ജീവിതത്തിന്റെ ഒഴുക്കുവഴികളിൽ ചില തുരുത്തുകൾ ഉണ്ടാകും. അത്തരം ആനന്ദത്തുരുത്തുകളിലാണ് മുന്നോട്ടുള്ള ഒഴുക്കിന് ഊർജ്ജം തരുന്ന നിധികൾ ഒളിപ്പിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, ആശ്രയത്തിന്റെ ഒക്കെ പച്ചത്തുരുത്തുകൾ.
ചിലരുണ്ട് കൗമാരക്കുറുമ്പുകളിൽ കൂട്ടായിരുന്നവർ. പിന്നീട് എങ്ങോ പോയ് മറഞ്ഞിട്ട് പരസ്പരം കൂടുതൽ കൂട്ടാവേണ്ട നേരത്ത് കൃത്യമായി തിരിച്ചരികെ എത്തുന്ന സുന്ദരസുമങ്ങൾ. പണ്ടത്തെ അതേയളവിലോ അതിൽ കൂടുതലോ തന്നെ ഒന്നിച്ചു നടക്കലുകൾക്കായി കൈകോർക്കുന്നവർ.
പണ്ട് നമ്മളെന്തേ മിണ്ടിയില്ല എന്ന് പരിഭവിക്കാതെ, അതിന്ന് ഇത്ര മിണ്ടാൻ ബാക്കി വയ്ച്ചതായിരുന്നു എന്ന് രാജിയാവുന്നവർ ചിലരുണ്ട്. എന്നിട്ടും പറഞ്ഞ് മതിയാവാതെ പറയുന്നവർ. അവർ കാത്തിരുന്ന കൂട്ടായി മാറാൻ കഴിയുന്നത് പോലെ ഭാഗ്യം മറ്റെന്തുണ്ട്.
കൗമാര യൗവ്വന കാലത്ത് മനസിലെ ആൺ പെൺ ഭേദം കാരണം കൂട്ടുപിടിക്കാതിരുന്നിട്ട് ഇപ്പോൾ അതിലും ചെറുപ്പമെന്നോണം കൂട്ടാകുന്നവരുണ്ട്. കുറുമ്പുകൾക്ക് നിങ്ങളും ഒട്ടും പിന്നിലായിരുന്നില്ലല്ലേയെന്നവർ അതിശയിക്കുമ്പോൾ ഇപ്പോഴുമല്ല എന്നങ്ങ് കൂടെക്കൂടുന്നു. ആനന്ദം വന്നടിയുന്നത് ഇങ്ങനെ എത്രയെത്ര തരങ്ങളിലാണ്. അത്തരം തുരുത്തുകളിലെ കൂട്ടിന്റെ പൂമരങ്ങൾ നദിക്ക് പൂക്കളും ഒഴുക്കിനിടയിൽ തണലുമേകുന്നു. യാത്രയിലെ വിശേഷങ്ങൾ ഓളങ്ങളിലൂടെ തുരുത്തിലെത്തിക്കുവാൻ നദിക്കും ഏറെയിഷ്ടം. പരസ്പര പൂരകങ്ങളാവുന്ന അത്തരം സൗഹൃദങ്ങളുടെ ഹൃദ്യത എത്രയേറെയാണ്!
മനസ്സിലെ അക്ഷരങ്ങൾ പറയാതെ വായിച്ചറിയുന്ന പ്രിയതരമായ ചില കൂട്ടുകളുണ്ട്. ഏറെ ഉയരത്തിലെങ്കിലും താഴെ നമുക്കൊപ്പമാണെന്ന് തോന്നിപ്പിക്കുന്ന അക്ഷരക്കൂട്ടുകാർ. അവരിൽ നിന്ന് എനിക്കേറെ കിട്ടുക എന്നല്ലാതെ തിരിച്ചു കൊടുക്കാൻ ഒന്നുമുണ്ടാകാറില്ല. എന്നിട്ടും ചേർത്ത് നിർത്തുന്നവർ. എന്നിലും ചിലതുണ്ട്, എനിക്കും ചിലതൊക്കെയാകും എന്നു പറയുന്നവർ; എന്നെക്കാളേറെ എന്നെ അറിയുന്നവർ.
ചിലർ ഒറ്റനോട്ടത്തിൽ മുഖംമൂടി മാത്രം കണ്ട് അടുക്കാതെ പോയവരാകും. അത്തരം സ്നേഹത്തുരുത്തുകൾക്കുള്ളിലേക്ക് നൂണ്ടു കടന്നു ചെന്ന് ഉള്ള് കാണുമ്പോൾ അത്ഭുതം തോന്നും. ഏറെ സുന്ദരങ്ങളായ പൂന്തോട്ടങ്ങളാവും ഉള്ളിൽ ഒളിപ്പിച്ചിരിക്കുക. ആരേയും ഉള്ളിലേക്ക് കടക്കാനനുവദിക്കാതിരിക്കാൻ മനപൂർവ്വം മൂടിവച്ചിട്ടുണ്ടെങ്കിലും ഉള്ളിലൊളിപ്പിച്ച സൗന്ദര്യമുള്ളവരാണവർ. എത്ര അടുക്കരുത്, അടുപ്പിക്കരുത് എന്നൊക്കെ കരുതി നടക്കുന്നവരും ആരുടെയെങ്കിലുമൊക്കെ മുന്നിൽ കുട്ടികളാവുന്നുമുണ്ട്. എന്നിട്ട് അത്തരം കൂട്ടുകളെ മിഠായി പോലെ നുണഞ്ഞിറക്കുന്നു. ഇങ്ങനെ ചിലരിലേക്ക് കടന്നു ചെന്നാൽപ്പിന്നെ തിരിച്ചിറങ്ങലില്ല. തിരിച്ചിറങ്ങേണമെന്ന തോന്നൽ അത്ര തന്നെയുമില്ല.
മുന്നോട്ടൊഴുകേണ്ട വഴി നിറങ്ങളുടേതോ അക്ഷരങ്ങളുടേതോ അതോ ഇനി മറ്റെന്തെങ്കിലുമോ എന്നറിയാതെ പകച്ച് നിൽക്കുമ്പോൾ, ഒരു വേള മുന്നോട്ടൊഴുക്ക് തന്നെ സാധ്യമോ എന്നറിയാതെ നിൽക്കുമ്പോൾ, വഴി കാണിച്ച് തരാതെ തന്നെ സ്വയം ചിന്തിച്ച് വഴി തിരഞ്ഞെടുക്കാൻ താങ്ങാവുന്ന, ഊർജ്ജം തരുന്ന മറ്റുചില കൈത്താങ്ങിന്റെ ചോലത്തടങ്ങളുമുണ്ട്. സ്നേഹത്തുരുത്തുകൾ തീർക്കാൻ പ്രായഭേദം പോലും പ്രശ്നമല്ലന്ന് പറഞ്ഞ് ഒന്നിച്ചിറങ്ങിത്തിരിക്കുന്നവർ.
നദിയിൽ ചില തുരുത്തുകൾ എല്ലാക്കാലവും ഉണ്ടായിരുന്നിരിക്കും. ചിലത് പിന്നീടുണ്ടായതെങ്കിലും പിന്നെയെക്കാലവും നിലനിൽക്കുന്നതുമാകാം. മറ്റ് ചിലത് വളരെക്കുറച്ചുകാലം മാത്രം ഉണ്ടായിരുന്നവയാകാം.
ചില തുരുത്തുകളെ മഹാപ്രളയങ്ങൾ പോലും ബാക്കി വയ്ക്കുന്നു. അവയെ നദിക്കത്രക്ക് ആവശ്യമായത് കൊണ്ടുമാകാം. കൂടുതൽ എക്കൽ കൊണ്ടുവന്നടിയിച്ച് വളക്കൂറ് കൂട്ടുകയാവും പ്രളയം ആ തുരുത്തിനോട് ചെയ്യുക.
ഉത്തരവാദിത്തങ്ങളും കടമകളും ബന്ധങ്ങളും ഒക്കെ ജീവിതത്തെ വലിഞ്ഞു മുറുക്കുകയും കൂടുതൽ കൂടുതൽ തരൂ എന്ന് മുറവിളി കൂട്ടുകയും ചെയ്യുമ്പോൾ നമ്മൾ നമ്മളായിരിക്കുന്നിടങ്ങളാണ് ഇത്തരം കൂട്ടുകൾ. പരസ്പരം പകർന്നും പറഞ്ഞും സൗഹൃദം പൂക്കുന്നിടങ്ങൾ. ഉറക്കെച്ചിരിക്കുകയും ഉള്ളിലെ കുട്ടി വീണ്ടും കുറുമ്പുകളുമായി പുറത്ത് ഇറങ്ങുകയും ചെയ്യുന്നിടങ്ങൾ.
ജീവിതത്തിൽ ഒരു വേളയുണ്ടാകാവുന്ന തോരാമഴകളിൽപ്പോലും അഭയമാകുന്നിടങ്ങൾ.
നല്ല ചങ്ങാതികൾ കണ്ണാടിക്കു പകരമാവുകയല്ല, മുന്നിൽ കണ്ണാടി പിടിച്ച് തരികയാണ്. എന്നെ എനിക്ക് കാണിച്ചു തരികയാണ്. ആർക്കെങ്കിലും കണ്ണാടി പിടിച്ചു കൊടുക്കാൻ, അവരെ തിരച്ചറിയുന്നതിന് കാരണമാകാൻ കഴിയുമ്പോഴാണ് ഞാനും ചങ്ങാതി എന്ന വിളിക്ക് അർഹയാകുന്നത്.
ആനന്ദത്തിന്റെ ചെറുതും വലുതുമായ ഇത്രയേറെ പച്ചത്തുരുത്തുകൾ ഉള്ളപ്പോൾ ജീവിതം തെളിമയോടെയൊഴുകാതെ തരമില്ല.
നമുക്കനുയോജ്യമായ ആനന്ദ തുരുത്തുകൾ വ്യക്തിബന്ധങ്ങൾ മാത്രമേയാകാവൂ എന്നില്ല. അവനവന്റെ സർഗാത്മകതയെ തിരിച്ചറിഞ്ഞ് സ്വയം സൃഷ്ടിക്കുന്നിടങ്ങളുമാകാം. എങ്കിലും അതിനും പ്രോത്സാഹനമേകാൻ തോളോടുതോൾ ചേർന്ന് കൂടെ നടക്കുന്നവർക്കാകും. അങ്ങനെ കണ്ടെത്തുന്ന അവനവൻ തുരുത്തുകൾ ഒറ്റപ്പെടലുകളല്ല. പകരം സംതൃപ്തിയും സന്തോഷവുമുള്ള ഇടങ്ങളാണ് സൃഷ്ടിക്കുന്നത്. മറ്റു സന്തോഷക്കൂട്ടുകളേയും ഒപ്പം കൂട്ടുന്നതിന് വിലങ്ങാവരുത് ഇത്തരം അവനവനിടങ്ങൾ എന്നു മാത്രം.
നദിയെ തടയുമാറ് ചില തുരുത്തുകളും രൂപപ്പെടാറുണ്ട്. ജലത്തെ മലിനമാക്കുന്നവ. അവയൊക്കെ നല്ലൊരു സ്നേഹവർഷക്കുത്തൊഴുക്കിൽ നദിക്കായി മാറിക്കൊടുത്തേ മതിയാവൂ. അതേ കുറിച്ചൊന്നും പറയുന്നില്ല, കാരണം ആനന്ദത്തിന്റെ കൊച്ചു കൊച്ചു തുരുത്തുകളേക്കുറിച്ച് എഴുതാനേ പ്രിയമുള്ളു.
നമുക്ക് ശരിയായി ചേരുന്നയിടങ്ങളിൽ മാത്രം ചേർന്നൊഴുകുകയും നമ്മളെ ആവശ്യമുള്ളവർക്ക് വേണ്ട തണലാവുകയും ചെയ്യുക എന്നത് ആനന്ദത്തിന്റെ നിധി കാക്കും പോലെയാണല്ലോ.
Good writing…. Nice read…
Thank you
Good note..
Thank you