ആ അപകടകാരിയായ ചെറുപ്പക്കാരനെ കൂട്ടികൊണ്ടുവരൂ എന്നാണ് ദസ്‌തേവസ്‌കിയുടെ (Fyodor Dostoevsky) ആദ്യ നോവലായ പാവങ്ങൾ (Poor Folk) വായിച്ച അക്കാലത്തെ ഏറ്റവും വലിയ നിരൂപകൻ ബിൻസ്‌കി പറഞ്ഞത്. ‘നിങ്ങളുടെ കൈയിൽ തൂവലുകളല്ല ഉള്ളത്. മുള്ളുകൾ കൊണ്ടാണ് നിങ്ങൾ എഴുതുന്നത്. നിങ്ങൾ പ്രവാചകനാണ്’.  പിന്നീട് നേരിട്ടു കണ്ട ദസ്‌തേവസ്‌കിയെ അദ്ദേഹം ആവേശത്തോടെ സ്വീകരിച്ചത് ഇങ്ങനെ പുകഴ്ത്തികൊണ്ടാണ്. ലോകത്തെ ഏറ്റവും മഹാനായ എഴുത്തുകാരനായി മാറിയ ദസ്‌തേവസ്‌കിയുടെ ജീവിതം അദ്ദേഹത്തിന്റെ ഏതൊരു കഥാപാത്രത്തിന്റെതിലും കഠിനമായിരുന്നു. അവഗണനയുടെയും ആസക്‌തിയുടെയും ഇടയിലൂടെ കടന്നുപോയ ഒരു അവധൂതൻ ആയിരുന്നു അദ്ദേഹം. എഴുത്തുകാരൻ ആയിത്തീർന്നില്ലായിരുന്നു എങ്കിൽ ദസ്‌തേവസ്‌കി ഒരു കൊലപാതകിയോ സന്ന്യാസിയോ ആയിത്തീർന്നേനെ എന്ന് പറയാറുണ്ട്. നിസഹായതയുടെ സങ്കീർത്തനങ്ങൾ എഴുതി അക്ഷരങ്ങളെ ദൈവകാരുണ്യത്തിന്റെ ചിഹ്നങ്ങളാക്കിയ ദസ്‌തേവസ്‌കി തന്റെ കഥാപാത്രങ്ങളെ നിന്ദിതരും പരാജിതരും ചൂതാട്ടക്കാരുമാക്കി.

കയറ്റിയിറക്കങ്ങളും ഹെയർപിൻ വളവുകളും വശങ്ങളിൽ ആഴമുള്ള കൊക്കകളുടെ അഗാധതകളിലേക്കുള്ള ക്ഷണങ്ങളും മലയോരക്കാഴ്‌ചകളുടെ ഭംഗികളും കുളിർ നീരുറവകളും ഒക്കെ ചേർന്നതാണല്ലോ ജീവിതയാത്ര. ഒരു കയറ്റത്തിനൊരിറക്കമെന്നാണെങ്കിലും അത് തിരിച്ച് കയറാനാകാത്ത ഇറക്കമായിപ്പോകുന്ന അവസരങ്ങളുണ്ട്. ജീവിതവിജയം കൈപ്പിടിയിലെത്തിക്കാൻ പ്രാപ്‌തർ എന്ന് കരുതുന്ന ചിലർ അടിതെറ്റി വീഴുന്നത് ഒരു പുതുമയല്ല. അതവരുടെ പല കഴിവുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു കഴിവുകേടിനാലോ ബലഹീനതയാലോ കാരണവും ആകാം. ജീവിതം കഥപോലെ നാടകീയമാകുന്നത് അങ്ങനെയാണ്. എല്ലാം തികഞ്ഞവർ എന്ന് തോന്നിപ്പിക്കുന്ന നായക കഥാപാത്രങ്ങൾ ജീവിത പരാജയം ഏറ്റുവാങ്ങുന്നതിന് എത്രയോ കൃതികൾ ഉദാഹരണമായുണ്ട്.

പുരാതന ഭാരതീയ നാടകങ്ങളിൽ ‘ധീരോദാത്തനതിപ്രതാപഗുണവാൻ’ എന്നാണ് നായക സങ്കൽപ്പം.  ഇത്തരം നായകനാണ് ഒരുവേള സ്വന്തം സ്വഭാവത്തിലെ തന്നെ ഒരു പാളിച്ച കൊണ്ട് ജീവിതമാകെ തകർന്ന് വായനക്കാരന് മുന്നിൽ നിൽക്കുന്നത്. സൂതപുത്രനെന്ന ഇകഴ്ത്തലുകൾ ഉണ്ടാക്കിയ മുറിവുകളാണ് കർണ്ണന്റെ പതനത്തിന് മൂലകാരണമായത്. ക്ഷിപ്രകോപത്തിന്റെ ദോഷങ്ങളനുഭവിക്കുന്ന ലക്ഷ്‌മണനേയും മറന്നുകൂട. എങ്കിലും ഇവരിൽ പലരേയും ഉപനായകർ എന്നേ പറയാനാകൂ. ഭാരതീയ നാടക സങ്കൽപ്പങ്ങളിൽ ജീവിത പരാജയമടയുന്നവർ ഉപനായകരോ പ്രതിനായകരോ ആയിരുന്നു. പ്രണയാതുരനായ ദുഷ്യന്തനെ ശപിക്കുന്ന ദുർവ്വാസാവിന്റെ സ്വഭാവത്തിലാണ് ക്ഷിപ്രകോപം എന്ന ദൂഷ്യം ഉള്ളത്. ദുർവ്വാസാവിന്റെ ശാപത്തിനൊരു ശാപമോക്ഷവുമുണ്ട്. സംസ്‌കൃതത്തിൽ ദുരന്ത നാടകങ്ങൾ (tragedies) ഇല്ലായെന്നു തന്നെ പറയാം. ശുഭപര്യവസാനികളായിരുന്നു സംസ്‌കൃത നാടകങ്ങൾ.

നായകന്റെ സ്വഭാവത്തിലെ പാളിച്ചയെ, അല്ലെങ്കിൽ ജീവിത പരാജയത്തിന് തന്നെ കാരണമാകുന്ന സ്വഭാവ വിശേഷത്തിനെ ഗ്രീക്ക് നാടകങ്ങളിൽ ഹമാർഷ്യ എന്നാണ് പറയുന്നു. ട്രാജിക് ഫ്ളോ എന്നും ഇതിനെ പറയാറുണ്ട്. പോയെറ്റിക്‌സ് എന്ന ലക്ഷണശാസ്‌ത്രഗ്രന്ഥത്തിൽ അരിസ്റ്റോട്ടിൽ ഇതേക്കുറിച്ച് പറയുന്നുണ്ട്. സമ്പൂർണ്ണനെന്ന് മറ്റെന്തുകൊണ്ടും കരുതാവുന്ന നായകന്റെ അപൂർണ്ണതയാണ് ഹമാർഷ്യ എന്ന് പറയാം. നായകന്റെ പതനത്തിനുള്ള  എഴുത്തുകാരന്റെ ന്യായീകരണവും.

ഹമാർഷ്യ അല്ലെങ്കിൽ ട്രാജിക് ഫ്ളോ ഏറ്റവും കൃത്യമായി ദർശിക്കാനാവുന്നത് ഷേക്‌സ്‌പിയർ നാടകങ്ങളിലാണ്. അതും ട്രാജഡികളിൽ. തീരുമാനമെടുക്കേണ്ട സമയത്ത് ചഞ്ചലചിത്തനായി, വിചാരിച്ചത് ചെയ്യണോ വേണ്ടയോ എന്നറിയാതെയുഴറുന്ന മനസുമായി ‘ടു ബീ ഓർ നോട്ട് ടു ബീ’ എന്ന ആത്‌മഗതവുമായി നിൽക്കുന്ന ഹാംലറ്റിനെ നമ്മൾ കണ്ടിരിക്കുന്നു. അങ്ങനെ ശങ്കിച്ച് ചെയ്യാനുള്ളതിനെ പിന്നത്തേക്ക് മാറ്റിവയ്ക്കൽ ആണ് ഹാംലെറ്റിന്റെ ഹമാർഷ്യ. വീണ്ടുവിചാരമില്ലാത്ത എടുത്തു ചാട്ടം ആണ് റോമിയോയുടേത്. ഒഥല്ലോയ്ക്കത് അസൂയ കലർന്ന സംശയമാണ്. എന്തു തന്നെയുമാവട്ടെ, അതവരുടെ ദുരന്തകാരണം തന്നെ.

ദസ്‌തേവസ്‌കിയുടെ ‘ദ ഇഡിയറ്റ്’ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ മിഷ്‌കിൻ വിദേശത്ത് നിന്ന് റഷ്യയിലേക്കെത്തുമ്പോൾ വളരെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അപസ്‌മാര മരുന്നുകളുടെ ദീർഘകാല ഉപയോഗം ഉണ്ടാക്കിയ ശാന്തതയും അദ്ദേഹത്തിന്റെ നിഷ്ക്കളങ്കതയും ശുദ്ധതയുമെല്ലാം തന്നെ അദ്ദേഹത്തെ നിർഗുണൻ (ഇഡിയറ്റ്) എന്ന വിളി കേൾപ്പിക്കുന്നു. മിഷ്‌കിനാകട്ടെ ബുദ്ധിമാനും സഹാനുഭൂതിയുള്ളവനുമാണുതാനും. സ്വഭാവ വൈകല്യമില്ലെങ്കിലും സമൂഹത്തിനൊപ്പം ഒരേ അച്ചിൽ വാർക്കപ്പെട്ടില്ല എന്നതുകൊണ്ടു മാത്രം പരാജയമാകുന്നവർ. പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യയിലെ കലുഷിതമായ രാഷ്‌ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ നിന്നു കൊണ്ട് തന്നെ കുറ്റവും ശിക്ഷയും, കാരമസോവ് സഹോദരന്മാർ എന്നീ പുസ്‌തകങ്ങൾ രചിച്ച ദസ്‌തേവസ്‌കി വ്യക്‌തിജീവിതത്തിൽ പരാജയപ്പെടുകയായിരുന്നതിന്റെ കാരണം ചൂതുകളിഭ്രമമാണ്. തന്റെ വിശ്വോത്തര സൃഷ്‌ടികൾക്ക് നൽകാനാകാത്ത ലഹരിയാകുമോ ചൂതുകളി നൽകിയത്? എത്രയോ പേർക്ക് വായനാ ലഹരിയാണിന്നും ഈ പുസ്‌തകങ്ങൾ നൽകുന്നതെന്നത് എത്ര വിരോധാഭാസവുമാണ്!

പുരാതന സാഹിത്യത്തിൽ സ്വഭാവത്തിലെ ഒരു പാളിച്ചയായിരുന്നു ഹമാർഷ്യ. ഒരു സൽസ്വഭാവം പോലും പാളിച്ചയായി വരുന്ന സ്ഥിതിയിലേക്ക് കാലം മാറിക്കഴിഞ്ഞു. സാദത്ത് ഹസൻ മാന്റോയും അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി നന്ദിത ദാസ് സംവിധാനം ചെയ്‌ത മാന്റോ എന്ന ചിത്രവും ആ അർത്ഥത്തിലാണ് പരിഗണിക്കേണ്ടതായി വരുന്നത്.

ഇന്ത്യാ പാക് വിഭജനകാലത്ത് മനസ്സില്ലാ മനസ്സോടെ, ബോംബെയേയും നെഞ്ചിലേറ്റി പാകിസ്ഥാനിലേക്കെത്തുന്നു നവാസുദ്ദീൻ സിദ്ദിക്വി ഗംഭീരമായഭിനയിച്ച കഥാപാത്രമായ മാന്റോ. വിഭജനം തന്റെ കൂടെ തകർച്ചയായി മാറുന്ന വർഷങ്ങൾ. മാറിയ രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ തുറന്നെഴുത്തിന്റെ പേരിൽ മാന്റോ വിചാരണ ചെയ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പതനത്തിനിടയാകുന്ന കാരണങ്ങളെ ട്രാജിക് ഫ്ലോ എന്നല്ല ട്രാജിക് വിർച്യൂസ് (tragic virtues – ദുരന്തകാരണങ്ങളായ ഗുണങ്ങൾ) എന്നേ പറയാനാകൂ. ദേശസ്‌നേഹം, മതസഹിഷ്‌ണുത, സത്യസന്ധത എന്നിവയാണവ. സമൂഹത്തിലെ നെറികേടുകൾ കണ്ടിട്ട് കണ്ണടച്ച് ജീവിക്കാൻ കഴിയാത്ത എത്രയോ മാന്റോമാർ ഇന്നുമുണ്ട്.

മറ്റൊരാളെ തന്നെപ്പോലെതന്നെ വിശ്വസിക്കുക എന്നത് ഒരു അപകടം പിടിച്ച ബലഹീനതയായി മാറുന്ന കാലമാണിത്. നന്മയെ കുറവായി (flaw) കാണേണ്ടി വരുന്ന കാലം. അങ്ങനെയെങ്കിൽ ഒരു കുട്ടിക്ക് കൊടുക്കാവുന്ന ഉപദേശമെന്താണ്? നീ ആരേയും വിശ്വസിക്കാതെ വളരണം, അല്ലെങ്കിൽ ചതിക്കപ്പെട്ടേക്കാം എന്നോ? എത്രയും സ്വാർത്ഥനായിരുന്നാൽ അത്രയും നന്നെന്നോ?

ഒരോരുത്തരുടെ സ്വഭാവത്തിലും ഇതുപോലെ ഒന്നുണ്ടാകും. ചിലപ്പോൾ വളരെ നിരുപദ്രവമായ രീതിയിൽ, ചിലപ്പോൾ അവനവന് ദോഷം വരുന്നതുപോലെ. അതിലും അപകടം അത് മറ്റുള്ളവർക്ക് ദോഷം വരുത്തുന്ന രീതിയിൽ ആകുമ്പോഴാണ്.

ബിൽ ക്ലിൻറണേപ്പോലെയൊരു ഭരണാധികാരി ലൈംഗികാരോപണങ്ങളിൽ പെട്ടതും ജീവിതത്തോടും അസുഖത്തോടും മല്ലിട്ട ലാൻസ് ആംസ്ട്രോങ് സൈക്ലിംഗ് കിരീടങ്ങളെല്ലാം തിരിച്ചേൽപ്പിക്കേണ്ടി വന്നതും ഒന്നും മറക്കാനായിട്ടില്ല. ടൂർ ഡെ ഫ്രാൻസിലെ ആ സൈക്ലിംഗ് ഇതിഹാസത്തെ എത്ര ആവേശത്തോടെ കണ്ടിരുന്നിട്ടുണ്ട്! എത്രയധികം വർഷങ്ങൾ കൊണ്ടുണ്ടാക്കിയെടുത്ത സൽപ്പേരാണ്, എത്രയധികം പേരുടെ ആരാധന കലർന്ന ബഹുമാനമാണ്, ഗൗരവമേറിയ ഒരു സ്വഭാവ പാളിച്ച പെട്ടന്നില്ലാതാക്കിയത്. ഇത്തരം ആരാധ്യ ബിംബങ്ങൾ ഉടയുമ്പോൾ അന്നുവരെ ഇവരെ മാതൃകകളായി കരുതിയിരുന്നവന്റെ എത്ര വിശ്വാസങ്ങാണ് അവർക്കൊപ്പം തകരുന്നത്.  ആരാലോ എഴുതപ്പെട്ട കഥയിലെ ദുരന്ത കഥാപാത്രത്തെ പോലെ തന്റെ ഭാഗം ഭംഗിയാക്കാനല്ലാതെ നമുക്കെന്ത് കഴിയും…

– വിനീത പ്രഭാകർ പാട്ടീൽ

2 Comments
  1. John 4 weeks ago

    തന്റെ ഭാഗം ഭംഗിയാക്കാനല്ലാതെ നമുക്കെന്ത് കഴിയും… Very true. A good article. Life some times slips away, for mistakes committed knowingly or unknowingly. But it definitely ruins ones life.

  2. Sreeraj 4 weeks ago

    Good one..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account