നമ്മൾ എല്ലാവരും സ്വപ്‌നങ്ങൾ കാണുന്നവരാണ്. നമുക്കിഷ്‌ടപ്പെട്ടതും ഇഷ്‌ടപ്പെടാത്തതുമായ സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ പലപ്പോഴും നമ്മുടെ നിയന്ത്രണത്തിലായിരിക്കുകയില്ല. സ്വപ്‌നങ്ങളേക്കുറിച്ചു കൂടുതലറിയാൻ പലർക്കും ആകാംക്ഷയുമുണ്ടാകും. എന്താണ് സ്വപ്‌നങ്ങൾ?

ചിത്രങ്ങളുടെയോ, ആശയങ്ങളുടെയോ, വികാരങ്ങളുടെയോ, സംവേദനങ്ങളുടെയോ ഫലമായി ഉറക്കത്തിൽ ഉണ്ടാകുന്ന ഒരു അനുഭവമാണ് സ്വപ്‌നങ്ങൾ. ഉറക്കത്തിന്റെ നാലാമത്തെ ഘട്ടത്തിലാണ് (Rapid Eye Movement) സാധാരണയായി സ്വപ്‌നങ്ങൾ ഉണ്ടാകുക. എന്നിരിക്കിലും മറ്റു ഘട്ടങ്ങളിലും സ്വപ്‌നങ്ങൾ ഉണ്ടായിക്കൂടാ എന്നില്ല. സ്വപ്‌നങ്ങൾ ഏതാനും സെക്കന്റുകൾ മുതൽ മുപ്പതു മിനിറ്റുകൾ വരെ നീണ്ടു നിന്നേക്കാം. നാലാമത്തെ ഘട്ടത്തിലുണ്ടാകുന്ന സ്വപ്‌നങ്ങൾ മാത്രമേ നമുക്ക് ഓർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. ഉറക്കത്തിന്റെ നാല് ഘട്ടങ്ങളെക്കുറിച്ചു ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു.

സാധാരണയായി നമ്മൾ മൂന്നു മുതൽ അഞ്ചു വരെ സ്വപ്‌നങ്ങൾ കാണുക പതിവാണ്. എന്നാൽ ഏഴു സ്വപ്‌നങ്ങൾ വരെ ഒരുറക്കത്തിൽ കാണുന്നവരുമുണ്ട്. എന്നാൽ ഇതിൽ മിക്ക സ്വപ്‌നങ്ങളും ഉണരുമ്പോൾ മറന്നു പോകുന്നു.

സ്വപ്‌നങ്ങളെക്കുറിച്ചു പല പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, പലതിനും ശാസ്‌ത്രീയ അടിത്തറ ഇല്ല എന്നൊരു പോരായ്‌മയുണ്ട്. പലരും പലവിധത്തിൽ സ്വപ്‌നങ്ങളെ പഠിക്കുവാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത്, മനഃശാസ്‌ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സിഗ്മൊണ്ട് ഫ്രോയ്‌ഡിന്റേതു തന്നെയാണ്. മനുഷ്യനിൽ ഒളിഞ്ഞുകിടക്കുന്ന ആഗ്രഹങ്ങളും, ആകുലതകളും, വികാരങ്ങളുമാണ് സ്വപ്‌നങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഓർമ്മയുണ്ടാക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുമാണ് സ്വപ്‌നങ്ങൾ എന്ന് വാദിക്കുന്നവരുമുണ്ട്. തലച്ചോറിന്റെ ആകസ്‌മികമായ ഒരു പ്രവർത്തന സ്വഭാവം മാത്രമാണ് സ്വപ്‌നങ്ങൾ എന്നും അതിൽ വലിയ കാര്യങ്ങളൊന്നുമില്ല എന്നും പറയുന്നവരുമുണ്ട് ഇക്കൂട്ടരിൽ.

മനഃശാസ്‌ത്രം വികസിക്കുന്നതിനു മുൻപുള്ള കാലഘട്ടങ്ങളിൽ സ്വപ്‌നങ്ങൾ ദൈവത്തിന്റെ സന്ദേശങ്ങളായും, ഭാവി പ്രവചനത്തിനുള്ള അവസരങ്ങളായും കണ്ടിരുന്നു. എന്നാൽ ഈ ആധുനിക കാലത്ത് ഇതിനു പ്രസക്‌തിയില്ലല്ലോ. ഓരോ മതങ്ങൾക്കും ഇക്കാര്യത്തിൽ അവരുടേതായ അഭിപ്രായങ്ങളുണ്ട്.

സ്വപ്‌നങ്ങൾ പലവിധത്തിലുണ്ട്. പേടിപ്പെടുത്തുന്നവ, ആവേശമുണർത്തുന്നവ, മാസ്‌മരികമായവ, സാഹസികമായവ, ലൈംഗീകപരമായവ,വിഷാദമുണർത്തുന്നവ, മതപരമായവ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. സ്വപ്‌നങ്ങൾക്ക് കഴമ്പുള്ള അർഥങ്ങൾ എന്തെങ്കിലുമുണ്ടോ? കൂടുതലാളുകളും ഉണ്ടെന്നുതന്നെ വിശ്വസിക്കുന്നു. ചിലപ്പോഴെല്ലാം സ്വപ്‌നങ്ങൾ വിശകലനം ചെയ്യുന്നത് രോഗികളുടെ യഥാർത്ഥ പ്രശ്‌നം കണ്ടെത്തുന്നതിന് എന്നെ സഹായിച്ചിട്ടുണ്ട്. കൂടുതാലായും കാണുന്ന ചില സ്വപ്‌നങ്ങളും അവയുടെ കാരണങ്ങളും പരിശോധിക്കാം.

ഉയരത്തിൽ നിന്നും വീഴുന്നതാണ്  കൂടുതലാളുകളും കാണുന്ന സ്വപ്‌നമായി കണ്ടെത്തിയിട്ടുള്ളത്. ജീവിതം ക്ലേശമായിട്ടുള്ള ആളുകളാണ് ഇത്തരം സ്വപ്‌നങ്ങൾ കാണുക. യഥാർത്ഥ ജീവിതത്തിലെ പ്രശ്‌നങ്ങളോടുള്ള ഭയമാണ് ഇത്തരം സ്വപ്‌നങ്ങൾക്ക് ഹേതു. പൊതുജന മധ്യത്തിൽ നഗ്നനാകുക എന്നതാണ് രണ്ടാമതായി കൂടുതൽ ആളുകൾ കാണുന്ന സ്വപ്‌നം. താനൊരു ഉത്തരവാദിത്വത്തിനു പ്രാപ്‌തനല്ല എന്ന് കരുതുന്നവരാണ് ഇത്തരം സ്വപ്‌നങ്ങൾ കാണുക. മറ്റുള്ളവരാൽ തുരത്തപ്പെടുന്നതാണ് മറ്റൊരു പ്രധാന സ്വപ്‌നം. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചു നടക്കുന്നവരാണ് ഇത്തരം സ്വപ്‌നങ്ങൾ കാണുക. പല്ലു നഷ്‌ടപ്പെടുക എന്നത് മറ്റൊരു സ്വപ്‌നം. സ്വന്തം ആകാരത്തിലും സൗന്ദര്യത്തിലും തൃപ്‌തിയില്ലാത്തവരാണ് ഇത്തരം സ്വപ്‌നങ്ങൾ കാണുന്നതത്രേ. മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ മടിയുള്ളവർക്കും ഇത്തരം സ്വപ്‌നങ്ങൾ ഉണ്ടാകാറുണ്ട്. മാറ്റങ്ങളെക്കുറിച്ചു ഭയക്കുന്നവരും അകാരണ ഭീതിയുള്ളവരുമാണ് മരിക്കുന്നതായി സ്വപ്‌നം കാണുക. പരീക്ഷയെഴുതുക, പരാജയപ്പെടുക തുടങ്ങിയ സ്വപ്‌നങ്ങൾ കാണുന്നവർ പലപ്പോഴും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാത്തവരോ അതിനു കഴിവില്ലെന്ന് വിശ്വസിക്കുന്നവരോ ആയിരിക്കും

ഇത്തരത്തിൽ സ്വപ്‌നങ്ങൾ പലപ്പോഴും പ്രശ്‌നങ്ങളിലേക്കുള്ള ഒരു ചൂണ്ടു വിരൽ ആകാം. നാം കാണുന്ന സ്വപ്‌നങ്ങളിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ടാകാം. അതായത് തലച്ചോറിലുറങ്ങിക്കിടക്കുന്ന ചില കാര്യങ്ങളുമായി ബന്ധമുണ്ടാകാം എന്നർത്ഥം. ഒരുദാഹരണത്തിന്, ഒരാൾ ഒരു കുതിരസവാരി ആവർത്തിച്ചു സ്വപ്‌നം കാണുന്നു എന്നിരിക്കട്ടെ. ഒരു പക്ഷെ അത് അയാളിൽ ഉറങ്ങിക്കിടക്കുന്ന ഒരു ലൈംഗീക ബന്ധത്തിന്റെ ബോധപൂർവ്വമല്ലാത്ത ഓർമ്മപ്പെടുത്തലാകാം. വിദഗ്‌ധനായ ഒരു മനഃശാസ്‌ത്രജ്ഞന് ഇതെല്ലാം ഒരു പിടിവള്ളി ആയിക്കൂടെന്നില്ല.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

4 Comments
  1. Dr.vaishnavi.TK 8 months ago

    Super sir …..Orupad doubtsinulla answers people can find it in dis article..

  2. ഡോ ബിജു കെ പി 8 months ago

    സത്യസന്ധമായ ഒരു ലേഖനം ഓൾ ദ ബെസ്റ്റ്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account