“ഓണം മലയാളിയുടെ ദേശീയോത്സവമാണ്”. പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഈ ക്ലീഷെ വാചകത്തെക്കാൾ താൻ ഒരു മലയാളിയാണെന്ന് ഓരോ കേരളീയനെയും ഓർമ്മപ്പെടുത്തേണ്ടി വരുന്ന ഒരു പശ്ചാത്തലം കാതങ്ങൾക്കുമിപ്പുറം ഓണക്കാലം പേറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തു തന്നെയായാലും ധർമവും സത്യവും നീതിയും പാലിച്ച് ഒരു ജനതയെ മുഴുവനും ഒന്നായി കണ്ട ഒരു നല്ല കാലത്തിന്റെ സംതൃപ്തി പൊന്നോണ ദിനങ്ങൾ നമുക്ക് സമ്മാനിക്കുന്നുവെന്നത് നിസ്സംശയം വിലയിരുത്താം.
ഒരിക്കൽ ഓണം ഒരു ജനതയുടെ ചരിത്രമായിരുന്നു. ചരിത്രം പറഞ്ഞു പഴകിയും കാലത്തിന്റെ പാതവക്കിൽ തേഞ്ഞലിഞ്ഞും ഐതിഹ്യമായി. ഐതിഹ്യം ആത്മീയത കലർന്ന് മിത്തോളജിയും മതബിംബങ്ങളുമായി. ഓണം ചവിട്ടേൽക്കുന്നവന്റെ സുവിശഷമാണെന്ന് പണ്ടാരോ പറഞ്ഞതിങ്ങനെ തേട്ടി വരികയാണ്. ദാനം കൊടുത്തവനെ അതു സ്വീകരിച്ചവൻ ചവിട്ടിതാഴ്ത്തുന്ന കാലാതീത കഥ. കൊടുക്കുന്നവനു ചവിട്ടേൽക്കുമ്പോൾ ചവിട്ടുന്നവൻ വാമനനാകുന്നു. അങ്ങനെ മഹാബലിമാരെ ചവിട്ടി താഴ്ത്താൻ കാലുയർത്തി നിൽക്കുന്ന വാമനക്കോലങ്ങൾക്കിടയിലൂടെ ഓണമോരോന്നും കയറിയിറങ്ങുന്നു. മഹാബലിയുടെ കഥ ചരിത്രമോ ഐതിഹ്യമോ വിശ്വാസമോ എന്തുമാകട്ടെ… തെറ്റും വേർതിരിച്ചറിയാനാകാത്ത ഈ സത്യാനന്തര വർത്തമാനകാലത്തിന്റെ വ്യഥകളിൽ കുഴഞ്ഞുപോകുന്നിടത്തു നിന്ന്, അതിന്റെ അങ്കലാപ്പുകളിൽനിന്ന് ക്ഷണികമായെങ്കിലും ആശ്വാസം നൽകുന്ന ഈ സങ്കല്പം തലമുറകൾക്ക് കൈ മാറേണ്ടതുണ്ട്.. എന്തെന്നാൽ ഓണം സമത്വസുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലും അത്തരമൊരു കാലത്തിന്റെ പുനസൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്.
മഹാബലി-വാമന ദ്വന്ദ്വം ഇന്നും വിശ്വസിക്കപ്പെടുന്ന ഐതിഹ്യമാണെങ്കിൽ ചില ഗ്രാമങ്ങളിലെങ്കിലും അവശേഷിക്കുന്ന മറ്റു ചില ഐതിഹ്യങ്ങളും ഉണ്ട്. അവയിൽ വിഖ്യാതം മഹാബലിപ്പെരുമാളിന്റേതാണ് . തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ ജന്മനാളായ തിരുവോണം കൊണ്ടാടാൻ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാൾ കല്പിച്ചത്രേ. അങ്ങനെയാണ് ഓണമഹോത്സവത്തിന്റെ തുടക്കമെന്നും പറയപ്പെടുന്നുണ്ട്. ഓണക്കാലത്ത് വീടുതോറുമെത്തി പാണൻ പാടാറുള്ള തുയിലുണർത്തുപ്പാട്ടും, മലബാറിൽ തിരുവോണ നാളിൽ മലയർ ആടാറുള്ള ഓണപ്പൊട്ടൻ അഥവാ ഓണേശ്വരൻ തിറയും, അരിമാവണിഞ്ഞ കളത്തിൽ പീഠം വച്ച് അതിനുമുകളിൽ തൂശനിലവച്ചു തുമ്പക്കുടം നിരത്തി മാതേവരെ വയ്ക്കുന്ന ഓണം കൊള്ളലും, കുമ്മാട്ടിയും, വടക്കേ മലബാറിലെ ഓണത്തല്ലും, തൃശ്ശിവപേരൂരിന്റെ സ്വകാര്യ അഹങ്കാരമായ പുലിക്കളിയും, തിരുവാതിരക്കളിയും , നിലത്തെ നിറം ചാലിച്ച് മെനയുന്ന പൂക്കളങ്ങളും നിറവ് സമ്മാനിക്കുന്ന ഓർമകളായി മലയാളി മനസ്സുകളിൽ നില കൊള്ളുന്നു.
എങ്കിലും അലിഖിതമായ സംസ്കാരത്തിന്റെ നിയമങ്ങൾക്കുമിപ്പുറത്ത് പരിഷ്കാരം തേടുന്ന നമ്മൾ പുതിയ ചേഷ്ടകൾ ആഘോഷങ്ങളിലും സമന്വയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാലം നമ്മളെ മാറ്റുന്ന കണക്കെ കാലത്തിനൊരു മാറ്റം നമ്മളാലും. അങ്ങനെ വിപ്ലവം വിരൽത്തുമ്പിലാകുന്നതോടൊപ്പം ആഘോഷങ്ങളും ചടങ്ങുകളും അനുഷ്ഠാനങ്ങളുമെല്ലാം പരിഷ്കാരങ്ങൾ കൊണ്ടു നിറയുകയാണ്. ഓണം കുറച്ചൂടെ ഡിജിറ്റലായി.. ഓണാവധിക്ക് ഒത്തുചേരാറുള്ള കുടുംബാംഗങ്ങൾ വാട്ട്സ്ആപ് ഗ്രൂപ്പുകൾ ആശംസകൾ കൊണ്ടു നിറച്ചു. ഓണാഘോഷങ്ങൾ ഓൺലൈനാഘോഷങ്ങളായി. തൊടിയിലെ പൂക്കൾക്കൊപ്പം പ്ലാസ്റ്റിക് താളുകളിലെ വർണങ്ങൾ ഇടം തേടി. സദ്യയുൾപ്പെടെ വേണ്ടതൊക്കെയും വീട്ടിലെത്തി. ഉത്രാടപ്പാച്ചിലും അങ്ങനെ നാമാവശേഷമായി.
ചവിട്ടിതാഴ്ത്താൻ വാമനകുമാരൻമാർ ഉള്ളിടത്തല്ല, ചവിട്ടേറ്റ് വാങ്ങി സ്വയം ബലിയായിത്തീരാൻ നിറമനസ്സുള്ള മഹാബലികൾ ഉള്ളിടത്ത് മാത്രമേ ഓണം വന്നണയൂ. അതേ, ഓണം ചവിട്ടേൽക്കുന്നവന്റെ സുവിശേഷം തന്നെയാണ്. കൊടുക്കുന്നവരും വാങ്ങുന്നവരുമെല്ലാം ഇന്നുമുണ്ട്. അവിടെ കുടുംബവും, വ്യക്തിബന്ധങ്ങളും, സമൂഹവും, രാഷ്ട്രീയവുമെല്ലാം അരങ്ങു പങ്കിടുന്നുണ്ട്. ചവിട്ടേറ്റവന്റെ മുതുകിൽ കയറി നമ്മളിൽ പലരും ഉയരുന്നുണ്ട്.
എങ്കിലും ഓർക്കുവാൻ സുഖമേറിയത് നിറവുള്ള ഒരു കാലത്തിന്റെ ഒളി മങ്ങാത്ത കാഴ്ചകൾ തന്നെയാണ്. ഒരിക്കൽ കൂടി നമ്മൾ കാണാത്ത ആ ‘ഓർമകൾ’ യാഥാർത്ഥ്യമായെങ്കിൽ… ആഗ്രഹിക്കുന്നുണ്ട് നമ്മൾ.. ഈ കൊറോണക്കാലം നമ്മെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല. ഈ ഓണം ‘ഓർമയിലെ ഓണ’മായി ഒതുങ്ങാതെ ജീവനുള്ള ഓണമായിത്തീരണം. നഷ്ടപ്പെട്ട നല്ലതുകളിലേക്ക് നടക്കാൻ വേണ്ടി ചെറുതായി വഴി മാറി നടക്കണം. ഉള്ളതുകൊണ്ട് ഓണം പോലെ, ആർഭാടരഹിതമായി സ്നേഹനിർഭരമായ ഓണക്കാലങ്ങൾ ഇനിയും നമുക്കുണ്ടാകും.. ബീർബലിന്റെ വാക്കുകൾ കടമെടുക്കട്ടെ, “ഈ കാലവും കടന്നുപോകും”. മാസ്ക് ധരിച്ചും, സാമൂഹ്യ അകലം പാലിച്ചും ഇത്തവണത്തെ ഓണം നമുക്ക് വീട്ടിലിരുന്നുണ്ണാം.. ഈയോണം നല്ലോണം സൂക്ഷി’ച്ചോണം’…