സമത്വമെന്ന ആശയം കമ്യുണിസത്തില്‍ അന്തര്‍ലീനമായ ഒന്നല്ലേ? ഉവ്വ് എന്ന് തന്നെയാണ് മറുപടി. സ്റ്റേറ്റ് കോഴിഞ്ഞുപോകുക എന്ന് വച്ചാല്‍ ഫലത്തില്‍ അധികാരം കൊഴിഞ്ഞ് പോവുക എന്ന് തന്നെയാണ്. ബാഹ്യമായ അധികാര സ്ഥാപനങ്ങളുടെ നിയന്ത്രണം തന്നെ അപ്രസക്‌തമാകുന്ന ഒരു സമുഹത്തില്‍ ജാതീയവും, മതപരവും, വംശിയവും, ലിംഗപരവുമൊക്കെയായ ഒരു അസമത്വത്തിനും ചൂഷണത്തിനും അനീതിക്കും നിലനില്‍പ്പില്ല.

സമുഹത്തില്‍ നിലനില്‍ക്കുന്ന മേൽപ്പറഞ്ഞതരം അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും പോലും  തനത് പരിഹാരമാര്‍ഗ്ഗങ്ങള്‍ വേണ്ട, അവ വര്‍ഗ്ഗസമരം, തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം തുടങ്ങിയ ഘട്ടങ്ങളിലൂടെ ഉരുത്തിരിയുന്ന വര്‍ഗ്ഗരഹിത സമുഹത്തില്‍ നിന്നും സ്വയം ഇല്ലാതായിക്കൊള്ളും എന്ന വിശ്വാസം ഇ.എം.എസ് ഉള്‍പ്പെടെയുള്ള നമ്മുടെ പല പഴയ കമ്യുണിസ്റ്റ് സൈദ്ധാന്തികര്‍ക്കും ഉണ്ടായിരുന്നു. അതിന്‍റെ കാരണവും സമത്വം എന്നത്  മാർക്‌സിയൻ കമ്യുണിസ്റ്റ് പ്രത്യയ ശാസ്‌ത്രത്തില്‍  അന്തര്‍ലീനമാണ് എന്ന ബോധ്യമാവണം. ജാതി, മതം, ലിംഗം, വര്‍ഗ്ഗം, വംശം തുടങ്ങി നിരവധിയായ തലങ്ങളില്‍ നിലനില്‍ക്കുന്ന ചൂഷണ സ്ഥാപനങ്ങള്‍ക്കെതിരെ ഒറ്റതിരിഞ്ഞുള്ള പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം ഒറ്റക്കെട്ടായി നിന്ന്  വര്‍ഗ്ഗ സമരത്തെ ശക്‌തിപ്പെടുത്തുകയാണ് വേണ്ടത് എന്ന് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നതിന് കാരണവും അതാവാം.

ആശയപരമായി അത് സാദ്ധ്യമാണ്. ആദര്‍ശ കമ്യുണിസ്റ്റ്, മാർക്‌സിസ്റ് വ്യവഹാരങ്ങളില്‍ ഇത്തരം അസമത്വങ്ങള്‍ക്ക് ഇടമേയില്ല എന്ന് പറയാം. ആ നിലയ്ക്ക് ജെന്‍ഡര്‍ ഇക്വാലിറ്റി പോലെയുള്ള മൂല്യങ്ങള്‍ അതില്‍ അന്തര്‍ലീനമാണെന്നും.  ‘സഖാവ്’ എന്ന പൊതു സംബോധനാ പദത്തില്‍  തന്നെ അതിനൊരു തെളിവ് കണ്ടെത്തുകയുമാവാം. എന്നാല്‍ പ്രശ്‌നം പ്രയോഗ തലത്തില്‍ അത് സാദ്ധ്യമാകുന്നുവോ എന്നതിലാണ്.

നമ്മള്‍ ഒരു വിപ്ലവാനന്തര വര്‍ഗ്ഗരഹിത സമുഹത്തില്‍ അല്ല ജീവിക്കുന്നത്. കമ്യുണിസ്റ്റുകാര്‍ക്കിടയില്‍ ജാതി, മത, വര്‍ഗ്ഗ, വംശ, ലിംഗ പരിഗണനകള്‍ ഒന്നുമില്ല. അവര്‍ എല്ലാവരും സഖാക്കളാണ് എന്ന് തത്വത്തില്‍ അംഗികരിച്ചാല്‍ തന്നെയും നിലവില്‍  സമുഹത്തില്‍ കമ്യുണിസ്റ്റ്കള്‍ മാത്രമല്ല. അവരോടുള്ള സമീപനം എന്താവണം? മറ്റ് രാഷ്‌ട്രീയ, പ്രത്യയശാസ്‌ത്ര ധാരകളും സജീവമായി നിലനില്‍ക്കുന്നു എന്നതുകൊണ്ട് തന്നെ ഇന്ന് കമ്യുണിസ്റ്റ് ആയ ഒരാള്‍ നാളെ അതല്ലാതാകാനും സാദ്ധ്യതയുണ്ട്. ഇവിടെയാണ് പ്രശ്‌നങ്ങളുടെ പ്രഭവ കേന്ദ്രം.

ജാതീയവും, മതപരവും, വംശീയവും, ലിംഗപരവുമൊക്കെയായ അധിക്ഷേപങ്ങള്‍ ഒക്കെയും അതാത് അധീശത്വബോധങ്ങളില്‍ നിന്നും ഉണ്ടാവുന്നതാണ്. കമ്യുണിസമാകട്ടെ എല്ലാത്തരം അധീശത്വബോധങ്ങളും അധികാര രൂപങ്ങളും കൊഴിഞ്ഞ് ഉണ്ടാകുമെന്ന് വിഭാവനം ചെയ്യപ്പെടുന്ന ഒരു സ്വാശ്രയ നൈതിക സങ്കൽപ്പവും. അതുകൊണ്ട് തന്നെ  അത്തരം അധീശത്വബോധം വച്ച് പുലര്‍ത്തുന്ന ആരും ആദര്‍ശപരമായി കമ്യുണിസ്റ്റ് ആകുന്നില്ല.

എന്നാല്‍ ആ അധീശത്വബോധം സമുഹത്തില്‍ നിലനില്‍ക്കുന്നത് രേഖീയമായി അല്ലതാനും. മേല്‍പ്പറഞ്ഞ അധീശത്വബോധം വ്യക്‌തികളില്‍ പ്രവര്‍ത്തിക്കുന്നത് പലപ്പോഴും നേരിട്ടല്ല, മറിച്ച് ഭാഷ, സംസ്ക്കാരം തുടങ്ങിയ പരോക്ഷ സ്വാധീനങ്ങളിലൂടെ കുടിയാണ്. ഒരു സ്‌ത്രീ മറ്റൊരുവളുമായി ലഭ്യമായ തെറി പദങ്ങള്‍ ഉപയോഗിച്ച് പരസ്‌പരം പോരാടുന്ന ഒരു സാധാരണ സംഭവത്തെ ആ വാക്കുകളുടെ  ലിംഗ രാഷ്‌ട്രീയപരമായ പദവ്യുല്‍പത്തി വ്യാഖ്യാനങ്ങള്‍ പ്രകാരം  സമീപിച്ചാല്‍ അതിലുടെ  അവര്‍  സ്വന്തം ലിംഗ രാഷ്‌ട്രീയയത്തെ റദ്ദ് ചെയ്യുകയാണ് എന്ന് തോന്നാം. അതായത് പാര്‍ശ്വവത്‌കൃത വിരുദ്ധമല്ലാത്ത ഒരു തെറി ഭാഷയില്‍ നിന്നും കണ്ടെത്തുക പ്രയാസം എന്നിരിക്കെ ആ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ വിവിധ ജീവിത സാഹചര്യങ്ങളില്‍ എടുത്ത് പ്രയോഗിക്കുന്ന ഓരോ തെറിയും അവരവരെ തന്നെ റദ്ദ് ചെയ്യുന്നതായി വരും.

തെറി പോലെയുള്ള വ്യക്‌തിഗത  അധിക്ഷേപങ്ങളില്‍ നിലനില്‍ക്കുന്ന അധീശത്വബോധം അത് എടുത്ത് ഉപയോഗിക്കുന്നവരില്‍ എല്ലാവരിലും ഒരേ അളവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ സ്ലട്ട് ഷെയിമിംഗ്, സെക്‌സ്  ഷെയിമിംഗ്, ബോഡി ഷെയിമിങ്ങ് തുടങ്ങിയ പ്രവര്‍ത്തികള്‍  മനുഷ്യര്‍ വ്യക്‌തികളായി നിന്ന് അന്യോന്യം വിളിക്കുന്ന തെറികളേക്കാള്‍ പ്രത്യക്ഷമായി മേൽപ്പറഞ്ഞ അധീശത്വബോധം ഉള്‍ക്കോള്ളുന്നു. അതുകൊണ്ട് തന്നെ അവ കേവലമായ രാഷ്‌ട്രീയ ശരികള്‍ വച്ചുള്ള ‘തെറി’യുടെ വ്യാഖ്യാനങ്ങളേക്കാള്‍ ഗൌരവകരമായ സമീപനം അര്‍ഹിക്കുന്നു.

എന്നെ തെറി വിളിച്ചാല്‍ ഞാന്‍ തിരിച്ചും വിളിക്കും എന്നത് പോലെ ലളിതമല്ല മറുവശത്ത്‌ ഒരു സ്‌ത്രീയോ, ട്രാന്‍സ് ജെണ്ടരോ ആകുമ്പോള്‍ സ്വാഭാവികമെന്നോണം പ്രത്യക്ഷമാകുന്ന സ്ലട്ട് ഷെയിമിംഗ്. പുരുഷന്മാര്‍ തമ്മിലുള്ള അക്രമാസക്‌തമായ ഭാഷാ വിനിമയങ്ങളില്‍ പോലും അത് കടന്നുവരുന്നില്ല. എന്തുകൊണ്ട്?

കാരണം ലളിതമാണ്. നമ്മുടെ സമുഹത്തില്‍ പുരുഷനായി ജനിച്ച എല്ലാവരും ജാതി, മത, വര്‍ഗ്ഗ, വംശ ഭേദമെന്യേ ആണ്‍കോയ്‌മ  നല്‍കുന്ന  അധീശത്വബോധത്തിന്റെ വരിക്കാര്‍ ആണ്. അല്ലാതാവണമെങ്കില്‍ അത് മനസിലാക്കി അവര്‍ സവിശേഷമായ ഒരു സാംസ്‌ക്കാരിക തിരുത്തല്‍ പ്രക്രിയയിലൂടെ സ്വയം കടന്ന് പോകണം.

നമ്മള്‍ തുടങ്ങിയ ഇടത്തേക്ക് തന്നെ മടങ്ങി പോയാല്‍ ആശയപരമായി കമ്യുണിസത്തില്‍ അന്തര്‍ലീനമാണ് സമത്വം. എന്നാല്‍ കമ്യുണിസ്റ്റ് ആവുന്നത് കേവലമായ ഒരു അംഗത്വം തരപ്പെടുത്തല്‍ പ്രക്രിയയില്‍ ഒതുങ്ങുന്നതല്ല താനും.  അത് ധൈഷണികവും സാംസ്‌ക്കാരികവുമായ ഒരു മാറ്റിയെടുക്കലിലൂടെ മാത്രം സാദ്ധ്യമാകുന്നതാണ്. ഇത് കേട്ടപാതി അപ്പോള്‍ ബുദ്ധിജീവികള്‍ക്ക് മാത്രമേ കമ്യുണിസ്റ്റ് ആകാനാവു, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ക്കും മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും പറ്റില്ല എന്ന് വ്യാക്ഷേപിക്കാന്‍ വരട്ടെ. ബുദ്ധി ഉപയോഗിച്ച് പ്രായോഗിക ജിവിതത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്‌തു ജീവിക്കുന്ന, ഒരുപക്ഷെ ഭിന്ന ശേഷിക്കാരല്ലാത്ത എല്ലാവരും ബുദ്ധിജീവികള്‍ തന്നെ. അവര്‍ക്ക് ആര്‍ക്കും മേൽപ്പറഞ്ഞ മാറ്റിയെടുക്കല്‍ സാധ്യമാണ്. പക്ഷേ അന്നത്തെക്കുള്ള അപ്പം സമ്പാദിക്കുക എന്ന തെല്ലും ലളിതമല്ലാത്ത വെല്ലുവിളിക്കിടെ ബാഹ്യ സഹായമില്ലാതെ സാധാരണ മനുഷ്യര്‍ക്ക് അത് പ്രായോഗികമായി സാദ്ധ്യമാകുമോ എന്നത് ഒരു ചോദ്യമാണ്.

ഇവിടെയാണ് ഘട്ടം ഘട്ടമായുള്ള രാഷ്‌ട്രീയ വിദ്യാഭ്യാസത്തിലൂടെ അണികളുടെ രാഷ്‌ട്രീയ സാംസ്ക്കാരിക പരിണാമത്തിന് ത്വരണം നല്‍കുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ പാര്‍ട്ടി, സംഘടന പ്രസക്‌തമാകുന്നത്. കമ്യുണിസ്റ്റ് അനുഭാവികള്‍, അംഗങ്ങള്‍ ഉള്‍പ്പെടെ ‘കടലുപോലെ പരന്നുകിടക്കുന്ന’ മനുഷ്യരുടെ വ്യക്‌തിഗത പെരുമാറ്റ വീഴ്‌ച്ചകള്‍ക്ക് പോലും പാര്‍ട്ടി ഉത്തരം പറയെണ്ടിവരുന്നതും അതുകൊണ്ടാണ്.

കേരളത്തിലെ മാർക്‌സിസ്റ് കമ്യുണിസ്റ്റ് സംഘടനകളുടെ കാര്യം എടുത്താല്‍ അവര്‍ക്ക് ഇതില്‍ ഗൌരവമേറിയ വീഴ്‌ച്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒപ്പം ഒരു കാര്യം കുടി ഓര്‍ക്കാതെയും വയ്യ. വിമോചന സമരം നടന്നിട്ട് ഇന്ന് അര നുറ്റാണ്ടിലേറെ ആയിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്യുണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തെരുവില്‍ നടന്ന ആ സമരത്തെ ഒന്ന് ഓര്‍ക്കുക. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് അന്നത്തെ പ്രബല സാമുദായിക സംഘടനകളെ മുഴുവന്‍ അണിനിരത്തി നടത്തിയ ആ പ്രക്ഷോഭത്തില്‍ മാറ്റൊലിച്ച മുദ്രാവാക്യങ്ങളിലെ സ്‌ത്രീ, ദളിത്‌ വിരുദ്ധതയെ അപനിര്‍മ്മിച്ചാല്‍ ഇന്ന് ഒരു ഗ്രന്ഥമല്ല, ഗ്രന്ഥ സമാഹാരം തന്നെ സാദ്ധ്യമാണ്.

നവ സാമൂഹ്യ പ്രസ്ഥാനങ്ങളും, സ്വത്വ വാദവും, രാഷ്‌ട്രീയവും  അവര്‍ ഉന്നയിക്കുന്ന പ്രാതിനിദ്ധ്യ വാദവും ഒന്നും നിലവില്‍ ഇല്ലാത്ത കാലമാണ്. പക്ഷെ എന്നിട്ടും ആ മന്ത്രിസഭയില്‍ സ്‌ത്രീ ഉണ്ടായിരുന്നു. ദളിതന്‍ ഉണ്ടായിരുന്നു.  അത് ഒരു വശം. മറുവശത്ത്‌ രാഷ്‌ട്രീയ വൈരികള്‍ക്കെതിരെ ഉയര്‍ന്ന മുദ്രാവാക്യങ്ങളില്‍ സ്ലട്ട് ഷെയിമിംഗ്, കാസ്റ്റ് ഷെയിമിംഗ് ഒക്കെയും നിര്‍ലോഭം ഉണ്ടായിരുന്നു. ഈ ചരിത്രം നിലനില്‍ക്കെയാണ് ഇവര്‍ ഇടത് രാഷ്‌ട്രീയത്തെ രാഷ്‌ട്രീയ ശരികളും, സമത്വ ബോധവും പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്!  അവിടെ നിന്നും ഇന്നിലേയ്ക്ക് എത്തുമ്പോള്‍ പഴയ ഒരു മുദ്രാവാക്യവും അവര്‍ സാംസ്‌ക്കാരികമായി അതിജീവിച്ചിട്ടില്ല എന്നതിന് തെളിവുകള്‍ ലഭ്യമാണ്. പക്ഷെ ഓഡിറ്റിംഗ് ഇടത് കമ്യുണിസ്റ്റ് പക്ഷത്തേക്ക്, കൂടുതല്‍ വ്യക്‌തമായി പറഞ്ഞാല്‍ സി.പി.എമ്മിലെയ്ക്ക് മാത്രമായി ചുരുങ്ങി എന്ന് മാത്രം.

ഇത് പറഞ്ഞാല്‍ ഉടന്‍ മറുവാദം നിങ്ങളല്ലേ പുരോഗമന രാഷ്‌ട്രീയം പറയുകയും അവകാശപ്പെടുകയും ചെയ്യുന്നത് എന്നാവും. ഒപ്പം മറ്റുള്ളവര്‍ ഇതിലും മോശമാണെന്നത് നിങ്ങളുടെ വീഴ്‌ച്ചകള്‍ക്ക് ന്യായീകാരണമാകുമോ എന്ന മറു ചോദ്യവും. ജനാധിപത്യം എന്നത് കേവലം ആദര്‍ശങ്ങള്‍ തമ്മിലുള്ള സംവാദം മാത്രമല്ല, അതില്‍ തിരഞ്ഞെടുപ്പുണ്ട്, അതിലേക്ക് നയിക്കുന്ന സമ്മതിയുടെ രുപീകരണം എന്ന പ്രക്രിയ ഉണ്ട് എന്നൊന്നും അറിയാത്തവരല്ല ഇത് പറയുന്നവര്‍. തിരഞ്ഞെടുപ്പ് ലഭ്യമായതില്‍ മികച്ചതിനെ വച്ചേ നടക്കു എന്നതും. എന്നാലും ഇടത് രാഷ്‌ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രം വലത് മാദ്ധ്യമങ്ങള്‍ മുഴുവന്‍ നിഷ്‌കളങ്ക ആദര്‍ശവാദികളായി മാറുന്നു.

ആദര്‍ശത്തിന്റെ ബാദ്ധ്യത മുഴുവന്‍ ഒരു സംഘടനയ്ക്ക് മാത്രമായി കൽപ്പിച്ചു  കൊടുത്തിട്ട് അതിന്റെ അടിസ്ഥാനത്തില്‍ ‘പോര’ എന്ന് വാദിക്കുന്ന സിലക്റ്റീവ് ക്രിട്ടിസിസത്തിന്റെ വഴി നമ്മുടെ രാഷ്‌ട്രീയത്തിന് പൊതുവില്‍ ഒരു ഗുണവും ചെയ്യില്ല, സംസ്‌ക്കാരത്തിനും. അതല്ല തിരഞ്ഞെടുത്ത മൌനവും ഒച്ചപ്പാടും കൊണ്ട് സമ്മതി നിര്‍മ്മാണം നടത്തുന്നവരുടെ അജണ്ടയും. അത് മനസിലായാല്‍ പിന്നെ അതിനെ അവിടെ വിടുകയാവും നന്ന്.

എന്നാല്‍ ഇത് ഒരു പരാതിയായി നിരന്തരം ഉന്നയിക്കുന്നതിന് പകരം വെല്ലുവിളിയായി ഏറ്റെടുക്കുകയും അണികള്‍ക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നത് സി പി എമ്മിനും ഇടത് രാഷ്‌ട്രീയത്തിനും ഒരുപാട് ഗുണം ചെയ്യും. അവര്‍ ചെയ്യേണ്ടതും അവര്‍ക്ക് ആകെ ചെയ്യാനാവുന്നതും അത് മാത്രമേ ഉള്ളു.

മുന്‍ കാലങ്ങളില്‍ സൈബര്‍ ‘സഖാക്കള്‍’ പ്രതിസ്ഥാനത്ത് വന്ന സമാന സംഭവങ്ങളില്‍ എന്നപോലെ അടുത്ത കാലത്തായി ട്രെന്‍ഡിങ്ങായിരുന്ന കെ.കെ രമ വിഷയത്തിലും ആത്യന്തികമായി ഇതേ പറയാനുള്ളൂ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account