പുലർച്ചക്ക് കില്ലർ സുഗുണനെ തൂക്കിക്കൊന്നു.

മരിയ്ക്കുന്നതിന് മുമ്പ് അയാൾ ഒന്നും പറഞ്ഞില്ല. കറുത്ത മുഖമ്മൂടികൊണ്ട് കണ്ണുകൾ മറയ്ക്കുന്നവരെയും അയാൾ നേരെ നോക്കുക മാത്രമെ ചെയ്‌തുള്ളൂ. ശരീരം അവസാനമായി വിറച്ചു തീർന്നപ്പൊൾ ഡോക്റ്റർമാർ അവരുടെ ജോലി തുടങ്ങി. മരണ സമയം കൃത്യമായി അറിയാവുന്ന അപൂർവ്വ അവസരങ്ങളിൽ  ഒന്നായിരുന്നല്ലൊ അത്.

കില്ലർ സുഗുണന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആരും വന്നില്ല.​

******

‘മെല്ലെ… മെല്ലെ… പെട്ടെന്ന് കണ്ണ് തുറക്കരുത്, പറയുമ്പോൾ മാത്രം ചെയ്‌താൽ മതി’. ഡോക്റ്റർ ആലി ശാന്തമായി പറയുന്നത് അവൻ കേട്ടു. അവന്റെ കൺകെട്ട്  നീക്കുകയാണ്. കണ്ണുകൾ അടഞ്ഞിരുന്നിട്ടും വെളിച്ചത്തിനെന്തൊരു വേദനയാണ്.

‘ഇനി കണ്ണു തുറക്കൂ, ആനന്ദ്.. പതുക്കെ’

വളരെ സൂക്ഷിച്ച് അവൻ കൺപോളകൾ ഉയർത്തി. വെളിച്ചം അവനിലേക്ക് ഇരച്ചുകയറുന്നത് അസ്സഹ്യമായി തോന്നി. പക്ഷെ എന്തും ആ ഇരുട്ടിനെക്കാൾ നല്ലതാണ്. ആ ശൂന്യമായ ഇരുട്ട്. അവന് കാണാം.

******

അന്ധനാവാൻ പോകുകയാണെന്നറിയും വരെ ആനന്ദിന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. വിവാഹം കഴിഞ്ഞിട്ട് പതിനഞ്ച് വർഷം. സ്‌നേഹവതിയായ ഭാര്യ. സ്‌കൂളിൽ മകൻ പഠിപ്പിലും സംഗീതത്തിലും അഭിരുചിയും കഴിവും പ്രകടിപ്പിക്കുന്നു.

ചാർട്ടേർഡ് അക്കൗണ്ടൻസി ലോകത്ത് ആനന്ദ് പേരെടുത്തു തുടങ്ങിയിരുന്ന കാലം. സ്വതവെ ശാന്തപ്രകൃതനായതിനാൽ നല്ലൊരു സുഹൃദ് വലയവുമുണ്ട്. ആയിടെയാണ് അവന് വായിക്കുവാൻ ബുദ്ധിമുട്ടനുഭവിച്ച് തുടങ്ങിയത്. കണ്ണട ധരിച്ചുതുടങ്ങി. പ്രയോജനമുണ്ടായില്ല. മേശക്കപ്പുറമിരുന്ന് ഉപദേശം തേടുന്ന മുഖങ്ങൾ മങ്ങി തുടങ്ങി. പലതരം പരിശോധനകൾക്ക് ശേഷം അവന്റെ രോഗം നിർണ്ണയിക്കപ്പെട്ടു. അവന്റെ കണ്ണുകൾ മരിച്ചു കൊണ്ടിരിയ്ക്കയാണ്. താമസിയാതെ അവൻ പൂർണ്ണമായും അന്ധനാവും.

ആനന്ദ് ഒരിക്കലും മന:ശക്‌തിയുള്ളവനായിരുന്നില്ല. കുട്ടിക്കാലം മുതൽക്കെ ചെറിയ കാര്യങ്ങൾക്ക് പോലും കരഞ്ഞ് വയ്യാതാവും. വലുതായപ്പോൾ പുറമെ ധൈര്യം അഭിനയിച്ച് ഉള്ളിലുള്ള മൃദുലത മറച്ചുവെയ്ക്കുവാൻ ഒരു പരിധി വരെ അവന് സാധിച്ചിരുന്നു. എന്നാൽ ഇതറിഞ്ഞതോടെ അവനാകെ തകർന്നു. ജോലിക്ക് പോകാതായി. അല്ലെങ്കിലും കുരുടനായ ഒരു അക്കൗണ്ടന്റിനെ ആർക്ക് വേണം എന്നവൻ സ്വയം ന്യായീകരിച്ചു. ഭാര്യയിൽ നിന്നും മകനിൽ നിന്നും മന:പ്പൂർവ്വം അകന്നു. എന്നും വീട്ടിൽ ബോധക്ഷയം സംഭവിക്കുന്നവരെ കുടിക്കുന്നത് പതിവാക്കി.

ആയിടെയാണ് ഡോക്റ്റർ ആലി വിളിച്ചു പറഞ്ഞത്, അവനനുയോജ്യമായ ഒരു ഡോണറെ ലഭിച്ചിട്ടുണ്ടെന്ന്. ഒരു രണ്ടാമൂഴം!

******

ചുറ്റുമുള്ള ലോകം ആർത്തിയോടെ വീണ്ടും വീണ്ടും കണ്ട് ആനന്ദ് പുതുശക്‌തി ആർജ്ജിച്ചു. വലത് കണ്ണ് മാത്രമെ ഉള്ളുവെങ്കിലും അതിനെന്താ? അതുണ്ടല്ലൊ. അവൻ വീണ്ടും ജോലിക്കു പോയി തുടങ്ങി. കക്ഷികൾ എല്ലാവരെയും നഷ്‌ടപ്പെട്ടിട്ടില്ല. കുടുംബവും സുഹൃത്തുക്കളും ഒരു സ്‌നേഹവലയം തന്നെ ഒരുക്കി അവനെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു. മദ്യപിയ്ക്കണമെന്ന തോന്നൽ പോലും അവനില്ലാതായി. പുതുജീവനുമായവൻ പൊരുത്തപ്പെട്ടുവന്നു. ഇടതു വശത്ത്  കാഴ്‌ചയില്ലാത്തതിനാൽ ബുദ്ധിമുട്ടുകൾ ഉണ്ട്. സാരമില്ല. വായിക്കാൻ  സാധിക്കുന്നുണ്ടല്ലൊ. അത് മതി. ഇടയ്ക്കിടെ പുതിയ കണ്ണ് അവൻ അടച്ചു പിടിക്കും. എല്ലാം ഇരുട്ടാവും. വീണ്ടും കാഴ്‌ച നൽകിയതിന്, വീണ്ടും ജീവിക്കാൻ അനുവദിച്ചതിന്, അപ്പോൾ അവൻ സർവ്വ ശക്‌തനായ ദൈവത്തിന് നന്ദി പറയും.

******

ഒരു ദിവസം ക്ലബ്ബിൽ വെച്ച് കില്ലർ സുഗുണനെ കുറിച്ച്‌ ചിലരുടെ സംഭാഷണം ആനന്ദ് കേൾക്കാനിടയായി. കില്ലർ ആരാണെന്ന് അവനറിയാമായിരുന്നു. ഒരു സംസ്ഥാനത്തെ മുഴുവൻ കൊല്ലങ്ങളോളം വിറപ്പിച്ച കൊലപാതകി. ഒരു കാരണവും പ്രത്യകിച്ചൊരു ലക്ഷ്യവും ഇല്ലാതെ അനേകം കൊലകൾ നടത്തിയ ആൾ. എങ്ങനെ കൊല്ലുമെന്നോ, ആരെക്കൊല്ലുമെന്നൊ പ്രവചിക്കാൻ സാദ്ധ്യമായിരുന്നില്ല – കഴുത്തറത്താണ് ഒരു തവണ കൊല്ലുന്നതെങ്കിൽ അടുത്ത തവണ തലയ്ക്കടിച്ചൊ വിഷം നൽകിയൊ ആവാം. ഒരു കാര്യം മാത്രമെ ഉറപ്പുള്ളൂ. ഓരോ കൊലയ്ക്ക് ശേഷവും വെള്ളക്കടലാസ്സിൽ ടൈപ്പ് ചെയ്‌ത ഒരു കുറിപ്പുണ്ടാവും ‘ഞാൻ വീണ്ടും വരും, വീണ്ടും!’.

ഒടുവിൽ അയാളെ പിടികൂടിയപ്പോൾ എല്ലാവരും ആശ്ചര്യപ്പെട്ടു. വലിയൊരു കുടുംബത്തിന്റെ നാഥനായ മദ്ധ്യവയസ്‌കനായ സ്‌കൂൾ അദ്ധ്യാപകനായിരുന്നു കില്ലർ സുഗുണൻ. മികച്ച ടീച്ചർക്കുള്ള അവാർഡ് കിട്ടിയ മട്ടിൽ ചാനൽ ക്യാമറകളെ ഒരു പുഞ്ചിരിയോടെ അഭിമുഖീകരിച്ചുകൊണ്ടാണയാൾ ജയിലിലേക്ക് പോയത്.

അയാളെ തൂക്കലിലേറ്റിയത് ആനന്ദ് അറിഞ്ഞിരുന്നില്ല. വിഷാദത്തിലാണ്ട്, സ്വന്തം വേദനയെ കുറിച്ച് മാത്രം ചിന്തിക്കുവാൻ കഴിഞ്ഞിരുന്ന കാലത്താണ് അത് സംഭവിച്ചത്. പക്ഷെ കില്ലറുടെ ചെയ്‌തികളിൽ  തനിക്ക് ഏറ്റവും വിചിത്രമായി തോന്നിയത് മരണാന്തരം അയാൾ കണ്ണുകൾ ദാനം ചെയ്‌തതാണെന്ന് ആരോ പറഞ്ഞതാണ്.

കില്ലർ സുഗുണന്റെ കണ്ണാണ് അവന് കിട്ടിയിട്ടുള്ളത്. ആനന്ദിന് അത് ഉറപ്പായി. അയാളെ തൂക്കിക്കൊന്ന അതേ ദിവസമാണ് അവന്റെ ശസ്‌ത്രക്രിയയും നടന്നത്. രണ്ടുവയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ഒരു മടിയും കൂടാതെ മുക്കിക്കൊന്ന ഒരാളുടെ കണ്ണിലൂടെയാണവനിപ്പോൾ ലോകത്തെ കാണുന്നത്. അവന്റെ പുതിയ കണ്ണ് മുമ്പുകണ്ടിട്ടുള്ള കാഴ്‌ചകളെ കുറിച്ചാലോചിച്ചപ്പോൾ അവനാകെ തളർന്നുപോയി – കനിവില്ലാത്ത കരങ്ങൾ കഴുത്തിൽ മുറുകിക്കൊണ്ടിരിക്കെ ജീവനുവേണ്ടി യാചിക്കുന്ന സ്‌ത്രീയുടെ മുഖം, തകർന്ന മസ്‌തിഷ്‌കത്തിൽനിന്നും ഒലിച്ചുപോകുന്ന രക്‌തച്ചാചാലുകൾക്കിടയിൽ പീടികതിണ്ണയിൽ കിടന്ന് പിടയുന്ന മനുഷ്യന്റെ ശരീരം, മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ഒരുങ്ങുന്നതിനുമുമ്പ് ജഡത്തെ പരിശോധിക്കുന്ന ഈച്ചകളും ഉറുമ്പുകളും…

ഭാര്യയോട് ഇതേക്കുറിച്ച് ആദ്യമൊന്നുമവൻ സംസാരിച്ചില്ല. പക്ഷെ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അടുത്തു കിടന്നിരുന്ന അവളെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ അതിയായ ആഗ്രഹം അവനിൽ ഉണർന്നത് എങ്ങനെയൊക്കെയൊ അടിച്ചമർത്തി മനസ്സ് നിയന്ത്രിക്കേണ്ടി വന്നു. അതിനു ശേഷം അവൻ അവളോടെല്ലാം തുറന്നുപറഞ്ഞു.

******

ആനന്ദ് ഇപ്പോൾ അവന്റെ മുറിയിൽ തന്നെയാണ്. മദ്യക്കുപ്പികളും കൂട്ടിനുണ്ട്. ജോലിക്ക് പോകാറില്ല. വായിക്കാറുമില്ല. മുറിയിൽ വെളിച്ചം തെളിയിക്കാറെയില്ല. ഇരുട്ടത്തും അവൻ കണ്ണിനുമുകളിലെ കറുത്ത തുണി നീക്കാറില്ല. അവന് ആ കണ്ണിലൂടെ ഇനി ഒന്നും കാണേണ്ട. തമസ്സ് അവനൽപ്പം ശാന്തിയേകുന്നു. മാസത്തിലൊരിക്കൽ സൈക്യാട്രിസ്റ്റിനെ കാണാൻ പോകുന്നതല്ലാതെ അവൻ  വീട്ടിനു പുറത്തിറങ്ങാറില്ല. അവന് കിട്ടിയ കോർണിയ കില്ലർ സുഗുണന്റെതല്ലെന്ന് പറയുവാൻ ഡോക്റ്റർ ആലി രണ്ടു പ്രാവശ്യം വന്നിരുന്നു. എങ്കിലും ആനന്ദിന് സത്യമറിയാം. ഓരോ പ്രാശ്യവും കില്ലർ പറഞ്ഞിട്ടുള്ളതാണ്, ‘ഞാൻ വീണ്ടും വരും, വീണ്ടും!’

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account