച്ചോട്ടെ, അടുക്കളയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാമല്ലോ എന്നാണ് ആ വിശാലമനസ്കന്റെ ചിന്ത. മാതൃഭാഷയ്ക്കു പുറമേ ഭർത്താവിനെ രസിപ്പിക്കാൻ മാത്രം സംസ്കൃതവും അറിയണം. എങ്കിൽ ശൃംഗാര കാവ്യങ്ങളൊക്കെ വായിച്ച് ഗ്രഹിച്ച് അയാളുടെ ഒഴിവുനേരങ്ങൾ കൂടുതൽ ഉന്മത്തമാക്കാൻ ഭാര്യക്കു കഴിയുമല്ലോ. ഗൃഹിണികളാവാനുള്ള വിദ്യാഭ്യാസമാണ് സ്ത്രീകൾക്കു നൽകേണ്ടതെന്ന് ഗാന്ധിജിയും പറയുന്നുണ്ട്. സ്ത്രീയുടെ ശേഷികളേയും കഴിവുകളേയും ഇല്ലാതാക്കുക, ഗാർഹിക മണ്ഡലത്തിലേക്ക് അവളെ പരിമിതപ്പെടുത്തുക, ഇതായിരുന്നു സ്ത്രീകളെ സംബന്ധിച്ച് എന്നും സമൂഹത്തിന്റെ നയം.

“എന്നെ തുണ്ടു തുണ്ടായി
ഞാൻ വിതരണം ചെയ്യുന്നു.
മക്കൾക്കായി
ഭർത്താവിനായി
ബന്ധുക്കൾക്കും മിത്രങ്ങൾക്കുമായി
ഒടുവിൽ കണ്ണാടിയിൽ
എന്റെ കണ്ണുകളും കണ്ണീരും മാത്രം”

കമലാദാസിന്റെ ഈ കവിതയിൽ പറയുന്നതാണ് ശരാശരി മലയാളി സ്ത്രീയുടെ കുടുംബ ജീവിതം. ഇത്തരം ടിപ്പിക്കൽ സ്റ്റീരിയോ ടൈപ്ഡ് സ്ത്രീകളെ പ്രത്യുൽപ്പാദിപ്പിക്കുകയാണ് കുടുംബ വ്യവസ്ഥയുടെ ലക്ഷ്യവും. അതു കൊണ്ട് മീൻ കിട്ടിയാലുമില്ലെങ്കിലും ജനിക്കുന്ന എല്ലാ പെൺകുട്ടികളും മറ്റുള്ളവർക്കു വേണ്ടി സ്വയം പകുത്തു കൊടുക്കുന്നവരായി പരിശീലിക്കപ്പെടുന്നു. ആണായതിന്റെ പ്രിവിലേജുകൾ കുഞ്ഞുകുട്ടികൾ മുതൽ എല്ലാ പുരുഷൻമാരും അന്യായമായി അനുഭവിക്കുകയും ചെയ്യുന്നു. കുടുംബമെന്ന സ്ഥാപനം തകരാതിരിക്കേണ്ടത് സത്യത്തിൽ അവന്റെ മാത്രം ആവശ്യമാണ്. പൊരിച്ച മീൻ അങ്ങേയറ്റം പ്രഹരശേഷിയുള്ള ഒര പ്രതീകമാവുന്നതും അതുകൊണ്ടു തന്നെ. പുരുഷന്റെ അഹന്തയ്ക്കു നേരെ, അവന്റെ അനർഹമായ അധികാരങ്ങൾക്കുനേരെ അത് ഫണമുയർത്തുന്നു.

റീമയുടെ മീൻപ്രതികരണവുമായി ഗാഢമായ ബന്ധമുണ്ട് ദേശീയ കുടുംബ-ആരോഗ്യ സർവ്വേ ഫലത്തിലെ ആ 31% മലയാളി വീട്ടമ്മമാരുടെ ചിന്തയ്ക്ക്. “വേലയെടുത്തു തരുന്നവനല്യോ, തല്ലിയാ നമ്മളു കൊള്ളണം” എന്നു കേശവദേവിന്റെ ഒരു കഥയിലെ ഭാര്യ പറയുന്നത് 1960 കളിലാണ്. അരനൂറ്റാണ്ടുകാലം കഴിഞ്ഞും കേരളീയ സ്ത്രീകളിൽ ഭൂരിപക്ഷത്തിനും അതേ മനോഭാവമെന്നത് കൗതുകകരമാണ്. കഥയിലെ സ്ത്രീ താഴ്ന്ന ജീവിത നിലവാരത്തിലുള്ളവളാണ്, വിദ്യാഭ്യാസമോ, ലോക പരിചയമോ, സ്വന്തമായി വരുമാനമോ ഇല്ലാത്തവളാണ്. ഇവിടെ സർവ്വേ ഏതുതരം സ്ത്രീകൾക്കിടയിലാണ് നടത്തിയതെന്നോ ചോദ്യാവലികൾ എത്തരമായിരുന്നെന്നോ ആധികാരികമായ ധാരണകളില്ല, എങ്കിലും ഭർത്താവിന് ഭാര്യയെ  മർദ്ദിക്കാനവകാശമുണ്ടെന്നു 69% സ്ത്രീകൾ കരുതുന്നുവെന്നത് യാഥാർത്ഥ്യമാണ്. ഗാർഹിക പീഡിനത്തെ പിന്തുണയ്ക്കുന്ന പുരുഷന്മാർ 58 ശതമാനമേ ഉള്ളുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.

പുരുഷന് ആഗ്രഹമില്ലെങ്കിലും അയാളാൽ  തങ്ങൾ മർദ്ദിക്കപ്പെടണമെന്നിച്ഛിക്കുന്ന 11 % സ്ത്രീകൾ!! അവരെല്ലാം സ്ത്രീത്വത്തേയും സ്ത്രൈണ ധർമ്മങ്ങളേയും കുറിച്ചുള്ള സാമ്പ്രദായിക മൂല്യങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടവരാണ്. വ്യക്‌തിത്വവും കർത്തൃത്വവും അവകാശങ്ങളുമുള്ള മനുഷ്യവിഭാഗമായി സ്വയം വിലയിരുത്താൻ കെൽപ്പില്ലാതെ പോവുന്നവർ. കിട്ടാതെ പോയ മീൻ കഷണത്തിനു കണക്കു പറയുന്നവരെന്ന് മുഴുവൻ സ്ത്രീകളുടെയും നീതിക്കുവേണ്ടി സംസാരിക്കുന്നവരെ ആണുങ്ങളുടെ കൂടെക്കൂടി അവരും പരിഹസിക്കും. സ്വന്തം സാമൂഹിക പദവിയെന്തെന്നു തിരിച്ചറിയാനാവാത്ത വിധം പുരുഷാധികാരത്താൽ കണ്ടീഷൻ ചെയ്യപ്പെട്ടവരാണവർ. അവർക്കു കൂടി മനസിലാവാനും തിരുത്താനും വേണ്ടിയാവണം റീമ പൊരിച്ച മീനിന്റെ ലളിതഉദാഹരണത്തിലൂടെ ലിംഗവിവേചനമെന്ന രൂക്ഷമായ സാമൂഹിക പ്രശ്നത്തെ അഭിസംബോധന ചെയ്തത്.

1940 കളിൽ മലയാളത്തിൽ സ്ത്രീകളെഴുതി അവർ തന്നെ സംവിധാനം ചെയ്ത്, അരങ്ങത്തു നടിച്ച ഒരു നാടകമുണ്ട്. ‘തൊഴിൽ കേന്ദ്രത്തിലേക്ക്’ എന്ന ആ നാടകത്തിലെ ഒരു സംഭാഷണം ഇവിടെ പ്രസക്‌തമാവുന്നു. “നിങ്ങളും ഞാനും തമ്മിലുള്ള ബന്ധം അടിമേം യജമാനനും തമ്മിലുള്ളതല്ല., ഭാര്യേം ഭർത്താവും തമ്മിലുള്ളതാ”.

അടിച്ചും പീഡിപ്പിച്ചും അനുസരണയും മര്യാദയും പഠിപ്പിച്ചെടുക്കേണ്ട, വിധേയത്വം ശീലിപ്പിക്കേണ്ട ഗ്യാസ് ചേംബറുകളല്ല ദാമ്പത്യമെന്ന് സ്ത്രീ സാക്ഷരതാ നിരക്ക് 92% നടുത്തുള്ള കേരളം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

-ജിസാ ജോസ്

9 Comments
 1. BasheerNattika 4 years ago

  സൂപ്പർ ഇതു ഞാൻ എന്റെ fb യിൽ പോസ്റ്റ് ചെയ്തു കോപ്പി എടുത്തു
  നിങ്ങളുടെ അനുവാദം വേണം തരും എന്ന പ്രതീരക്ഷയിപ്പോൾ already posted
  BasheerNattika

  • Jwalanam 4 years ago

   Dear Basheer, We would request you to take our approval before copying the article. You are always welcome to share the article link. Thanks,

 2. Baburajbaj 4 years ago

  ഗംഭീരം… എങ്കിലും ഒരു ചോദ്യം. എന്തുകൊണ്ട് സ്ത്രീകളുടെ ചാന്താഗതി മാറുന്നില്ല? സ്ത്രീ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുമ്പോൾ തന്നെയും, അവരെ ഉയർത്തെഴുന്നേൽപ്പിക്കാൻ ആരെങ്കിലും എന്തെങ്കിലും ചെയ്‌യുന്നുണ്ടോ? ഉണ്ടെങ്കിൽ ഈ ശതമാനങ്ങൾ കുറഞ്ഞേനേ. കൂട്ടായ്മയിൽ പലതും വിളിച്ചു പറയുമ്പോഴും, തന്റെ കുടുംബത്തിൽ എന്തും സഹിക്കുന്നവരല്ലേ മിക്കവരും, മിണ്ടാതെ.. അതെന്നു മാറുന്നുവോ, അന്നേ സമത്വം ഉണ്ടാകൂ. നന്ദി

 3. Ranjith 4 years ago

  സ്ത്രീ സാക്ഷരതാ നിരക്ക് 92% നടുത്തുള്ള കേരളം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
  ശരിയാണ്. പക്ഷെ ആര് പഠിപ്പിക്കും…

 4. Anil 4 years ago

  So powerful an article.. This is a great statement, an eye opener

 5. Priya 4 years ago

  Thank you for such a wonderful note…

 6. Sanjay 4 years ago

  ശക്തമായ എഴുത്തു… സ്ത്രീ സാക്ഷരതാ നിരക്ക് 92% നടുത്തുള്ള കേരളം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

 7. Sreeraj 4 years ago

  പൊരിച്ച മീൻ ഇനിമേൽ വെറും പൊരിച്ചമീനാവാതെയിരിക്കട്ടെ …

 8. Vipin 4 years ago

  വിധേയത്വം ശീലിപ്പിക്കേണ്ട ഗ്യാസ് ചേംബറുകളല്ല ദാമ്പത്യമെന്ന് സ്ത്രീ സാക്ഷരതാ നിരക്ക് 92% നടുത്തുള്ള കേരളം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
  True… but whom takes the lead?

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account