മലയാളിയുടെ വേഗങ്ങളെ സ്വപ്നവൽക്കരിച്ചുകൊണ്ട് പ്രധാനമന്ത്രി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ കൊച്ചി മെട്രൊയ്ക്ക് തിരി തെളിച്ചു. കേരളത്തിന്റെ  വേഗതാചരിത്രത്തിൽ നിർണായകമായ മുഹൂർത്തം. നാലുവർഷമെന്ന മാന്ത്രികവേഗത്തിലാണ് മെട്രോ മലയാളിക്ക് സ്വന്തമായത്.

2012 സെപ്റ്റംബർ 13 ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് പദ്ധതിക്ക് തറക്കില്ലിടുമ്പോൾ മലയാളി ധരിച്ചത് എല്ലാ പദ്ധതികളുംപോലെ ഇതും പാതി വഴിയിൽ കിടക്കുമെന്നാണ്. എന്നാൽ അതിനിടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒരു അവതാരപുരുഷൻ വന്നെത്തി. അദ്ദേഹമാണ് ഇ. ശ്രീധരൻ എന്ന മെട്രൊ ശ്രീധരൻ. ഉദ്ഘാടനദിവസം തന്നെ അദ്ദേഹത്തെ  വിവാദത്തിലേക്ക് വലിച്ചിഴച്ച് അദ്ദേഹത്തോട് മലയാളി അനാദരവ് കാട്ടി.

2013-ലാണ് നിർമാണം തുടങ്ങിയത്. പാമ്പൻപാലവും കൊങ്കൺ റെയിൽവേയും ദൽഹി മെട്രോയും യാഥാർത്ഥ്യമായ ഇന്ത്യയിലെ മറ്റൊരു വികസനഗതാഗതസംരംഭം എന്ന നിലയിൽ ലോകം ഉറ്റുനോക്കി. മൂന്നു വർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാലുവർഷമെടുത്തു. എങ്കിലും മലയാളി അതിൽ ദുഖിക്കുകയില്ല. മുടങ്ങിപ്പോയ പദ്ധതികൾ പലതും കണ്ടവനാണീ മലയാളി.

മെട്രോയുടെ ചിറകിലേറുന്ന ഏഴാമത്തെ ഇന്ത്യൻ നഗരമായ കൊച്ചി ഇന്ന് ആത്മാഭിമാനം കൊള്ളൂന്നു. 1984-ൽ തുടങ്ങിയ രാജ്യത്തിന്റെ മെട്രോവൽക്കരണം ഇന്ന് കൊച്ചിയിലെത്തി ആദ്യമായി കേരളരൂപമാർജിച്ചു. കൊച്ചിക്കു മുൻപ് മെട്രോപദവിയിലെത്തിയ നഗരങ്ങൾ ചെന്നൈ, കൽക്കത്ത, മുംബൈ, ദൽഹി, ബംഗലുരു, ജയ്‌പൂർ എന്നിവയാണ്. എന്നാൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പദ്ധതി പൂർത്തിയാക്കിയെന്ന സൽപ്പേര് കൊച്ചിയ്ക്കാണ്. അത് യാഥാർത്ഥ്യമാക്കാൻ സഹായിച്ച ശ്രീധരൻ മലയാളിയുടെ മൊത്തം ബഹുമാനം നേടിയിരിക്കുന്നു. മഹത്തായ മലയാളിമാതൃകയെന്ന് വരുംകാലം കൊച്ചി മെട്രോയെ നോക്കി പറയുകതന്നെ ചെയ്യും.

ആലുവ മുതൽ പാലാരിവട്ടം വരെയാണ് ആദ്യകാലയാത്ര. പിന്നീട് നീട്ടും. നഗരമേലാപ്പിൽ ഉയർന്ന് നിൽക്കുന്ന കൂറ്റൻ തൂണുകൾക്ക് മേലേക്കൂടി നഗരക്കാഴ്ചകൂടിയൊരുക്കിക്കൊണ്ടാവും മെട്രോ പായുക. തിങ്കളാഴ്ച മുതൽ പത്ത് മിനിറ്റ് ഇടവിട്ടുള്ള സർവീസ് ആരംഭിക്കും. രാവിലെ ആറു മുതൽ രാത്രി പത്ത് വരെയാണ് ഓട്ടം. സെപ്റ്റംബറോടെ എംജി റോഡിലെ മഹാരാജാസ് സ്റ്റേഷൻ വരെയാക്കും.

ലോക്കോപൈലറ്റില്ലാതെ ഓടിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയിലാണ് കൊച്ചി മെട്രോ ഓടുകയെന്നത് ചരിത്രനേട്ടം. ഏറ്റവും വേഗത്തിലും ദൂരത്തിലും ആദ്യ ഘട്ടം പൂർത്തിയാക്കിയെന്നതും കണക്കു കൂട്ടിയതിനും കുറഞ്ഞ തുകയ്ക്ക് ഇതുവരെയുള്ള നിർമാണം നടത്താനായെന്നതും എടുത്തുപറയണം. ഭിന്നലിംഗക്കാർക്ക് തൊഴിൽ നൽകി ലോകം ശ്രദ്ധിച്ച ലിംഗസമത്വബോധത്തിനും മാതൃകയായ പദ്ധതിയാകുന്നു ഇത്. സമ്മർദങ്ങളേയും വിവാദങ്ങളേയും അവഗണിച്ച് ഡി.എം.ആർ. സി യുടെ പങ്കാളിത്തം കൊച്ചി മെട്രോയിൽ ഉമ്മൻചാണ്ടി സർക്കാർ ഉറപ്പിച്ചതോടെയാണ് ഇത് യാഥാർത്ഥ്യമാകുമെന്ന് ജനം വിശ്വാസത്തിലെടുത്തത്. വി.എസ്. അച്യുതാനന്ദൻ സർക്കാർ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി. സ്ഥലമെടുപ്പ് മുതൽ തൊഴിലാളിപ്രശ്നങ്ങൾ വരെ ഏറെ പ്രതിസന്ധികളുണ്ടായെങ്കിലും എല്ലാം മറികടക്കാൻ കഴിഞ്ഞു. നിർമാണ വേളയിൽ കൊച്ചിയിലെ ജനങ്ങൾ അനുഭവിച്ച ദുരിതം ചില്ലറയല്ല. 5181 .79 കോടിയാണ് നിർമാണച്ചെലവ്. ഓരോ ട്രെയിനിലും മൂന്ന് കോച്ചുകളാണ് ഉണ്ടായിരിക്കുക. ശരാശരി വേഗത മണിക്കൂറിൽ 90 കിമീ.

റോഡും പാലവും പുതുവികസനത്തിലേക്ക് കുതിക്കുന്നത് ഒരു നാടിന്റെ പരിപൂർണവികസനമല്ല. എന്നിരുന്നാലും റോഡും റെയിലും വികസിച്ച നാടുകളിൽ തന്നെയാണ് മറ്റ് സാമൂഹ്യസംബന്ധമായ വികാസങ്ങൾ നടന്നിട്ടുള്ളത് എന്നത് അനുഭവപാഠം. ഓരോ നാടിന്റേയും ചരിത്രങ്ങൾ മാറ്റിയെഴുതിയത് അതിവേഗതയിലുള്ള യാത്രകളായിരുന്നു. ബാവലിയിൽ നിന്ന് കേരളത്തിലേക്കുള്ള ചെറുപാലം നിർമിച്ചതാണ് ടിപ്പു സുൽത്താന് വയനാട്ടിലേക്കുള്ള പ്രവേശം എളുപ്പമാക്കിയത്. ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ സുഗമമായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഗതാഗതവികസനത്തിലൂടെയാണ്. ജപ്പാനും ചൈനയും മലേഷ്യയും ഗതാഗതത്തിന്റെ പുത്തൻ വികസനരാജ്യങ്ങൾ.

ലോകഗതാഗത ഭൂപടത്തിൽ ഇങ്ങനെ കേരളവും അടയാളപ്പെടാൻ പോകുന്ന അവസരത്തിൽ ഇ ശ്രീധരനെ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് ആദ്യം വിവാദമായി. അത് ഉദ്ഘാടനവാർത്തയുടെ മോടിയെ ബാധിച്ചു. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമായിരുന്നു അത്. ആരാണ് ശ്രീധരനെ വിളിക്കേണ്ടിയിരുന്നത്? സംസ്ഥാനസർക്കാർ ആദ്യം നൽകിയ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും വിവാദമായ ശേഷമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും പറയുന്നു. മെട്രോ ശ്രീധരനെ പങ്കെടുപ്പിക്കേണ്ടത് മലയാളികളുടെ ആവശ്യമാണെന്ന് മനസ്സിലാക്കി സംസ്ഥാന സർക്കാർ ആദ്യമേതന്നെ അതിലിടപെടേണ്ടതായിരുന്നു എന്നാണ് സമകാലികന്റെ അഭിപ്രായം. ഏതായാലും മെട്രൊ രണ്ടാം ഘട്ടം ഉദ്ഘാടനത്തിന് താനുണ്ടാവില്ലെന്ന് ഇ. ശ്രീധരൻ വിനയപുരസ്സരം പറഞ്ഞുകഴിഞ്ഞു. അതാണ് അന്തസ്സാർന്ന തീരുമാനം. കുടിലരാഷ്ട്രീയത്തിന്റെ പൊത്തും പിടിയിലും അഭിരമിക്കുന്നവർക്കുള്ള ചുട്ട ചാട്ടവാറടിയാണ് ഇനി വരുന്നില്ല എന്ന അറിയിപ്പ്. അത് അറിവുള്ളവർ മനസ്സിലാക്കട്ടെ.. എന്ന് സ്വന്തം ഇ. ശ്രീധരൻ എന്നെഴുതി ഒപ്പിട്ട് തന്നിരിക്കുകയാണ് മലയാളികൾക്ക് മെട്രൊ.

ലോകത്തെങ്ങും വൃത്തിയുടെ പര്യായംകൂടിയാണ് മെട്രൊയെന്ന സത്യം മലയാളി മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് കരുതാം. ആട്ടെ, മെട്രോ കുതിക്കാൻ തുടങ്ങി. ഏവർക്കും യാത്രാശംസകൾ.

(@Jwalanam: സമകാലികൻ – സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളിൽ തൽപരൻ. സമകാലികന്റെ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാൻ മറക്കരുത്.

സമകാലികന് ജ്വലനത്തിലേക്ക്‌ സ്വാഗതം).

 

2 Comments
  1. Haridasan 4 years ago

    ഈ വലിയ നേട്ടത്തിന്റെ പിന്നിൽ പ്രവർത്തിച്ച മെട്രോ ശ്രീദ്ധരൻ എന്ന ഇ. ശ്രീധരന് പ്രണാമം. നമ്മുടെ കേരളത്തിന്റെ രാഷ്ട്രീയ സ്ഥിതി വച്ച് നോക്കുമ്പോൾ നടക്കാൻ തീരെ സാധ്യതയില്ലാത്ത ഈ ഒരു മഹത് പദ്ധതി, സമയ ബന്ധിതമായി, ധൈര്യപൂർവം പൂർത്തീകരിച്ചിരിക്കുന്നു. ഇത് തീർച്ചയായും നമുക്ക് ഒരു മാതൃക തന്നെയാണ്.

    സമകാലികന്റെ വിവരണം മനോഹരമായിരിക്കുന്നു. നന്ദി..

  2. Babu Raj 4 years ago

    വളരെ കൃത്യതയും വ്യക്തവുമായ വിവരണം. ആശംസകൾ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account