വേനൽക്കാലം തുടങ്ങിയപ്പോഴാണ് ഞങ്ങളുടെ സ്വന്തം കിണർ വറ്റുന്നത്.  പത്തുകൊല്ലത്തിനിടയിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം. വേനലിൽ രണ്ട് മഴയോളം പെയ്‌തുവെങ്കിലും കിണർ നിറയാൻ പോയിട്ട് ആവശ്യത്തിനു പോലും വെള്ളമായില്ല. ഭൂഗർഭ ജലം വറ്റുന്നു എന്ന് പത്രങ്ങളിൽ കണ്ടെങ്കിലും അത് ഞങ്ങളെ ബാധിക്കുമെന്ന് ഒരിക്കലും  വിചാരിച്ചിരുന്നില്ല. വേനൽക്കാലം ഒരുക്കിവെച്ച ഒരു അപ്രതീക്ഷിത തിരിച്ചടിയായിപ്പോയി ഞങ്ങളുടെ കിണറിൽ വല്ലാതെ ജലനിരപ്പ് താഴ്ന്നത്.

വേനൽ കടുത്തപ്പോൾ കിണർ ഇങ്ങനെ ചതിക്കുമെന്ന് വിചാരിച്ചില്ല. എത്രയോ ദിവസം, തിളപ്പിച്ച കലങ്ങിയ വെള്ളം തന്നെ കുടിക്കേണ്ടി വന്നു. പതിനാല് കൊല്ലത്തിനിടയിൽ അനുഭവിക്കേണ്ടി വന്നിട്ടുള്ള കയ്‌പ്പേറിയ ഒരു വേനലായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ.

വേനൽക്കാലങ്ങളിൽ ഒരിക്കലും വറ്റാതെ പത്ത് വർഷക്കാലം ഞങ്ങൾക്ക് ഒരുപാട് വെള്ളം തന്നതാണ് ഈ കിണർ. ആഴം വളരെ കൂടുതലാണെങ്കിലും മുമ്പൊന്നും കിണർ വറ്റിയിരുന്നില്ല. അയൽപക്കത്ത് മിക്കവരും വെള്ളം പണം കൊടുത്ത് വാങ്ങേണ്ടി വരുമ്പോൾ പരാശ്രയമില്ലാതെ, പണം കൊടുക്കാതെ ലിറ്ററ് കണക്കിന് വെള്ളം ഞങ്ങൾക്ക് കിണർ തന്നിരുന്നു. അതിനാൽ ഞങ്ങൾക്ക് മുൻവശത്തെ പകുതി വട്ടത്തിലെ കിണർ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു.

ഈ പ്രാവശ്യം ആദ്യമായ് വീട്ടിലേക്ക് ആവശ്യമായ വെള്ളം രണ്ടു തവണ പണം കൊടുത്തു വാങ്ങേണ്ടി വന്നു. പത്തുകൊല്ലം മുമ്പ്, എന്റെ ഓർമ്മയിൽ പോലുമില്ലാത്ത ഒരു വേനൽക്കാലത്തെക്കുറിച്ച് അമ്മ പറഞ്ഞിരുന്നു. അന്ന്  നാല് വയസായിരുന്നു എനിക്ക്. വളരെ ചെറുതായിരുന്നതു കൊണ്ട് വെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ അന്ന്എനിക്ക് മനസിലായിരുന്നില്ല.

എന്നാലിന്ന്, ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുമ്പോഴും , കലങ്ങിമറിഞ്ഞ് ഒരു നൂലിഴ പോലെ പൈപ്പിൽ നിന്ന്, മെല്ലെ ഒഴുകിയെത്തുന്ന വെള്ളം കാണുമ്പോഴും,  ജലം എത്ര അമൂല്യമാണെന്ന് മനസ്സിലാക്കാൻ എനിക്കു സാധിക്കുന്നു. കിണറിൽ നിന്ന് വെള്ളം എടുക്കുന്നത് വളരെ താഴ്ച്ചയിൽ നിന്നാണ്. കിട്ടുന്ന വെള്ളത്തിൽ മുഴുവൻ പൊടിയും മണ്ണും കലർന്നിരിക്കും. രാവിലെ മാത്രം മോട്ടർ അടിച്ച് കേറ്റി പൈപ്പിലൂടെ വരുന്ന കലങ്ങിയ വെള്ളമാണ് ചൂടാക്കി, കുടിക്കാനും പാചകത്തിനും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. വെള്ളം തികയാതെയും വന്നു. പിന്നീട് പണം കൊടുത്ത് ടാങ്കിലേക്ക് ക്ലോറിൻ വെള്ളം അടിച്ച് കേറ്റി. പിന്നെ ക്ലോറിൻ ചുവയുള്ള വെള്ളമായ് ആവശ്യങ്ങൾക്കെല്ലാം.

മാർച്ച് ഇരുപത്തിരണ്ട് ലോകവ്യാപകമായി ‘ജലദിനം’ ആയി ആചരിക്കുന്നുവെങ്കിലും, ഓരോ തുള്ളി ജലത്തിന്റെയും വില നമ്മൾ മനസ്സിലാക്കുന്നില്ല. ഭൂമിയിൽ മൂന്നിൽ രണ്ട് ഭാഗവും ജലമാണെങ്കിലും, 2.66 ശതമാനവും അപ്രാപ്യമായ ശുദ്ധജലമാണ്. അതിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നത് വെറും 0.33 ശതമാനം മാത്രമാണ്. ഇത്രയും വില പിടിപ്പുള്ള, അമൂല്യമായ ജലം പാഴാക്കി കളയുന്നത് അടുത്ത തലമുറയുടെ നാശത്തിലേക്കാണ് നയിക്കുക. ഭാവി തലമുറക്ക് ആയി ഓരോ തുളളി വെള്ളവും കരുതലോടെ സംരക്ഷിക്കാം.

മനുഷ്യന്റെ ജീവൻ നിലനിർത്താൻ മാത്രമല്ല നമുക്ക് ജലം ആവശ്യം. മറിച്ച് പക്ഷികൾക്കും, മണ്ണിൽ വളരുന്ന ഓരോ പുൽനാമ്പുകൾക്കും വേണം ജലം. അത് നമ്മൾ മനുഷ്യരുടേതാണെന്ന് മാത്രം വാദിച്ച് ആവശ്യത്തിനും, അനാവശ്യത്തിനും നാം തന്നെ ഉപയോഗിക്കുന്നു. ജലത്തിന്റെ വില കേവലം ജല ദിനങ്ങളിൽ മാത്രം ഓർമ്മിച്ചാൽ പോര. ജലം നമ്മൾ സംരക്ഷിച്ചേ തീരൂ. ജീവൻ നിലനിർത്തുന്നതിന്  അത്യന്താപേക്ഷിതമായ ഘടകമാണ് ജലം.

ഓരോ തുള്ളി വെള്ളവും സംരക്ഷിച്ച് ഭാവിയിലേക്കായ് കരുതി വെക്കാം. ജലം ജീവാമൃതമാണ്. ജലമാണ് നമ്മുടെ ജീവനാധാരം. ജലം സംരക്ഷിക്കാം, ജീവന്റെ തുടിപ്പുകൾക്ക് ഉണർവേകാം. ഓരോ വേനലുകളും നമുക്ക്‌ നൽകുന്ന പാഠവും അതാണ്. പ്രകൃതി തന്നെ വലിയൊരു പാഠപുസ്‌തകമാണ്.അതിൽ നിന്നും മനുഷ്യൻ പലതും ഉൾക്കൊണ്ട് കഴിയേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞു. പ്രകൃതിയിലേക്ക് മടങ്ങി, നഷ്‌ടപ്പെട്ടത് കുറച്ചെങ്കിലും തിരിച്ച് പിടിക്കാനും, നഷ്‌ടമാകാതെ കുറച്ചെങ്കിലും സംരക്ഷിക്കാനും നാം ഒരുമയോടെ പ്രവൃത്തിക്കണം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account