ഇത്തവണ നമ്മുടെ കുഞ്ഞുങ്ങൾ പതിവു സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി ഓൺലൈൻ വിദ്യാഭ്യാസമാണ് പരിശീലിക്കുന്നത്.
ജൂൺ ഒന്നിന് രാവിലെ എട്ടരയ്ക്ക് വിക്ടേർസ് ചാനൽ വഴിയുള്ള ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിന് ‘ഫസ്റ്റ് ബെൽ’ മുഴങ്ങി.
മന്ത്രി കെ.ടി. ജലീൽ ചരിത്രം ക്ലാസ്സ് എടുത്തു കൊണ്ട് കോളേജ് ഓൺലൈൻ വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു.
സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ട ഈ സാഹചര്യത്തിൽ, പഴയത് പോലെ ക്ലാസ്സ് മുറികളിൽ തൊട്ടു തൊട്ടിരുന്ന് പഠനം നടത്താൻ നിർവ്വാഹമില്ല.
മാസ്ക്കും ഗ്ലൗസും സോപ്പും സാനിട്ടൈസറും ഒക്കെ ഉപകാരപ്രദമാണെങ്കിലും, സാമൂഹിക അകലം പാലിക്കുക തന്നെയാണ് കൂടുതൽ ഫലപ്രദം. പക്ഷേ കുഞ്ഞുങ്ങൾ എത്രത്തോളം ഗൗരവമായി എടുക്കും എന്ന് പറയാൻ കഴിയില്ല.
അവരുടെ സുരക്ഷയ്ക്കായാണ് ഇ-ലേണിങ്ങ് നടപ്പാക്കിയത്. ‘ടെക്നോളജി ഈസ് പ്രഷ്യസ്’.
പക്ഷേ, ഇ-വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും സാധ്യമാകുന്നുണ്ടോ? നിത്യവൃത്തിയ്ക്കായി ബുദ്ധിമുട്ടുന്ന അനേകം കുടുംബങ്ങളുണ്ട്. ആ വീടുകളിൽ ടിവിയും കമ്പ്യൂട്ടറും ആൻഡ്രോയ്ഡ് ഫോണും സാധ്യമാവുമോ?
ഓൺലൈൻ സൗകര്യം ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി അതിനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിട്ടുളളത്. അതിന് അർഹരായവരെ വാർഡു തലത്തിലും സ്കൂൾ തലത്തിലുമൊക്കെ വേഗം കണ്ടുപിടിക്കാൻ കഴിയും.
ഓരോ സ്കൂളിനും അവരുടെ കുട്ടികളെ അറിയില്ലേ? ഓരോ ക്ലാസ്സിന്റെയും ചുമതലയുള്ള അദ്ധ്യാപകർ വഴി കുട്ടികളുടെ ചുറ്റുപാടുകളും പരിമിതികളും അറിയാനാവും. അതുപോലെ ഒരു വാർഡ് മെമ്പർ വഴി ആ വാർഡിലുള്ള കുട്ടികളുടെ സ്ഥിതി അറിയാൻ കഴിയും. കൂടാതെ, നമുക്കോരോരുത്തർക്കും നമ്മുടെ ചുറ്റുപാടുമുള്ള കുഞ്ഞുങ്ങളെ അറിയാനാവും. അങ്ങനെ ചുമതലപ്പെട്ടവരെ അറിയിച്ച് പ്രശ്നപരിഹാരം സാധ്യമാക്കണം.
അതോടൊപ്പം ചെയ്യേണ്ട മറ്റൊരു കാര്യം, ആ കുട്ടികളെ സാന്ത്വനപ്പെടുത്തുകയും വേണം. കാരണം, വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്നത് വലിയൊരു വേദനയാണ് കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും.
സ്കൂൾ തുറന്ന ദിവസം തന്നെ നമ്മൾ കേട്ട അതീവ ഖേദകരമായ വാർത്തയാണ്, പഠിക്കുവാനായി ടി.വി.യോ കംപ്യൂട്ടറോ ലഭ്യമല്ലാതിരുന്നതു കൊണ്ട് ഒരു പെൺകുട്ടി ജീവനൊടുക്കിയത്. ഇനിയത് ആവർത്തിക്കാനിടയാവരുത്.
കേരള സർക്കാർ എല്ലാ കുഞ്ഞുങ്ങൾക്കും ഇ-വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ വളരെ വേഗത്തിൽ ഏർപ്പെടുത്തുമെന്നാണ് വിശ്വാസം.
കുഞ്ഞുങ്ങൾ രാഷ്ട്രത്തിന്റെ കൂടിയാണ്. നാളത്തെ രാഷ്ട്ര ശിൽപ്പികൾ ആണ്. ഒരു കുഞ്ഞുമൊട്ടു പോലും നിരാശയുടെ പടുകുഴിയിലേക്ക് തനിയെ കൊഴിഞ്ഞു വീഴരുത്.