മലയാളത്തിലെ 25 എഴുത്തുകാരുടെ രുചിയനുഭവങ്ങളാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച മെനുസ്മൃതി എന്ന കൃതിയിലൂടെ വിനു ജോസഫ് സംഗ്രഹിച്ചിരിക്കുന്നത്. വിശപ്പാണ് ഏറ്റവും നല്ല കറി എന്ന് പലതവണ ഓര്‍മ്മിപ്പിക്കുന്ന ഈ കുറിപ്പുകള്‍ക്കൊപ്പം അധികം കേട്ടു കേള്‍വിയില്ലാത്ത ചില വിഭവങ്ങളുടെ പാചകക്കുറിപ്പു കൂടിച്ചേര്ത്തിരിക്കുന്നു. ചുവന്നമുന്തിരി ചേര്‍ത്ത മത്തന്‍ പച്ചടിയും,തക്കാളിക്കറി കപ്പയിട്ടതും,ഞണ്ട് സൂപ്പുമെല്ലാം ഒന്നു പരീക്ഷിച്ചു നോക്കാതെ വയ്യ. പുസ്തകം വായിച്ചു തീര്‍ന്നപ്പോള്‍ ആഹാരവും പാചകവുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങളാണ് മനസ്സിലേക്കോടിയെത്തിയത്.
ആഹാരപ്രിയയൊന്നുമല്ലെങ്കിലും ഒട്ടും ചെറുതല്ലാത്തൊരിഷ്ടം കുറേക്കാലമായി പാചകത്തോട് സൂക്ഷിക്കുന്നുണ്ട് .ഉണ്ടാക്കുന്നതെന്തും വീട്ടിലെ മറ്റംഗങ്ങള്‍ക്കു കൂടി ഉപകാരപ്രദമാക്കാനുള്ള വഴികളാണ് ആലോചിക്കാറ്. ജോലിയും യാത്രയും എഴുത്തുമൊക്കെയായി ചിതറിപ്പോകുന്ന സമയത്തിനിടയില്‍ പാചകപരീക്ഷണങ്ങള്‍ക്ക് അധികസമയമില്ലാത്തതിനാല് ഗ്യാരണ്ടിയുള്ള വിഭവങ്ങള്‍ മാത്രം പരീക്ഷിക്കുകയാണ് പതിവ്. പലഹാരങ്ങള്‍ ഉണ്ടാക്കാനാണ് വലിയ ക്ഷമയും ശ്രദ്ധയും ആവശ്യമുള്ളത്.അത്രത്തോളം ബുദ്ധിമുട്ടില്ല കറികള്‍ ഉണ്ടാക്കാന്‍ എന്നു മനസ്സിലായതോടെ കുറേക്കാലമായി കറികളിലാണ് രുചിയന്വേഷണപരീക്ഷകള് നടന്നുപോകുന്നത്.
കറികള്‍ ഒരിക്കലും ചതിക്കാറില്ല എന്നതാണ് അനുഭവം. പലഹാരപരീക്ഷണങ്ങളില് നഷ്ടപ്പെട്ട ധാന്യമാവിനും പഞ്ചസാര-എണ്ണ-നെയ്യ്-തേങ്ങ സാമഗ്രികള്‍ക്കും കഴുകാനുള്ള വഴുവഴുപ്പന്‍ പാത്രങ്ങള്ക്കുമൊടുവില് കിട്ടുന്ന വസ്തുക്കൾ വല്ലപ്പോഴും മാത്രമേ തീര്‍ത്തും ദയനീയാവസ്ഥയിലായിട്ടുള്ളൂവെങ്കില്പ്പോലും അത്തരം പാചകം എന്തുകൊണ്ടോ ഒട്ടും ആസ്വാദ്യകരമായിത്തോന്നാറില്ലായിരുന്നു. കറിയിലാണ് പരീക്ഷണമെങ്കില്‍ വീട്ടിലന്നു വേറെ കറിയുണ്ടാക്കേണ്ടതില്ല എന്ന മെച്ചം കൂടിയുണ്ട്. പഠനകാലത്ത് ഉമ്മ വീട്ടിലില്ലാത്ത ദിവസങ്ങളില്‍ അടുക്കള കയ്യേറിയായിരുന്നു ആദ്യകാലപരീക്ഷണങ്ങള്‍. ശരാശരിയില്‍ നിന്നും താഴേക്ക് പോന്നിട്ടില്ല എന്നു രുചിച്ചറിഞ്ഞവരുടെ സര്‍ട്ടിഫിക്കറ്റ് കൂടിയായപ്പോള്‍ പിന്നെ മടിച്ചു നിന്നില്ല .ജോലിയായി ഓരോ ഓഫീസും മാറിച്ചെല്ലുമ്പോള്‍ പുതിയ നാട്ടുകാര്‍, പുതിയ പാചകരീതികള്‍, പുതുരുചികള്‍ കൂടെപ്പോന്നു. മാമ്പഴപുളിശ്ശേരിയും ആലപ്പുഴ മീന്‍കറിയും സോയഛങ്സ് ഫ്രൈയും മുരിങ്ങ മുട്ടത്തോരനും നത്തോലിപ്പീരയുമെല്ലാം അങ്ങനെക്കൂടെപ്പോന്നതാണ്. ഉമ്മയുണ്ടാക്കുന്ന ഉണക്കമുന്തിരി ചേര്‍ത്ത സ്പെഷ്യല്‍ ചിക്കന്‍, സുലൈഖ അമ്മായിയുടെ തേങ്ങയരച്ച ചുവന്ന മീന്‍കറി, ഹസീനയുടെ മുരിങ്ങക്കായ,ഉള്ളിത്തീയല്‍ ഇതെല്ലാം ഞാനുണ്ടാക്കുമ്പോള്‍ വേറെ രുചിയാണ്. അത് അവര്‍ തന്നെ ഉണ്ടാക്കുമ്പോഴേ സ്പെഷ്യല്‍ ആവുകയുള്ളൂ എന്നര്‍ത്ഥം.
അതുപോലെ കാലങ്ങളായി പോറല്‍ പോലുമില്ലാതെ ഉമ്മ സൂക്ഷിക്കുന്ന മണ്‍ചട്ടികളില്‍ വേവുമ്പോഴേ കറി കറിയാവുന്നുള്ളു. പച്ചക്കറി വേവിക്കുന്ന ചട്ടിയല്ല മീനിനുള്ള ചട്ടി. ഇറച്ചിക്കറിയുണ്ടാക്കാനുള്ള മണ്‍ചട്ടി വേറെയാണ്. അവയുടെ മണങ്ങള്‍ ആ മണ്‍ചട്ടികളുടെ മണവുമായി കലരുമ്പോഴേ തനതുരുചിയാവുന്നുള്ളൂ. മണ്‍ചട്ടി തന്നെയാണ് പാചകത്തിനു പ്രിയം. നോണ്‍സ്റ്റിക് പാനുകളും പരസ്യത്തിലെ തിളങ്ങുന്ന പാത്രങ്ങളും മോഹിപ്പിക്കാറേയില്ല. കനല് തട്ടിക്കരുവാളിച്ച മണ്‍ചട്ടിയില്‍ കറിവേപ്പില കൊണ്ടലങ്കരിച്ച മീന്‍കറിയുടെ എടുപ്പ് നോണ്സ്റ്റികിന് സ്വപ്നം കാണാനാവില്ല.
സംസ്ഥാനസ്കൂള്‍ കലോത്സവം മലപ്പുറത്തു നടക്കുമ്പോഴാണ് അവിടെ പാചകത്തിനെത്തിയ പഴേടം നമ്പൂതിരിയുടെ അവിയലിന്റെ റെസിപ്പി മനോരമക്കാര് പ്രസിദ്ധീകരിച്ചത്. യൂത്ത്ഫെസ്റ്റിവല്‍ ഗ്രൗണ്ടിലെ പൊടിയില്‍ നിന്നു രക്ഷപ്പെട്ട് നേരെ മാര്‍ക്കറ്റിലേക്കാണ് പോയത്. അതില്പ്പറഞ്ഞ പച്ചക്കറികളെല്ലാം വാങ്ങി അതുപോലെത്തന്നെയുണ്ടാക്കിയപ്പോള് എത്ര ലളിതസുന്ദരമായ അവിയലായിരുന്നു. അല്ലെങ്കിലും അവിയലിനു മുമ്പില്‍ മറ്റെല്ലാം മാറിനില്‍ക്കും. അതുകൊണ്ടാവും ഏതു സദ്യക്കു വിളമ്പിയാലും എന്റെയിലയില് അവിയല്‍ പേരിനു മാത്രമേ വീഴാറുള്ളൂ. ഇപ്പോഴാവട്ടെ ഇന്റര്‍നെറ്റ് തുറന്നാല്‍ രുചിയന്വേഷണങ്ങളുടെ മേളമാണ്. അമ്മച്ചിയുടെ അടുക്കളയും മനോരമ, മാതൃഭൂമി, ഡി സി ബുക്ക്സ് ഓണ്‍ലൈനുകളും ബോള്‍ഡ് സ്കൈയുമെല്ലാം തന്ന രുചിമേളങ്ങള്ക്കു കണക്കില്ല.
അധികം ചേരുവകള്‍ ആവശ്യമില്ലാത്ത, എണ്ണയുടെയും കൊഴുപ്പിന്റെയും കൃത്രിമചേരുവകളുടെയും ആധിക്യമില്ലാത്ത എളുപ്പം ഉണ്ടാക്കാനാവുന്ന കറികളിലാണ് എല്ലാ പരീക്ഷണവും. അല്ലാതെ കുറേ വറുത്ത് പിന്നെ മാറ്റിവച്ച് വഴറ്റി രണ്ടും മൂന്നും ഘട്ടങ്ങളായി ചെയ്യുന്ന പാചകക്കുറിപ്പാണെങ്കില് അങ്ങോട്ടു നോക്കാറേയില്ല. കറിവേപ്പിലയില്‍ പൊതിഞ്ഞു വേവിച്ച മത്തി, കുരുമുളകു ചിക്കന്‍, വിനാഗിരി ചേര്‍ത്ത മീന്‍കറി, വഴുതനങ്ങ തൈരു കറി, ആലു പോഹ, കപ്പ കൊണ്ടുള്ള പലതരം വിഭവങ്ങള്‍, മീന്‍ മുളകിട്ടത് ഇത്യാദി പരീക്ഷണങ്ങള്‍ക്കെല്ലാം നല്ല പ്രതികരണമായിരുന്നതു കൊണ്ടു തന്നെ പാചകപുസ്തകങ്ങളിലും ആനന്ദം കണ്ടെത്താന്‍ കഴിയുന്നു.
പാചകത്തിന് പ്രത്യേക നിയമങ്ങളൊന്നുമില്ല. ഒരു വീടിന്റെ, വ്യക്തിയുടെ നാവിനും വയറിനും പഥ്യമാകുന്നതെന്തും അവിടുത്തെ അടുക്കളയില്‍ വേവട്ടെ എന്നതു തന്നെയാണ് പാചകത്തിന്റെ നിയമം. ഉണ്ടാക്കിയത് ആസ്വദിച്ചു കഴിക്കുന്നവരുടെ മുഖത്തുവിരിയുന്ന തൃപ്തി യുടെ ചെറുമിന്നലാട്ടം തന്നെയാണ് മസാലപ്പൊടികള്‍ക്കും ഉപ്പിനും പുളിയ്ക്കും കറിവേപ്പിലയ്ക്കും എണ്ണയ്ക്കും കടുകിനുമൊപ്പം കഴിച്ചു കൂട്ടിയ സമയം രണ്ടു പുസ്തകം അധികമായി വായിക്കാമായിരുന്നു എന്നോ ഒരു കഥ കൂടി എഴുതാമായിരുന്നു എന്നോ തോന്നിപ്പിക്കാത്തതും.
നന്ദി, വിനു ജോസഫ്. മെനുസ്മൃതിയിലൂടെ ഇത്രയൊക്കെ ഓര്‍മ്മിപ്പിച്ചതിന്.
good note