about vathakka issue

ഫറൂഖ് കോളേജിലെ ഒരധ്യാപകൻ ഒരു മതസദസ്സിൽ നടത്തിയ പ്രഭാഷണം (അദ്ദേഹത്തിന്റെ ശൈലിയും വർത്തമാനവും അദ്ദേഹം സ്ഥിരം  മതപ്രഭാഷകനാണെന്നും കൗൺസിലിങ്ങ് നടത്താറുണ്ടെന്നുമൊക്കെ വെളിപ്പെടുത്തുന്നുണ്ട് ) വിവാദമായതോടെ വത്തക്ക  മലയാളിബോധത്തിൽ ഏറ്റവും അശ്ലീലമായ. പദങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ഈ കടുത്ത വേനൽക്കാലത്ത് വടക്കൻ കേരളത്തിലുള്ളവർക്ക് വത്തക്ക എന്നു പറയാതിരിക്കാനാവുകയുമില്ല. ഇത്തരം സാഹചര്യത്തിൽ അവരനുഭവിക്കുന്ന ഭാഷാപരമായ പ്രതിസന്ധിയെക്കുറിച്ച് ട്രോളുകളും തമാശകളും നവമാധ്യമങ്ങളിൽ സുലഭമായി പ്രചരിക്കുന്നു.

അധ്യാപകന്റേത് ആദ്യത്തെ പ്രസംഗമല്ല. ഇതേ ആശയം മുമ്പും അല്ലെങ്കിൽ സ്ഥിരമായി അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടാവണം. താൻ പഠിപ്പിക്കുന്ന, ഭൂരിഭാഗം മുസ്‌ലീങ്ങൾ ആയ (80 ശതമാനം) പെൺകുട്ടികൾ  പഠിക്കുന്ന ഫറൂഖ് കോളേജിന്റെ പശ്ചാത്തലത്തിൽ തന്റെ വിദ്യാർത്ഥിനികളുടെ വസ്‌ത്രധാരണത്തെക്കുറിച്ചു പറഞ്ഞതാണ് പെട്ടന്നു വിവാദമായത്. ഇസ്‌ലാമികമല്ലാത്ത വസ്‌ത്രധാരണരീതിയാണ് പെൺകുട്ടികളുടേതെന്നതും അവർക്ക് ഇഹലോകവും പരലോകവും ഒന്നിച്ചു നഷ്‌ടപ്പെടുന്നുവെന്നതുമാണ് അദ്ദേഹത്തെ വേവലാതിപ്പെടുത്തുന്നത്. ത്രികോണാകൃതിയിൽ മുറിച്ചെടുത്തുകാണിക്കുന്ന വത്തക്കകഷ്‌ണത്തോടാണ് പെൺകുട്ടികൾ ധരിച്ചിരിക്കുന്ന ചുരിദാറിന്റേയോ  പർദ്ദയുടേയോ മുകൾ ഭാഗത്ത് സൂക്ഷിച്ചു  നോക്കിയാൽ കാണാവുന്ന ക്ലീവേജിനെ അദ്ദേഹം ഉപമിക്കുന്നത്. ചൂഴ്‌ന്നെടുത്ത ചെറിയ വത്തക്കാകഷ്‌ണത്തിന്റെ ചുവപ്പു നിറം കാട്ടി, ഇതുപോലെയാണ് വത്തക്കയുടെ ഉളള് മുഴുവൻ എന്ന് കച്ചവടക്കാർ ഉപഭോക്‌താക്കളെ പ്രലോഭിപ്പിക്കുന്നതുപോലെ ഇങ്ങനെ മാറിടവിടവ് കാട്ടി ഉള്ളിലും ഇങ്ങനെയാണ് എന്നു പറയുകയാണത്രേ കോളേജിലെ പെൺകുട്ടികൾ. മറ്റൊരു പ്രശ്‌നം, പർദ്ദയ്ക്കടിയിലണിയുന്ന ലെഗിൻസ് ആണ്. പർദ്ദ കയറ്റിപ്പിടിച്ച് അവരതു പ്രദർശിപ്പിക്കുന്നു. യാത്രയ്ക്കിടയിൽ ഏതോ പള്ളിയിൽ നിസ്ക്കരിച്ചു പുറത്തിറങ്ങുമ്പോൾ റോഡിൽ ‘നമ്മുടെ കുട്ടികൾ’ ധാരാളമായി ലെഗിൻസ് ധരിച്ചു നടക്കുന്നതു കണ്ടതിലുള്ള സങ്കടവും അദ്ദേഹത്തിനുണ്ട്. മക്കന തലയിൽ ചുറ്റിക്കെട്ടുന്നതും മുൻഭാഗത്ത് തലമുടി കാട്ടുന്നതും അദ്ദേഹത്തെ വിഷമിപ്പിക്കുന്നു. ചുരുക്കത്തിൽ മുസ്‌ലീം പെൺകുട്ടികളുടെ വസ്‌ത്രധാരണം തീർത്തും അനിസ്‌ലാമികമാണ്. അവർക്ക് പരലോകം നഷ്‌ടപ്പെടും.

ഒരധ്യാപകൻ എന്തിനാണ് പെൺകുട്ടികളുടെ പർദ്ദയ്ക്കടിയിലേക്കും മുകളിലേക്കുമൊക്കെ തുറിച്ചു നോക്കുന്നതെന്ന് ഈ വാക്കുകൾ കേൾക്കുമ്പോൾ ആർക്കും സംശയം തോന്നാം. മൂന്നു നാലു വസ്‌ത്രങ്ങളണിഞ്ഞ് ചൂടും സഹിച്ച് കഷ്‌ടപ്പെടുന്നത് പരലോകത്ത് എ സി മുറിയിൽ സുഖമായി ഇരിക്കാനാണെന്ന്  അദ്ദേഹം തന്നെ പറയുന്നതു കേൾക്കുമ്പോൾ ഈ കുട്ടികളാരും മനപ്പൂർവ്വം നഗ്‌നത പ്രദർശിപ്പിക്കുന്നില്ലെന്നു വ്യക്‌തമാണ്. പർദ്ദയ്ക്കടിയിലെ ലെഗിൻസും മുകളിലെ നേരിയ വിടവുമൊക്കെ കണ്ടെത്തണമെങ്കിൽ സൂക്ഷ്‌മപരിശോധനതന്നെ നടത്തിയിട്ടുണ്ടാവണം.

ആണായാലും പെണ്ണായാലും സൽകൃത്യം ചെയ്യുകയും സത്യവിശ്വാസി ആയിരിക്കുകയും ചെയ്യുന്ന ആർക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്നു പറയുന്ന ഒരു മതത്തിലാണ് പരലോകത്തേയ്ക്ക് ലെഗിൻസിട്ടു കയറിക്കൂടാ എന്ന മാതിരിയുള്ള അബദ്ധങ്ങൾ പറയുന്ന അങ്ങേയറ്റം സ്‌ത്രീവിരുദ്ധമായ ഒരു പ്രഭാഷണം നിശബ്‌ദമായി സദസ് ശ്രവിച്ചുകൊണ്ടിരിക്കുന്നത്.  സ്വർഗ്ഗമെന്നത് മനശാന്തിയാണെന്നും അല്ലാഹുവിന്റെ സാമീപ്യമാണെന്നും ഖുറാൻ പറയുന്നുണ്ട്. മതപ്രഭാഷകർ പറയുന്ന ഹൂറിമാരുടേയും  ശാരീരികാനന്ദങ്ങളുടേയും പ്രലോഭനമല്ല സ്വർഗ്ഗമെന്നു സാരം.

അധ്യാപകൻ തന്റെ വിദ്യാർത്ഥിനികളെപ്പറ്റി പറയുന്നത് ആണധികാരപ്രത്യയശാസ്‌ത്രത്തിന്റെ പിൻബലത്തോടെയാണ്. ഒരിക്കലും തകർക്കപ്പെടാത്ത ചില അനുശീലനങ്ങളുണ്ട്. അതിന്റെ നിർമ്മിതി സ്‌ത്രീവിരുദ്ധതയിലൂന്നിയതുമാണ്. ചില വ്യവസ്ഥകൾ, ചിലതരം ഉറപ്പുകൾ, നിയമങ്ങൾ, ഇവയെക്കുറിച്ച് ആധികാരികമായി പറയാൻ അവകാശമുള്ളവർ എന്നു വിശ്വസിക്കുന്ന പ്രത്യേകവിഭാഗം എല്ലാ മതങ്ങളിലുമുണ്ട്. തീവ്രമാംവിധം തങ്ങളുടെ മതത്തെ, അതിന്റെ ചിഹ്നങ്ങളെ, വളച്ചൊടിക്കപ്പെട്ട ആശയങ്ങളെ അവർ മതവിശ്വാസികളിലേക്കു അടിച്ചേൽപ്പിക്കുന്നു. പ്രതികരണങ്ങളുണ്ടാവില്ല എന്ന ഉറപ്പിന്മേലാണത്. അവിശ്വസനീയമാം വിധം സമാനതയുണ്ട് എല്ലാ മതങ്ങൾക്കും ഇക്കാര്യത്തിൽ. മതത്തിന്റെ, വിശ്വാസത്തിന്റെ കാര്യമാവുമ്പോൾ നിശബ്‌ദതയും അനുസരണയുമാണ് കാമ്യമെന്ന് സമൂഹമനസ് നിഷ്‌ക്രിയമായൊരു തീർപ്പിലേക്കെത്തുന്നുമുണ്ട്. തുറന്നു പറയുന്നവർ, എതിർക്കുന്നവർ ഒറ്റപ്പെടുകയെന്നതാണ് സാധാരണം.  മൂന്നു വർഷം മുമ്പ് വി.പി റജീന മദ്രസാ പഠനകാലത്തെ ദുരനുഭവങ്ങളെക്കുറിച്ചു പറഞ്ഞതിനെത്തുടർന്നുണ്ടായ കോലാഹലങ്ങൾ ഓർക്കാവുന്നതാണ്. സമാനമായ അനുഭവം 2018ൽ ഒരു മുസ്‌ലീം പെൺകുട്ടി (നസീറ സൈനബ മാങ്കുളത്ത്) എഫ് ബി പോസ്റ്റായി എഴുതുമ്പോഴും അവളെ കീറിമുറിക്കാനാണ് ആൾക്കൂട്ടത്തിനു താൽപ്പര്യം.

അധ്യാപകൻ  തന്റെ വിദ്യാർത്ഥിനികളെ നോക്കിയതിലെ, നോക്കുന്നതിലെ അശ്ലീലം അപ്രസക്‌തമാവുകയും പെൺകുട്ടികളുടെ വസ്‌ത്രധാരണം സഭ്യമല്ല എന്ന വ്യാജമായ വസ്‌തുത (അവർ മൂന്നാലു വസ്‌ത്രങ്ങൾ മേൽക്കുമേൽ ധരിച്ചിട്ടുണ്ട് എന്നദ്ദേഹം തന്നെ പറയുന്നു) ഏറ്റവും പ്രാധാന്യത്തോടെ ഉയർന്നു വരികയും ചെയ്യുന്നതിലെ രാഷ്‌ട്രീയം പഴയതു തന്നെയാണ്. പുരുഷന്റെ കാമനകളുടെ, ഇച്ഛകളുടെ ഇരയാണ് എന്നും സ്‌ത്രീശരീരം. അവളുടെ അവയവങ്ങൾ, ലൈംഗികോദ്ദീപകമെന്നു പുരുഷൻ വിചാരിക്കുന്ന ശരീരഭാഗങ്ങൾ, അല്ലെങ്കിൽ അവളുടെ ശരീരമാസകലം ലൈംഗികതയാരോപിക്കൽ, ഇതിനെക്കുറിച്ചെല്ലാം പറയുമ്പോൾ വക്‌താവ് രതിജന്യമായ ആനന്ദമനുഭവിക്കുന്നുണ്ടെന്നത് വ്യക്‌തമാണ്. സ്‌ത്രീ ശരീരത്തെ പ്രതിനിധീകരിക്കുന്ന രൂപകങ്ങളെല്ലാം ലൈംഗികവൽക്കരിക്കപ്പെടുന്നതാവുന്നതിനെക്കുറിച്ച് ലകാൻ പറയുന്നത് ഇവിടെ ഓർക്കാവുന്നതാണ്. അവൾ പുരുഷനെ പ്രകോപിപ്പിക്കുന്ന അവയവങ്ങളുടെ സംഘാതം മാത്രമാവുന്നു. മൂടിപ്പൊതിഞ്ഞു നിൽക്കുമ്പോഴും അവളുടെ ശരീര ഭാഗങ്ങളിലേക്കു തുറിച്ചു നോക്കി ആനന്ദിക്കാനും അതിനെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് മൂർച്ഛയടയാനും പുരുഷനധികാരമുണ്ട്. ഇവിടെ പുരുഷനായതുകൊണ്ടു മാത്രമല്ല, അധ്യാപകൻ, മത പ്രഭാഷകൻ, തുടങ്ങി കൂടുതൽ അധികാരിയായ പുരുഷനാണ് അയാൾ.  വേദിയിലെ ആ  പ്രകടനത്തിന്റെ  ശരീരഭാഷയും ശബ്‌ദവും ഭാവവുമൊക്കെ ഒരു  ആസക്‌തന്റേതാണ്, ആചാര്യന്റേതല്ല.

ആ പ്രസംഗത്തെ ന്യായീകരിക്കാൻ ജഗതി ശ്രീകുമാറിന്റെ പഴയ പ്രസംഗത്തിന്റെ വീഡിയോ ആപ് ലോഡു ചെയ്‌തു സംസാരിക്കുന്ന ചെറുപ്പക്കാരനിലും അതേ ആസക്‌തിയാണുള്ളത്. സ്‌ത്രീയെ ലിംഗശരീരമായി മാത്രമേ അവർക്കു കാണാനാവുന്നുള്ളു. ജഗതി ശ്രീകുമാറിന്റെ ലൈംഗികച്ചുവയുള്ള  വാക്കുകളും അതു കേട്ടു ഇളകി മറിഞ്ഞു ചിരിക്കുന്ന വൻ സദസ്സും ആഭാസകരമായ മറ്റൊരു കാഴ്‌ച്ച. ‘പ്രവാചകന്മാരേ, വിശ്വാസികളോടു പറയുക, അവർ തങ്ങളുടെ ദൃഷ്‌ടികളെ താഴ്ത്തിവെച്ചു കൊള്ളട്ടെ’ എന്ന ഖുറാൻ വചനമാണിവിടെ പ്രസക്‌തം. ദൃഷ്‌ടികളെ കാഴ്‌ച്ചയ്ക്കായി സ്വതന്ത്രമായി വിടരുത്. കാണാൻ ഉചിതമല്ലാത്ത വസ്‌തുക്കളെ നോക്കിക്കൂടാ. അന്യസ്‌ത്രീകൾ, ആളുകളുടെ നഗ്‌നത, ഇതൊക്കെ ഉചിതമല്ലാത്ത കാഴ്‌ച്ചകളിൽ വരുമെന്ന് വ്യാഖ്യാനം. മതപ്രഭാഷകരും അധ്യാപകരുമെല്ലാം ഖുറാൻ വിരുദ്ധമായി സ്വന്തം കണ്ണുകളെ ഉചിതമല്ലാത്തിടത്തേക്കയക്കുന്നതെന്തിന്?

സ്‌ത്രീകൾ കറുത്ത അബായ ധരിക്കണമെന്ന യാതൊരു നിബന്ധനയുമില്ലെന്നും പുരുഷന്മാരെപ്പോലെ സ്‌ത്രീകളും മാന്യവും സഭ്യവുമായ വസ്‌ത്രം ധരിച്ചാൽ മതിയെന്നും അതവൾക്കു തന്നെ തെരഞ്ഞെടുക്കാമെന്നും പറയുന്ന സൗദി രാജകുമാരന്റെ വാക്കുകൾ ഈ സാഹചര്യത്തിലാണ് ഏറ്റവും ശ്രദ്ധേയമാവുന്നത്. സ്‌ത്രീയ്ക്ക് അവളുടെ ശരീരത്തിന്മേൽ യാതൊരധികാരവുമില്ലാതാക്കുന്നതാണ് ഈ അധ്യാപകനെപ്പോലുള്ളവരുടെ വാക്കുകൾ. പുരുഷന്റെ ആവശ്യങ്ങൾക്കനുസരിച്ച് അവളെ നിർണയിക്കുകയും സ്‌ത്രീവിരുദ്ധമായൊരു പൊതുബോധം നിർമ്മിച്ചെടുക്കുകയും ചെയ്യുന്നു ഇത്തരം പ്രഭാഷകന്മാർ. ലിംഗനീതിയുടെ കാര്യത്തിൽ, സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ വളരെ മുമ്പിൽ നിൽക്കുന്ന (പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ തൊട്ടുപിന്നിലും) ഇന്ത്യയിൽ സ്‌ത്രീകൾക്ക് ഭരണഘടന ഉറപ്പു തരുന്ന മൗലികാവകാശങ്ങൾ പോലും വീണ്ടും വീണ്ടും വിലക്കപ്പെടുന്നുവെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ലൈംഗികതയുടെ അളവുകോൽവെച്ച് അവളുടെ ശരീരത്തെ അളക്കുന്ന കണ്ണുകൾ മതത്തിന്റേതായാലും വിശ്വാസത്തിന്റേതായാലും അത് തകർക്കേണ്ടതാണ്.

ഫറൂഖ് കോളേജിലേക്ക് വത്തക്കയുമായി പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ച കുട്ടികൾ എത്ര ലാഘവത്തോടെയാണ് ഈ പ്രശ്‌നം കൈകാര്യം ചെയ്‌തതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. ഇത് വെറും വത്തക്കയുടെ കാര്യമല്ല. സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി, അവളുടെ ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കുന്ന കഴുകൻ കണ്ണുകൾക്കെതിരെ നടത്തുന്ന സമരം ഇമ്മാതിരി പ്രഹസനമായിക്കൂടാ. വത്തക്കയുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളിൽ നിന്ന് എന്തു വ്യത്യാസമാണ് ഈ സമര രീതിക്കുള്ളത്?  സമരക്കാർക്ക് ഗോബാക്ക് വിളിച്ച പെൺകുട്ടികൾ മറ്റൊരു അശ്ലീലക്കാഴ്ച്ചയാവുന്നു. ഇച്ഛകളുടെ പ്രഖ്യാപനമാവേണ്ട, അധികാരത്തെ പ്രതിരോധിക്കേണ്ട സ്‌ത്രൈണവബോധം കീഴടങ്ങലിന്റെ, വിധേയത്വത്തിന്റെ, ഭാഷ സംസാരിച്ചതിന്റെ പ്രതിധ്വനിയാണാ ഗോബാക്ക് വിളി?

സ്വന്തം വിദ്യാർത്ഥിനികളെപ്പറ്റി പൊതു സദസിൽ  അപമാനകരമായി സംസാരിച്ച അധ്യാപകൻ ഖുറാനിലെ ഈ വരികൾ ഓർക്കുന്നതു നന്നാവും, പരലോകം പെണ്ണുങ്ങൾക്ക് മാത്രമുള്ളതുമല്ലല്ലോ – ‘ദുർനടത്തമറിയാത്ത സത്യവിശ്വാസിനികളുടെ പേരിൽ ദുർനടത്തമാരോപിക്കുന്നവർ ഇഹത്തിലും പരത്തിലും അഭിശപ്‌തരത്രേ. അവർക്ക് ഘോരമായ ശിക്ഷയുണ്ട്. സ്വന്തം നാവും കരങ്ങളും സാക്ഷി നിൽക്കുന്ന ആ നാളിനെ അവർ മറന്നു പോവുന്നു. അന്നാളിൽ അല്ലാഹു അവർക്ക് അർഹിക്കുന്ന പ്രതിഫലം നൽകും’.

1 Comment
  1. Paul 2 years ago

    Very good note. We need people like you in our country to counter these kind of unwanted so called intellectuals and their preaches…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account