പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ശരീരത്തിലെ രണ്ടടയാളങ്ങൾ, തനതുസത്തായ രണ്ടു വിശേഷങ്ങൾ കണ്ടെത്തണമെന്നത് ഒരാവശ്യമായത്. സ്റ്റാഫ് റൂമിൽ വെച്ചാണ് ഞങ്ങളുടെ പ്രിയങ്കരിയായ മേരി ടീച്ചർ എന്നോട് രണ്ടടയാളങ്ങൾ ചോദിക്കുന്നത്, എസ് എസ് എൽ സി ബുക്കിൽ ചേർക്കാനായിട്ട്… ഞാൻ ഒന്ന് പകച്ചുപോയി… ടീച്ചറുടെ അടുത്ത സുഹൃത്താണ് അമ്മ. അമ്മയും അടുത്തിരിപ്പുണ്ട്. അമ്മ രക്ഷക്കെത്തി… “അവന് വലത്തേക്കയ്യിലെ ചെറുവിരലിൽ ഒരു കാക്കാപ്പുള്ളിയുണ്ട്..”. ഞാൻ വലത്തേക്കയ്യിലെ ചെരുവിരലിലെ  കാക്കാപ്പുള്ളി ടീച്ചർക്ക് കാണാൻ പാകത്തിന് പിടിച്ചു കൊടുത്തു. ടീച്ചർ എഴുതി … “A black mole on the little finger of the right hand”. അടുത്തതോ ..?  “ഇതെഴുതിയാലോ ശാന്തടീച്ചറെ… ?”. എൻ്റെ  നെറ്റിയിലേക്കു ചൂണ്ടി ടീച്ചർ അമ്മയോടു ചോദിച്ചു. അമ്മ പറഞ്ഞു .. “ആ… അതു മതി മേരി..” ടീച്ചർ അടുത്തതായി എഴുതി .. “ A wound scar just above the left eyebrow”.

എൻ്റെ ഒന്നാം തിരുമുറിവ്… അല്ലാ… മുറിവിൻ്റെ പാട്… അലിക്കുഞ്ഞിനെ ഓർക്കാതെ വയ്യ… അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം… കൃത്യമായി പറഞ്ഞാൽ അഞ്ച്‌ സിയിൽ… അഞ്ചാം ക്‌ളാസുകൾ സ്‌കൂൾ ഗ്രൗണ്ടിന്റെ തെക്കുവശത്താണ്. മറ്റുകെട്ടിടങ്ങളിൽ നിന്നകന്ന്. കൊടുങ്ങല്ലൂർ ബോയ്‌സ് ഹൈസ്‌കൂളിൻറെ തിലകക്കുറിയായി ഗ്രൗണ്ടിന്റെ തെക്കേ അറ്റത്ത്  നിരന്നു നിന്നിരുന്ന മൂന്നു മട്ടിമരങ്ങളുടെയും തെക്കുഭാഗത്തായി… സ്‌കൂളിന്റെ തെക്കേയറ്റത്ത്… ഗ്രൗണ്ടിന്റെ വടക്കുപടിഞ്ഞാറേ ഭാഗത്തുള്ള രണ്ടുനില കെട്ടിടമാണ് ഏറ്റവും അടുത്തത്… അതിലാണ് ആറാം ക്ലാസുകൾ…

സ്‌നേഹസ്വരൂപിണിയായിരുന്ന ലീലടീച്ചറാണ് ക്ലാസ് ടീച്ചർ. ഒരു ദിവസം രാവിലത്തെ ഇന്റർവെൽ സമയം. ഇന്റർവെല്ലിന് സ്‌കൂളിന് പുറത്തുപോകണമെങ്കിൽ അഞ്ചാം ക്ലാസ്സുകാർക്കു ഗ്രൗണ്ട് മുറിച്ചു കടക്കണം. എന്തിനാ പുറത്തു പോകുന്നത് എന്ന് ചോദിച്ചാൽ അബ്‌ദുക്കയുടെ നാരങ്ങാവെള്ളമോ, മേനോന്റെ കടയിൽ നിന്ന് ഐസ് ഫ്രൂട്ടോ, പത്‌മനാഭൻ മുതലാളിയുടെ പരിപ്പ് വറുത്തതോ വേണമെങ്കിൽ പുറത്തു പോയെ പറ്റൂ.

ഇന്റെർവെൽ സമയത്ത് ഗ്രൗണ്ട് കുട്ടികളെക്കൊണ്ട് നിറയും.. പല ഗ്രൂപ്പുകളായി പല കളികളും കളിക്കുന്നവർ… ഞാനന്ന് ക്ലാസ് ലീഡറാണ്.. നാലു വര കോപ്പി സ്റ്റാഫ് റൂമിൽ കൊണ്ടു വെക്കുന്ന ഉത്തരവാദിത്വം നിറവേറ്റാൻ കോപ്പിപ്പുസ്‌തകങ്ങളും ആയാണ് ക്ലാസിനു പുറത്തിറങ്ങിയത്… പിന്നിൽനിന്ന് എന്നെയൊന്നു പതുക്കെ തള്ളി, ഓടിപ്പിടിക്കാൻ വെല്ലുവിളിച്ചുകൊണ്ട്  ചിരിച്ചു മറിഞ്ഞു ഓടുകയാണ് ഉറ്റചങ്ങായി അലിക്കുഞ്ഞ്. രൂപം കൊണ്ടും പേരിനെ അന്വർത്ഥമാക്കുന്ന ക്ലാസ്സിലെ ഏറ്റവും ചെറിയകുട്ടി.  ക്ലാസ്സിൽ മുണ്ടുടുത്തു വരുന്ന ഒരേ ഒരു കുട്ടി. ചിരിച്ചുകൊണ്ട് ഓടുന്ന അലിക്കുഞ്ഞിനു പുറകെ ഒരു കയ്യിൽ കോപ്പിപ്പുസ്‌തകങ്ങളുമായി ഞാനും ഓടി. മുണ്ടുതടഞ്ഞു വീഴാൻ പോയ അലിക്കുഞ്ഞിനെ കോളറിൽ പിടിച്ചു ഞാൻ പൊക്കാൻ ശ്രമിക്കുന്നതേ ഓർമ്മയുള്ളൂ … തലയിൽ എന്തോ വന്നാഞ്ഞടിച്ചു. ഇടിയുടെ ആഘാതത്തിൽ ഞാൻ തെറിച്ചുപോയി. കയ്യിലെ കോപ്പിപ്പുസ്‌തകങ്ങൾ ഗ്രൗണ്ടിൽ ചിതറിത്തെറിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ച ഞാൻ പിന്നെയും വീണു…

ഓർമ്മ വന്നപ്പോൾ ആറാം ക്ലാസ്സിലെ വരാന്തയിൽ കിടക്കുന്നു… ആരൊക്കെയോ കൂടി പൊക്കി അവിടെക്കൊണ്ടു കിടത്തി ഇതിനിടക്ക്..  വിവരം അറിഞ്ഞ്  അമ്മ ഓടിയെത്തി. ഞാൻ എഴുന്നേറ്റു നിന്നു. വെളിച്ചപ്പാട് നിൽക്കുന്ന പോലെ നിണമണിഞ്ഞു നിൽക്കുകയാണ് ഞാൻ. വിമ്മിക്കരഞ്ഞുകൊണ്ട്   കൂടെ അലിക്കുഞ്ഞും.  അമ്മ പേടിച്ചു നിലവിളിയായി. അടുത്ത് ആറാം ക്ലാസ്സിലെ വേറൊരു കുട്ടിയും മുഖത്തു ചോരയൊലിച്ചു നിൽക്കുന്നുണ്ട്. ആരോ ഓടിച്ചിട്ട് കോണിയിറങ്ങി  അതിവേഗത്തിൽ ഓടി വന്ന ആ കുട്ടിയുടെ തലയുമായി എൻ്റെ തല കൂട്ടിയിടിച്ചതാണ് സംഭവം.

രണ്ടു പേരെയും കൊണ്ട് അമ്മയും, ലീല ടീച്ചറും മാഷമ്മാർ  ആരൊക്കെയോ കൂടി നേരെ ഡോക്‌ടർ മുകുന്ദമേനോൻ്റെ ആശുപത്രിയിലേക്കോടി… സ്‌കൂളിന്റെ നേരെ പിറകിലുള്ള പടിഞ്ഞാറേ റോഡിലാണ് ആശുപത്രി. ഡോക്‌ടർ ഞങ്ങളുടെ  അയൽവാസിയുമാണ്. ഞങ്ങളുടെ വീടിന്റെ നേരെ വടക്കേവീട്. എന്തസുഖം വന്നാലും ആദ്യം ഓടുക അദ്ദേഹത്തിന്റെ അടുത്തേക്കാണ്. ശാന്തശീലനായ അദ്ദേഹത്തെ കാണുമ്പോൾ തന്നെ പകുതി അസുഖം മാറും. അഞ്ചോ ആറോ സ്റ്റിച്ച്‌ ഇട്ടുകാണും ഡോക്‌ടർ അന്ന്. തലയിൽ വലിയൊരു കെട്ടും സമ്മാനമായി കിട്ടി.

ആ വെള്ളിയാഴ്‌ച ഉച്ചക്ക് ലഞ്ച് ഇന്റർവെൽ സമയത്ത് അമ്മ ഊണുകഴിക്കാൻ വീട്ടിൽ വന്നപ്പോൾ അലിക്കുഞ്ഞും കൂടെ വന്നു. എൻ്റെ കയ്യും പിടിച്ചവൻ പൊട്ടിക്കരഞ്ഞു. അവൻ കാരണമാണ് എനിക്കിത് പറ്റിയത് എന്ന കുറ്റബോധത്താൽ അവൻ്റെ കുഞ്ഞു മനസ്സ് വല്ലാതെ വിങ്ങിയിരുന്നു. അമ്മയും അമ്മുമ്മയും എല്ലാം അന്ന് അവനെ സാമാധാനിപ്പിച്ചു.. അതൊരു ഉറച്ച സുഹൃത്ബന്ധത്തിന്റെ തുടക്കമായിരുന്നു.

വെളുത്തു വിളറിയ മുഖവും, പുറത്തേക്കുന്തിയ വലിയനെറ്റിയും കോലൻ മുടിയുമുണ്ടായിരുന്ന അലിക്കുഞ്ഞ്… കൊടുങ്ങല്ലൂരിലെ ഏറെ പ്രസിദ്ധമായ ചേരമാൻ പള്ളിയുടെ ഭാഗമായുള്ള യത്തീംഖാനയിൽ നിന്നാണവൻ സ്‌കൂളിൽ വന്നുകൊണ്ടിരുന്നത്. ഏതാണ്ട് മൂന്നടിയിൽ താഴേ പൊക്കമുണ്ടായിരുന്ന  അലിക്കുഞ്ഞിന്റെ സ്ഥിരം വേഷം ചുക്കിച്ചുളിഞ്ഞ പിഞ്ഞിയ കോളറുള്ള ഇളം നീല നിറമുള്ള ഷർട്ടും, ഇടത്തോട്ടുടുത്ത, പാദങ്ങളിൽ നിന്ന് മൂന്ന് നാലിഞ്ച് മുകളിൽ നിൽക്കുന്ന, മുണ്ടുമായിരുന്നു. അനാഥാലയത്തിലെ യൂണിഫോം ആയിരുന്നു  അത്.

അച്ഛനും അമ്മയും ആരും ഇല്ലാത്ത അനാഥരായ കുട്ടികളാണ് അനാഥാലയത്തിൽ എന്ന് അതുവരെ ധരിച്ചുവെച്ചിരുന്ന എന്നെ, അനാഥന്റെ നിർവചനത്തിൽ ഉറ്റവരും ഉടയവരും ജീവിച്ചിരുപ്പുണ്ടെങ്കിലും ഒരു നേരത്തെ ഭക്ഷണം കഴിക്കാനും വിദ്യ അഭ്യസിക്കാനും കഴിയാത്തവരും ഉൾപ്പെടും എന്ന് മനസ്സിലാക്കിച്ചത് അലിക്കുഞ്ഞായിരുന്നു. നന്നായി പഠിക്കണമെന്നും, പഠിച്ചു വലുതായി നല്ല ജോലി നേടണമെന്നും ഒക്കെ അവൻ അന്ന് സ്വപ്‌നം കണ്ടിരുന്നു… അഴീക്കോടായിരുന്നു അലിക്കുഞ്ഞിന്റെ വീട്… കടലിൽ പോയി മീൻ പിടിച്ചു ഉപജീവനം നടത്തുന്ന ഒരു കുടുംബത്തിലെ അഞ്ചു മക്കളിൽ ഏറ്റവും ഇളയത്… രണ്ടു ഇത്തമാരും രണ്ടു ഇക്കമാരും…  ഉപ്പ   ഒരു  ഭാഗം തളർന്നു കിടപ്പാണ്. പതിനേഴു വയസ്സുള്ള മൂത്ത ഇക്കയും പതിനഞ്ചു വയസ്സുള്ള രണ്ടാമത്തെ ഇക്കയും കടലിൽ പോയി തുടങ്ങിയിട്ടുണ്ട്. അലിക്കുഞ്ഞിനെയെങ്കിലും പഠിപ്പിക്കണമെന്നത് ഉമ്മയുടെ ആഗ്രഹമാണ്.

വീട്ടിൽ വരുത്തിയിരുന്ന പൂമ്പാറ്റയും, ബാലയുഗവും, ബാലരമയും , അമ്പിളി അമ്മാമനും എന്ന് വേണ്ട, യുറേക്ക പോലും ഞാൻ അവനു വായിക്കാൻ കൊണ്ടുക്കൊടുക്കാറുണ്ട്. സ്‌കൂളിന്റെ ചരിത്രത്തിൽ ഏറ്റവും അധികം സമരങ്ങൾ കണ്ട കൊല്ലമായിരിന്നു അത്. മാസപ്പിടി ശങ്കു മണി അടിക്കാൻ വരുമ്പോൾ മണിക്ക് ചുറ്റും കൂടി നിന്ന് മണി അടിപ്പിക്കാതിരിക്കുക എന്നതായിരുന്നു പ്രധാന തന്ത്രം. ഗ്രൗണ്ടിനപ്പുറത്തുള്ള അഞ്ചാം ക്ലാസ്സുകളിൽ അദ്ധ്യാപകർ പഠിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ, ക്ലാസ് വിടുവിക്കുക എന്നൊരു സംഭവം കൂടി ഉണ്ട്.   അമീർ അലിയുടെ നേതൃത്വത്തിൽ സഖാക്കൾ ഉച്ചത്തിലുള്ള മുദ്രാ വാക്യങ്ങളുമായി ക്ലാസ്സിലേക്ക് ഇരച്ചു കയറി അദ്ധ്യാപകരോട്  ക്ലാസ്സിൽ നിന്നു പോകാനും, വിദ്യാർത്ഥികളോട് കൂടെച്ചേരാനും ആഹ്വാനം ചെയ്യും. കൈകൾ തെറുത്തു കയറ്റിയ ഷർട്ട് ഇട്ട്, സ്വതവെ കലങ്ങിയ കണ്ണുകളിൽ തീപ്പൊരിയുമായി ചിലിയിലെ പട്ടാളവിപ്ലവത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള അന്നൊരു ദിവസത്തെ സമരത്തിനെ ന്യായീകരിച്ചുകൊണ്ട്  ഘോര ഘോരം പ്രസംഗിക്കുന്ന അമീർ അലിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു.

സമരമുള്ള ദിവസങ്ങളിൽ പലതിലും സ്‌കൂൾ വിട്ടാൽ ഉടനെ വീട്ടിൽ പോകാതെ കഥകൾ വായിച്ചും പറഞ്ഞും ഞങ്ങൾ ക്ലാസ്സിലോ മട്ടിച്ചുവട്ടിലോ ഇരിക്കും. ചിലപ്പോൾ എന്തെങ്കിലും കളിക്കും. സ്റ്റാഫ് റൂമിൽ ചായ വരുന്ന സമയത്തു പോയാൽ അമ്മയെ മണിയടിച്ച് കടിയെന്തെങ്കിലും, പഴംപൊരിയോ പരിപ്പുവടയോ, അല്ലെങ്കിൽ ഇലയടയോ സംഘടിപ്പിച്ച് ഞാൻ തിരിച്ചുവരും, അലിക്കുഞ്ഞുമായി  പങ്കിടാൻ.

നമസ്‌കാരം അഥവാ നിസ്‌കാരം അഞ്ചു നേരമുണ്ടെന്നും അവ സുബ്‌ഹ്, ളുഹർ, അസർ, മഗ്‌രിബ്, ഇശാ എന്നിവയാണെന്നും, വലിയ പെരുന്നാളും, ചെറിയ പെരുന്നാളും എന്താണെന്നും, വിശുദ്ധ റംസാൻ മാസത്തെ നോയമ്പും, നോയമ്പെടുക്കുമ്പോൾ തുപ്പല് പോലും ഇറക്കാൻ പാടില്ല എന്നും ഒക്കെ എനിക്ക് പറഞ്ഞു തന്നത് അലിക്കുഞ്ഞാണ്.

ഞാനവന് അമ്മുമ്മ പറഞ്ഞു തന്ന ഭാഗവതത്തിലേയും, ഞാൻ തന്നെ വായിച്ച കമ്പരാമായണത്തിലെയും കഥകളും, സോവിയറ്റ് നാട്ടിലെ നാടോടി കഥകളും പറഞ്ഞു കൊടുത്തു. ശിൽപ്പി തിയേറ്ററിലേക്ക് ഞങ്ങളുടെ ക്ലാസ്സിൽനിന്ന് ഏതാനും അടികളുടെ ദൂരമേയുള്ളൂ. ശിൽപ്പിയിൽ മാറ്റിനി തുടങ്ങുന്നതിനു മുമ്പേ വെക്കുന്ന ആദ്യത്തെ പാട്ട് “കല്ലൂരിലും, കൊടുങ്ങല്ലൂരിലും, കുമാരനെല്ലൂരിലും വാഴും അമ്മേ…“ എന്നതാണ്… കൊടുങ്ങല്ലൂരമ്മയുടെ ഐതിഹ്യങ്ങളും… ചിലപ്പതികാരവും മറ്റും മറ്റും… അലിക്കുഞ്ഞ് വളരെ ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു.

ശിൽപ്പിക്കപ്പുറത്തെ അരാകുളത്തിൽ ഒരാൾ മരിച്ചു കിടക്കുന്ന കാര്യം ഒരു ദിവസം അറിയിച്ചത് അലിക്കുഞ്ഞാണ്. യത്തീംഖാനയിൽ നിന്ന് അവൻ അരാകുളം വഴിയാണ് സ്‌കൂളിൽ  വന്നിരുന്നത്. ഇൻറ്റർവെൽ സമയത്ത്  ഞങ്ങൾ അതു കാണുവാൻ പോകുകയും ചെയ്‌തു. ഒരു തോർത്തുടുത്തു കുളവാഴപ്പച്ചയുടെയും, ആമ്പലുകളുടെയും ഇടയിൽ കമിഴ്ന്നുകിടന്നിരുന്ന ആ മെലിഞ്ഞു വെളുത്ത ശരീരം ഓർമ്മയിൽ ഇപ്പോഴുമുണ്ട്. ഇസ്ലാമിൽ ആത്‌മഹത്യ ഹറാം ആണെന്നും, ഖുറാനിൽ അത് വിലക്കിയിട്ടുണ്ടെന്നും അലിക്കുഞ്ഞ് അന്നു പറഞ്ഞു.

അലിക്കുഞ്ഞിന്റെ കൂടെ ഒരിക്കൽ ഞാനും ചേരമാൻ പള്ളിയിൽ പോയിട്ടുണ്ട്… ആരോ ശ്രദ്ധിച്ചടുക്കിയതു പോലെ അടുത്തടുത്ത് കുത്തി വെച്ചിരുന്ന മീസാൻ കല്ലുകൾ അവനെനിക്കന്ന് കാണിച്ചു തന്നു. പണക്കാരനും പാവപ്പെട്ടവനും, പണ്ഡിതനും പാമരനും എന്നല്ല, യാതൊരു  വ്യത്യാസവും ആ കല്ലുകൾ തമ്മിലോ അവക്കടിയിൽ കുഴിച്ചിട്ടിട്ടുള്ള ശവശരീരങ്ങൾക്കോ ഇല്ല എന്ന സത്യം ഞാൻ മനസ്സിലാക്കി. മാലിക് ബിൻ ദിനാർ AD 629 ൽ പണിത ഭാരതത്തിലെ ആദ്യത്തെ പള്ളി പുതുക്കിപ്പണിയുന്നതിനു മുമ്പിലുള്ള രൂപത്തിലായിരുന്നു അന്ന്. പള്ളിക്കകത്തെ കെടാവിളക്കും ഞാനന്ന് അത്‌ഭുതത്തോടെ  കണ്ടു.

വേനൽ പരീക്ഷയടുത്ത സമയത്ത് ഉപ്പാക്ക് അസുഖം കൂടുതലാണെന്നും, യത്തീംഖാനയിലെ താമസം മതിയാക്കേണ്ടി വരുമെന്നും അലിക്കുഞ്ഞ് പറഞ്ഞിരുന്നു. ആ വേനലവധികഴിഞ്ഞു സ്‌കൂൾ തുറന്നപ്പോൾ ആറാം ക്ലാസ്സിൽ ഇരിക്കാൻ അലിക്കുഞ്ഞ് ഉണ്ടായിരുന്നില്ല. അവൻ അഴീക്കോട് ഏതെങ്കിലും സ്‌കൂളിൽ ചേർന്നോ എന്നോ, ഇക്കമാരുടെ കൂടെ മീൻപിടിക്കാൻ കടലിൽ പോയിത്തുടങ്ങിയോ എന്നോ ഒന്നും എനിക്കറിയില്ലായിരുന്നു…

അക്കാലത്തു തോളത്തു വെച്ച കാവുമായി “പോയ്.. പോയ്“ എന്നു കൂവി വിളിച്ചു മീൻ വിൽക്കാൻ നടന്നിരുന്ന വീരാനിക്കായുടെ കാവിൽ അലിക്കുഞ്ഞു പിടിച്ച മത്‌സ്യങ്ങൾ ഉണ്ടാവുമോ എന്ന് ഞാൻ ആലോചിക്കാറുണ്ട്….  എൻ്റെ  മുറിവൊരു തിരുമുറിവാക്കിയ  കൊച്ചുകൂട്ടുകാരാ… നീയിന്നെവിടെയാണ്….?

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account