ശ്രീമയി സൗമ്യ
എന്നോ ഒരിക്കൽ
എന്നോ ഒരു ദിനം
വെയിൽ കുതിച്ചെത്തി
മുടിയിഴകളിൽ, നിറുകയിലമർത്തി
ഇമകളടച്ചാനന്ദ നിർവൃതിയിലാറാടാൻ
പഠിപ്പിച്ചിരുന്നു…
പിന്നെയൊരിക്കൽ
മഴ കിതച്ചെത്തി
തുള്ളികളായി നനവ് പടർത്തി
ഉടുതുണികളെ, ഉടലിനെ
ആലിംഗനബദ്ധരാകാൻ
പഠിപ്പിച്ചിരുന്നു…
ഋതുക്കളൊഴിഞ്ഞു പോകെ
കണ്ണീരണിയാൻ കാത്തു നിൽക്കുന്ന
പച്ചിലത്തുണ്ടിനു മുകളിൽ
മുളങ്കാടിനും മീതെ
മേഘങ്ങൾ നഗ്നമായ കറുത്ത ഉടൽ
കാട്ടിത്തരവെ
അനുഭൂതികളുടെ റാണിയായ
വിഷാദം ഉയിർക്കൊണ്ടിരുന്നു…
പെയ്തൊഴിഞ്ഞ നീർക്കുടങ്ങൾ
തട്ടിത്തൂവി,
പാവാട തുമ്പിൽ രേഖകൾ
പടർത്തിയപ്പോൾ
ഉന്മാദിയായ പെണ്മനമുരുകി
ചെന്നിണം പുല്കിയിരുന്നു…
കവിത തുളുമ്പിയിരുന്നു…
എന്നോ ഒരിക്കലായിരുന്നുവത്
എന്നോ ഒരിക്കൽ!!!