സിനിമ നിങ്ങളെ കാണുകയാണോ? അതോ നിങ്ങൾ സിനിമ കാണുകയാണോ? ഇതിൽ ഏതാണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് ഈ ചോദ്യം വളരെ പ്രസക്തമാണ്. കാരണം അറുപതുകളിൽ വേരിട്ട ന്യൂ വേവ് സിനിമയുടെ അഥവാ പാരലൽ സിനിമയുടെ ബാക്കിപത്രങ്ങൾ ഈ മണ്ണിൽ ശേഷിക്കുമ്പോഴും കമേഴ്‌സ്യൽ തിയ്യറ്റർ റിലീസ് എന്ന പതിവ് പല്ലവിയുടെ നാൾവഴികളെക്കുറിച്ച്‌ അത്രമേൽ ബോധം കൂടിയ ഒരു ജനതയാണ് 2021ലും ഇവിടെ ജീവിക്കുന്നതിൽ ഭൂരിഭാഗവും.

ഇത് റീവൈന്റുകളുടെ കാലമാണല്ലോ, സെൽഫികളിൽ വരെ വിന്റേജ് മോഡ് പരീക്ഷിച്ച് പഴയ കാലത്തിലേക്ക് ടൈം ട്രാവൽ കണക്കെ ഊളിയിട്ടു പോകാൻ നമ്മൾ ആഗ്രഹിക്കുന്ന കാലം. അപ്പോൾ തീർച്ചയായും മലയാളിയുടെ സിനിമകാണൽ ഓർമ്മകളുടെ തീരം തൊട്ടു തന്നെ കിടപ്പുണ്ട് സ്വയംവരവും, മതിലുകളും, ഇന്നലെയും, ഞാൻ ഗന്ധർവ്വനും, മഞ്ഞിൽ വിരിഞ്ഞ പൂക്കളും എല്ലാം. അവിടെ നിന്ന് നമ്മൾ ഓസ്കാർ നോമിനേഷനിൽ മലയാള ചിത്രങ്ങൾ ഇടം പിടിക്കുന്നതിനെക്കുറിച്ച് കടുംചായങ്ങൾ നിറഞ്ഞ ചർച്ചകൾ നടത്തുന്നൊരു കാലത്തിലേക്ക് സഞ്ചരിച്ചെത്തിയപ്പോഴും ആ പഴയ പശ്ചാത്തല സംഗീതങ്ങളും, സംഭാഷണങ്ങളും എല്ലാം വാട്സാപ്പ് സ്റ്റാറ്റസ്സുകളും മറ്റുമായി ഇന്നും അരങ്ങുവാഴുന്നുണ്ട്. ഇങ്ങനെയുള്ള ഒരുപിടി മാറ്റങ്ങളിൽ സാങ്കേതിക വിദ്യകളും, കാലഘട്ടങ്ങളും, സാമൂഹികാവസ്ഥകളും എല്ലാം വഹിച്ച പങ്ക് ചെറുതല്ല. എന്തും ഏതും ക്യാപ്സ്യൂൾഡ് രൂപത്തിലേക്ക് ആവിർഭവിക്കുന്ന ഇക്കാലത്ത് നമ്മൾ ചതുരപ്പെട്ടിയിൽ കിട്ടുന്ന ദൃശ്യാനുഭവം മാത്രം മതിയെന്ന് തീരുമാനിക്കാത്തത് എന്തുകൊണ്ടും ഭാവിയിലേക്കൊരു പ്രതീക്ഷയുടെ വാതിൽ തുറക്കുന്നൊരു പ്രവണത തന്നെയാണ്.

സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്ന് ഒരുവിധം സാധാരണ മലയാളികളെല്ലാം ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളുണ്ട്: ട്വിസ്റ്റ്, സസ്പെൻസ്, ഇമോഷൻസ്, വികാരനിർഭരമായ രംഗങ്ങൾ തുടങ്ങിയവ. പക്ഷെ മലയാളികളുടെ സമകാലിക സിനിമാസ്വാദനത്തിന്റെ സാദ്ധ്യതകളെ നിർണ്ണയിക്കുന്ന ഘടകങ്ങളെന്തൊക്കെയാണ് എന്ന് ചിന്തിക്കുമ്പോഴാണ് ഇവിടെ ഒളിഞ്ഞിരിക്കുന്ന ചില പ്രശ്നങ്ങളുടെ ചുരുളഴിയുന്നത്. ബോക്‌സ് ഓഫീസ് ഹിറ്റുകളുടെയും നൂറ് കോടി ക്ലബ്ബിന്റെയും ആരവങ്ങൾക്കിടയിൽ മലയാളി പ്രേക്ഷക സമൂഹത്തിന്റെ സാമാന്യ ബോധം തീർക്കുന്ന വലയത്തിന് പുറമെ മാത്രം അവർ മാറ്റിനിർത്തിയിട്ടുള്ള ചിലതുണ്ട്: സിനിമയുടെ കലാമൂല്ല്യം, താരരാജാക്കന്മാരുടെ വിളയാട്ടത്തിന് കളമൊരുങ്ങാത്ത ചില സ്ക്രിപ്റ്റിങ്ങ് രീതികൾ, സിനിമയുടെ വിജയ-പരാജയങ്ങൾ സിനിമയുടെ ആത്മാവ് തൊട്ടറിയുന്നിടത്താണെന്ന തിരിച്ചറിവ്, തുടങ്ങിയവയാണ് ആ ‘ചിലത്’.

സത്യത്തിൽ സിനിമയാണോ അതോ മലയാളികളുടെ സിനിമാസ്വാദന സ്വഭാവമാണോ ആദ്യം മാറിയത്? രണ്ടാമത് പറഞ്ഞ കാര്യമാണ് ആദ്യം മാറ്റത്തിന് പാത്രമായത് എന്നതാണ് സത്യം. സിനിമ കാണുക എന്നത് സ്വായത്തമാക്കാൻ അല്പം ബുദ്ധിമുട്ടുള്ളൊരു കല തന്നെയാണ്. മലയാളികൾക്കിടയിൽ ഇന്ന് രണ്ടു വിഭാഗം പ്രേക്ഷകസമൂഹമുണ്ടെന്ന തിരിച്ചറിവാണ് പലപ്പോഴും ഇവിടെ നിലനിൽക്കുന്ന സിനിമാവ്യവസായ സമവാക്യങ്ങളെയും മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ‘നോർമൽ കമേഴ്‌സ്യൽ ഫിലിം വ്യൂവേഴ്‌സ്’, ‘ഫിലിം ഫെസ്റ്റിവൽ വ്യൂവേഴ്‌സ്’, ‘OTT വ്യൂവേഴ്‌സ്’ എന്നിങ്ങനെയുള്ള ചേരിതിരിവുകൾ മലയാളിക്ക് സുപരിചിതമായിരിക്കുന്നതും.

സിനിമ അഭ്രപാളിയിൽ എങ്ങനെ കാണണം എന്നത് സംബന്ധിച്ച് കൃത്യമായ തിയറികളൊന്നും നമുക്ക് പറഞ്ഞുകൊടുക്കാനാവില്ല. പക്ഷെ ഒന്നുണ്ട്, ഇന്ന് മലയാളി പ്രേക്ഷകസമൂഹത്തിലെ ഈ ‘നോർമൽ കമേഴ്‌സ്യൽ ഫിലിം വ്യൂവേഴ്‌സ്’ എങ്ങനെയാണ് സിനിമകൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് നമുക്ക് ഉത്തമ ബോദ്ധ്യമുണ്ടല്ലോ. ഇന്റർവെല്ലിന് പോപ്കോൺ വാങ്ങാൻ പോകും മുൻപോരു സസ്പെൻസ് അഥവാ ഇന്റർവെൽ പഞ്ച്, രണ്ടാം പകുതിയിൽ സംഘട്ടനങ്ങളോ അതിഗംഭീര ട്വിസ്റ്റുകളോ നിറഞ്ഞ രംഗങ്ങൾക്കൊടുവിൽ സന്തോഷത്തോടെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ആ ഇരുട്ടുമുറി വിട്ടുപോകാനാവുന്നൊരു ക്ളൈമാക്‌സും. ഇതാണ് ഇന്ന് പല ഇടത്തരം മലയാളി കുടുംബങ്ങളുടെയും സിനിമാസ്വാദന പ്രതീക്ഷകൾ. അതുകൊണ്ട് തന്നെയായിരിക്കണം പാസഞ്ചർ, ഫോട്ടോഗ്രാഫർ, ഓള്, കുട്ടിസ്രാങ്ക്, മുന്നറിയിപ്പ്, ആർട്ടിസ്റ്റ്, എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ സാധാരണ തിയറ്ററുകളിൽ പരാജയമായിപ്പോയതും, അതേസമയം സമാന്തരവേദികളായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച സ്വീകാര്യതയ്ക്കും അംഗീകാരങ്ങൾക്കും അർഹമായതും.

അപ്പോൾ എന്താണീ ചലച്ചിത്രമേളകളിലെ കാഴ്‌ച്ചാരീതികളെ വ്യത്യസ്തമാക്കുന്നത്? അവിടെ സിനിമ കാണൽ എന്നത് ഒരു വിനോദോപാധിയെക്കാളേറെ പല നിലക്കും ഒരു സമഗ്ര പഠന പ്രക്രിയയായിക്കൂടിയാണ് അവിടെ ചെല്ലുന്ന മലയാളികളടക്കമുള്ള പ്രേക്ഷകർ നോക്കിക്കാണുന്നത്. ഒരു ആശയം എങ്ങനെ ദൃശ്യങ്ങളായി രൂപാന്തരം പ്രാപിക്കുന്നു? സിനിമയിൽ കഥാഗതിക്കുള്ള പ്രസക്തിയെന്ത്? അവിടെ ഭാഷയുടെ വിവിധ മുഖങ്ങളെന്താണ്? തുടങ്ങി പലതും അവിടെ പഠനത്തിന് വിഷയമാവുന്നു. പറഞ്ഞുവരുന്നത് ലൂസിഫറും, മാരിയും, കബാലിയും, ബിഗ് ബിയും എല്ലാം കാണുമ്പോൾ കേവലം വ്യാവസായിക ഹിറ്റുകൾക്കപ്പുറം ഇത്തരം പഠനങ്ങളിലൂടെക്കൂടി പ്രസക്തമായ വിലയിരുത്തലുകൾ സമ്മാനിക്കുന്ന ആസ്വാദന തലങ്ങളിലേക്ക് മലയാളി പ്രേക്ഷകർ മാറേണ്ടതുണ്ട് എന്നാണ്. OTT പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ നമ്മുടെ ആസ്വാദനമികവിന്റെ ഗ്രാഫ് ഒരു പരിധി വരെ മുകളിലേക്കുയർന്നിട്ടുണ്ട്. ഗെയിം ഓഫ് ത്രോൺസ്, മണി ഹേയ്സ്റ്റ്, പോലെയുള്ള സീരീസുകളും, അടുത്തിടെ ഇറങ്ങിയ ദൃശ്യം 2 പോലെയുള്ള സങ്കീർണ്ണ കഥാഗതിയുള്ള ചില ചിത്രങ്ങളും അതിസൂക്ഷ്മമായ ഒരുതരം ഗവേഷണബുദ്ധിയോടെ തന്നെ നമ്മളിൽ പലരും കണ്ടുതീർത്തത് ഇതിനൊരു മികച്ച ഉദാഹരണമാണ്.

ദൃശ്യങ്ങളുടെ ലോകം വളരെ വലുതാണ്; ജീവിതം, സമൂഹം, മാനസികാവസ്ഥകൾ, വികാരവിചാരങ്ങൾ, എന്നിങ്ങനെ പലതിന്റെയും പ്രതിഫലനത്തിന് സങ്കേതങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കൂട്ടുപിടിച്ച് അഭ്രപാളിയിൽ വിരിയുന്ന ദൃശ്യങ്ങളുടെ മായാജാലമാണ് സിനിമ. കടന്നുപോയ കാലത്തിന്റെ അടയാളപ്പെടുത്തലുകൾ കൊണ്ടും, വർത്തമാനകാല സാഹചര്യങ്ങളുടെ അവലോകനങ്ങൾ കൊണ്ടും ഹരിച്ചും ഗുണിച്ചും ഓരോ സിനിമയേയും വായിച്ചെടുക്കേണ്ടതിന്റെ പ്രാധാന്യം മുകളിൽ പറഞ്ഞ സാധാരണ മലയാളി പ്രേക്ഷക സമൂഹം തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ! ഒന്നുകൂടിയോർമ്മിപ്പിക്കട്ടെ – അറുപതുകളിലെ പാരലൽ സിനിമയെ അവന്റ്ഗാർഡ് പദവി നൽകി, കൺടെംപററി  ആർട്ട് സിനിമ എന്ന ഓമനപ്പേരിട്ടു വിളിച്ച് തിരികെ കൊണ്ടുവരാൻ മനസ്സ് വെച്ചവരാണ് നമ്മൾ. ട്രാഫിക്, ഒഴിവുദിവസത്തെ കളി, അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ജല്ലിക്കെട്ട്, ചുരുളി, തുടങ്ങി ഒരു നീണ്ട നിരയിലൂടെ നമ്മുടെ ആസ്വാദനക്ഷമതയെ അതിരുകളില്ലാത്ത ആകാശത്തിലേക്ക് പറത്തിവിട്ട നമുക്കതിന് കഴിയും, നമുക്കേ അതിന് കഴിയൂ!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account