വിദ്യാർത്ഥികളുടെ ജീവിതം എല്ലാക്കാലത്തും കലുഷിതമാണ്. മിഡ് ടേം പരീക്ഷ, ക്ലാസ്സ് ടെസ്റ്റ്, ടേം പരീക്ഷ, ചോദ്യങ്ങളും, ഉത്തരങ്ങളുമായ് ആകെയൊരു യുദ്ധഭൂമി തന്നെയാണ് വിദ്യാർത്ഥി ജീവിതം. സദാ കലാപഭരിതം. ഈ യുദ്ധഭൂമിയിൽ വളരെ ബദ്ധപ്പെട്ടാണ് ഞങ്ങൾ സഞ്ചരിക്കുന്നത്.
പരീക്ഷകളാണ് ഞങ്ങൾ വിദ്യാർത്ഥികളുടെ മുന്നിലുള്ള കൊടുംഭീകരൻമാർ. ഓണത്തിനും, ക്രിസ്തുമസിനും ഈ യമകിങ്കരന്മാർ അങ്ങ് എൻട്രി നടത്തും (ബി.ജി.എം സഹിതം).
തുമ്പപ്പൂക്കൾ വിടർന്നു നിൽക്കുന്ന ഓണക്കാലത്ത്, മഴയൊക്കെ മാറി ഇളവെയിലിൽ മനസ്സൊന്നു സന്തോഷത്തിലാറാടുമ്പോൾ ദേ വന്നു; ഓണപ്പരീക്ഷ. ഡിസംബറിൽ കുളിരു കോരുന്ന തണുപ്പത്ത് പിന്നെയും വന്നു; ചൂടൻ ക്രിസ്തുമസ് പരീക്ഷ. ഒരുതരത്തിൽ പറഞ്ഞാൽ ഒറ്റിക്കൊടുക്കാൻ വരുന്ന യൂദാസ് തന്നെ. അതിനെടേൽ ക്ലാസ് ടെസ്റ്റുകൾ, മാസ ടെസ്റ്റുകൾ, എന്നൊക്കെ ചില്ലറ ഭീകരന്മാർ വേറെയും. ഇതിനോടൊക്കെ കട്ടയ്ക്കു പിടിച്ചു നിൽക്കേണ്ട ഈ ഞങ്ങളുടെ ഒരവസ്ഥ…..
പരീക്ഷകളും അവധിയും കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ സാധാരണ പോലെ ക്ലാസ്സിൽ പോകുന്നു. ടീച്ചർ വന്ന് കഴിഞ്ഞാൽ പിന്നെ ഉള്ളിലാകെയൊരു ആന്തലാണ്, ആൻസർപേപ്പറിന്റെ കെട്ട് ഇതാ ടീച്ചറുടെ കൈയ്യിൽ! കസേരയിൽ കൂളായ് ടീച്ചറിരുന്ന് പേപ്പറെടുക്കുമ്പോൾ പാവം ഞങ്ങൾക്ക് ഇരിക്കപ്പൊറുതി കിട്ടില്ല. ഹൃദയമിടിപ്പ് എത്രയോ ദൂരെ കേൾക്കാം. ഓരോരുത്തരുടെ പേരു വിളിക്കുന്നു, ചെല്ലുന്നു. ഒടുവിൽ നമ്മുടെ ഊഴം എത്തുന്നു. പേപ്പറിലെ മാർക്ക് കാണുമ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല. വൈകുന്നേരം വീട്ടിൽ നടക്കുവാൻ പോകുന്നത് വളരെ പ്രെഡിക്റ്റബിളാണ്. പ്രതിക്കൂട്ടിൽ കയറി നിൽക്കുന്ന ഞങ്ങളിൽ ചിലർ, തലങ്ങും, വിലങ്ങും പ്രൊസിക്യൂട്ട് ചെയ്യുന്ന അച്ഛനും, അമ്മയും. പിന്നെ ആകെയൊരു കുറ്റബോധമായിരിക്കും. ചെയ്യുന്നതെല്ലാം യാന്ത്രികവും. വിഷമം, എല്ലാരെയും കടിച്ചുകീറാനുള്ള ക്രോധം, അങ്ങനെ പലതും….
പരീക്ഷകളിൽ സംഭവിക്കുന്നത് പറയാം. നല്ലോണം പഠിച്ച് കച്ചകെട്ടി പരീക്ഷ ഹാളിൽ കയറും. ചോദ്യപേപ്പർ രണ്ട് കൈയും നീട്ടി സ്വീകരിക്കും. എഴുതാനാരംഭിക്കും. എന്തുമാത്രം ചോദ്യങ്ങളാണ്! പലതിന്റെയും ഉത്തരം കൈവിട്ടു പോകും. ചിലത് മറന്നു പോകും. സമയക്കുറവാണ് നമ്മുടെ പ്രധാന കീരിക്കാടന്മാർ. പിന്നെ ചില നേരങ്ങളിലെ ടെൻഷനും. മൊത്തത്തിൽ നമ്മുടെ കൈയിൽ നിന്ന് പോയിക്കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ടു കാര്യമൊന്നുമില്ല.
എട്ടൊൻപത് വർഷം പരീക്ഷയെഴുതിയ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചൊരു പാഠം പറയാം. വളരെ വലിയ രീതിയിൽ ആസൂത്രിതമായ് പഠിച്ച് ഏത് പാതിരാവിലും, ഏതുറക്കത്തിലും ചോദിച്ചാൽപ്പോലും പച്ചവെള്ളം പോലെ പറയാൻ പറ്റുന്ന തരത്തിൽ എല്ലാം ഹൃദ്യസ്ഥമാക്കി വേണം ഈ ഘടാഘടിയന്മാരെ സമീപിക്കേണ്ടത്. ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
ആദ്യകാലങ്ങളിൽ നമ്മുടെ പരീക്ഷാ സമ്പ്രദായങ്ങൾ ഇന്നുള്ളതിനെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്നാണ് ഞങ്ങളുടെ പിൻതലമുറക്കാർ പറയുന്നത്. ആയിരിക്കാം. ഇന്ന് നാം വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പുരോഗതി നേടിയല്ലോ? പരീക്ഷകളിൽ മാത്രമല്ല. എല്ലാ മേഖലകളിലും. പണ്ട് നാലാം ക്ലാസ്സിൽ പോലും പബ്ലിക് പരീക്ഷയായിരുന്നത്രേ. പിന്നെ എട്ടിലും ഉണ്ട്. എന്നാലിന്ന് പത്താം ക്ലാസിൽ മാത്രേയുള്ളു അത്. എട്ടാം ക്ലാസ്സ് വരെ ആരും തോൽക്കുകയുമില്ല. കൂടാതെ നൂതന സാങ്കേതികവിദ്യകളുടെ വികാസവും വിദ്യാഭ്യാസ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നു. പണ്ടതല്ല സ്ഥിതി. കുറെപ്പേർ എല്ലാ വർഷവും തോറ്റു കൊണ്ടിരിക്കും.
ഇതാ അടുത്ത പരീക്ഷക്കാലം വന്നു കഴിഞ്ഞു. വാർഷിക പരീക്ഷ. അച്ഛനമ്മമാരുടെ ആകുലതകൾ, നമ്മുടെ ടെൻഷൻ. അങ്ങനെ ഈ പ്രഷർകുക്കർ മെല്ലെ മെല്ലെ പൊട്ടിത്തെറിക്കാൻ പോകുകയാണ്. തലവേദനകളുടെ പരീക്ഷാകാലം ഒരു മാസത്തോളമുണ്ട്. വിദ്യാർത്ഥി സമൂഹത്തിന്റ വിദ്യാലയ ജീവിതത്തിലെ സുപ്രധാന ഏടുകളാണ് പരീക്ഷകൾ. എഴുതാതെയും ജയിക്കാതെയും തരമില്ലല്ലോ!