ഓർമ്മകളുണ്ടായിരിക്കണം എന്ന് മനസ്സ് ഓർമ്മപ്പെടുത്തുമ്പോഴും എന്തു കൊണ്ടാണ് നമ്മൾ ഓർമ്മയിൽ സൂക്ഷിക്കേണ്ട ചില മുഖങ്ങൾ മറന്ന് പോകുന്നത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്.

മരണത്തിന് ശേഷം ഒരാളെ വാഴ്ത്തുന്നതിലെ നിരർഥകത നന്നായി അറിയാം. എങ്കിലും ഇ. ഹരികുമാർ എന്ന കഥാകാരന് അർഹമായ ആദരം പലപ്പോഴും ലഭിച്ചിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.

ഇ. ഹരികുമാർ എന്ന സാഹിത്യ സ്‌നേഹിയായ എഴുത്തുകാരൻ്റെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണെങ്കിലും നിഷ്‌കളങ്കമായ  മനസ്സുകളുള്ള  കുട്ടികളുടെ പാദത്തിനാണ് ദൈവികതയെന്ന് പറയാതെ പറഞ്ഞുപോകുന്ന ശ്രീപാർവ്വതിയുടെ പാദമെന്ന കഥ വായിച്ച കാലത്ത് ഒരു വാക്കിലെങ്കിലും ഒരനുമോദനക്കുറിപ്പെഴുതണമെന്ന് വിചാരിച്ചതാണ്. എന്തുകൊണ്ടോ സ്ഥിരമായി ഉള്ള  ഉൾവലിയൽ എല്ലാകാര്യത്തിലുമുണ്ടായിരുന്നു.  അതിനാലാകാം ഒരു കുറിപ്പെഴുതി അഭിനന്ദിക്കാൻ അന്ന് തോന്നാതിരുന്നത്. പുകഴ്ത്തലുകൾക്കപ്പുറമുള്ള എഴുത്താണത്. അതിശയകരമായ, കൊതിപ്പിക്കുന്ന ഭാഷയിലെഴുതിയ കഥ.

ഈ കഥാകാരനെന്തുകൊണ്ടാണ് എഴുത്തുൽസവങ്ങളിൽ ആഘോഷിക്കപ്പെടാത്തത് എന്ന് പലപ്പോഴും അത്‌ഭുതപ്പെട്ടിട്ടുണ്ട്. ശ്രീപാർവ്വതിയുടെ പാദമൊരു തുമ്പപ്പൂവാണെന്ന്, സുപ്രിയ എന്ന കുട്ടിയുടെ പാദമാണെന്ന് നമ്മോട് അതിശയിപ്പിക്കുന്ന, കൊതി തോന്നുന്ന ഭാഷയിൽ എഴുതിയ കഥാകാരൻ. ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന പ്രശസ്‌തനായ കവിയുടെ മകനായിരുന്നിട്ടും, കഥയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടും ഇ. ഹരികുമാർ എന്ന കഥാകാരന് അർഹിക്കുന്ന ആദരം കൊടുത്തിട്ടില്ല എന്നത് അൽപ്പം ദു::ഖത്തോടെ ഓർമ്മിക്കുന്നു,

എഴുത്തുകാർ സ്വയം വിപണനമേഖല കണ്ടെത്തേണ്ട ഇന്നത്തെ ലോകത്തിൽ  ക്ളാസിക് ടച്ചുള്ള അനേകം കഥകളെഴുതിയ  ഇ ഹരികുമാർ എന്തുകൊണ്ട് കഥാലോകത്തിലെ ഉന്നതശ്രേണീയരൊപ്പം ഉയർത്തപ്പെട്ടില്ല എന്നത് ദു:ഖകരമായ ഒരു ചോദ്യമാണ്.

ആഘോഷിക്കപ്പെടുന്ന പല എഴുത്തുകാരേക്കാൾ എന്തുകൊണ്ടും മേന്മയുള്ള സൃഷ്‌ടികൾ രചിച്ച  ഇ. ഹരികുമാർ എന്ന ഇടശ്ശേരി ഗോവിന്ദൻ നായരെന്ന പ്രശസ്‌തനായ കവിയുടെ മകൻ്റെ എഴുത്തുകൾ എഫ് ബിയിലൂടെ വായിക്കാറുണ്ടായിരുന്നു. ഞാനെൻ്റെ ആദ്യകഥാപുസ്‌തകത്തിൻ്റെ ഇനിയും തീരാത്ത പണിപ്പുരയിലായിരുന്നു. കഥ പുസ്‌തകമാകുമ്പോൾ ആദ്യകോപ്പി അയയ്‌ക്കേണ്ടവരുടെ ലിസ്റ്റിൽ ഇദ്ദേഹവുമുണ്ടായിരുന്നു.

കുറെ നാളായി അദ്ദേഹത്തെ മുഖപുസ്‌തകത്തിൽ കണ്ടിരുന്നില്ല. പലപ്പോഴും സുഹൃദ് ലിസ്റ്റിലുള്ളവർ എഫ് ബി ഉപേക്ഷിക്കുന്നത് നമ്മളാരും തന്നെ ശ്രദ്ധിക്കാറില്ല  എന്നതാണ് സത്യം. അങ്ങനെയാവരുത് എന്നൊരു ഓർമ്മപ്പെടുത്തലാണിത്. ഇതേ പോലെയുള്ള ഒന്ന് രണ്ട് മരണങ്ങൾ ഹൃദയത്തെ ഉലച്ചിട്ടുണ്ട്. അറിയാതെ ഓർമ്മിക്കാൻ സമയം കിട്ടാതെ മാഞ്ഞുപോകുന്നവർ.

ശ്രീപാർവ്വതിയുടെ പാദത്തിലെ മാധവിയും, ശാരദയും വീണ്ടും മുന്നിലേയ്ക്ക് വന്നു. നഗരത്തിൻ്റെ ആകർഷകവലയത്തിനേക്കാൾ കൃത്വിമത്വമില്ലാതെ പെയ്യുന്ന മഴയും, മഴയിലെ ഗ്രാമവുമൊക്കെ ഒരു നൊസ്റ്റാൾജിയയായി വീണ്ടും മുന്നിലേയ്ക്ക് വന്നു. അദ്ദേഹത്തിൻ്റെ ദിനോസറിൻ്റെ കുട്ടി എന്ന കഥയെക്കാളും മനസ്സിലെന്നുമുണ്ടായിരുന്നത് ശ്രീപാർവ്വതിയുടെ പാദം എന്ന കഥയാണ്. ഒരു കടം കൂടി എന്ന കഥയിലെ സ്വാമി എന്ന കഥാപാത്രം നമുക്ക് ചുറ്റുമൊക്കെ എന്നും സഞ്ചരിക്കുന്ന മനുഷ്യാത്‌മാവിൻ്റെ പ്രതീകമാണ്.

ഒരു കഥയെങ്ങെനെ എഴുതണമെന്ന് പഠിക്കേണ്ടവർ ഇ. ഹരികുമാർ എന്ന കഥാകൃത്തിൻ്റെ കഥകളിലൂടെ സഞ്ചരിക്കണം. ക്രാഫ്റ്റിംഗിൻ്റെ അപാരാമായ കഴിവ് ഇദ്ദേഹത്തിൻ്റെ രചനകളിൽ കാണാം. സത്യത്തെ മുറിപ്പെടുത്താതെ, ഒഴിവാക്കാതെ മനുഷ്യമനസ്സിനെ കീറിമുറിച്ച് സ്ഫുടം ചെയ്‌ത്‌, അതിലെ വിചാരങ്ങൾ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ ഉൽകൃഷ്‌ടമായ ഭാഷയിലെഴുതപ്പെട്ടവയാണ് അദ്ദേഹത്തിൻ്റെ കഥകൾ. കുലീനമായ ഭാഷയിലൂടെ ശക്‌തമായ സന്ദേശങ്ങൾ, ആത്‌മാവിൻ്റെ നോവ്, മനുഷ്യൻ്റെ ആത്‌മസംഘർഷം ഇവയൊക്കെ ഇദ്ദേഹം അടയാളപ്പെടുത്തുന്നത് അതിശയകരമായ കൈയടക്കത്തോടെയാണ്.

വടക്ക് നിന്നൊരു സ്‌ത്രീ വായിക്കുമ്പോൾ മരണത്തിനപ്പുറമുള്ള ലോകത്തെ അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നു. ആത്‌മാക്കളുടെ ലോകത്ത് നിന്നും മരണപ്പെട്ട  ചെറുപ്പക്കാരിയായ ഭാര്യയും മകളും  മരിക്കാറായ ഒരു തൊണ്ണൂറിലധികം വയസ്സുള്ള ഒരാളെ അവസാനനാളിൽ കാണാനായെത്തുന്ന കഥ പോലെ സ്വന്തം കഥകളെ വായനക്കാർ ആഘോഷിക്കുന്നത് കാണുവാനായി അദ്ദേഹം ഭൂമിയിലേയ്ക്ക് ദൃശ്യാദൃശ്യനായി വീണ്ടും വരുമായിരിക്കും.

മണ്ടൻ രണ്ടാമൻ എന്നൊരു മുഖപുസ്‌തകസുഹൃത്ത്  ജീവിച്ചിരിക്കുന്നവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ഒരു പരമ്പര തുടങ്ങി. അതിൽ ആൾക്കാർ അത്രയൊന്നും ശ്രദ്ധിക്കാതെ പോകുന്ന ചില സാഹിത്യസ്‌നേഹികളായ എഴുത്തുകാർക്ക് അദ്ദേഹം ആദരാഞ്ജലിക്കോളം എഴുതിത്തുടങ്ങി. ജീവിച്ചിരിക്കുന്നവർക്ക് ആദരാഞ്ജലി അർപ്പിച്ചതിന് കുറെയാളുകൾ  അദ്ദേഹത്തെ കണക്കിന് ശകാരിക്കുന്നുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എഴുതിയ ആദരാഞ്ജലിക്കോളത്തിൽ ഒരു സത്യമുണ്ട്.

ഇ. ഹരികുമാർ എന്ന സാഹിത്യകാരൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് കിട്ടിയിരുന്ന അനുമോദനങ്ങളേക്കാൾ മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ എഴുത്തിനെ അനുമോദിക്കേണ്ടി വരിക. അതൊന്നും കാണാതെ, അറിയാതെ എഴുത്ത് വായനക്കാർ ശ്രദ്ധിക്കുന്നതിന് മരണം തന്നെ ആവശ്യമായി എന്നൊരതിശയത്തോടെ ഒരെഴുത്തുകാരൻ ഭൂമി വിട്ടുപോകുക എന്നത് എത്ര ദു:ഖകരമാണ്!  മരിക്കുമ്പോൾ എൻ്റെ ശവകുടീരത്തിൽ വന്ന് കരയരുത്, ഞാൻ മരിക്കില്ലൊരിക്കലും എന്ന് മേരി എലിസബത്ത് ഫ്രൈ എന്ന കവിയത്രി പാടിയത് പോലെ എൻ്റെ കഥകൾ നിങ്ങളുടെയരികിൽ എന്നെ എക്കാലവും ഓർമ്മപ്പെടുത്തും എന്ന് അടിവരയിട്ട് യാത്ര പോയ ഇ ഹരികുമാർ എന്ന എഴുത്തുകാരന് പ്രണാമം..

PS: ഇ ഹരികുമാർ എന്ന സാഹിത്യകാരൻ്റെ സൃഷ്‌ടികൾ അദ്ദേഹം  ഇ ഫോർമാറ്റിൽ (www.e-harikumar.com) സാഹിത്യലോകത്തിനായി സമർപ്പിച്ചിട്ടുണ്ട്.. അദ്ദേഹത്തെ വായിക്കുക എന്നതാണ് അദ്ദേഹത്തിന് നൽകാനാകുന്ന ഏറ്റവും ഹൃദയംഗമായ യാത്രാമംഗളം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account