വർഷങ്ങൾക്ക് മുൻപാണ്, മനേക ഗാന്ധി ജനിക്കുന്നതിനും മുൻപ്. ഹൈറേഞ്ചിലെ നാടെന്നും കാടെന്നും വിളിക്കാവുന്ന ഭൂമിയാകെ മരങ്ങളും, ആന, കടുവ, പന്നികളും ജീവിച്ചിരുന്ന കാലം. വസൂരിക്കാലത്തിന്റെ ഒടുക്കക്കാലം.

ആളുകൾ സമതലങ്ങളിൽ നിന്നും പുതിയ മണ്ണ് തേടി പഴയ വിത്തുകളുമായി അവിടേക്ക് കുടിയേറാൻ തുടങ്ങി. അപ്പോൾ അവിടെ ഏറ്റവും അസ്വസ്ഥത പൂണ്ട ജീവി ഒരുപക്ഷേ ആന ആവും. മറ്റു മൃഗങ്ങൾ ഒറ്റക്ക് ആക്രമിക്കുകയും കൂട്ടത്തോടെ വിളകൾ നശിപ്പിക്കുകയും ചെയ്‌തപ്പോൾ ആനകൾ എല്ലാം കൂട്ടത്തോടെ ചെയ്‌തു. മനുഷ്യ ശരീരത്തെ രണ്ടായി പിരിച്ചെറിഞ്ഞ വേറൊരു ജീവിയും മനുഷ്യനൊപ്പം ഭൂമിയിൽ ഉണ്ടായിട്ടില്ലല്ലോ.

മരിച്ചും ഭയന്നോടിയും ഇല്ലാതെ ആവാൻ കഴിയാതെ പോയവർ മാത്രം ആനയെ തോൽപ്പിക്കുന്നത് സ്വപ്‌നം കാണാൻ തുടങ്ങി. നെഞ്ചിടിപ്പ് കൊണ്ട് ഉറങ്ങാൻ പറ്റാതെ ആയ രാത്രിയിലെപ്പോഴോ ആനയ്ക്ക് തീ പേടിയാണെന്നു തിരിച്ചറിഞ്ഞു.

പച്ചമരം പോലും അവരുടെ പേടിയിൽ ആളിക്കത്തി ആന വരാതെ അവർക്ക് കാവലായി എരിയാൻ തുടങ്ങി. എന്നിട്ടും ഭയക്കാതെ കാട്ടു പൊന്ത മറഞ്ഞു നിന്ന കരിംപാറ പോലെയുള്ള ശൗര്യങ്ങളെ പിന്നീട് തീയുടെ ചൂടിനൊപ്പം പാട്ട കൊട്ടിയും ഭയപ്പെടുത്താൻ നോക്കി ഉറങ്ങാൻ മറന്നു ജീവിച്ചു പോന്നു.

ആണ്ടിലൊരിക്കൽ മല കയറാൻ കറുപ്പുമുടുത്ത് ആണുങ്ങൾ പോയപ്പോൾ ഒറ്റയ്ക്ക് മുറ്റത്തിറങ്ങി തീയിടാൻ പേടിച്ചൊരു ഗർഭിണിയായ സ്‌ത്രീ തന്റെ കാപ്പിക്കുരു പോലെയുള്ള നാല് കുഞ്ഞുങ്ങളെയും കെട്ടിപിടിച്ചിരുന്നു ശരണം വിളിച്ചത്രേ, അവർക്ക് പാട്ട കൊട്ടാൻ പോലും അനങ്ങാൻ പറ്റാതെ മൺ കട്ട മറച്ച വീട് നാല് ചുറ്റിനും നിന്ന് ആനകൾ ഇടിച്ചു വീഴ്ത്തിയപ്പോൾ.

അവർ മരിച്ചില്ല, അല്ല പിരിച്ചു ചീന്തപ്പെട്ടില്ല. പക്ഷെ പറമ്പിലെ വാഴയും ഏലവും അന്ന് നാരു നാരായി മണ്ണോട് മണ്ണ് ചേർന്നുപോയി.

ആ മനുഷ്യരെല്ലാം കാടിന്റെ മക്കളുടെ ഇടം കവർന്നെടുക്കാൻ വന്നവരാണ് എന്ന കവിത വഴിതെറ്റിപ്പോലും വരാൻ ഭയക്കുന്ന ജീവിതങ്ങളുടെ ഉടമകളാണ് അവർ ഓരോരുത്തരും, കാട്ടു പന്നിയും കാട്ടാനയും ജീവൻ കവർന്നാലും വിളകൾ നശിപ്പിക്കാതെ ഇരിക്കാൻ കാടിന്റെ തണലായ ആൽ മരച്ചുവട്ടിലെല്ലാം വിളക്ക് കത്തിച്ചു നാമം ചൊല്ലുന്നവർ.

ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടു കാട്ടോരങ്ങളിൽ എത്തിപ്പെട്ട പാവങ്ങൾക്കും കൂടി ഉള്ളതാണ് ഭൂമി എന്നതല്ലാതെ ഒരു സിദ്ധാന്തവും മനസ്സിലാകാത്ത മനുഷ്യരാണ് അവർ.

പെട്ടന്നൊരു കാലത്ത് മലകയറിയവരല്ല അവർ ആരും, പെട്ടന്നൊരു സന്ധ്യയിൽ ജീവിതത്തിന്റെ മുറ്റത്ത് തീ കൂട്ടിയവരുമല്ല.

ആദിമ ശിലായുഗത്തെ ഏതോ തണുപ്പ് മുറ്റിയ പ്രഭാതത്തിലേക്കു നട്ടെല്ല് നിവർത്തി രണ്ട് കാലിൽ നിൽക്കാൻ തുടങ്ങിയ ആ അപ്രതീക്ഷിത ജനിതക വിപ്ലവ ഘോഷയാത്ര അവർ ആരംഭിച്ചത് മുതൽ തുടങ്ങിയ പരക്കം പാച്ചിലാണത്. കല്ല് മുറിച്ചും എല്ല് പൊട്ടിച്ചും ആയുധമാക്കേണ്ടി വന്നവന്റെ നിലനിൽപ്പിന്റെ യുദ്ധക്കഥയിലെ തീക്ഷ്‌ണോജ്വലമായ ആദ്യത്തെ ഏടാണ്  ഈ മൃഗലോക പലായനവും മൃഗ വേട്ടയും. മൃഗ പരിലാളനം രണ്ടാം അധ്യായം മാത്രമാണ്.

ആ രണ്ടാം അധ്യായത്തിന്റെ അപ്പോസ്‌തലയായി മനേക ഗാന്ധി അവതരിക്കുമ്പോൾ കാലം മനുഷ്യനെയും കൊണ്ട് യുഗാന്തരങ്ങൾ പിന്നിട്ട് കഴിഞ്ഞിരുന്നു. അവൻ തന്നെ ശത്രുവായി കണ്ടിരുന്ന മൃഗങ്ങൾക്ക് വേണ്ടി നിയമങ്ങളും രീതികളും അതിർവരമ്പുകളും നിർമ്മിച്ചിരുന്നു. അവൻ അജയ്യനെന്നു തോന്നുമ്പോഴും നിത്യമായി വരുന്ന വെല്ലുവിളികളെ അപ്പോഴും ശിലായുഗത്തിലെന്ന പോലെ മെരുക്കിക്കൊണ്ടേ ഇരിക്കുകയായിരുന്നു. ചേരികളിൽ ഉഷ്‌ണിച്ചൊലിച്ചു നിസ്സഹായത ഭക്ഷിച്ചിരുന്നവനെ പിടിച്ചു വന്ധ്യംകരിക്കാൻ കാവൽ നിന്നതിന്റെ ചെടിപ്പ് മാറാൻ മനേക തെരുവിലെ പട്ടിയുടെ താലോലമ്മയാകാൻ ഇറങ്ങിയതാണ് എന്നു തിരിച്ചറിയാതെ കണ്ണു നിറഞ്ഞ അക്കൂട്ടത്തിലെ മനുഷ്യരെ പിൽക്കാലത്ത് നമ്മൾ മധ്യവർഗ്ഗമെന്നു പേര് വിളിച്ചു.

വേദനിക്കാൻ അധികം വേദനകൾ ഇല്ലാതെ പോയ, നേടുവീർപ്പിടാൻ വിധം വികസിച്ച ശ്വാസകോശം ഇല്ലാതെ പോയ മധ്യ വർഗ്ഗത്തിന്റെ കണ്ണിൽ നനവിന്റെ നന്മയെന്ന നുണ പടർത്താൻ കഴിഞ്ഞ നേതാവായി മനേക മാറിയപ്പോൾ മതം കൊണ്ട് മനുഷ്യനെ വെറുക്കാൻ കഴിയുന്നവരുടെ എണ്ണവും കൂടി വന്നു.

നാൽപ്പത് വർഷമടുത്ത് മനേക അവർക്കിടയിൽ പണിയെടുത്തു. അവരെ പാകപ്പെടുത്തി മികച്ച പണിയായുധം ആക്കിയെടുക്കാൻ മനേക മൃഗങ്ങളെ മാത്രം ഉമ്മ വച്ചുകൊണ്ടിരുന്ന നാൽപ്പതു വർഷങ്ങൾ.

ഇതിനിടയിൽ അവർ മുസ്‌ലിമായ മനുഷ്യരുടെ മുഖത്ത് നോക്കി ‘എനിക്ക് വോട്ട് ചെയ്‌തില്ല എങ്കിൽ എന്റെയടുത്ത് മേലിൽ ആവശ്യങ്ങൾ പറഞ്ഞു വരരുത്’ എന്ന് ഭീക്ഷണിപ്പെടുത്തി .

അവർ ഓരോ വാക്കിലും നോക്കിലും വർഗീയതയുടെ കല്ല് പാകി.

ഒടുവിൽ, അവരെ ഏറെ അസ്വസ്ഥതപ്പെടുത്തുന്ന നാട്ടിൽ ഒരു ആനയ്ക്ക് മനുഷ്യന്റെ നിവർത്തികേടിന്റെ പഴം തിന്ന് ജീവൻ വെടിയേണ്ടി വന്നപ്പോൾ, മനേകയ്ക്ക് ആ മരണം കൊണ്ട് മുൻപേ പണിത അടിത്തറയ്ക്കു മുകളിൽ തന്റെ അധ്വാനത്തിന്റെ കൊട്ടാരം പണിയാൻ അവസരം കിട്ടി. വർഗീയതയ്ക്ക് തൊങ്ങൽ കെട്ടിയ ആ കൊട്ടാരത്തിനു കൂട്ടു പണിക്കാരകാൻ അതേ മധ്യവർഗ്ഗം കണ്ണീരു കൊടുത്ത് ചാന്ത് കുഴച്ചു. ഇന്ത്യയെന്ന മഹാരാജ്യം പെട്ടന്ന് ഒരു നാടിനെ ശത്രു രാജ്യമാക്കി നിലവിളിച്ചു. ഒരു നാടിന്റെ പേരിനൊപ്പം ഇല്ലാത്ത കഥകൾ മെനഞ്ഞു.

ചോദ്യം ചെയ്‌തവരോട് ഉത്തരം മുട്ടിയവർ പറഞ്ഞൊരു ന്യായമുണ്ട്, ‘നിങ്ങളുടെ നാട്ടിൽ നടക്കുന്നത് പുറം ലോകം അറിയുന്നില്ല, ഇപ്പോൾ അറിഞ്ഞു’.

അബദ്ധങ്ങജഡില വാതങ്ങളോട് എങ്ങിനെ മറുപടി പറയണം എന്നറിയാതെ, ഇല്ലാത്ത ആനകൾ കൊല്ലപ്പെടുന്നെന്ന വാർത്തയുടെ കള്ളകണക്കുകൾ പരസ്‌പരം പങ്കു വെച്ചു നുണ ജനിക്കരുത് എന്ന് കൊതുക്കുന്നവർ പതം പറയുകയാണ് ഇപ്പോഴും.

നുണ അപ്പോഴും ലോകം ചുറ്റിക്കൊണ്ടിരിക്കുന്നു.

മനേകമാർ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്ന ചതിയൻ ആനക്കൂട്ടങ്ങളാണ്. വിളകളും വീടുകളും മാത്രമല്ല, നമ്മുടെ ചോരയും അവർക്ക് ലക്ഷ്യങ്ങളാണ്. തീയിട്ടും പാട്ട കൊട്ടിയും നമുക്കിനിയും പരസ്‌പരം കാവൽ ഇരിക്കാം. മരിക്കാതെയും കൊല്ലപ്പെടാതെയും പരസ്‌പരം കാക്കാം .

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account