ഇന്ത്യയില്‍ വൈവിധ്യങ്ങളുടെ കാലിഡോസ്‌കോപ്പുകാഴ്ച്ചകള്‍ക്കിടയില്‍ രൂഢമൂലമായി കാണാവുന്ന ഒന്നാണ് നാടോടി ആഖ്യാനങ്ങള്‍. കഥകളോ, പാട്ടുകളോ, മിത്തോ, പ്രാദേശികപുരാണങ്ങളോ ആയി ഇവ ഓരോ ദേശത്തും പ്രസരിപ്പോടെ ജനമനസുകളില്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ നാടോടി ആവിഷ്‌ക്കാരങ്ങള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്. നാടോടി കലാ പാരമ്പര്യത്തിന്റെ സ്വാധീനം എല്ലാ കലാ ആവിഷ്‌ക്കാരങ്ങളിലും പ്രകടമാണ്. ആഗോളവല്‍ക്കരണത്തിന്റെ കടന്നുവരവോടെ സാംസ്‌കാരിക ആവിഷ്‌ക്കാരങ്ങളും കച്ചവടവല്‍ക്കരിക്കപ്പെട്ടു. മധ്യവര്‍ഗത്തിന്റെ വളര്‍ച്ച വേഗത്തിലായതോടെ പഴഞ്ചനെന്ന് മുദ്ര കുത്തിയിരുന്ന പലതും നിശേഷം കാണാതായി. ചിലതാകട്ടെ പുതിയ രൂപത്തിലേക്ക് പരിണമിച്ചുകൊണ്ടിരുന്നു. പണമുള്ള ഉപരിവര്‍ഗത്തെ നോക്കി ജീവിതം മെനഞ്ഞുതുടങ്ങിയ മധ്യവര്‍ഗമാണ് വിപണിയുടെ ചലനം നിയന്ത്രിക്കാന്‍ തുടങ്ങിയത്. ദൃശ്യമാധ്യമങ്ങള്‍ ഈ സാഹചര്യത്തെ നന്നായി മുതലെടുക്കുകയും പാരമ്പര്യത്തെ തിക്കിക്കയറ്റി തനതെന്ന് തോന്നിപ്പിച്ച് പലതും വില്‍പ്പനച്ചരക്കാക്കുന്നതില്‍ വിജയിക്കുകയും ചെയ്‌തു. സിനിമകള്‍, ടെലിവിഷന്‍ സീരിയലുകള്‍, വിനോദ പരിപാടികള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങി എല്ലാത്തിലും നാടോടി പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ കണ്ടുതുടങ്ങി. അതോടെ വിവിധങ്ങളായ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒരേ അച്ചില്‍ തീര്‍ത്ത പാരമ്പര്യബോധം ആധുനിക മാധ്യമങ്ങളുടെ സഹായത്തോടെ നിര്‍ണയിക്കപ്പെട്ടു.

ദൃശ്യമാധ്യമരംഗം വിപണിയില്‍ ശക്‌തി നേടിയതോടെ ഓരോ വിഭാഗത്തിനുവേണ്ട ദൃശ്യ ഉല്‍പ്പന്നങ്ങളും തയ്യാറാക്കപ്പെട്ടുകൊണ്ടിരുന്നു. ഇക്കൂട്ടത്തില്‍ കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ചാനലുകളും പ്രത്യക്ഷപ്പെട്ടു. 1992 ലാണ് ഇന്ത്യയിലെ ആദ്യ കാര്‍ട്ടൂണ്‍ ചാനലായ കാര്‍ട്ടൂണ്‍ നെറ്റ്  വർക്ക്  തുടങ്ങിയത്. വാര്‍ണര്‍ ബ്രദേഴ്‌സിന്റെയും ഡിസ്‌നിയുടെയും പ്രസിദ്ധമായ ലൂണി ടൂണ്‍സും ടോം ആന്റ് ജെറിയും പോപ്പായും ഒക്കെയാണ് ആദ്യകാലത്ത് സംപ്രേഷണം ചെയ്‌തിരുന്നതില്‍ പ്രധാനപ്പെട്ടവ. പിന്നീട് ഡിസ്‌നി, ഹംഗാമാ ടിവി, നിക്കലോഡിയോണ്‍, പോഗോ, ഡിസ്‌കവറി കിഡ്‌സ് തുടങ്ങി ധാരാളം കാര്‍ട്ടൂണ്‍ ചാനലുകള്‍ ആരംഭിക്കുകയും പ്രചാരം നേടുകയും ചെയ്‌തു. പോക്കിമോന്‍, ഡോറ, ഛോട്ടാ ഭീം, ബെന്‍ ടെന്‍, മിസ്റ്റര്‍ ബീന്‍: അനിമേറ്റഡ് സീരീസ്, പിങ്ക് പാന്തര്‍, ബോബ് ദ ബില്‍ഡര്‍, ഓസ്വാള്‍ഡ് തുടങ്ങിയവയാണ് ഏറ്റവും പ്രചാരമുള്ള ചില കാര്‍ട്ടൂണുകള്‍. മിക്ക ക്ലാസിക് വിദേശ കാര്‍ട്ടൂണുകളും സംഭാഷണമില്ലാത്തവയാണ് എന്നതിനാല്‍ തന്നെ അവ എല്ലായിടത്തുമെന്ന പോലെ ഇന്ത്യയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിര്‍മിത കാര്‍ട്ടൂണുകള്‍ സംഭാഷണങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നവയാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥപറയുകയും മാതൃഭാഷയില്‍ സംഭാഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നത് കുട്ടികളെ പിടിച്ചിരുത്തുന്നതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ടാവാം. ഇതു മാത്രമാണോ ഇവയെ കുട്ടികള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഈ കാര്‍ട്ടൂണുകളില്‍ അന്തര്‍ലീനമായി കിടക്കുന്ന വംശീയത ഗുണകരമായ സ്വാധീനമാണോ കുട്ടികളില്‍ ചെലുത്തുന്നുണ്ടാവുക എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ ടെലിവിഷന്‍ കാര്‍ട്ടൂണ്‍ രംഗത്ത് ഏറ്റവും പ്രചാരം നേടിയ കാര്‍ട്ടൂണ്‍ പരമ്പരയാണ് ഛോട്ടാ ഭീം. ഛോട്ടാ ഭീം എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ രൂപകല്‍പ്പനയില്‍ കടന്നുവന്നിട്ടുള്ള ഫോക്‌ലോര്‍ അംശങ്ങളേയും പാരമ്പര്യത്തിന്റെ ശേഷിപ്പുകളേയും വിമര്‍ശനാത്‌മകമായി പരിശോധിക്കാന്‍ ശ്രമിക്കുകയാണ് ഈ ചെറുകുറിപ്പില്‍.

2008ല്‍ പോഗോ ടിവിയില്‍ സംപ്രേഷണം ആരംഭിച്ച ഛോട്ടാ ഭീം ഇംഗ്ലിഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ നാല് ഭാഷകളില്‍ ഇന്ത്യയില്‍ ലഭ്യമാണ്. പതിനഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്കായി വിഭാവനം ചെയ്‌ത കാര്‍ട്ടൂണ്‍ പരമ്പരയാണ് ഛോട്ടാ ഭീം.

ഢോലക്‌പൂർ  എന്ന ദേശത്തെ ധൈര്യശാലിയായ ഒരു ഒന്‍പത് വയസുകാരന്റെ കഥയാണ് ഛോട്ടാ ഭീം എന്ന് ഒറ്റവരിയില്‍ പറയാം. കാര്‍ട്ടൂണ്‍ പരമ്പരയില്‍, അതിന്റെ ഓരോ എപിസോഡും ഓരോ കഥകളാണ്. അതായത് ഒരു നാടോടിക്കഥയുടെ സര്‍വചേരുവയുമുപയോഗിക്കുന്ന കഥനരീതി. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പ്രതിബന്ധം കയറിവരുന്നു, ഉടനെ നായകനും സഹായികളും അതിലിടപെടുന്നു. നായകനോടുള്ള വില്ലന്റെ ചിരകാല വൈരത്തിന്റെ ഭാഗമാണ് ഈ പ്രതിസന്ധികളില്‍ മിക്കതും. സംഘട്ടനത്തിനൊടുവില്‍ തിന്മയെ, നന്മ ജയിക്കുന്ന സുന്ദരസമവാക്യം തന്നെയാണ് ഛോട്ടാ ഭീമിലെ കഥകളുടേയും പ്രധാന മാതൃക.

ഏതൊരു നാടോടിക്കഥയും മാറ്റമില്ലാത്ത ഒരു ഘടന പിന്തുടരുന്നുണ്ടെന്നാണ് വി.ജെ പ്രോപ്പിന്റെ കണ്ടെത്തല്‍. എല്ലാ നാടോടിക്കഥകളിലും നിയതമായ ധര്‍മങ്ങളനുഷ്ഠിക്കുന്ന ചില കഥാപാത്രങ്ങളെ കാണാമെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ കണ്ടെത്തലുകളെ പിന്തുടര്‍ന്ന് പരിശോധിച്ചാല്‍ ഛോട്ടാ ഭീം നാടോടിക്കഥയുടെ സാധ്യതകളെ ഉപയോഗിക്കുന്നതായി കാണാം. ഭീമിനെ കൂടാതെ മറ്റു ആറ് പ്രധാന കഥാപാത്രങ്ങളാണ് ഈ കാര്‍ട്ടൂണ്‍ പരമ്പരയിലുള്ളത്. ചുട്ക്കി, രാജു, ജഗ്ഗു, കാലിയ, ഡോലു, ബോലു എന്നീ കഥാപാത്രങ്ങളാണ് ഛോട്ടാ ഭീം പരമ്പരയിലെ സ്ഥിരം കഥപ്പറച്ചിലുകാര്‍. ഇതില്‍ ചുട്ക്കി ഏഴ് വയസുള്ള ഒരു പെണ്‍കുട്ടിയാണ്. ഭീമിനോടുള്ള തന്റെ പ്രണയവും കരുതലും എപ്പോഴും പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രമാണ് ചുട്ക്കി. നാലുവയസുകാരനായ രാജുവിന്റെ മാതൃകാപുരുഷനാണ് ഭീം. ജഗ്ഗു സംസാരിക്കുന്ന ഒരു കുരങ്ങാണ്. ഭീമിനെ എല്ലായ്‌പ്പോഴും സഹായിക്കുന്നവനാണ് ജഗ്ഗു. മിക്കപ്പോഴും വില്ലന്‍ കഥാപാത്രമായെത്തുന്നത് കാലിയയാണ്. പേടിത്തൊണ്ടന്‍മാരായ ഡോലു, ബോലു എന്നീ ഇരട്ടകള്‍ കാലിയയുടെ കൂട്ടുകാരാണ്.

ഛോട്ടാ ഭീം തന്റെ കൂട്ടുകാരേക്കാള്‍ ധൈര്യശാലിയും ശക്‌തനുമായ കുട്ടിയാണ്. ഭീം എന്ന പേര് ഉപയോഗിച്ചത് തന്നെ മഹാഭാരതകഥയിലെ ഒരു കഥാപാത്രത്തിന്റെ ചെറുരൂപത്തെ അവതരിപ്പിക്കാനുള്ള ശ്രമമായി കാണേണ്ടിവരും. മഹാഭാരതത്തിലെ ശക്‌തനായ കഥാപാത്രമായാണ് ഭീമന്‍ പ്രത്യക്ഷപ്പെടുന്നത്. അസുരന്‍മാരെ എതിരിട്ട് തോല്‍പ്പിച്ച് ആത്യന്തിക നന്മയുടെ പ്രകാശം വഹിക്കുന്ന ഗണത്തില്‍പ്പെട്ടയാള്‍. ഛോട്ടാ ഭീമും ഇതുപോലെ തിന്മക്കെതിരെ പോരാടുന്നവരാണ്. ഒടുവില്‍ പല ഘട്ടങ്ങളിലും ദുഷ്‌ടബുദ്ധിയുള്ള കാലിയ സഹായം തേടിയെത്തുന്നത് ഭീമിന്റെയടുത്താണ് എന്ന കാര്യം നന്മയുടെ ആത്യന്തികവിജയമായി ഘോഷിക്കപ്പെടുന്നുമുണ്ട്. ഹൈന്ദവമിത്തുകളും പുരാണങ്ങളും കാര്‍ട്ടൂണുകളായി പുനരാവിഷ്‌ക്കരിക്കപ്പെടുന്നുവെന്നതിലല്ല അപകടം. മറിച്ച് കുട്ടികള്‍ക്കായി തയ്യാറാക്കപ്പെട്ട ഒരു കാര്‍ട്ടൂണ്‍ എന്ന നിലയില്‍, ഇന്നത്തെ രാഷ്‌ട്രീയ  സാഹചര്യത്തില്‍ ഇവ സംവേദനം ചെയ്യുന്ന ശ്രേഷ്ഠവംശീയതയുടെ അളവുകോലുകളെയാണ് സംശയത്തോടെ നോക്കേണ്ടത്.

മറ്റു ചില കഥാപാത്രനിര്‍മിതികളെക്കൂടി ശ്രദ്ധിച്ചാല്‍ ഛോട്ടാ ഭീം ഉത്തമമായ ഒരു മഹാഭാരത-രാമായണ സങ്കലനമാണെന്ന നിഗമനത്തിലെത്താം. നീണ്ട മുടിയുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നതില്‍ കവിഞ്ഞ് ചുട്ക്കി എന്ന കഥാപാത്രം ഒരു തരത്തിലും ഭീമിനെ പോലെ ഓജസുള്ളവളായി അനുഭവപ്പെടില്ല. മിക്കവാറും ഭീമിന്റെ തോഴിയായി രേഖപ്പെടുത്തപ്പെടുന്ന കഥാപാത്രമാണിത്. ചെസ്സും ആയോധന കലയും അറിയാമെങ്കിലും അവള്‍ ഭീമിനെ സഹായിക്കുന്ന ഒരാള്‍ മാത്രമായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. സീതയെ പോലെ രാമന്റെ ജയത്തിന് വേണ്ടി ആഗ്രഹിക്കുന്ന ഒരു സ്‌ത്രീസാന്നിധ്യമായി ചുട്ക്കിയെ കാണാം. രാജുവാകട്ടെ, രാമന് ലക്ഷ്‌മണന്‍ എന്ന പോലെ എല്ലാ സഹായത്തിനും ഭീമിന്റെയൊപ്പമുണ്ട്. ഇതേ നോട്ടം തുടര്‍ന്നാല്‍ ഇനിയെത്തുക ജഗ്ഗുവിലാണ്. നായകന്‍ രാമന്റെ ആവശ്യങ്ങള്‍ക്ക് പുറപ്പെടുന്ന ഹനുമാനെ അനുകരിക്കുന്ന കഥാപാത്രമാണിവിടെ ജഗ്ഗു എന്ന കുരങ്ങന്‍.

കാര്‍ട്ടൂണുകള്‍ നിറങ്ങളുടെ കൂടി സൂക്ഷ്‌മമായ പ്രയോഗം ആവശ്യമായ കലാസങ്കേതമാണ്. അവിടെ പ്രമേയത്തിന് മാത്രമല്ല രൂപത്തിനും നിറത്തിനും വലിയ പ്രാധാന്യമുണ്ട്. ഭീം എന്ന കഥാപാത്രത്തിന്റെ ശാരീരിക സവിശേഷതകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. സുന്ദരനും വെളുത്തവനുമായ ഒന്‍പതുവയസുകാരന്‍ ഭീമിന്റെ ശരീരം പക്ഷെ പൂര്‍ണവളര്‍ച്ചയെത്തിയ പുരുഷന്റേതുപോലെ പേശികളെല്ലാം വികസിച്ചിരിക്കുന്നതു കാണാം. വലിയ നെഞ്ചും മുഷ്‌ടിയും കൈയിലെ വികസിച്ച മാംസപേശികളുമാണ് ഭീമിനെ ശക്‌തനാക്കുന്നത്. ഇതെല്ലാം കേവലമായ കായികക്ഷമതയാണ് ഒരാളെ ശക്‌തനാക്കുന്നതെന്ന തോന്നല്‍ കുട്ടികളില്‍ പ്രബലമാക്കാനിടവരുത്തും. ബൗദ്ധികവളര്‍ച്ചയുടെ ആവശ്യകതയെ പറ്റി തെല്ലും ഔത്സുക്യം ഉണര്‍ത്താനും ഇത്തരം കാര്‍ട്ടൂണ്‍ ഇടപെടലുകള്‍ക്ക് സാധിക്കുകയുമില്ല.

ഛോട്ടാ ഭീം പരമ്പരയില്‍ ദുഷ്‌ടനും ചതിയനും അത്യാഗ്രഹിയുമായി അവതരിപ്പിക്കപ്പെടുന്ന, കറുത്ത്, തടിച്ച് കാണാന്‍ വലിയ ആകര്‍ഷണമൊന്നുമില്ലാത്ത ഒരു കുട്ടിയാണ് കാലിയ. അവനില്‍ തിന്മയുടെ വിത്തുകളുണ്ടെന്ന് മിക്ക എപ്പിസോഡുകളും ഉറപ്പിച്ചെടുക്കുന്നുണ്ട്. ആ ബലപ്പെടുത്തലിലാണ് കാലിയയുടെ കറുത്ത തൊലിയുടെ അര്‍ത്ഥം കുറേക്കൂടി സാധൂകരിക്കപ്പെടുന്നത്. അസുരന്‍മാരുടെ കറുപ്പിനെ തിന്മയുടെ അടയാളമായി പകര്‍ത്തിവെക്കുന്നതില്‍ യാതൊരു തകരാറും ഇന്നും മധ്യവര്‍ഗത്തിന് കാണാനാവുന്നില്ല എന്നതാണ് വിഷമകരമായ കാര്യം. വൈദേശികാധിപത്യത്തിന്റെ പ്രഹരമേറ്റ് ഇരുട്ടുവീണുപോയ വഴികളിലലഞ്ഞ പൂര്‍വികരായ ദ്രാവിഡരുടെ അതിജീവനത്തെപ്പറ്റി പറയാത്ത, സര്‍വപ്രതിരോധങ്ങളേയും ജലരേഖയാക്കുന്ന നവമധ്യവര്‍ഗ ആഖ്യാനങ്ങള്‍ അപകടമുണ്ടാക്കുന്നുണ്ട്.

ഛോട്ടാ ഭീമിന്റെ വേഷവും ഹൈന്ദവാചാരങ്ങളെ ചുറ്റിപ്പറ്റിയാണെന്ന് വിഭാവനം ചെയ്യപ്പെട്ടതെന്ന് തോന്നിപ്പിക്കും. നെറ്റിയിലെ നീളന്‍കുറിയും കഴുത്തിലെയും കൈയ്യിലെയും ആഭരണങ്ങളും സ്ഥിര സീരിയല്‍ നായകസങ്കല്‍പ്പങ്ങളെ പിന്തുടരുന്നതായി കരുതേണ്ടിവരും. ഇന്ത്യയില്‍ രണ്ടു ദശാബ്‌ദത്തോളമായി പ്രചാരം നേടിയ പുരാണസീരിയലുകളുടെ അനിമേറ്റഡ് മാതൃകയായി വിലയിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഈ കഥാപാത്രത്തിന്റെ ആകാരം.

ഇതിനും പുറമെ ഛോട്ടാ ഭീമിനൊപ്പം കൃഷ്‌ണനും ഹനുമാനും സഹായികളായി വന്നെത്തുന്ന സീസണുകളും സംപ്രേഷണം ചെയ്യപ്പെട്ടു. ഉച്ഛപുരാണങ്ങളെ മാത്രം പിന്‍പറ്റി അതിലെ മുന്തിയ നായക കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ശക്‌തിയുടേയും നന്മയുടേയും പ്രതിരൂപങ്ങളാക്കി അവതരിപ്പിച്ച് ഹൈന്ദവതയെ കാര്‍ട്ടൂണുകളിലൂടെ ഉറപ്പിച്ചെടുക്കുന്ന ഇന്ദ്രജാലമാണിതെന്ന് പറയേണ്ടിവരും. ഇന്ത്യന്‍ ഇതിഹാസങ്ങളായ രാമായണത്തിന്റേയും മഹാഭാരതത്തിന്റേയും ഏകശിലാത്‌മകമായ ആഖ്യാനങ്ങള്‍ ശക്‌തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന കാലമാണിന്ന്. ഇവയെത്തരത്തിലാണ് ഒരു ജനതയുടെ സാംസ്‌കാരത്തെയും അതിന്റെ വൈവിധ്യത്തെയും സജാതീയമാക്കാന്‍ ശ്രമിക്കുന്നത് എന്ന കാര്യം ജാഗ്രതയോടെ വീക്ഷിക്കേണ്ടതാണ്. സ്വന്തം സംസ്‌കാരത്തെപ്പറ്റിയോ ജനതയുടെ പൂര്‍വകാലത്തെപ്പറ്റിയോ മിക്കവാറും അജ്ഞരായ മധ്യവര്‍ഗ-ഉപരിവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ കാര്‍ട്ടൂണുകള്‍ എന്തെങ്കിലും അഭിമാനബോധം കുട്ടികളില്‍ അവശേഷിപ്പിക്കുന്നുണ്ടാവുമോ എന്ന് നിരന്തരം സംശയിച്ചേ മതിയാവൂ.

-കന്നി എം

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account