മിഴിമുനത്തുമ്പിൽ ദൈന്യം തറച്ച്
മൊഴി മണിച്ചുണ്ടിൽ വിങ്ങിപ്പടർന്ന്
സ്ഫടികജാലകപ്പാളികൾക്കപ്പുറം
തിമിർത്തു പെയ്യുന്നു ക്രൗര്യമേഘങ്ങൾ.
പെയ്ത പ്രളയക്കെടുതിയിൽ മുങ്ങി
പനി പിടിച്ചൊരാ കുഞ്ഞിന്റെ ചുണ്ടിൽ
പിടയുമേതോ ഞരക്കങ്ങൾ മാത്രം
പതിയെയാർദ്രം തെളിഞ്ഞു കാണുന്നു.
ചതി മണക്കുന്ന വഴികളിൽ ജീവിത-
പ്പിരിമുറുക്കങ്ങൾ താണ്ടിപ്പിടഞ്ഞ്
കരുണ വെടിയുന്ന കരൾകലക്കങ്ങളിൽ
കുരുതിയേറ്റുന്നു മൃതിനൊമ്പരങ്ങൾ.
വഴിമറന്നേറെ അന്യനായ് നീങ്ങുമെൻ
മിഴി കനക്കുന്ന തപ്ത ദൃശ്യങ്ങളിൽ
പിഞ്ചിളം കുഞ്ഞ് പിടയുന്ന ചോരതൻ
നെഞ്ച് കീറുന്ന നിലവിളിച്ചില്ലുകൾ.
വാക്ക് തേടുന്ന മൂർച്ചയിൽ കത്തിതൻ
വായ്ത്തലത്തീത്തിളക്കം കെടുമ്പോൾ
രൂക്ഷഗന്ധം കുടഞ്ഞിട്ട മുറികളിൽ
കള്ള ദൈവങ്ങൾ നൃത്തമാടുന്നു.
നല്ല വരികൾ
മനോഹരം. ഉള്‍ക്കാമ്പുള്ള കവിത. ആശംസകള്‍
മനോഹരം