1975 ൽ അരുണാചലിലെ തുലുങ് ലായിൽ നടന്ന ചൈനീസ് ആക്രമണത്തിനു ശേഷം നാൽപ്പത്തിയഞ്ച് വർഷങ്ങൾക്കപ്പുറമാണ് തിങ്കളാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യ ചൈന അതിർത്തിയിലെ, കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ സൈനികർ കൊല്ലപ്പെട്ടിരിക്കുന്നത്. അതും ഇരുമ്പുവടി കൊണ്ടുള്ള ആക്രമണവും കല്ലേറും കൊടും തണുപ്പുള്ള ഗൽവാൻ നദിയിൽ വീണുമാണ് മരണങ്ങൾ. ചൈനയുടെ ഏകപക്ഷീയമായ നീക്കമാണെല്ലാത്തിനും ഹേതുവെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയത്.

കൊറോണ വൈറസ് ലോകം മുഴുവൻ കീഴടക്കാനെന്നോണം മുന്നോട്ട് കുതിക്കുമ്പോഴാണ് അതിർത്തി തർക്കങ്ങൾ! ഒറ്റക്കെട്ടായി നിന്ന് കൊറോണയെ തുരത്താൻ ശ്രമിക്കാതെ വിഘടിച്ചു നിന്നു പരസ്‌പരം പോരടിച്ചാൽ കൊറോണയ്ക്ക് അതിന്റെ വഴി കൂടുതൽ സുഗമമാവും.

നമ്മൾ പാഠപുസ്‌തകത്തിൽ മക്‌മോഹൻ  രേഖയെ കുറിച്ച് പഠിച്ചതോർമ്മയില്ലേ? ഇന്ത്യയും ചൈനയും വേർതിരിക്കുന്ന രേഖ. ബ്രിട്ടീഷുകാരനായ സർ ഹെൻറി മക്‌മോഹൻ ഭൂപടത്തിൽ വരച്ച ഈ രേഖയല്ലാതെ അതിർത്തി വേർതിരിച്ചുള്ള യാതൊരടയാളങ്ങളും ഇല്ലാത്തതിനാൽ ഇന്ത്യക്കും ചൈനക്കുമിടയിൽ ഇന്നും അതിർത്തി തർക്കം നിലനിൽക്കുന്നു.

1962, 1967, 1975 എന്നീ വർഷങ്ങളിൽ അതിർത്തി തർക്കത്തിന്റെ പേരിലാണ് ഇന്ത്യ-ചൈന യുദ്ധങ്ങൾ നടന്നത്.

ഇന്ത്യ-ചൈന ബന്ധം സുഗമമാക്കാൻ 1979 ൽ വിദേശകാര്യ മന്ത്രിയായിരുന്ന എ.ബി. വാജ്‌പേയി മുൻകൈ എടുത്തിരുന്നു. 1988 ൽ രാജീവ് ഗാന്ധിയും ശ്രമിച്ചു. അതിർത്തികൾ തീരുമാനിക്കുന്നതുവരെ അതിർത്തിയിലെ സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങളടങ്ങിയ കരാർ 1993 ൽ നിലവിൽ വന്നു. 2005 ൽ അതിർത്തി തർക്കം പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ രൂപീകരിച്ചു. 2013ലാവട്ടെ അതിർത്തിയിൽ പരസ്‌പര വിശ്വാസം ഊട്ടിയുറപ്പിക്കാനായി അന്നത്തെ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്ങും ലി കെ ഖിയാങ്ങും കരാർ രൂപീകരിച്ചു. പക്ഷേ, ഇതിനൊന്നും കൃത്യമായ അതിർത്തി നിർണ്ണയിക്കാനോ സമാധാനം സ്ഥാപിക്കാനോ കഴിഞ്ഞില്ല.

ഇക്കഴിഞ്ഞ മെയ് മുതൽ ഇന്ത്യ – ചൈന അതിർത്തിയിൽ സൈനിക നീക്കം ശക്‌തമായിരുന്നുവെങ്കിലും ചർച്ചകൾക്കു ശേഷം സൈനികരെ പിൻവലിക്കാൻ ജൂൺ ഒൻപതിനു ധാരണയായതുമാണ്. എന്നാൽ എല്ലാ ധാരണകളും തകർത്തു കൊണ്ടാണ് ജൂൺ പതിനഞ്ച് തിങ്കളാഴ്‌ച ഏറ്റുമുട്ടൽ നടക്കുകയും കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ സൈനികർക്കു  വീരമൃത്യു സംഭവിക്കുകയും ചെയ്‌തു.

പറയുമ്പോൾ വീരമൃത്യുവാണ്. പക്ഷേ, അവരും കുടുംബാംഗങ്ങളും പച്ച മനുഷ്യരാണ്.

ഇന്ത്യ-ചൈന വിദേശ മന്ത്രിമാർ സംസാരിച്ചതിന്റെ ഫലമായി, സംഘർഷം കൂട്ടുന്ന തരത്തിലുള്ള പ്രവർത്തികൾ ഇരു ഭാഗത്തു നിന്നും ഉണ്ടാവില്ലന്നു തീരുമാനിച്ചു. ജൂൺ പത്തൊൻപതിന് ഓൺലൈനായി സർവ്വകക്ഷി യോഗവും ചേരും.

ഇന്ത്യയ്ക്ക് അയൽ രാജ്യങ്ങളായ നേപ്പാളും ബംഗ്ലാദേശും പാക്കിസ്ഥാനുമായുമൊന്നും സൗഹൃദം ഇല്ല. ശ്രീലങ്കയ്ക്കാവട്ടെ, ചൈനയോടാണ് കൂടുതൽ അടുപ്പവും.

അമേരിക്കയോട് ഇന്ത്യ വലിയ അടുപ്പം കാട്ടുന്നുവെങ്കിലും അമേരിക്കയുടെ വിശ്വാസ്യത ലോക രാഷ്‌ട്രീയത്തിൽ ഇടിഞ്ഞു കൊണ്ടിരിക്കുകയും ചൈന മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ ചൈനയുമായുള്ള രാജ്യത്തിന്റെ കലഹം അതീവ ശ്രദ്ധയോടെ പരിഹരിക്കപ്പെടേണ്ടിയിരിക്കുന്നു. രാഷ്‌ട്രീയപരമായി കൈകാര്യം ചെയ്യാതെ രാഷ്‌ട്രപരമായി എന്നെന്നേക്കുമായൊരു പ്രതിവിധി കണ്ടെത്തേണ്ടിയിരിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account