പനമ്പിള്ളി നഗർ താമസക്കാലത്തെ വൈകുന്നേരങ്ങൾ കളിനേരങ്ങളായിരുന്നു. സ്‌കൂൾ വിട്ടു വന്ന്, അയലത്തെ കൂട്ടുകാരിയായ അൻസിയ്‌ക്കൊപ്പം ചിലവിട്ടിരുന്ന സമയങ്ങൾ. ചില ദിവസങ്ങളിൽ പനമ്പിള്ളി നഗറിൽ നിന്ന് തടിപ്പാലം കടന്ന് തൊട്ടു ചേർന്ന ഗിരി നഗറിലെ ഊഞ്ഞാലുള്ള പാർക്കിലാവും കളി. അൻസിയുടെ കുഞ്ഞനിയൻ അൻസലിനേയും ഒപ്പം കൂട്ടും. അവനേയും വാരിയെടുത്ത് പോകുന്നത് മറ്റൊന്നിനുമല്ല, പാർക്കിൽ ആ നേരത്ത് ആയയ്‌ക്കൊപ്പം വരുന്ന ഇവന്റെയതേ പ്രായമുള്ള മറ്റൊരു സുന്ദരൻ കുട്ടിയെ കാണാനും ഒപ്പം കളിപ്പിക്കാനുമാണ്. ആ കുഞ്ഞിനെ  അവിടെ കൊണ്ടുവരുന്നതും തിരിച്ച് വിളിക്കുന്നതിനും വെള്ള ഫിയറ്റിലെത്തുന്ന സുമുഖനായ ഒരച്ഛനായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിലെ അച്ഛൻ ഭാവമാണ് അതിസാന്ദ്രം.

മിന്നായം പോലെ കണ്ടു മറഞ്ഞിരുന്ന ആ അച്ഛനെപ്പറ്റി വീട്ടിൽ പറഞ്ഞപ്പോഴേ അമ്മയ്ക്ക് ആളെ മനസിലായി. കുറച്ച് വർഷങ്ങൾക്ക് മുൻപ് അമ്മ കൂട്ടുകാരിയായ ഹഫ്‌സ ആന്റിക്കൊപ്പം പള്ളിമുക്ക് ഖാദിയുടെ മുന്നിൽ പരിചയപ്പെട്ട വക്കീൽ. ഗിരി നഗറിൽ താമസിക്കുന്ന വെള്ള ഫിയറ്റുകാറുകാരൻ.

അന്നവിടെവച്ച് അമ്മയുടെ സഹപാഠി പരിചയപ്പെടുത്തിക്കൊടുത്ത മുഹമ്മദുകുട്ടി എന്ന വക്കീൽ നടൻ മമ്മൂട്ടിയാണെന്ന് മനസിലായത് ആ ഫീയറ്റ് വിട്ടു പോയിക്കഴിഞ്ഞ് മാത്രമാണ്. പാർക്കിൽ വന്നിരുന്ന പൊടിക്കുഞ്ഞ് ഇന്ന് ദുൽഖർ എന്ന വലിയ താരവും ആയി. അന്നത്തെ തടിപ്പാലത്തിന്റെ സ്ഥാനത്ത് ഇന്ന് നല്ലൊരു പാലമുണ്ട്. പേര് ‘മമ്മൂട്ടിപ്പാലം’.

അന്ന് തുടങ്ങി എത്രയോ തവണ കണ്ണിൽ അച്ഛൻ സ്‌നേഹത്തിന്റെ കടൽ നിറച്ച മമ്മൂട്ടിയെ കണ്ടിരിക്കുന്നു. അമരത്തിലും പാഥേയത്തിലും ഒടുവിലിപ്പോൾ അമുദനായി പേരൻപിൽ വരെ എത്തിനിൽക്കുന്നു ആ അച്ഛൻ.

പരിചയക്കാർക്കായി നല്ല വീടുകൾ വരച്ചു നൽകിയിരുന്ന ഒരു എഞ്ചിനീയർ ഉണ്ടായിരുന്നു. കസേരക്കയ്യിൽ വച്ച പലകയിൽ വിരിച്ച പച്ച നിറമുള്ള വലിയ ഗ്രാഫ് പേപ്പറിൽ വീടുകൾ വരയ്ക്കുന്നതിനിടെ അടുത്തിരിയ്ക്കുന്ന മകളോട് വീടുകളെപ്പറ്റി പറഞ്ഞുകൊടുക്കുമായിരുന്ന അച്ഛൻ. കുഞ്ഞു മനസിന്റെ അഭിപ്രായങ്ങളും ചോദിച്ചറിഞ്ഞ് വരയ്ക്കുമ്പോൾ ഇതിലൊക്കെ തനിക്കും പങ്കുണ്ടെന്ന് അഭിമാനിച്ചിരുന്ന മകൾ.

തന്റെ സ്വപ്‌നങ്ങളുടെ പിൻതുടർച്ചക്കാരിയാകുമെന്ന് ആഗ്രഹിച്ചിരുന്ന, തന്റെ മേൽ കയറി മറിഞ്ഞ് കളിച്ചിരുന്ന കുട്ടി കൗമാരത്തോടെ കുറച്ചകലുന്നതും പതിവാണ്. അച്ഛൻ തണലിൽ നിന്ന് അമ്മയുടെ ആകാശത്തേയ്ക്ക് ചായുന്ന പെൺമക്കളെ കണ്ട് നൊമ്പരപ്പെട്ട എത്രയെത്ര പിതൃഹൃദയങ്ങൾ ഉണ്ടാകാം. കാലം മാറുമ്പോൾ വീടുകളിൽ തുറന്ന ചർച്ചകൾ കൂടി വരുമ്പോൾ വീണ്ടും അച്ചൻതോളിൽ തൂങ്ങി നടക്കുന്നവരാകുന്നുമുണ്ട് പലരും.

അച്ഛനായിരിക്കുക എന്നാൽ സ്‌നേഹക്കടലിലേക്ക് സ്വയമിറങ്ങിനിന്നുകൊണ്ടു മക്കളെ തിരയിൽപ്പെടാതെ കാക്കുക എന്നാണല്ലോ. ഒടുവിൽ തിരയിൽപ്പെട്ടാലോ, കൂടെയിറങ്ങി കൈ പിടിച്ച് തീരത്തേക്ക് നടത്തും അച്ഛൻ. മാതാപിതാക്കളുടെ ആഗ്രഹങ്ങളെ അവഗണിച്ച് സ്വന്തം ഇഷ്‌ടപ്രകാരം വിവാഹം കഴിച്ച മകളെ  മനസിൽ ചേർത്ത് നിർത്തി അവൾക്കു പ്രിയപ്പെട്ട തണ്ണിമത്തനും വാങ്ങി ജീവിതത്തിലേക്ക് തിരിച്ച് വരുന്ന ഒരച്ഛൻ പ്രിയ എ.എസിന്റെ ‘അച്ഛൻ’ എന്ന കഥയിലുണ്ട്. എത്രയോ അച്ചന്മാരുടേയും പെൺമക്കളുടേയും ജീവിതമാണാക്കഥ.

പെൺമക്കളുടെ അച്ഛനിഷ്‌ടത്തിനു പിന്നിൽ മനസിന്റെ അടിത്തട്ടിലുറങ്ങുന്ന ഇലക്‌ട്ര കോംപ്ലക്‌സ് ആണെന്നാണ് കാൾ യുങ്ങിന്റെ (Carl Jung) നിരീക്ഷണം. ഇതിനെ സിഗ്മണ്ട് ഫ്രോയിഡ് നിരാകരിക്കുന്നുമുണ്ട്. ആൺ മക്കൾക്ക് അമ്മയോടുണ്ടാവുന്ന അടുപ്പം ഈഡിപ്പസ് കോംപ്ലക്‌സിന്റെ വളരെ നേർത്ത ബഹിർസ്ഫുരണമായിക്കൂടായെന്നില്ലയെങ്കിലും ഇലക്‌ട്ര കോംപ്ലസ്‌കിനെ അപ്പാടെ നിരാകരിക്കയാണ് ഫ്രോയ്‌ഡ്‌. ആഗമെംനൺ രാജാവിന്റെ മകളായ ഇലക്‌ട്ര, തന്റെ പിതാവിനെക്കൊന്ന അമ്മയോടും രണ്ടാനച്ഛനോടും പകരം വീട്ടിയെന്നാണ് ഗ്രീക്ക് പുരാണം പറയുന്നത്. അച്ഛനെന്ന പുരുഷനോട് മകൾക്ക് തോന്നുന്ന സ്‌നേഹത്തിന് കാരണം ലൈംഗിക ആകർഷണം തീരെയല്ലെന്നിരിക്കെയും അത് ഇലക്‌ട്ര കോംപ്ലക്‌സിന്റെ ഫലമാണ് എങ്കിൽ എതിർലിംഗത്തിൽ നിന്നു ലഭിക്കുന്ന സുരക്ഷിതത്വബോധമായിരിക്കാമത്.  അച്ഛനെപ്പോലെയൊരു ജീവിത പങ്കാളിയെത്തേടുന്ന പെൺകുട്ടി ആഗ്രഹിക്കുന്നതും ഇതേ സുരക്ഷിതത്വമാണ്. ഉള്ളിലുറങ്ങുന്ന ഇങ്ങനെയുള്ള പലതരം കോംപ്ലക്‌സുകളുടെ ഏറ്റക്കുറച്ചിലുകൾ ആവാം ബന്ധങ്ങളുടെ നൈർമ്മല്യത്തിന്റെ അളവുകോലാകുന്നത്.

അച്ഛനായിരിക്കുക എന്നാൽ ഒരേ സമയം ദാതാവും സംരക്ഷകനും സുഹൃത്തും വഴികാട്ടിയുമൊക്കെയാവുക എന്നതാണ്. എന്റെയച്ഛനിൽ എനിക്ക് കണ്ടു പഠിക്കുവാൻ യാതൊന്നുമില്ലല്ലോ എന്ന് ഒരു മകൻ ചിന്തിക്കുന്നിടത്താണ് അച്ഛന്റെ പരാജയം. പരാജയമാകുന്ന അച്ഛൻ മക്കളുടെ വിജയവും കൂടുതൽ കഠിനമാക്കുകയല്ലേയുള്ളു.

അച്ഛന്റെ കരുതലും സ്‌നേഹവും മാതൃകയാക്കാവുന്ന ഗുണങ്ങളുമുള്ള ആൾ ജീവിതത്തിലേക്കെത്തുമ്പോൾ, മക്കളെ ദത്തെടുക്കുന്നതു പോലെ അച്ഛനെ ദത്തെടുക്കാമെങ്കിൽ എനിക്കീയച്ഛനെ മതിയെന്ന് അമ്മയോട് പറഞ്ഞ ഒരു മകനെ ഈയിടെ കണ്ടു. കൂട്ടുകാരനാവാൻ കഴിയുന്ന ഒരച്ഛനെ കണ്ടെത്തുന്ന കുട്ടിമനസാണത്.

ഏറെ വേദനിച്ച ചില അച്ഛന്മാരേയും ഓർക്കാതെ വയ്യ. ‘പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്‌തു വീഴട്ടെ. ഒരുകാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ’. ഇത് പറഞ്ഞ ഈച്ചരവാര്യരെ മറന്ന് പിതൃസ്‌നേഹത്തെക്കുറിച്ച് എന്തെഴുതാൻ. അച്ഛന്റെയും വീടിന്റെയും സുരക്ഷിതത്വത്തിലേക്ക് മടങ്ങാൻ ആ മകൻ ഒടുവിൽ എത്ര ആഗ്രഹിച്ചിരിക്കും!

അച്ഛൻ തണലുകളിൽ ശാന്തമായുറങ്ങുന്ന കുഞ്ഞുങ്ങളേക്കാൾ സുരക്ഷിതത്വമറിയുന്നവർ ആരുണ്ട്?

– വിനീത പ്രഭാകർ പാട്ടീൽ

1 Comment
  1. Sajesh 2 years ago

    അതെ…. അച്ഛൻ തണലുകളിൽ ശാന്തമായുറങ്ങുന്ന കുഞ്ഞുങ്ങളേക്കാൾ സുരക്ഷിതത്വമറിയുന്നവർ ആരുണ്ട്?

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account