മണങ്ങളിലാണുണർന്നത്..!
താളിച്ച വെളിച്ചെണ്ണയുടെ
മണം കട്ടതിന്..
ഉറക്കത്തിലറിയാതെ
ചെന്നമ്മയുടെ
മുലപ്പാൽ നെഞ്ച് മണത്തതിന്,
പകർന്നു
പാത്രത്തിലെടുക്കുന്നതെന്തും
ചുറ്റാരും കാണാതെ
മണത്തു രുചിച്ചതിന്,
തല്ലുതന്നിട്ടുണ്ടേറെയമ്മുമ്മ.
“ഛീ.. പട്ടിത്തം”
എന്നിട്ടും……
ഒരധികേന്ദ്രിയം കണക്കെന്റെ
നാസാഗ്രങ്ങൾ
വിടർന്നു നിലകൊണ്ടു..
രഹസ്യമായൊരു മൂക്കറ്റവും
കൊണ്ട്
മുല്ലക്കാടുകളിലേക്ക്..
പുതുമഴയിലേക്ക്..
അവൻ കെട്ടിയയച്ച
ഇലഞ്ഞി മാലകളിലേക്ക്..
കോടാലിത്തൈലവും
ഗൾഫുസോപ്പുകളുമടുക്കി
വെച്ച
അലമാരത്തട്ടുകളിലേക്ക്..
ചുരുങ്ങിയിറങ്ങി…

അപ്പൊഴാണ് ജീനാ…
മാങ്ങാച്ചുനയുടെ
കറപിടിച്ച മണം വിട്ട്
മഴമാത്രമുള്ളൊരധ്യായനത്തിലേക്ക്
പത്താം ക്ലാസുണർന്നത്..
ചെളിവെള്ളം ചവിട്ടി,
നനവുണങ്ങാത്ത
യൂണിഫോമിട്ട്
ചടച്ചരികിലെത്തുന്ന
നിന്റെ മണം മാത്രമന്നു
വന്നില്ല..
അറിയാത്തൊരാഴക്കാരണത്താൽ
അവസാനിപ്പിച്ചതെ-
ന്നെല്ലാരും പറഞ്ഞിട്ടും;
പെട്രോളിന്റെ കത്തും
മണത്തോടുള്ള
നിന്റെ കൊതികൊണ്ടെന്ന്
ഞാനിന്നും കരുതുന്ന
നീയില്ലായ്‌മ…

വെന്തു തീരാത്ത നിന്റെ
നെഞ്ചിന്റെ
തൊലി പറിഞ്ഞ മണവും
കരിഞ്ഞുതീരാമുടിയുടെ
വേരറ്റ നാറ്റവും…
ബോധക്കേടിന്റെ
ഉറക്കറഗന്ധത്തിലേക്ക്
ഞാനന്നു വഴുതിവീണതും…
ഉണരാതൊരാഴ്ച്ചക്കാലം
പനിമണം ചുട്ടതും..
ജീനാ…..
ഓർക്കയോർക്കെ….
നനവുണങ്ങാത്ത
പഴകിയ വെന്തിറച്ചി
മൂക്കിൽ പറ്റിയിരിക്കും
പോലെ
നീയിങ്ങനെ
എപ്പോഴും…. !!!

ആദില കബീർ
രണ്ടാം വർഷം, എം.എ സാഹിത്യ പഠനം
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, തിരൂർ.

4 Comments
  1. Babu Raj 5 years ago

    Wonderful!

  2. Sunil 5 years ago

    അഭിനന്ദനങ്ങൾ!

  3. നന്നായിട്ടുണ്ട്

  4. Harshakumar Punnapra 5 years ago

    നന്നായിട്ടുണ്ട്…അഭിനന്ദനങ്ങൾ…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account