സവായ് മാൻ സിങ് തന്റെ മൂന്നാം ഭാര്യയ്ക്ക് നൽകിയ വാക്കായിരുന്നു അവരുടെ പുത്രനെ അനന്തരാവകാശിയാക്കാം എന്നത്. രജപുത്ര രാജവംശപരമ്പരയിൽ കേട്ടുകേൾവിയില്ലാത്ത കാര്യം. പക്ഷേ അതിമനോഹരിയായ വധുവിനെ മോഹിപ്പിക്കാൻ ഒരുവേള കൗടില്യശാസ്‌ത്രം മറക്കേണ്ടിവന്നു മഹാരാജാവിന്. അത്രമേൽ പ്രണയാതുരനായിരുന്നു മാൻസിങ്. അദ്ദേഹത്തിന്റെ പ്രണയകാല വാഗ്‌ദാനം പക്ഷേ ഒരു കോടതി വിധിയിലൂടെ പുല്ലുവിലയില്ലാത്തതുമായി.

കൂച്ച് ബിഹാറിന്റെ രാജകുമാരിയായി ജനിച്ച് മഹാരാജാ സവായ് മാൻ സിങ് രണ്ടാമന്റെ റാണിയായ ഗായത്രി ദേവിയുടെ കഥ അങ്ങനെ അവസാനിക്കുന്നതല്ല. രാജഭരണകാലത്തിന് ശേഷം ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ജനപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട് ജനാധിപത്യത്തിൻറെ ഭാഗമായി മാറിയതും ഇതേ ഗായത്രി ദേവി തന്നെയാണ്.

ഭാഗ്യനിർഭാഗ്യങ്ങൾ ആപേക്ഷികങ്ങളാണെന്നതു കൊണ്ടുതന്നെ സാമാന്യ നിർവ്വചനങ്ങളിൽ തളച്ച് നിർത്താവുന്നവയല്ല. ജീവിത സൗഭാഗ്യങ്ങൾ എന്നു കരുതപ്പെടുന്നവ ദൗർഭാഗ്യങ്ങളായി മാറി ജീവിതാവസാനം വരെ സമാധാനത്തെ പടിക്കു പുറത്തു നിർത്തുന്ന അവസ്ഥയുമുണ്ട്.

മാലോകർ അസൂയക്കണ്ണിലൂടെ നോക്കി കണ്ടിരുന്ന ഒരു മഹാറാണിയായിരുന്നു ഗായത്രീദേവി. വോഗ് മാഗസിനിന്റെ  ലോകത്തെ പത്തു സുന്ദരിമാരുടെ പട്ടികയിൽപ്പെട്ടയാളായിരുന്ന ഒരിക്കൽ ഗായത്രി ദേവി. അക്കാലത്തെ പ്രശസ്‌ത ഫോട്ടോഗ്രാഫർ സെസിൽ ബീറ്റണിന്റെ കാമറയിൽ തെളിഞ്ഞ അവരുടെ പോട്രേറ്റ് ചിത്രങ്ങളിലെ ഭംഗി പിന്നീട് കണ്ടിട്ടുള്ളത് ഡയാന രാജകുമാരിയുടെ ചിത്രങ്ങളിലാണ്. പൊതുകാര്യ പ്രസക്‌തിയിലും രാജകുടുംബാംഗങ്ങളിൽ നിന്നു പൊതുവേ വ്യത്യസ്ഥർ എന്ന നിലയിലും സൗന്ദര്യം കൊണ്ടും ഉപമിക്കപ്പെടാവുന്നവരാണ് ഇരുവരും. അനേകഹൃദയങ്ങളെ അടക്കിവാണ രാജകുമാരിമാർ.

ഒന്നാന്തരമൊരു വേട്ടക്കാരിയും പോളോ കളിക്കാരിയുമായിരുന്നു ഗായത്രി ദേവി. ഫ്രാൻകോയ്‌സ് ലെവിയുടെ മെമ്മറി ഓഫ് എ ഹിന്ദു പ്രിൻസസ് എന്ന ചലച്ചിത്രവും അവരെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. ഏതൊരു ജീവചരിത്രകാരനും എഴുതാൻ കൊതിക്കുന്ന ജീവിതമായിരുന്നു അവരുടേത്. ഏതൊരു കാമറയും ഒപ്പിയെടുക്കാനാഗ്രഹിക്കുന്ന സൗന്ദര്യവും.

അവരുടെ വശ്യസൗന്ദര്യവും തുറന്ന പെരുമാറ്റവും സൗഹൃദങ്ങളും ജയ്‌പൂർ കൊട്ടാരത്തിന്റെ അകത്തളങ്ങൾക്ക് താങ്ങാവുന്നതിലധികമായിരുന്നു. പഴയ ആണധികാര സീമകളെ ലംഘിച്ചു കൊണ്ടാണ് അവർ ജീവിച്ചത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോട് കാണിച്ചിരുന്ന ഉദാരസമീപനവും രാജകുടുംബങ്ങൾക്ക് തൃപ്‌തികരമായിരുന്നില്ല. പോരാത്തതിന് മുറതെറ്റിച്ച് മൂന്നാം ഭാര്യയായ അവരുടെ മകനെ അനന്തരാവകാശിയാക്കാം എന്ന രാജാവിന്റെ പ്രഖ്യാപനവും.

ഗായത്രി ദേവിക്കെതിരേയുള്ള ഉപജാപങ്ങൾ അന്തപുരത്തിനുള്ളിൽ ആരംഭിച്ചത് അങ്ങനെയാണ്. സവായ് മാൻ സിങിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആദ്യ റാണിയുടെ മൂത്ത പുത്രനായ ഭവാനി സിംങ് അനന്തരാവകാശിയായി അവരോധിക്കപ്പെട്ടു. ഇന്ത്യയിൽ ജനാധിപത്യ സംവിധാനം നിലവിൽവന്ന കാലമായതിനാൽ കോടതി വിധിയിലൂടെയാണ് ഭവാനി സിങ് രാജാവായത്.  രാജഭരണം നിലവിലില്ലെങ്കിലും രാജസ്ഥാനിലെ കണക്കറ്റ ആസ്‌തികളുടെ അവകാശി എന്ന നിലക്ക് അനന്തരാവകാശം വളരെ വിലപ്പെട്ടതാണ്.

രാജമാതാവ് എന്നു വിളിക്കപ്പെട്ടപ്പോഴും ഗായത്രി ദേവിക്ക് പിന്നീട് ഏറെ അവഗണനകൾ നേരിടേണ്ടി വന്നു. സവായ് മാൻ സിങ് വഴി ലഭിച്ച ആസ്‌തികളും അതിൽ നിന്നുള്ള ഉയർന്ന വരുമാനവും ഉണ്ടായിരുന്നു എന്നതുകൊണ്ട് രാജകീയജീവിത നിലവാരം നിലനിർത്താനായി എന്നുമാത്രം.

പ്രണയിച്ചത് മറ്റാരെയെങ്കിലുമായിരുന്നുവെങ്കിൽ ഭർത്താവിന്റെ മരണശേഷം അവരുടെ ജീവിതാവസാനം വരെയും അതിനു ശേഷവും കുടുംബക്കാരാൽ അവർ എത്ര മാനിക്കപ്പെട്ടേനെ! ഒരുപക്ഷേ ഇത്രയും ധനികയായി തുടർന്നില്ലെങ്കിലും ജീവിതസന്ധ്യയിൽ കോടതി മണികൾ ഇത്രയേറെ മുഴങ്ങാതിരുന്നേനെ. അവർക്കാരും അപ്രാപ്യയായിരുന്നില്ലതാനും. അതിസുന്ദരി, പ്രഗത്‌ഭ രാജകുടുംബത്തിലെ രാജകുമാരി, ലണ്ടൻ, ശാന്തിനികേതൻ, സ്വിറ്റ്സർലണ്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയവൾ. പക്ഷേ പ്രണയം അത്രയും അന്ധമാണല്ലോ. ഒരാളുടെ മൂന്നാം ഭാര്യമാത്രമാകാനും തക്കവിധം ബോധം മറയ്ക്കുന്ന അന്ധത. രാജാക്കൻമാരുടെ രീതിക്ക് മൂന്നാം ഭാര്യയെന്നത് തെറ്റല്ലായിരുന്നു. എങ്കിലും അവർക്ക് കിട്ടുന്ന സ്വീകാര്യതയിൽ വ്യതാസമുണ്ടായിരുന്നു.

മാൻ സിങിൻറെ മരണശേഷം രാജഭരണം അവസാനിച്ച ഇന്ത്യയിൽ ഗായത്രി ദേവി ജനാധിപത്യത്തിന്റെ  വഴിയിലേക്കും വന്നു. 1962 ൽ സി രാജഗോപാലാചാരിയുടെ സ്വതന്ത്രതാ പാർട്ടി സ്ഥാനാർഥിയായി മത്‌സരിച്ച് അവർ ജയിച്ചത് റെക്കോർഡ് ഭൂരിപക്ഷത്തിനാണ്. ആകെയുള്ള 246,516 വോട്ടുകളിൽ 192,909 വോട്ടുകളാണ് അവർ നേടിയത്. ലോകത്തെ അത്‌ഭുതപ്പെടുത്തുന്ന ഭൂരിപക്ഷത്തോടെ ഇലക്ഷൻ ജയിച്ച ഒരു സ്‌ത്രീ എന്നാണ് ജോൺ എഫ്. കെന്നഡി ഒരിക്കൽ ഗായത്രി ദേവിയെ ഒരു സദസിന് പരിചയപ്പെടുത്തിയത്.  സൗഹൃദങ്ങളിൽ അതിസമ്പന്നയായിരുന്നു അവർ. കെന്നഡി കുടുംബം, നികിത ക്രൂഷ്‌ചേവ് എന്നിവർ അടുത്ത സൗഹൃദവലയത്തിലുണ്ടായിരുന്നു. ഒരേ സ്‌കൂളിൽ പഠിച്ചു വന്നവരെങ്കിലും ഇന്ദിരാഗാന്ധിക്ക് ഗായത്രി ദേവിയോട് കൂട്ടില്ലായിരുന്നു. പ്രത്യക്ഷത്തിൽ യാതൊരു പ്രകോപനവും ഗായത്രീദേവിയിൽ നിന്ന് ഉണ്ടായിട്ടുമില്ല. തന്നേക്കാൾ സുന്ദരിയായ ഒരു സ്‌ത്രീയെ ഇന്ദിരക്ക് സഹിക്കാനാകുമായിരുന്നില്ല എന്നതാണ് ഇതിനു കാരണമെന്നാണ് ഖുശ്വന്ത് സിങ് പറഞ്ഞിരിക്കുന്നത്. പോരാത്തതിന് കോൺഗ്രസിനെതിരെ മത്‌സരിച്ച് ജയിച്ചാണവർ പാർലമെന്റിൽ എത്തിയതും.

അതൊക്കെ പോയകാല പ്രതാപങ്ങളുടെ കഥ. ഇന്ന് ജയ്‌പൂരിലെ കൊട്ടാരങ്ങളിൽ പലതിലും മ്യൂസിയങ്ങളുണ്ട്. അവിടെയൊക്കെ രാജകുടുംബാംഗങ്ങളുടെ ഛായാചിത്രങ്ങളും ഫോട്ടോകളുമൊക്കെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. പലതിലേയും വിവരങ്ങൾ വായിച്ചാൽ ആരാണന്ന് മനസിലാവുകയില്ല. മനസിലായാൽത്തന്നെ പുറത്തിറങ്ങുമ്പോഴേക്കും മറക്കുകയും ചെയ്യും. എന്നാൽ ആ രാജകുടുംബത്തിലെതന്നെ ഏറ്റവും ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട വ്യക്‌തിയായ ഗായത്രി ദേവിയുടെ ഒരൊറ്റ ചിത്രം പോലുമവിടെയില്ല. മാത്രമല്ല, ആ വ്യക്‌തിയേപ്പറ്റി ചോദിച്ചാൽ മറുപടി പറയാൻ കൊട്ടാര ജീവനക്കാർ ആരേയോ ഭയക്കുന്നുവെന്നും തോന്നും. തങ്ങൾ അങ്ങനെയൊരാളെ അറിയുകയേയില്ല എന്നൊരു മട്ട്. ചിലരുടെ ചിത്രങ്ങൾ പോലും മറ്റുള്ളവരെ എത്ര അലട്ടുന്നു! ആ സൗന്ദര്യവും വ്യക്‌തിത്വവും ഇനിയാരിലും സ്വാധീനമുണ്ടാക്കി തങ്ങൾക്കെതിരാക്കരുത് എന്ന മനോഭാവത്തിന്റെ പറയാതെ പറയൽ ആണത്. ഒരു കാലത്ത് അതാതു രാജകുടുംബങ്ങളുടെ, ജനങ്ങൾക്കേറ്റവും പ്രിയപ്പെട്ട മുഖങ്ങൾ ആയിരുന്നു ഡയാനയും ഗായത്രീദേവിയും. പിന്നീട് അതേ കുടുംബങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു അവരുടെ ചിത്രങ്ങൾ പോലും.

എത്ര ചിത്രങ്ങളൊഴിവാക്കിയാലും പേരെവിടെയും ഫലകങ്ങളിൽ ചേർക്കാതിരുന്നാലും ജയ്‌പൂർ സന്ദർശിക്കുന്ന ചരിത്രബോധമുള്ള സഞ്ചാരിയുടെ മനം നിറയെ ആ മുഖം നിറഞ്ഞുതന്നെ നിൽക്കും. ഒരു ചിത്രത്തിലെങ്കിലും ഒരിക്കൽ കണ്ടാൽ മറക്കാനാവാത്ത മുഖം. മുഖപടമണിയാത്ത ആദ്യത്തെ രജപുത്ര റാണിയുടെ മുഖം. ചിലരിങ്ങനെയാണ്, മറച്ചു  പിടിച്ചു നിർത്താൻ സാധിക്കാത്തവർ. കാർമേഘത്തിന് ചന്ദ്രനെ അധികനേരം മറച്ചു വയ്ക്കാൻ കഴിയാത്തതുപോലെ.

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account