ചരിത്രമുറങ്ങുന്ന വഴികളിലൂടെ നടക്കുമ്പോൾ ചെവിയിൽ മൂളുന്ന കാറ്റും കാൽ അമരുന്ന മണൽത്തരികളും വരെ കഥ പറയുന്നത് കേൾക്കാം. കഥകളിൽ ഏതിനെ പിന്തുടരണം എന്ന് തീരുമാനിക്കാൻ ഇടം തരാതെ ചില കഥകൾ കൈവിരൽ പിടിച്ച് കൂടെ നടത്തിയങ്ങ് കൊണ്ടു പോകുകയും ചെയ്യും.

രാജസ്ഥാനിലെ ചിത്തോർ കോട്ടയ്ക്ക് പറയാൻ ഇത്തരം കഥകളേറെയാണ്.  വിജയപരാജയങ്ങളുടെ കഥകൾ, ഖിൽജിയുടെ മനം കവർന്ന റാണി പത്മിനിയുടെ കഥ, അഭിമാന സംരക്ഷണത്തിനായി സ്വന്തം ചിതയൊരുക്കിയ രജപുത്ര സ്‌ത്രീകളുടെ കഥ, ഭക്‌ത മീരയുടെ കഥ അങ്ങനെയങ്ങനെ. മഹാറാണാ പ്രതാപിന്റെ ഒരു പ്രതിജ്ഞയുടെ കഥയും ഇതേ കോട്ടയെപ്പറ്റിയുണ്ട്.

അക്ബറിന്റെ ഭരണകാലത്ത് രജപുത്ര വംശത്തെ യുദ്ധത്തിൽ തോൽപിച്ച് ചിത്തോർ ഗഡ് (ചിത്തോർ കോട്ട) മുഗളന്മാർ കൈവശപ്പെടുത്തിയിരുന്നു. അനേക വർഷങ്ങൾ യുദ്ധം ചെയ്‌തുവെങ്കിലും കോട്ട തിരികെപ്പിടിക്കാൻ മഹാറാണാ പ്രതാപിന് സാധിച്ചില്ല.

കോട്ട തിരിച്ചുപിടിക്കാതെ കട്ടിലിൽ കിടന്നുറങ്ങുകയോ ലോഹപ്പാത്രത്തിൽ ഭക്ഷണം കഴിക്കുകയോ ചെയ്യില്ല എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്‌തു. അദ്ദേഹത്തിന് പിന്നീട് കട്ടിലിലുറങ്ങാൻ ഭാഗ്യമുണ്ടായില്ല. അതേ പരമ്പരയിൽ അദ്ദേഹത്തിന്റെ കാലശേഷമുള്ള രാജാക്കന്മാരും പ്രതീകാത്‌മകമായി കിടപ്പറയിൽ ഇലകൊണ്ടുണ്ടാക്കിയ പാത്രവും പായയും സൂക്ഷിച്ചിരുന്നു.

ഒരു രാജാവിങ്ങനെ പ്രതിജ്ഞയുടെ പേരിൽ വെറും തറയിൽ കിടന്നു എന്ന് കരുതാനാവില്ല. ഏറ്റവും മൃദുവായ വിരിയിലമർന്ന് തന്നെയാകും  നിലത്ത് കിടന്നിരിക്കുക. കൊട്ടാരത്തിലെ മറ്റ് സുഖങ്ങളൊന്നും തന്നെ ഉപേക്ഷിച്ചിട്ടും ഉണ്ടാകില്ല. ഇതിനെ പ്രതീകാത്‌മകമായ ത്യജിക്കൽ എന്നല്ലേ പറയാനാകൂ? അനന്തര തലമുറകളിൽ ആരും തന്നെ ഈ പ്രതിജ്ഞ കാരണം യാതൊരുവിധ ബുദ്ധിമുട്ടും അനുഭവിച്ചുമില്ല. എങ്കിലുമൊരു ഗംഭീര പ്രതിജ്ഞയായി ഇതിനെ ചരിത്രം വാഴ്ത്തുന്നു.

ഇതോടൊപ്പം രാജ്യസ്‌നേഹത്താൽ കൈക്കൊണ്ട പ്രതിജ്ഞ കിടപ്പാടം തന്നെ ഇല്ലാതാക്കി മറ്റൊരു കൂട്ടർക്ക്. ഗാഡിയാ ലോഹാറുകൾ എന്ന വിഭാഗക്കാരാണ് അവർ.

സിസോഡിയ രജപുത്ര രാജാക്കന്മാരുടെ ആയുധപ്പണിക്കാരും സൈനികരുമായിരുന്നു ഗാഡിയാ ലോഹാറുകൾ. ലോഹാറുകൾ എന്നാൽ കൊല്ലപ്പണിക്കാർ. ചിത്തോറുൾപ്പെടെയുള്ള മേവാർ അക്ബറുടെ നേതൃത്വത്തിൽ മുഗളന്മാർ പിടിച്ചടക്കിയപ്പോൾ അവിടം വിട്ടവരാണ് ഇവർ. മഹാറാണാ പ്രതാപിന്റെ പ്രജകളിൽ ഉൾപ്പെട്ടവർ.  ദൈവതുല്യരായി തങ്ങൾ കാണുന്ന രജപുത്ര രാജവംശം ചിത്തോർ തിരിച്ചു പിടിച്ചിട്ടേ നാട്ടിൽ തിരികെ കാലൂന്നുകയുള്ളു എന്ന പ്രതിജ്ഞയിൽ അവർ ചിത്തോറിൽ നിന്ന് പലായനം ചെയ്‌തു.  ആദ്യം മധ്യപ്രദേശിലേക്കും പിന്നെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും അവർ നീങ്ങി.

ഇന്ത്യൻ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ നമ്മളിവരെ കാണാറുണ്ട്. ടെന്റു കെട്ടി താമസിച്ച് പണിയായുധങ്ങൾ ഉണ്ടാക്കി കൊടുക്കുന്നവർ. അവരുടെ പെണ്ണുങ്ങൾ ചിത്തോറിന്റെ സൗന്ദര്യമത്രയും പേറുന്നവരാണ്. അവരുടെ കണ്ണുകളിൽ കടന്നുവന്ന ദേശങ്ങൾ കാണാൻ കഴിയും. വലിയ പാവാടകളിൽ രാജസ്ഥാനിന്റെ നിറങ്ങളത്രയുമുണ്ട്. ഇന്ത്യയുടെ ഏത് ഭാഗത്തും അവർ അവരായിത്തന്നെ കഴിയുന്നു.

ലോഹം കൂടുതലായി ഉപയോഗിച്ചുണ്ടാക്കുന്ന കാളവണ്ടികളിലാണ് ഇവരുടെ യാത്ര. വണ്ടികൾ ഇവരുടെ വസ്‌ത്രവിധാനം പോലെ തന്നെ കൗതുകകരമാണ്. കാഴ്ച്ചക്ക് കൗതുകകരവും സുന്ദരവുമായിരിക്കുമ്പോൾത്തന്നെ എത്ര കഠിന ജീവിതമാണവരുടേത്? അവരിലെത്ര കുട്ടികൾ വിദ്യാഭ്യാസം നേടുന്നുണ്ടാകാം? കാലം അവർക്കിടയിൽ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നന്ന് തന്നെ.

നാടോടി ജീവിതം വിട്ട്, എത്തിയ സ്ഥലത്തെ ജീവിതവുമായി അവർ ഇഴുകിച്ചേരാറേയില്ല. എന്നെങ്കിലുമൊരു തിരിച്ചു പോക്ക് അവരുടെ സ്വപ്‌നങ്ങളിൽ അവശേഷിക്കുന്നതുകൊണ്ടാണത്. തിരിച്ചു ചെന്നാൽ അവരുടെ നാടിന് അന്യരാകരുതെന്ന് കരുതുന്നുണ്ട് അവർ.

അവരുടെ പ്രതിജ്ഞയും മഹാറാണാ പ്രതാപിന്റെ പ്രതിജ്ഞയും തമ്മിലുള്ള വ്യത്യാസമെന്താണ്? മഹാരാജാവിന് പ്രതിജ്ഞയിൽ നഷ്‌ടങ്ങൾ എത്ര കുറവും ലോഹാറുകളുടെ പ്രതിജ്ഞയിൽ അവർക്കുണ്ടായ നഷ്‌ടം എത്ര കൂടുതലും ആയിരുന്നു? ഭൂമിയുടെ അവകാശികളാവേണ്ടവർ തലക്ക് മീതേ ഒരു ഉറച്ച കൂരയില്ലാത്തവരായി. ഒന്നിച്ചൊരു ഗ്രാമത്തിലായിരുന്നവർ ചിതറിത്തെറിച്ച് ഒരു രാജ്യത്തിന്റെ പല കോണുകളിലായി. രാജകുടുംബാംഗങ്ങളിലാരും രാജപ്രതിജ്ഞയുടെ അനന്തര ഫലങ്ങൾ അനുഭവിക്കാതെയും ജീവിക്കുന്നു. മറിച്ച് ഓരോ ഗാഡിയ ലോഹാറും ഇന്നും അതനുഭവിച്ചുകൊണ്ടും ജീവിക്കുന്നു. കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത സ്വദേശത്തേക്കുറിച്ചുള്ള കഥകൾ വായ്‌മൊഴിയായി തലമുറകളിലേക്ക് പകർന്ന് അവർ തങ്ങളുടെ സ്വപ്‌നരാജ്യത്തേക്ക് യാത്ര തുടരുന്നു.

ഒന്നും രണ്ടുമല്ല, നാലര ശതാബ്‌ദക്കാലമായി ഗാഡിയ ലോഹാറുകൾ നാടുവിട്ടിറങ്ങിയിട്ട്. വാക്കിന് അവർ നൽകുന്ന വില ആദ്യമവരെയത് ചെയ്യിച്ചു. പിന്നീട് വാക്കു തെറ്റിച്ചാലുണ്ടാകുന്ന ദൈവകോപ ഭയവും നാട്ടിലെ മണ്ണിൽ നിന്നവരെ അകറ്റി നിർത്തിയിട്ടുണ്ടാകാം. പക്ഷേ പിന്നീടത് അവരുടെ ജീവിത രീതിയായി മാറി. നാടുകൾ തോറും അലഞ്ഞ്, തറയിലടിച്ചുറപ്പിച്ച കുറ്റികളിൽ കയറു കെട്ടി ഉറപ്പിച്ച കൂടാരങ്ങളിൽ ജീവിതം കഴിക്കുന്നവരായവർ മാറി. ആലയിലെ ചൂടിൽ അടിച്ചുറപ്പിച്ച ലോഹം പോലെ ദൃഢമായ വിശ്വാസം പേറുന്ന മനുഷ്യരാണവർ.

ചിത്തോറിലെ മഹാരാജാവിന്റെ പ്രതിജ്ഞയും പാവപ്പെട്ട ലോഹാറുകളുടെ പ്രതിജ്ഞയും തമ്മിൽ താരതമ്യം ചെയ്യാവുന്നതാണോ എന്നതിലുപരി ചെയ്യേണ്ടതാണ് എന്നതല്ലേ പറയാനാകൂ. താരതമ്യം ചെയ്യപ്പെടുമ്പോഴല്ലേ ദേശസ്‌നേഹത്തിന്റെ തീവ്രതയിലെടുത്ത പ്രതിജ്ഞയുടെ ഊന്നത്യം വ്യക്‌തമാകുന്നത്.

കാലം കാത്തു വച്ചിട്ടില്ലെന്നുറപ്പുള്ള ജീവിതത്തെക്കുറിച്ച് ആകുലപ്പെടാതെ, അന്നന്നത്തെ അന്നമെന്ന സത്യം തേടുന്ന ഗാഡിയ ലോഹാറുകൾ. റാണാ പ്രതാപിന്റെ, ഇന്നും രാജസമാനമായ ജീവിതം ജീവിക്കുന്ന അനന്തര തലമുറകൾ. ഇരുകൂട്ടരും ഒരേ ഭൂമിയുടെ അവകാശികൾ.

ഏതു ത്യാഗവും സഹനവും എന്നെങ്കിലും ആരൊക്കെയെങ്കിലും തിരിച്ചറിയും. ഇനി തിരിച്ചറിഞ്ഞ് അംഗീകരിക്കപ്പെട്ടില്ലെങ്കിലും സഹനത്തിന്റെ തീച്ചൂളയിൽ ഉരുകി, പിന്നീട് തണുത്തുറഞ്ഞ് ബലമാർജ്ജിച്ചവർ തുരുമ്പെടുക്കാത്ത മനസുമായി ജീവിക്കതന്നെ ചെയ്യും.

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account