മാതാപിതാക്കൾക്കൊപ്പമാണ് അനന്യ എന്നെക്കാണുവാനെത്തിയത്. അവളെ അവർ കൂട്ടിക്കൊണ്ടു വന്നതാണ് എന്ന് പറയുന്നതാകും ശരി. അനന്യക്ക് മാത്രമല്ല, അവളുടെ മാതാപിതാക്കൾക്കും അത്ര താൽപര്യമില്ലായിരുന്നു എന്നെ കാണുവാൻ. ഒരു മനഃശാസ്‌ത്രജ്ഞനെ കാണുന്നത് അത്ര അന്തസ്സല്ല എന്ന തെറ്റായ വിശ്വാസം ആയിരിക്കും ഇതിന്റെ പുറകിൽ. സ്ഥലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇവർ എന്നെ കാണാനെത്തിയത്. കോഴിക്കോട് ജില്ലയിലെ സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലെ ഒരു കൊച്ചു സുന്ദരി. പത്തൊൻപതു വയസ് പ്രായം. ദുഃഖത്തേക്കാളേറെ ഭയം നിഴലിക്കുന്ന ഭാവം.

പറയത്തക്ക മാനസികപ്രശ്‌നങ്ങളൊന്നുമില്ല എന്ന് പറഞ്ഞാണ് അവളുടെ അച്ഛൻ സംസാരം തുടങ്ങിയത്. ഒരു പ്രശ്‌നവുമില്ലെങ്കിൽ എന്നെയെന്തിന് കാണാൻ വന്നുവെന്ന ചോദ്യം ഉള്ളിലടക്കുമ്പോൾത്തന്നെ ഉത്തരവുമെത്തി. അവരുടെ നാട്ടിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതുകൊണ്ടു മാത്രം വന്നതാണത്രേ. അദ്ദേഹം പറഞ്ഞയക്കുവാനുള്ള സാഹചര്യം എന്തായിരുന്നു എന്ന എന്റെ ചോദ്യത്തിന് അയാൾ പറഞ്ഞ സംഭവം ഇങ്ങനെയായിരുന്നു.

അനന്യ അവളുടെ അച്ഛന്റെ ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയതായിരുന്നു. വരന്റെ ബന്ധുക്കളായിരുന്നു അവർ. വധുവിന്റെ വീട്ടുകാരാകട്ടെ ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരും. വധുവിന്റെ ബന്ധുക്കളിൽ ഒരാളായ സുമേഷിനെ അനന്യ പരിചയപ്പെട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ ഒളിച്ചോടി പോയത്രേ. ഇതിനു മുൻപ് ഇരുവർക്കും പരിചയം ഉണ്ടായിരുന്നില്ല. അനന്യയുടെ അച്ഛന്റെ പരാതിപ്രകാരം പോലീസ് അന്വേഷണമാരംഭിക്കുകയും, അടുത്ത ദിവസം തന്നെ രണ്ടു പേരേയും പിടികൂടുകയും ചെയ്‌തു. അതോടുകൂടി വീട്ടുകാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടെങ്കിലും ഇതിൽ അസ്വാഭാവികത തോന്നിയ അന്വേഷണ ഉദോഗസ്ഥനാണ് എന്നെ കാണുവാൻ ആവശ്യപ്പെട്ടത്.

വീട്ടുകാർക്കും എന്നിൽനിന്നും കാര്യമായ ആവശ്യങ്ങൾ ഒന്നും തന്നെയില്ലെന്നു അവരുടെ ഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. അവരെ സംബന്ധിച്ച്‌ പ്രശ്‌നം പരിഹരിക്കപ്പെട്ടു കഴിഞ്ഞു. അനന്യയുടെ പക്വതക്കുറവായോ, പുരുഷനോടുള്ള ആകർഷണമായോ മാത്രമായിരിക്കണം അവർ ഈ ഒളിച്ചോട്ടത്തിനെ കണ്ടിരിക്കുക. എന്നാൽ എനിക്കങ്ങനെ തോന്നിയില്ല. അങ്ങനെയൊരു ഒളിച്ചോട്ടം നടത്തുന്ന തരത്തിലുള്ള സ്വഭാവമൊന്നും ഞാൻ അനന്യയിൽ കാണുകയുണ്ടായില്ല. അതുകൊണ്ടു തന്നെയാകണം ഞാൻ ഇക്കാര്യത്തിൽ ജിജ്ഞാസുവായതും.

മാതാപിതാക്കളോട് വെളിയിൽ ഇരിക്കുവാൻ ആവശ്യപ്പെട്ടശേഷം ഞാൻ അനന്യയോട് അവളെപ്പറ്റി തിരക്കുവാൻ തുടങ്ങി. അവളുടെ വിദ്യാഭാസം, കഴിവുകൾ തുടങ്ങി അവളെ പരിഭ്രാന്തിയിലാക്കാത്ത കാര്യങ്ങൾ മാത്രമായിരുന്നു ഞാൻ തിരക്കിയത്. കുറച്ചു സമയങ്ങൾക്കകം തന്നെ അവൾ സാഹചര്യങ്ങളുമായി ഇണങ്ങിത്തുടങ്ങി. മാതാപിതാക്കളെക്കാൾ കൂടുതൽ, എന്റെ മാത്രം സാന്നിധ്യം അവളെ കുറച്ചുകൂടി മെച്ചപ്പെടുത്തുന്നുണ്ടെന്നും എനിക്ക് തോന്നി. സംസാരത്തിനിടയ്ക്കു സുമേഷിനെപ്പറ്റി അവളോട് തിരക്കിയെങ്കിലും അവനെ വിട്ടു പിരിഞ്ഞ ദുഃഖമൊന്നും ഞാൻ അവളിൽ കണ്ടതുമില്ല. സുമേഷ് അല്ല അവളുടെ ഒളിച്ചോട്ടത്തിനു പുറകിൽ എന്ന് എനിക്ക് മനസ്സിലായി. അനന്യയുടെ പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല എന്നും എനിക്ക് ബോധ്യമായി. അതിൽത്തന്നെ പിടിക്കുവാൻ ഞാനും തീരുമാനിച്ചു.

അനന്യയുടെ ഒളിച്ചോട്ടം മറ്റുള്ളവർ കരുതുന്നത് പോലെ അത്ര നിസ്സാരമായി കാണുവാൻ എനിക്ക് കഴിയുകയില്ലെന്നും, അങ്ങനെയൊരു പെൺകുട്ടിയാണ് അനന്യയെന്നു ഞാൻ കരുതുന്നില്ലെന്നും ഞാനവളെ ധരിപ്പിച്ചു. കുറെയേറെ നേരത്തെ സംസാരത്തിനൊടുവിൽ അനന്യയെന്നോട് മനസ്സ് തുറന്നു. അതും അനന്യയുടെ പ്രശ്‌നം എന്തുതന്നെയായാലും ഞാൻ പരിഹരിച്ചിരിക്കും എന്ന ഉറപ്പിൽ.

അനന്യക്ക് ചില ആൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നുവത്രെ. അവൾ ചിലപ്പോഴെല്ലാം അവരോടൊത്തു ഫോട്ടോകൾ എടുക്കുമായിരുന്നു. അനന്യക്ക് അവരോടു സൗഹൃദമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കാലക്രമത്തിൽ അവർക്കു അവളോടുള്ള സൗഹൃദത്തിൽ മാറ്റമുണ്ടായി. അവളെ അവർ ലൈംഗീകമായി ചൂഷണം ചെയ്യുവാനുള്ള ശ്രമം ആരംഭിച്ചു. അവൾ അതിനു വഴങ്ങാതായപ്പോൾ, അവർ അവളുടെ ഫോട്ടോകൾ എഡിറ്റുചെയ്‌ത്‌, അതുവഴി അവളെ ഭീഷണിപ്പെടുത്തുവാൻ ശ്രമിച്ചു. അവരുടെ ഭീഷണി കൂടിവരികയും, ഇത് മറ്റാരോടും പറയുവാൻ സാധിക്കാതെയും വന്ന സാഹചര്യത്തിലാണ് അവൾ യാദൃശ്ചികമായി സുമേഷിനെ കണ്ടുമുട്ടുന്നത്. അവനോടു പ്രേമം നടിച്ചതും, ഒളിച്ചോടാൻ പ്രേരിപ്പിച്ചതും അവൾ തന്നെയായിരുന്നു. അവനു കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ഒരു പെൺകുട്ടിയുടെ പ്രലോഭനങ്ങളിൽ വീണുപോകുകയായിരുന്നു. അനന്യയേയും കൂട്ടി അവന്റെ വീട്ടിലേക്കു തന്നെയായിരുന്നു പോയത്. എന്തുചെയ്യണമെന്നറിയാത്ത വിഷമഘട്ടത്തിലാണ് പോലീസ് എത്തുന്നതും, അനന്യയെ കൂട്ടിക്കൊണ്ടു പോകുന്നതും. പ്രായപൂർത്തിയായവരെന്ന നിലക്കും, അനന്യയ്ക്കു പരാതിയില്ലാതിരുന്നതിനാലും പോലീസ് അനന്യയെ മാത്രം തിരിച്ചു കൊണ്ടുപോകുകയായിരുന്നു.

ഈ വിവരങ്ങളെല്ലാം പോലീസിൽ അറിയിക്കുവാനും, ഇനി അവരുടെ ഭീഷണിയുണ്ടാകാതെ നോക്കുവാൻ പോലീസിനാകുമെന്നും, ഞാനവൾക്ക് ഉറപ്പുനൽകി. ഇത്തരം പ്രശ്‌നങ്ങൾ പെൺകുട്ടികൾ പലരും നേരിടുന്നതാണെന്നും അതിനെ പ്രതിരോധിക്കുവാൻ നമ്മുടെ നിയമ വ്യവസ്ഥയും പോലീസും സുസജ്ജമാണെന്നും ഞാൻ അവളെയും മാതാപിതാക്കളെയും ബോധ്യമാക്കി. ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കുവാൻ വേണ്ട നിർദ്ദേശങ്ങളും നൽകിയാണ് ഞാൻ അവരെ യാത്രയാക്കിയത്.

പോലീസ് ഇക്കാര്യത്തിൽ കാര്യമായി ഇടപെട്ടെന്നും, അവരുടെ കൈവശമുണ്ടായിരുന്ന അവളുടെ ഫോട്ടോകളും മറ്റും നശിപ്പിച്ചെന്നും പിന്നീടറിയുവാൻ കഴിഞ്ഞു. എന്നിരിക്കിലും കടുത്ത നടപടികളുമായി മുന്നോട്ട് പോകുവാൻ അനന്യയുടെ മാതാപിതാക്കൾ തയ്യാറാകാതിരുന്നത് കേസ്സെടുക്കുന്നതിൽ പോലീസിന് തടസ്സമായി എന്നത് ഇത്തരം കുറ്റങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയും കൂട്ടുന്നു. ശക്‌തമായ നിലപാടുകൾ ഇത്തരം അവസരങ്ങളിൽ സ്വീകരിക്കുകയാണെങ്കിൽ, തെറ്റുകൾ ആവർത്തിക്കാനുള്ള സാധ്യതയും കുറയും എന്നതാണ് എന്റെ അഭിപ്രായം. അനന്യയുടെ മാതാപിതാക്കളുടെ സ്വഭാവരീതി തന്നെയാണ് പ്രശ്‌നങ്ങൾക്കുള്ള ഹേതുവും എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല.

അനന്യക്ക് അവളുടെ പ്രശ്‌നങ്ങൾ മാതാപിതാക്കളോടോ പോലീസിനോടോ പറയുവാൻ കഴിയാതിരുന്നതാണ് ഇതിലെ കാതലായ പ്രശ്‌നം. കുട്ടികളുടെ പ്രശ്‌നങ്ങൾ വേണ്ട വിധത്തിൽ മനസ്സിലാക്കേണ്ടതും, പരിഹരിക്കേണ്ടതും മാതാപിതാക്കളാണ്. എന്തും തുറന്നു പറയുവാനുള്ള സാഹചര്യം ഒരുക്കേണ്ടവരാണവർ. ഇത്തരം പ്രശ്‌നങ്ങൾ എന്തുതന്നെയായാലും തങ്ങളോട് പറയണമെന്നും, തങ്ങൾ അതിനു തക്കതായ പരിഹാരം ഉണ്ടാക്കും എന്നും കുട്ടികളെ ബോധവൽക്കരിക്കേണ്ടവരാണിക്കൂട്ടർ. ഇത്തരം കാര്യങ്ങൾ വെറുതെ പറയുന്നതുകൊണ്ട് മാത്രമായില്ല. കുട്ടികളിൽ ആ വിശ്വാസം ജനിപ്പിക്കുന്നത് പ്രവർത്തികളിലൂടെയാകണം.

കുട്ടികളോട് സംസാരിക്കുവാനും, അവരോടൊത്തു സമയം ചിലവഴിക്കുവാനും മാതാപിതാക്കൾ തയ്യാറാകേണ്ടതുണ്ട്. കുട്ടികളെ വീട്ടുകാര്യങ്ങളിലും പ്രശ്‌നങ്ങളിലും പങ്കാളികളാക്കുക, പ്രശ്‌നപരിഹാരങ്ങളിൽ അവരെയും പങ്കെടുപ്പിക്കുക, അവരുടെ അഭിപ്രായങ്ങൾക്കും വില കൽപ്പിക്കുക, തുടങ്ങി അവരെ മാതാപിതാക്കളിലേക്കു അടുപ്പിച്ചു നിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മാതാപിതാക്കൾ മുൻഗണന നൽകേണ്ടതുണ്ട്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

4 Comments
  1. John 3 years ago

    Good message to the parents. thanks,

  2. Sreeraj 3 years ago

    Very good, both the way you treated her as well as the message that you are trying to communicate. Thanks,

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account