മലയാളത്തിന്‍റെ സൂപ്പര്‍താരം ദിലീപ്, സ്ത്രീപീഡനക്കേസില്‍ കുറ്റവാളിയാണോ? അഥവാ കുറ്റവാളിയാണെങ്കില്‍ത്തന്നെ അദ്ദേഹം ശിക്ഷിക്കപ്പെടുമോ, അതോ പുഷ്പംപോലെ രക്ഷപ്പെടുമോ എന്നൊന്നും ഉറപ്പിക്കാറായിട്ടില്ല. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ മലയാളികള്‍ക്ക് ഒരു ഉത്സവം വീണുകിട്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ക്ക്, ഭരണപക്ഷത്തിന്, പ്രതിപക്ഷത്തിന്, മുഖം നഷ്ടപ്പെട്ട പോലീസിന്, സിനിമാലോകത്തെ ആരാധകവൃന്ദങ്ങള്‍ക്ക്, കസേര തിരിച്ചുകിട്ടിയ ഡിജിപിക്ക്, ഒക്കെയും ആഘോഷിക്കാന്‍ ദൈവമായിട്ട് എത്തിച്ചുകൊടുത്തതുപോലെ ഒരു മഹോത്സവം.

കേരളത്തിലിപ്പോള്‍ കുറച്ചു ദിവസങ്ങളായി ചാനലിലെ മിമിക്രിയും സീരിയലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണ്. ന്യൂസ് ചാനലുകള്‍ അരങ്ങുകീഴടക്കി വാഴുകയാണ്. ഗൂഢാലോചന ആദ്യമായി പ്ലാന്‍ ചെയ്ത ഹോട്ടല്‍മുറി, പോകുന്ന പോക്കില്‍ പ്രതി ചായ കുടിച്ച തട്ടുകട, മുത്രമൊഴിച്ച കുറ്റിക്കാട്, തുടങ്ങി, ദിവസങ്ങളോളം ഈ അന്വേഷണം തുടരാനാണ് സാധ്യത.

മലയാള സിനിമാരംഗത്തുള്ള എല്ലാ കുറ്റവും ഒരു ദിലീപനില്‍ മാത്രം ഒതുങ്ങുന്നതാണോ? അഥവാ, ദിലീപന്‍ പുറത്താകുന്നതോടെ സിനിമാരംഗം രക്ഷപ്പെടുമോ? തിലകന്‍ അടക്കമുള്ള മഹാനടന്മാരെപ്പോലും അഭിനയം എന്ന സ്വന്തം കലയില്‍നിന്നും തൊഴിലില്‍നിന്നും ഊരുവിലക്കി പുറത്തുനിര്‍ത്താന്‍ എങ്ങനെയാണ് ഈ മാഫിയാനേതാക്കള്‍ക്കു കഴിയുന്നത്? സിനിമാരംഗത്തെ കലാകാരന്മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ നേടിയെടുക്കാന്‍വേണ്ടി ആദ്യകാലത്തു രൂപംകൊണ്ട സംഘടന, പിന്നീട് എങ്ങനെയാണ് അവരുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ആയുധമായി മാറിയത്? ഒരേയൊരു സംഘടന മാത്രമുള്ളപ്പോള്‍ ആ സംഘടനയുടെ അനുമതിയില്ലാതെ ആര്‍ക്കും സിനിമാരംഗത്ത് ജോലിചെയ്യാന്‍ കഴിയില്ല എന്നാല്‍ അതിനര്‍ത്ഥം, മനുഷ്യര്‍ക്കു തൊഴിലുചെയ്യാനും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താനും വളരാനും വികസിക്കാനും ജീവിക്കാനുമുള്ള അവകാശങ്ങളെയാകെ നിരോധിക്കുക എന്നുതന്നെയാണ്. കല എന്ന അവസ്ഥ മാറി സിനിമ പൂര്‍ണമായും കച്ചവടമായി മാറി എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് സ്വന്തം ഇഷ്ടപ്രകാരമുള്ള കഥ സിനിമയാക്കാന്‍, ഇഷ്ടമുള്ള സംവിധായകരെക്കൊണ്ട് സിനിമ ചെയ്യിക്കാന്‍, ഇഷ്ടമുള്ളവരെക്കൊണ്ട് അഭിനയിപ്പിക്കാന്‍, ഒക്കെയുള്ള സ്വാതന്ത്ര്യമാണ് മാഫിയാവല്‍ക്കരണത്തോടെ സിനിമയ്ക്കു നഷ്ടമായത്.

മലയാളസിനിമാരംഗത്ത് ഇതുപോലെ എത്ര ദിലീപന്മാരുണ്ട് എന്നതാണ് ഇനിയും അറിയാനുള്ളകാര്യം. മലയാളം എന്നു മാറ്റി സിനിമാരംഗത്ത് എന്നു മാത്രം പറഞ്ഞാലും കുഴപ്പമില്ല. എന്തുകൊണ്ടാണ് സിനിമാലോകത്ത് ഇത്രയേറെ ദിലീപന്മാര്‍ അഥവാ മാഫിയാനേതാക്കള്‍ ജന്മമെടുക്കുന്നത്? കുടുംബകലഹത്തിലെ പകരംവീട്ടാന്‍ കൊട്ടേഷന്‍സംഘത്തിന് വാഗ്‌ദാനം ചെയ്ത പ്രതിഫലം ഒന്നരക്കോടിയും, ഷൂട്ട് ചെയ്ത സിഡി ഉപയോഗിച്ച് നടിയെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാന്‍ പ്ലാന്‍ ചെയ്തിരുന്നത് അറുപതു കോടിയും ആയിരുന്നുവത്രെ! നടന്‍റെ കുടുംബപ്രശ്നത്തില്‍ ഇടപെട്ടതു മാത്രമല്ല പ്രതികാരത്തിനുള്ള കാരണം എന്നും പറഞ്ഞു കേള്‍ക്കുന്നു. വിവാഹബന്ധം വേര്‍പിരിയുന്നതിനു മുമ്പ് ദിലീപും മഞ്ജുവാരിയരുംകൂടി കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്തുക്കള്‍ പീഡിപ്പിക്കപ്പെട്ട നടിയുടെ പേരില്‍ ബിനാമി ഇടപാടിലൂടെ സമ്പാദിച്ചിരുന്നുവത്രെ. വിവാഹന്ധം വേര്‍പെടുത്തിയശേഷം ദിലീപ് ആ സ്വത്തുക്കള്‍ തിരിച്ചു ചോദിച്ചു എന്നും, ദിലീപിനുമാത്രമായി സ്വത്തു തിരിച്ചുകൊടുക്കാന്‍ നടി തയാറായില്ല എന്നും അതിന്‍റെ പ്രതികാരമാണ് ഈ പീഡനശ്രമത്തിനു പിറകില്‍ എന്നും പറഞ്ഞുകേള്‍ക്കുന്നു. മുപ്പത്തിയഞ്ചു സ്ഥലത്ത് സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലുമായി ദിലീപിന്‍റെ പേരില്‍ ഭൂസ്വത്തുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ഇങ്ങനെയൊക്കെ ധൂര്‍ത്തടിക്കാന്‍ ഈ സൂപ്പര്‍ താരങ്ങള്‍ക്ക് എവിടെനിന്നാണ് ഇത്രയേറെ പണം കിട്ടുന്നത്? ഇനി അഥവാ വമ്പിച്ച പ്രതിഫലം ലഭിച്ചാല്‍പ്പോലും എന്തിനാണ് ഇവര്‍ സ്വന്തം പേരില്‍ സ്വത്തു സമ്പാദിക്കാതെ വഴിയേ പോകുന്നവരുടെയും ബിനാമികളുടെയും പേരില്‍ കോടികളുടെ സ്വത്തു സമ്പാദിക്കുന്നത്?

ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന ഇന്‍കംടാക്സ് നിയമങ്ങള്‍ അനുസരിച്ച് സിനിമാനടന്മാരെപ്പോലെ കോടികള്‍ പ്രതിഫലംവാങ്ങുന്നവര്‍ ഏറ്റവും ചുരുങ്ങിയത് അവരുടെ വാര്‍ഷിക വരുമാനത്തിന്‍റെ പകുതിയോളം നികുതികൊടുക്കേണ്ടിവരും. അമ്പതും നൂറും കോടിവീതം ഓരോ സിനിമയ്ക്കും പ്രതിഫലം വാങ്ങുന്ന സൂപ്പര്‍താരങ്ങള്‍, സത്യസന്ധമായി കണക്കു ബോധിപ്പിച്ചാല്‍, ഓരോ വര്‍ഷവും നികുതിയിനത്തില്‍ കൊടുക്കേണ്ടിവരുന്ന തുക ആലോചിച്ചാല്‍ ആര്‍ക്കായാലും സ്വബോധം നഷ്ടപ്പെടും. അത്രയേറെ വരുമാനം കിട്ടിയിട്ടല്ലേ, കൊടുത്തുകൂടേ എന്നൊക്കെ പുറത്തുനില്‍ക്കുന്ന നമുക്കു ചോദിക്കാം. പക്ഷേ വ്യക്തിപരമായ അനുഭവം ഉണ്ടാകുമ്പോള്‍ നാം ഓരോരുത്തരും എങ്ങനെയാണ് പെരുമാറുന്നത് എന്ന കാര്യവും കൂട്ടത്തില്‍ ആലോചിക്കാവുന്നതാണ്. സഹകരണ സ്ഥാപനത്തില്‍ നിക്ഷേപിച്ച തുകയുടെ പലിശയിനത്തില്‍ കിട്ടുന്ന വരുമാനത്തിന് നികുതി കൊടുക്കാതിരിക്കാന്‍, കച്ചവടത്തില്‍ കള്ളക്കണക്കെഴുതി, യഥാര്‍ത്ഥത്തിലുള്ള വിറ്റുവരവ് കണക്കില്‍ കാണിക്കാതിരിക്കാന്‍, നികുതിയിനത്തില്‍ സാധനങ്ങളുടെ ബില്ലില്‍ ചേര്‍ത്തു വാങ്ങിച്ച തുക സര്‍ക്കാരിലേയ്ക്ക് അടയ്ക്കാതിരിക്കാന്‍, മാസത്തില്‍ ഇരുനൂറ്റിയന്‍പതു രൂപ വരുമാനം എന്ന് റേഷന്‍കാര്‍ഡില്‍ കള്ളക്കണക്കു കാണിച്ച് ബിപിഎല്‍ ലിസ്റ്റില്‍ കയറിപ്പറ്റാന്‍, സെന്‍റിന് നാലും അഞ്ചും ലക്ഷം രൂപ വിലകൊടുത്തു വാങ്ങിച്ച ഭൂമി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സെന്‍റിന് നാലായിരമോ അയ്യായിരമോ വില കാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും വെട്ടിക്കുമ്പോഴുമെല്ലാം നാമോരോരുത്തരും ജീവിതത്തില്‍ ചെറുതും വലുതുമായ ദിലീപന്മാരായി മാറുന്നുണ്ട്.

ദിലീപ് എന്തൊരു മണ്ടനാണ് എന്നു ചിന്തിക്കുന്നവരാണ് പലരും. തന്‍റെ പരിചയത്തിലുള്ള പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുക്കുക, കൊട്ടേഷനാണ് എന്ന് സുനിതന്നെ പീഡിപ്പിക്കപ്പെടുന്ന നടിയോട് തുറന്നു പറയുക, ഷൂട്ട് ചെയ്ത സിഡി നടന്‍റെ ബന്ധുവിന്‍റെ കടയില്‍ത്തന്നെ കൊടുത്തേല്‍പ്പിക്കുക, തുടങ്ങി എണ്ണിയെണ്ണിപ്പറയാവുന്ന മണ്ടത്തരങ്ങള്‍ നിരവധി എന്നു കരുതുന്നവരാണ് ചിലര്‍. പക്ഷേ, വിവാഹം നിശ്ചയിച്ചിരിക്കുന്ന അവസരത്തില്‍, അതും സെലിബ്രിറ്റിയായ ഒരു നടി, തന്നെ ഒരു ഗുണ്ട പീഡിപ്പിച്ചു എന്ന കാര്യം ലോകത്തിനു മുന്നില്‍ തുറന്നുപറയാനോ, പോലീസില്‍ പരാതിപ്പെടാനോ, ഒരിക്കലും തയാറാവുകയില്ല എന്ന, ദിലീപിന്‍റെ, പുരുഷകേന്ദ്രിതമായ വിശ്വാസമായിരിക്കണം ഇത്തരമൊരു മണ്ടത്തരം കാണിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ആ പുരുഷവിശ്വാസമാണ് തകര്‍ന്നുപോയത്. ദിലീപിനുമാത്രമല്ല, നമ്മുടെ സമൂഹത്തിലെ മിക്കവാറുംപേര്‍ക്ക് ഇങ്ങനെവിശസിക്കാനേ കഴിയുമായിരുന്നുള്ളൂ. ഈ വിശ്വാസത്തെ പൊളിച്ചടുക്കാന്‍ ഇരയായ നടി ധീരത കാണിച്ചു എന്നതാണ് പ്രധാനം. ആ ധീരതയ്ക്ക് വിപ്ലവാഭിവാദ്യങ്ങള്‍!

3 Comments
  1. Sunil 3 years ago

    മനോഹരമായ കുറിപ്പ്

  2. Haridasan 3 years ago

    വെള്ളിത്തിരകൾ ശുദ്ധമാകുമെന്നു ആശിക്കാം..

  3. Anil 3 years ago

    Well said , Sir

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account