ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഒന്‍പത്… മനുഷ്യരാശിയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട വര്‍ഷം. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍കുത്തിയത് ആ വര്‍ഷം ജൂലൈ ഇരുപതിനാണ്, ഇന്ത്യന്‍ സമയം അനുസരിച്ചാണെങ്കില്‍ ജൂലൈ ഇരുപത്തിയൊന്നിന് രാവിലെ ഏതാണ്ട് എട്ടര മണിയോടെ… അടുത്ത ദിവസം രാവിലെ ഉമ്മറപ്പടിയില്‍ ഇരുന്ന് മാതൃഭൂമി പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു മുത്തച്ഛന്‍. പിന്നില്‍ നിന്ന് വന്നു കഴുത്തില്‍ കൈ ചുറ്റിപ്പിടിച്ചു തൂങ്ങാന്‍ നോക്കിയ എന്നോട് പത്രത്തില്‍ ചൂണ്ടിക്കാണിച്ച് മുത്തച്ഛന്‍ പറഞ്ഞു … “ദേ നോക്ക് ഡാ… ആദ്യായിട്ടൊരാള് ചന്ദ്രനില് കാലുകുത്തി…” മുത്തച്ഛന്റെ വലത്തേ തോളത്ത് താടി വെച്ച് ഞാന്‍ എത്തിവലിഞ്ഞു നോക്കി. നീല്‍ ആംസ്‌ട്രോങ്ങ്‌ എന്ന അമേരിക്കക്കാരന്‍ ബഹിരാകാശ വസ്‌ത്രങ്ങള്‍ അണിഞ്ഞ് ചന്ദ്രനില്‍ നില്‍ക്കുന്ന ചിത്രം അത്‌ഭുതത്തോടെ ഞാനന്ന് കണ്ടു. മാനത്ത് ചന്ദ്രക്കലയായും, പൂര്‍ണ്ണചന്ദ്രനായും, ചിലപ്പോള്‍ തീരെ അപ്രത്യക്ഷനായും കളിച്ചിരുന്ന ചന്ദ്രന്‍ അന്നത്തെ ആ ഒന്നാം ക്ലാസ്സുകാരന് എന്നും ഒരു കൌതുകമായിരുന്നു.

അതിന് ഏതാണ്ട് ഒന്നരമാസം മുമ്പാണ്, കൃത്യമായിപ്പറഞ്ഞാല്‍ അക്കൊല്ലം ജൂണ്‍മാസം രണ്ടിനാണ് എന്‍റെ വിദ്യാലയ ജീവിതം തുടങ്ങിയത്. ജൂണ്‍ ഒന്ന് ഒരു ഞായറാഴ്‌ച ആയതുകൊണ്ട് ജൂണ്‍ രണ്ടിനാണ് ആ വര്‍ഷം മദ്ധ്യവേനലവധിക്കുശേഷം വിദ്യാലയങ്ങള്‍ തുറന്നത്. അമ്മ എന്നും രാവിലെ പോകുന്നത് “സ്‌കൂളില്‍” പഠിപ്പിക്കാനാണ് എന്നറിയാം. സ്‌കൂളില്‍ ചേര്‍ന്നാല്‍ എപ്പോഴും അമ്മയുടെ കൂടെ ഇരിക്കാം എന്നെല്ലാം ഉള്ളില്‍ ആലോചിച്ച് സന്തോഷം.

ആ മേയ് മാസം തയ്യാറെടുപ്പുകളുടെ മാസമായിരുന്നു. അമ്മയുടെ കൂടെപ്പോയി സ്‌കൂളില്‍ ചേര്‍ന്നു. ശീമക്കൊന്നകള്‍ നിരത്തി പത്തലിട്ട വേലിക്കെട്ടിനകത്ത്, പുളിവാകയുടെ തണലിലൂടെ, അമ്മയുടെ വലതുകയ്യിലെ ചൂണ്ടുവിരലില്‍ തൂങ്ങി നടന്ന് ഞാന്‍ ആദ്യമായി എന്‍റെ വിദ്യാലയത്തിന്റെ പടികള്‍ കയറി. ഹെഡ്‌മാഷുടെ മുറിയിലായിരുന്നു സ്‌കൂളില്‍ ചേരല്‍ ചടങ്ങ്‌. ഗാന്ധിജിയുടെ വലിയ പടം ചില്ലിട്ടു വെച്ചിരുന്ന വലിയ ഒരു മുറി. ചുമരിനോടുചേര്‍ന്ന് നിരന്നിരിക്കുന്ന ചില്ലലമാരകള്‍ നിറയെ പുസ്‌തകങ്ങള്‍. മുറിയുടെ നടുവിലായി വലിയ വലിയ പുസ്‌തകങ്ങളും, ഒരു വലിയ റൂളറും, മഷിക്കുപ്പിയും എല്ലാം ഉള്ള മരത്തിന്‍റെ വലിയ ഒരു മേശ. മേശക്ക് പിന്നിലെ മരക്കസേര…. കുഞ്ഞമ്മദ് മാഷുടെ ഇരിപ്പിടം. ഇതാണ് മുറിയുടെ രത്‌നച്ചുരുക്കം. ഹെഡ്‌മാഷുടെ മുറിക്ക് പടിഞ്ഞാറെ മുറിയെന്ന് ഞങ്ങള്‍ വിളിച്ചിരുന്ന, നിറയെ പുസ്‌തകങ്ങള്‍ സൂക്ഷിച്ചിരുന്ന വീട്ടിലെ ഔട്ട്ഹൌസിന്‍റെ മണമായിരുന്നു. അച്ഛന്റെ വീട്ടിലുണ്ടായിരുന്ന ഗാന്ധിജിയുടെ പടം പിന്നെയും വലുതാക്കിയതാണ് ഹെഡ്‌മാഷുടെ മുറിയില്‍… ഞാനത് അമ്മയോട് സൂചിപ്പിക്കുകയും ചെയ്‌തു. അപേക്ഷ പൂരിപ്പിക്കുന്നതിനിടയില്‍ ശല്യം ചെയ്യല്ലേ എന്ന മട്ടില്‍ തുറിപ്പിച്ചു നോക്കി… മാഷ് കാണാതെ തുടയില്‍ ഒരു പിച്ചും വെച്ചു തന്നു. ഏതോ പേപ്പറില്‍ നോക്കിയിരുന്ന മാഷ് കണ്ണടക്കു മുകളിലൂടെ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു… “നന്നായി പഠിക്കണം, ട്ടോ…”. അമ്മയുടെ പിച്ചിന്‍റെ വേദന സഹിച്ച് ഞാന്‍ തലയാട്ടി.

സ്‌കൂളില്‍ പോകുന്നത് പ്രമാണിച്ച് എനിക്ക് പുതിയ ഷര്‍ട്ടുകളും, ട്രൌസറുകളും തയ്പ്പിച്ചു. പുതിയ ഷര്‍ട്ടുകളില്‍ ചിലത് റെഡിമേഡുകളും. റെഡിമേഡുകള്‍ വാങ്ങിച്ചത് ഇരിഞ്ഞാലക്കുടയില്‍ നിന്നായിരുന്നു. അളവ് കൊണ്ടുപോയി അച്ഛന്‍ തന്നെയാണ് വാങ്ങിക്കൊണ്ട് വന്നത്. റെഡിമേഡ് വളരെ കൂടിയ എന്തോ സംഭവം ആണ് എന്ന് തോന്നിക്കുന്ന മട്ടിലായിരുന്നു അച്ഛന്റെ അന്നത്തെ സംസാരം… “ഡാ… ദേ… ജോറായിട്ടിണ്ട്… കണ്ടോ… റെഡിമേഡ്..”. അച്ഛച്ചനുമായി സൊറപറയാന്‍ വന്നിരുന്ന ഓ കെ മേനോനും, അച്ചുത മേനോനും അത് ശരിവെച്ചു. കണ്ണടക്ക്‌ മീതെക്കൂടെ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട്‌ അച്ഛച്ചനും തലയാട്ടി. ചെരുപ്പും കുടയും വാങ്ങിച്ചത് ഇരിഞ്ഞാലക്കുടയില്‍ തന്നെ അന്നത്തെ ബസ്‌ സ്റ്റാന്റ് ബില്‍ഡിംഗില്‍ പുറത്തു വളവിലായി ഉണ്ടായിരുന്ന കടയില്‍ നിന്നാണ്. കാലില്‍ സ്‌ട്രാപ്പ് ചുറ്റി ബക്കിളിട്ട് ഭദ്രമായി വെക്കാവുന്ന ഇളംനീലനിറത്തിലുള്ള പുതിയ ബാറ്റ സാന്‍ടക് ചെരുപ്പ്… മഞ്ഞ, നീല, പച്ച, ചുവപ്പ് വര്‍ണ്ണങ്ങളുള്ള ശീലയോടു കൂടിയ, കടഞ്ഞ മരപ്പിടിയും, മരത്തിന്റെ തന്നെ വടിയും ഉള്ള പട്ടുകുട എന്ന് അന്നറിയപ്പെട്ടിരുന്ന കൊച്ചു കുട. പള്ളിവേട്ട ആൽത്തറക്കടുത്തുള്ള പ്രകാശം പ്രസ്സില്‍ നിന്ന് ഒന്നാം ക്ലാസ്സിലേക്കുള്ള ഒന്നാം പാഠാവലി, മരത്തിന്റെ ചട്ടക്കൂടുള്ള പുതിയ സ്‌ലേറ്റ്, അറക്കപ്പൊടിയിട്ട ഒരു മരപ്പെട്ടിയില്‍ നിറച്ച സ്‌ലേറ്റ് പെന്‍സിലുകള്‍ എന്നിവ. തൊട്ടപ്പുറത്തെ അച്ചുപ്പിള്ളയുടെ കടയില്‍ നിന്ന് ഇതെല്ലാം ഇടാനായി രണ്ടു ക്ലിപ്പുള്ള ഒരു ബാഗ്‌. തോളത്ത് തൂക്കി ഇടുന്ന റോസു നിറത്തില്‍, വട്ടത്തിലുള്ള ഒരു വാട്ടര്‍ ബോട്ടില്‍. അടപ്പില്‍ തന്നെ സ്‌ട്രാ ഉള്ള തരം കേട്ടോ. കുപ്പിയുടെ അടപ്പ് തുറക്കാതെ തന്നെ സ്‌ട്രായുടെ അടപ്പ്തുറന്ന് വെള്ളം വലിച്ചുകുടിക്കാം.

അതിനുമുമ്പുതന്നെ മൂന്നു വയസ്സു കഴിഞ്ഞു വന്ന വിദ്യാരംഭത്തിന് തിരുവുള്ളക്കാവില്‍ പോയി എന്നെ എഴുത്തിനിരുത്തിയിരുന്നു. കെ ജി ക്ലാസുകള്‍ ഒന്നും അന്ന് പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. ഇരിഞ്ഞാലക്കുടയില്‍ പോകുമ്പോള്‍ തെക്കേക്കരയില്‍ കാക്കാത്തുരുത്തി റോഡില്‍ കാദറിന്റെ പീടികയുടെ മുകളില്‍ ഉള്ള ഒരു നഴ്‌സറിയില്‍ ഇടയ്ക്കു പോകാറുണ്ട്…. അത്രമാത്രം…. അവിടെ കളികള്‍ മാത്രമാണ് അന്ന്, പഠിത്തമൊന്നുമില്ല. സ്‌കൂളില്‍ പോകുന്നതിനു മുമ്പുള്ള പഠിത്തം എന്‍റെ ഓര്‍മ്മയില്‍ പടിഞ്ഞാറേ മുറിയില്‍ വെച്ചുള്ള അമ്മയുടെ വക പഠിപ്പിക്കല്‍ ആണ്. കുറച്ചുകാലം സതി ടീച്ചര്‍ വന്ന് എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. പില്‍ക്കാലത്ത് എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആയി മാറിയ വിനോദിന്‍റെ ചെറിയമ്മ ആണ് സതി ടീച്ചര്‍.

സ്‌കൂളില്‍ പോകുന്നതിനു മുമ്പ് തന്നെ പുതിയ പട്ടുകുട തുറക്കാനും, ചുരുക്കാനും, പുതിയ സാന്‍ടക്ക് ചെരുപ്പ് സ്വന്തമായ് ഇടാനും എന്നു മാത്രമല്ല, ഒന്നാം പാഠാവലി ഭംഗിയായി പൊതിഞ്ഞ് അതില്‍ പേരും ക്ലാസ്സും എഴുതിത്തന്നത് അമ്മയാണ്… സ്‌ലേറ്റ്, പുസ്‌തകം മുതലായവ ബാഗില്‍ ഭംഗിയായി അടുക്കി വെക്കാനും, ബാഗ്‌ തോളത്തിട്ട് നടക്കാനും എല്ലാം പഠിച്ചു. പുതിയ സ്‌ലേറ്റ് മുത്തച്ഛന്‍ ഒന്നുകൂടി കരിയിട്ട്‌ കറപ്പിച്ചു തന്നു. ബാഗും, വാട്ടര്‍ ബോട്ടിലും തോളത്തിട്ട്, കാലില്‍ പുതിയ ചെരിപ്പും, കയ്യില്‍ കുടയുമായി നടക്കാനും പരിശീലിച്ചു. മുറ്റത്ത്‌ തെക്കോട്ടും, വടക്കോട്ടും നടന്നാണ് പരിശീലനം. മറ്റുള്ളവര്‍ അതു നോക്കിനിന്ന് ചിരിക്കാനും.

ഇടവപ്പാതിയെങ്കിലും മഴ മാറിനിന്ന ഒരു ദിവസം ആയിരുന്നു സ്‌കൂള്‍ തുറന്ന ജൂണ്‍ രണ്ട് തിങ്കളാഴ്‌ച. അമ്മയുടെ കൂടെ സ്‌കൂളിലെത്തി. തങ്കമണി ടീച്ചറുടെ ക്ലാസ്സാണ്….. 1ഡി. ടീച്ചര്‍ ക്ലാസ്സിന്‍റെ വാതിക്കല്‍ത്തന്നെ ഉണ്ടായിരുന്നു. പ്രതീക്ഷക്ക് കടകവിരുദ്ധമായി അമ്മ എന്നെ ക്ലാസ്സില്‍ വിട്ട് പോകാനുള്ള ഒരുക്കത്തില്‍ ആണെന്ന് കണ്ടപ്പോള്‍ അമ്മയുടെ കൈപിടിച്ച് ഒന്ന് വിതുംഭിയത് ഓര്‍ക്കുന്നു. അമ്മ ആശ്വസിപ്പിച്ചു…. അമ്മയുടെ സ്‌കൂള്‍ തൊട്ടപ്പുറത്ത് കാണുന്നതാണ്, വലിയ കുട്ടികളുടെ സ്‌കൂള്‍… അമ്മയ്ക്ക് അവിടേക്ക് പോകണം. അക്കൊല്ലം നാലിലേക്ക് ആയ ഏറ്റവും ഇളയ അമ്മാവന്‍ രാജമ്മാന്‍ തൊട്ടടുത്ത കെട്ടിടത്തില്‍ തന്നെയുണ്ട്‌. രവിമ്മാനും ഒരു കടയുടെ വരാന്തയില്‍ നില്‍ക്കുന്നത് വരുന്ന വഴി ഞാന്‍ കണ്ടിരുന്നു. എന്‍റെ സ്‌കൂളില്‍ പോക്ക് കാണാന്‍ ഉള്ള നില്‍പ്പാണ്. ഒബ്‌സെർവരുടെ ഡ്യൂട്ടി അന്ന് രവിമ്മാനാണ്. നിറയെ മാസികകള്‍ തൂക്കിയിട്ട ആ കട രവിമ്മാന്റെ അന്നൊക്കെ സ്വന്തം കട പോലെ തന്നെ എന്ന് പിന്നീടറിഞ്ഞു. എനിക്കും പില്‍ക്കാലത്ത് വളരെ പ്രിയപ്പെട്ടതായി മാറി കടുകിന്റെ കട എന്നറിയപ്പെട്ടിരുന്ന ആ കട. സതി ടീച്ചറും വിനോദിനെയും കൊണ്ട് വന്നിരുന്നു. പുതിയ കൂട്ടുകാരനായി. ചുറ്റും ആര്‍ത്തു കരയുന്ന കുട്ടികള്‍… അമ്മയുടെ ചൂണ്ടു വിരല്‍ മുറുക്കി പിടിച്ച് ഞാനും ഒന്ന് വിതുമ്പി… “മിടുക്കനായി ക്ലാസ്സില്‍ കയറി ഇരിക്ക്..”, ഒരു ദാക്ഷിണ്യവും ഇല്ലാതെ എന്‍റെ കയ്യും വിടിവിച്ചു അമ്മ നടന്നു…

നന്നാല് ക്ലാസ്സുമുറികളുള്ള നാലു കെട്ടിടങ്ങളാണ് അന്ന് ഞങ്ങളുടെ സ്‌കൂള്‍, എല്‍ പി എസ് ബി എച്ച് എസ് കൊടുങ്ങല്ലൂര്‍. ചില ക്ലാസ്സുകള്‍ വലിയ സ്‌കൂളിന്റെ ഗ്രൌണ്ടിന്റെ തെക്കു ഭാഗത്തുള്ള കെട്ടിടങ്ങളില്‍ ഒന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. മേല്‍പ്പറഞ്ഞ നാലു കെട്ടിടങ്ങള്‍ രണ്ടെണ്ണം മുമ്പിലും, മറ്റു രണ്ടെണ്ണവും നേരെ പിന്നിലും ആയി ആണ്. എല്ലാം പടിഞ്ഞാറോട്ട് ദര്‍ശനം. മുമ്പിലുള്ള രണ്ടുകെട്ടിടങ്ങളില്‍ വടക്കേ കെട്ടിടത്തിലാണ് ഹെഡ്‌മാഷുടെ മുറിയും, സ്റ്റാഫ്‌ റൂമും മറ്റും. തെക്കേ കെട്ടിടത്തിലായിരുന്നു എന്‍റെ ഒന്നാം ക്ലാസ്സ്‌…. നാലു ക്ലാസ്സുകളില്‍ ഏറ്റവും വടക്കേ അറ്റത്തേത്. നാലു ക്ലാസ്സുകളും തമ്മില്‍ ഇടയില്‍ മറവുകള്‍ ഒന്നുമില്ല. തെക്കേ അറ്റത്തുള്ള 1എ കുറച്ചു പൊക്കത്തില്‍ ആണ്… അതുകൊണ്ട് ഞങ്ങള്‍ അതിനെ പൊക്കത്തില്‍ ക്ലാസ്സ് എന്നാണ് പറഞ്ഞിരുന്നത്. സ്‌കൂളിലെ പൊതുപരിപാടികളുടെ സ്റ്റേജ് ആയി ഉപയോഗിക്കുക ആ ക്ലാസ്സ്‌ ആണ്. ഞാന്‍ ഒന്നില്‍ പഠിക്കുമ്പോള്‍ പൊക്കത്തെ ക്ലാസ്സില്‍ ലീല ടീച്ചറായിരുന്നു. തൊട്ടു താഴെ 1ബി… ക്ലാസ്സ്‌ ടീച്ചര്‍ യമുന മേന്ടം. പിന്നെ ലില്ലി ടീച്ചറുടെ 1സി… ഏറ്റവും അറ്റത്ത്‌ ഞങ്ങളുടെ 1ഡി.. തങ്കമണി ടീച്ചര്‍ ആണ് ക്ലാസ്സ്‌ ടീച്ചര്‍. ഞങ്ങളുടെ ക്ലാസ്സിന്‍റെ നേരെ പിറകിലാണ്, അതായത് കിഴക്കേ വരാന്തയുടെ വടക്കേ അറ്റത്തായാണ് ഉച്ചഭക്ഷണത്തിനായുള്ള ഉപ്പുമാവ് ഉണ്ടാക്കുന്നത്. അടുപ്പിന്റെ വടക്കും തെക്കും ഭാഗത്ത് തട്ടിക വച്ച് മറിച്ചാണ് ഉപ്പുമാവിനുള്ള അടുക്കള സംവിധാനം. ഞങ്ങളുടെ ക്ലാസ്സിലെ നല്ലൊരു ശതമാനം കുട്ടികളും അന്ന് ഉപ്പുമാവ് കഴിക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. കഴിച്ചുനോക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരിക്കല്‍പോലും അതിനുള്ള അവസരം ഉണ്ടായിട്ടില്ല.

വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് അധിക ദൂരമില്ല… ഏതാണ്ട് പത്തു മിനിറ്റ് നടക്കാനുള്ള ദൂരം. രാവിലെ ഏതാണ്ട് ഒൻപതേകാലോടെ വീട്ടില്‍ നിന്നിറങ്ങണം. പ്രാതല്‍ എപ്പോള്‍ കഴിച്ചാലും ശരി…. വീട്ടില്‍ നിന്നിറങ്ങുന്നതിനു മുമ്പ് കുറച്ചു ചോറുണ്ണണം… മിക്കപ്പോഴും വാര്‍ത്ത‍ ഉടനെയായിരിക്കും… ആവി പാറുന്ന ചോറും എന്തെങ്കിലും കൂട്ടാനും… സാമ്പാറോ, പുളിങ്കറിയോ, മൊളോഷ്യമോ എന്തെങ്കിലും ആവാം… വാട്ടര്‍ ബോട്ടിലില്‍ നിറയെ ചുക്കുവെള്ളവും കിട്ടും. ഉച്ചക്ക് ഊണു കഴിക്കാന്‍ വരുമ്പോള്‍ വാട്ടര്‍ ബോട്ടില്‍ മാത്രം കാണും കയ്യില്‍. വീണ്ടും നിറച്ചു കൊണ്ടുപോകാന്‍.

വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോകാന്‍ രണ്ടു വഴികളുണ്ട്. വടക്കേ വഴി എന്നു ഞങ്ങള്‍ പറയുന്ന വില്ലടി വഴിയുള്ള ഇടവഴിയാണ് ദൂരം കുറവ്. തിരക്കും തീരെ കുറവാണ് വടക്കേ വഴിയില്‍. തെക്കേ വഴി വലിയ വഴിയാണ്… സ്‌കൂളിലേക്ക് ദൂരം കൂടുതലാണ്… തിരക്കും കൂടുതല്‍. വടക്കേ വഴിയില്‍ കൂടി പോകുമ്പോള്‍ ഇടയ്ക്കു കുളവാഴപച്ചകള്‍ നിറഞ്ഞു നില്‍ക്കുന്ന തോടുകളും, കുളങ്ങളും ഉള്ള പറമ്പുകള്‍ ഉണ്ട്. കുളവാഴയുടെ തണ്ട് സ്‌ലേറ്റ് മായ്ക്കാന്‍ ഉത്തമം ആണ്. വഴിക്കരികില്‍ മഷിത്തണ്ടുകളും ധാരാളം. മഷിത്തണ്ടുകള്‍ വീട്ടിലെ പറമ്പിലും ആവശ്യത്തിനുണ്ടായിരുന്നു. പോകുന്ന വഴി ഇതെല്ലാം യഥേഷ്‌ടം ശേഖരിക്കും. തൊട്ടാവാടികള്‍ നാണിച്ചു കൂമ്പുന്നത് ഇടക്കിടക്ക് പരിശോധിക്കും.

അക്ഷരങ്ങളും അക്കങ്ങളും പഠിച്ചതിനു ശേഷം വാക്കുകള്‍ പഠിത്തം. “ ത… റ… തറ…. പ… റ… പറ…” തങ്കമണി ടീച്ചര്‍ ചൊല്ലുന്നത് ഞങ്ങള്‍ ഉറക്കെ ഉറക്കെ ഒരേ താളത്തില്‍ ഏറ്റു ചൊല്ലും. “അച്ഛനും മകനും… ഒരേ ഛായ… അച്ഛന്‍ പീഠത്തില്‍ ഇരിക്കുന്നു.. മകന്‍ താഴെയും..” എന്ന് പഠിച്ചത് വീട്ടില്‍ അച്ഛന്‍ വന്ന ഒരു ദിവസം ഞാന്‍ അഭിനയിച്ചുകാണിച്ചു. കേട്ടെഴുത്ത് സമയത്ത് രണ്ടുപേര്‍ രണ്ടുപേര്‍ ആയി മുഖം തിരിഞ്ഞു നില്‍ക്കണം. നോക്കി എഴുത്ത് നടപ്പില്ല. സ്‌കൂളിലെ അന്നത്തെ ഏറ്റവും പ്രായം ചെന്ന ടീച്ചര്‍ ഞങ്ങളുടെ പാട്ടു ടീച്ചറായ ദേവകി ടീച്ചറായിരുന്നു. സ്‌കൂളിലെ അന്നത്തെ പ്രാര്‍ത്ഥനാഗാനമായ “അഖിലാണ്ടമണ്ഡലമണിയിച്ചൊരുക്കി….” പഠിച്ചത് ഒന്നില്‍ വെച്ചാണ്‌. ദേവകി ടീച്ചര്‍ പാടിത്തരുന്നത് കാളരാഗത്തില്‍ ഞങ്ങള്‍ ഏറ്റു പാടും.

രണ്ടാം ക്ലാസ്സില്‍ പുഷ്‌പാവതി ടീച്ചറായിരുന്നു ക്ലാസ്സ്‌ ടീച്ചര്‍. കഥകളുടെ ലോകമായിരുന്നു രണ്ടാം പാഠാവലി. “രാധ കന്യാകുമാരിയില്‍ പോയി ശംഖുമാല കൊണ്ടുവന്നു…” എന്ന തുടങ്ങുന്ന പാഠത്തിലാണ് തുടക്കം. “അമ്മ എനിക്ക് കാച്ചിയ പാല്‍ തരും, അതു ഞാന്‍ കുടിച്ചില്ലെങ്കില്‍ അമ്മ കരയും” എന്നാണ് പശുവെന്ന പാഠം തുടങ്ങുന്നത്. ചെന്നായയുടെ തൊണ്ടയില്‍ തങ്ങിയ എല്ല് കൊറ്റി എടുക്കുന്ന കഥ, ശങ്കുവിന്റേയും മാണിക്യന്റേയും കഥ, പാത്രം പ്രസവിക്കുന്ന കഥ, കുഞ്ഞിരാമന്‍റെ പൊടിക്കൈ, പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല… എന്ന കുഞ്ചന്‍ നമ്പ്യാരുടെ പദ്യം, ഇവയെല്ലാം പഠിച്ചത് രണ്ടിലാണ്. അക്ബറും, ജഹാൻഗീറും, ഷാജഹാനും മറ്റും സാമൂഹ്യപാഠത്തില്‍ പഠിച്ചതും രണ്ടില്‍ തന്നെ.

മൂന്നാം ക്ലാസ്സില്‍ ഗോപാലകൃഷ്‌ണന്‍ മാഷ്. ചെറുശ്ശേരിയുടെ കൃഷ്‌ണഗാഥയില്‍ നിന്നുള്ള… “അമ്മക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദജന്‍ കയ്യിലെ…” എന്ന് തുടങ്ങുന്ന “അമ്മയോടു പറയാന്‍…”, സീത രാമനോട് സ്വര്‍ണ്ണമാനായി വരുന്നതു കണ്ടു പാടുന്ന.. “ഭര്‍ത്താവേ കണ്ടീലയോ… കനകമയമാകും…”, ”എല്ലാ നാളില്‍ മണ്ണില്‍ നടപ്പത്തില്‍ ഇല്ലൊരു കുതുകം നിരുപിച്ചാല്‍.,.” എന്നു തുടങ്ങുന്ന കെ പി അപ്പന്‍റെ “പറക്കും ഞാന്‍”, വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയില്‍ നിന്നുള്ള ഒരുറക്ക്‌ പാട്ട്… “എന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്‍ കുഞ്ഞുറങ്ങിക്കൊള്‍കെന്‍ കുഞ്ഞുറങ്ങിക്കോളെന്‍റെ തങ്കം…” മുതലായവ മൂന്നാം പാഠാവലിയില്‍ പഠിച്ചതാണ്.

നാലില്‍ ഇന്ദിരമണി ടീച്ചര്‍ ആയിരുന്നു ക്ലാസ്സ് ടീച്ചര്‍. ടീച്ചര്‍ ഏറ്റവും നിഷ്‌കര്‍ഷയുള്ള ഒരു അധ്യാപികയായിരുന്നു. ടീച്ചറുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകള്‍ ജീവിതത്തില്‍ പിന്നീട് വളരെ ഗുണം ചെയ്‌തിട്ടുണ്ട്. അതാതു ദിവസത്തെ പത്തു പ്രധാന വാര്‍ത്തകള്‍ എന്നും ക്ലാസ്സിലേക്ക് എഴുതിക്കൊണ്ടുവരണം. പിന്നെ പതിനാറിന്റെ വരെ പെരുക്കപ്പട്ടികയും. പത്രവായന ഒരു ശീലമാക്കാനും പൊതു വിജ്ഞാനം കൂട്ടാനും ഇത് വളരെ സഹായിച്ചു… മ്യൂണിക് ഒളിമ്പിക്‌സ് അക്കൊല്ലമായിരുന്നു എന്ന് ഓര്‍ക്കുന്നു… പതിനാര്‍ പതിനാറ് ഇരുന്നൂറ്റി അമ്പത്താറ് എന്നതുവരെയുള്ള പെരുക്കപ്പട്ടിക ഏതുറക്കത്തില്‍ വിളിച്ചു ചോദിച്ചാലും ഇപ്പോഴും ഹൃദിസ്ഥം. അക്കൊല്ലം എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് വിദ്യാഭ്യാസജില്ലയില്‍ ഒന്നാമനായി നേടാന്‍ എനിക്ക് കഴിഞ്ഞതില്‍ ടീച്ചറുടെ പങ്ക് ചെറുതല്ല.

ഓര്‍മ്മവെച്ച കാലം മുതല്‍ അമ്മുമ്മ പറഞ്ഞുകേള്‍ക്കുന്നതാണ്… “താണനിലത്തേ നീരോടൂ.. അവിടേ ദൈവം തുണ നില്‍ക്കൂ…” എന്ന്… നല്ല കുട്ടികളായി വളരണം, എല്ലാവരേയും സമന്മാരായി കാണണം, ആരേയും കളിയാക്കരുത്, വഴക്ക് കൂടരുത്… ഈ വക ഉപദേശങ്ങള്‍ ആവശ്യത്തിലധികം നിത്യേന പതിവാണ്. ഇങ്ങിനെയൊക്കെ ആണെങ്കിലും, വിചാരിച്ചിരിക്കാതെ ചെകുത്താന്‍ ഉള്ളില്‍ക്കയറിയ ചില സന്ദര്‍ഭങ്ങള്‍ പ്രൈമറിസ്‌കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവയാണ് ഞാന്‍ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആയി ഇന്നു കരുതുന്നത്.

ഒന്നാം ക്ലാസ്സിലെ ഒരു സംഭവമാണ് ഇതില്‍ ഏറ്റവും മ്ലേച്ഛം. ഒന്നിനും കുറവില്ല, എങ്കിലും എനിക്കൊരാഗ്രഹം… പുതിയൊരു സ്‌ലേറ്റ് വേണം. അപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിന് കുഴപ്പമൊന്നുമില്ല, മുത്തുമണികളുള്ള പുതിയത് വേണം എന്നൊരാഗ്രഹം. അതിനു ഞാന്‍ ഒരു വഴി കണ്ടു… സ്വയം സ്‌ലേറ്റ് പൊട്ടിക്കുക തന്നെ. ഒരു ദിവസം വൈകുന്നേരത്തെ ഇടവേള സമയത്ത് ആരും കാണാതെ ഞാന്‍ അത് സാധിച്ചു. എങ്ങിനെയാണെന്നോ? മറ്റു കുട്ടികള്‍ എല്ലാം കളിയ്ക്കാന്‍ പുറത്തു പോയപ്പോള്‍ ബാഗില്‍ സ്‌ലേറ്റ് ഇട്ട് ഞാന്‍ അതില്‍ കയറി നിന്നു… പലവട്ടം ഒറ്റക്കാലില്‍ ഭാരം കൊടുത്ത് ചവിട്ടി… ബാഗിനുള്ളില്‍ സ്‌ലേറ്റ് ഞെരിഞ്ഞമരുന്നത് നന്നായിത്തന്നെ അറിഞ്ഞു. വരുംവരായ്‌കകള്‍ ഒന്നും അപ്പോള്‍ ആലോചനയിലില്ല. വൈകുന്നേരം വീട്ടിലെത്തി ഒന്നും അറിയാത്തതുപോലെ ബാഗ്‌ തുറന്നു… സ്‌ലേറ്റ് പപ്പടം പോലെ പൊട്ടിയിരിക്കുന്നു… അമ്മ ചോദ്യമായി.. ഞാന്‍ പറഞ്ഞു എനിക്കറിയില്ല എന്തു പറ്റിയാതാണെന്ന്… മുത്തച്ഛനും, അമ്മുമ്മയും, അമ്മാവന്മാരും എല്ലാം അറിഞ്ഞു… ആരെങ്കിലും മനപ്പൂര്‍വം പൊട്ടിക്കാതെ ഇതിങ്ങനെ പൊട്ടില്ലെന്നത് എല്ലാവരും ഒറ്റസ്വരത്തില്‍ സമ്മതിച്ചു. ആരാവും പൊട്ടിച്ചത്? മേലാളര്‍ ചിന്ത ജനുസ്സിലുണ്ടല്ലോ… കൂടുതല്‍ ഒന്നും ചിന്തിക്കാതെ ഞാന്‍ പറഞ്ഞു… രാജു ആണെന്ന് തോന്നുന്നു…

കുറച്ചൊരു അംഗപരിമിതിയുണ്ടായിരുന്ന ഒരു പാവം കുട്ടിയായിരുന്നു രാജു. വലത്തെ ചെവി പാടെ മടങ്ങി അടഞ്ഞതുകൊണ്ട് പിള്ളേര്‍ അവനെ ചെവിമടങ്ങന്‍ എന്നാണ് അവനറിയാതെ വിളിച്ചിരുന്നത്. മൂക്കില്‍ക്കൂടി സംസാരിക്കുന്നതു പോലെയാണ് സംസാരം… ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരുപാടു സംസാരിക്കുന്ന പ്രകൃതം… ആളെപ്പോഴും ഉല്ലാസവാനാണ്… എതിര്‍ക്കാന്‍ കെല്‍പ്പില്ലാത്ത പാവമാണ് എന്ന ഉപബോധമനസ്സിലെ ചിന്തയാവണം ആ പാവത്തിന്റെ പേരുപറയാന്‍ കാരണം. ഞാന്‍ തന്നെയാണ് ഇത് ചെയ്‌തത് എന്ന ചിന്ത വീട്ടുകാര്‍ക്ക് പോയതേ ഇല്ല. അമ്മക്ക് ഉടനെ തങ്കമണി ടീച്ചറെ ഇതറിയിക്കണം എന്ന് അഭിപ്രായമായി… ആരാണെന്ന് അറിയാതെ പറയുന്നത് ശരിയല്ല എന്ന് അമ്മുമ്മയും. ഹോം വര്‍ക്ക്‌ ചെയ്യുന്നത് മുടങ്ങാന്‍ പാടില്ലല്ലോ… രവിമ്മാന്‍ അപ്പോള്‍ത്തന്നെ പോയി പുതിയ സ്‌ലേറ്റ് വാങ്ങിക്കൊണ്ടു വന്നു… മുത്തുകള്‍ ഉള്ളത് വേണമെന്ന് പറയാന്‍ ഇതിനിടയില്‍ വിട്ടുപോയി… അതൊട്ടു കിട്ടിയതുമില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പിന്നെയും ആഗ്രഹം അടക്കാന്‍ പറ്റുന്നില്ല. പിന്നെയും സ്‌ലേറ്റ് പൊട്ടി… അല്ല.. പൊട്ടിച്ചു. ഇത്തവണ കളി കാര്യമായി… അമ്മ തങ്കമണി ടീച്ചറുടെ അടുത്ത് പരാതിയെത്തിച്ചു… വിളിക്കലായി… ചോദ്യം ചെയ്യലായി… രാജു സമ്മതിച്ചില്ല… വീട്ടില്‍ നിന്ന് ആളെ വിളിച്ചു കൊണ്ടുവരാന്‍ ഉത്തരവായി… വീട്ടിനു കുറച്ചു പടിഞ്ഞാറായാണ് രാജുവിന്റെ വീട്… വീട്ടിനു മുമ്പില്‍ക്കൂടിയാണ് സ്‌കൂളില്‍ പോക്കും. അവന്റെ അമ്മ സ്‌കൂളിലേക്ക് വരുമ്പോള്‍ വീട്ടില്‍ കയറി അമ്മൂമ്മയെക്കണ്ടു… “അവന്‍ അല്ല അതു ചെയ്‌തത്.. എന്‍റെ മോന്‍ വെറും പാവാണ്‌..” അവര്‍ കരഞ്ഞു. അന്ന് ഉച്ചക്ക് ഊണുകഴിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മുമ്മ എന്നെ മാറ്റിനിര്‍ത്തി ചോദിച്ചു.. “മോനെ.. നീ സത്യം പറയു… അതു നീ തന്നെ അല്ലേ ചെയ്‌തത്.. ഒന്നും അറിയാത്ത ആ പാവത്തിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല… സത്യം പറഞ്ഞാല്‍ നിന്നെ ആരും ഒന്നും ചെയ്യാതെ ഞാന്‍ നോക്കിക്കോളാം…” അപ്പോഴത്തേക്കും കുറ്റബോധം എന്റെയുള്ളിലും കലശലായി ഉണ്ടായിരുന്നു. അമ്മുമ്മയുടെ കയ്യില്‍ പിടിച്ചു കരഞ്ഞു കൊണ്ട് ഞാന്‍ കുറ്റം സമ്മതിച്ചു. ഏതായാലും പിന്നെ അതിനെ പറ്റി കൂടുതല്‍ ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അമ്മുമ്മ അതു വേണ്ടരീതിയില്‍ കൈകാര്യം ചെയ്‌തു കാണണം. അമ്മ തങ്കമണി ടീച്ചറോടും കേസ് മുമ്പിലോട്ട് കൊണ്ടുപോകേണ്ട എന്ന് പറഞ്ഞു കാണണം. രാജുവും ഞാനും പിന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സംഭവം ഓര്‍ക്കുമ്പോള്‍ ഇന്നും ലജ്ജിച്ചു തല താഴുന്നു.

അടുത്തത് രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്… പുഷ്‌പാവതി ടീച്ചര്‍ ക്ലാസ്സില്‍ ഇല്ലാത്ത സമയത്ത് സംസാരിക്കുന്നവരുടെ പേര് എഴുതിവെക്കാനുള്ള ചുമതല എനിക്കായിരുന്നു. ചില കൂട്ടുകാരുടെ ഉപദേശപ്രകാരം ഞാന്‍ ചില വിട്ട് വീഴ്‌ചകള്‍ക്ക് തയ്യാറായി. സംസാരിക്കുന്ന ആള്‍ ഒരു സ്‌ലേറ്റ് പെന്‍സില്‍ കൈക്കൂലി തന്നാല്‍ പേരെഴുതില്ല. ധാരാളം പെന്‍സിലുകള്‍ കിട്ടി എന്നു പറയാതെ വയ്യ. ടീച്ചര്‍ വന്നപ്പോള്‍ സംസാരിച്ചവരുടെ ലിസ്റ്റ് ഞാന്‍ ടീച്ചര്‍ക്ക്‌ കൊടുത്തു. ടീച്ചര്‍ അടിക്കാന്‍ ചൂരല്‍ എടുത്തപ്പോള്‍ ലിസ്റ്റില്‍ പേരുള്ളവര്‍ ടീച്ചറോട് ഞാന്‍ കൈക്കൂലി വാങ്ങിയകാര്യം ഒരു പരാതിയായി സമര്‍പ്പിച്ചു. ടീച്ചര്‍ ആകെ വല്ലാതെയായി… എന്നെ വിളിച്ച് കുറെ ഉപദേശിച്ചു… ചെയ്‌തത് ഗുരുതരമായ തെറ്റാണെന്നും, ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ടീച്ചര്‍ അടിവരയിട്ട് ആവര്‍ത്തിച്ചു. അവര്‍ അന്ന് ആരേയും അടിച്ചില്ല. ശിഷ്യന്മാര്‍ വഴിതെറ്റിപ്പോകുന്നല്ലോ എന്ന ആകുലത ആ മുഖത്ത് അന്നുണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍… ഗോപാലകൃഷ്‌ണന്‍ മാഷില്ലാത്ത ഒരു ദിവസം… ക്ലാസ്സില്‍, ഞങ്ങള്‍ കുട്ടികള്‍ മാത്രം… എല്ലാവരും ഓരോരോ കളികളില്‍… ക്ലാസ്സില്‍ അന്ന് ഏറ്റവും സീനിയര്‍ ആയ ഒരു വിദ്യാർത്ഥിയാണ് സുബ്രമണ്യന്‍… അവന്‍ ഞങ്ങളേക്കാള്‍ രണ്ടുമൂന്നുവയസ്സ് മൂത്തതാണ്. സുബ്രമണ്യന്‍റെ അനിയന്‍ രാജനും ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ ഉണ്ടായിരുന്നു കേട്ടോ… എനിക്കൊരു തോന്നല്‍… സുബ്രമണ്യന്‍റെ പുറത്തിരുന്നു ആന കളിച്ചാലെന്താ? നിര്‍ബന്ധിച്ചപ്പോള്‍ അവനും സമ്മതിച്ചു.. തോളത്തു ഞാന്‍ കയറി ഇരുന്നു… ഭാരം താങ്ങാനാവാതെ ആന മുന്നുകുത്തി…. മുകളിലിരുന്ന പാപ്പാന്‍, അതായത് ഞാന്‍ മുഖമടിച്ചു വീണു… മുകള്‍നിരയില്‍ മുമ്പിലെ രണ്ടു പല്ലുകളും പൊട്ടി. ഒരെണ്ണം വരുന്നതേ ഉണ്ടായിരുന്നുള്ളൂ… ഇംഗ്ലീഷ് അക്ഷരം W പോലെ ആയി രണ്ടു പല്ലുകളും കൂടി. അനിയന്‍ ഗോപന്‍ ഞങ്ങള്‍ വഴക്കു കൂടുമ്പോള്‍ അന്നൊക്കെ W പല്ലന്‍ എന്ന് എന്നെ വിളിക്കാറുണ്ടായിരുന്നു… പിന്നീട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് എന്തൊക്കെയോ വെച്ച് അത് ഒട്ടിച്ചെടുത്തത്… ഇപ്പോഴും സൂക്ഷിച്ചുനോക്കിയാല്‍ അറിയാം…

നാലില്‍ പഠിക്കുമ്പോള്‍… ഇന്ദിരമണി ടീച്ചര്‍ പ്രസവാവധിക്കു പോയ സമയം. പാട്ടു ടീച്ചര്‍ ദേവകി ടീച്ചറാണ് അന്ന് ക്ലാസ്സ്‌ നോക്കുന്നത്. ക്ലാസ്സില്‍ ടീച്ചറില്ലാത്ത ഒരു ദിവസം… സുഹൃത്ത് ശിവദാസന്‍റെ അടുത്ത് സ്കൈൽ ഉപയോഗിച്ച് വാൾപ്പയറ്റ് നടത്തിയതാണ് ഞാന്‍… മനപ്പൂര്‍വമല്ലെങ്കിലും ശിവദാസന്റെ കഴുത്തില്‍ വെട്ടിയത് കുറച്ച് ആഞ്ഞ് തന്നെ ആയിപ്പോയി… ഉച്ചക്ക് ഊണു കഴിഞ്ഞു സ്‌കൂളില്‍ എത്തിയപ്പോള്‍ ശിവദാസന്‍റെ അമ്മ എത്തിയിട്ടുണ്ട്… പരാതിയുമായി… പറഞ്ഞു വന്നപ്പോള്‍ അവര്‍ക്ക് ആളെ മനസ്സിലായി… ഞങ്ങള്‍ ഒരേ തറവാട്ടിലെ രണ്ടു താവഴിയിലെയാണ്. മരിച്ചാല്‍ പുലയുള്ളവര്‍… “ശാന്തേടെ മോനാണോ… ഇങ്ങിനെ ഒക്കെ ചെയ്യാമോ മോനെ…. കൊച്ചിന് ചോറിറക്കാന്‍ പറ്റിണില്ല…”. ഞാനും കരഞ്ഞു, അറിയാതെ പറ്റിയതാണെന്ന് സമസ്‌താപരാധം പറഞ്ഞു… അവരേതായാലും അതുപിന്നെ ഒരു പരാതിയാക്കിയില്ല.

ജീവിതത്തിലെ കളങ്കങ്ങളെങ്കിലും ഇവയെല്ലാം ജീവിതപാഠങ്ങൾ ആയിക്കണ്ട് പിന്നീടാവര്‍ത്തിക്കാതെ നോക്കിയിട്ടുണ്ട്. രാജുവിനോടും, പുഷ്‌പാവതി ടീച്ചറോടും, സുബ്രമണ്യനോടും, ശിവദാസനോടും ഒരിക്കല്‍ക്കൂടി മാപ്പ് ചോദിക്കുന്നു…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account