നീണ്ട മൗനത്തിനപ്പുറമൊരു ഭാഷയുടെ സംവേദനമുണ്ട്. ചുരുൾ നിവർന്ന് വരുന്ന കഥകളുടെ അതി മനോഹരമായ ഒരു കാഴ്ച്ച അവശേഷിപ്പിച്ചുകൊണ്ട് കടന്നു പോയതാണ് ഗീതാ ഹിരണ്യൻ എന്ന കഥാകാരി. എഴുപതുകളുടെ അവസാന കാലത്താണ് ഗീത എന്ന എഴുത്തുകാരി മലയാള സാഹിത്യത്തിലേക്ക് കഥകളുമായി വരുന്നത്. വ്യക്‌തികൾ കഥ പറയുന്ന രീതി അത്ര പരിചിതമാവാതിരുന്ന മലയാള കഥയിലേക്ക് ഗീത തന്റെ കഥകളുമായി വരുമ്പോൾ അതുവരെ പാലിക്കപെട്ടുപോന്ന ചില നിയമങ്ങളോടുള്ള സമരം കൂടി നമ്മുക്കാ കഥകളിൽ കാണാനാവും. മനുഷ്യമനസ്സിന്റെ അതിസൂക്ഷ്‌മതലങ്ങളിലൂടെയുള്ള കഥാകാരിയുടെ കടന്നു പോവലുകൾ തീർക്കുന്ന ആ കുലതകൾ ചെറുതല്ലാതെ നമ്മുടെ ഒപ്പം കൂടി ചേർന്നു നടക്കുന്ന ഒന്നായി മാറുകയും ചെയ്യുന്നു.

ഏകാകിയായ ഒരു യാത്രികയുടെ നിരന്തരമായ സഞ്ചാരങ്ങൾ ഗീതയുടെ കഥകളിൽ ദർശിക്കാനാവും എന്നതിൽ സംശയമേയില്ല. കാരണം ഒരു ഫ്രെയിമിലോ, ശിൽപശാലയിലോ, അല്ലെങ്കിൽ വ്യവസ്ഥാപിതമായ ചില ആശയങ്ങളിലോ ഒതുങ്ങുന്നതായിരുന്നില്ല ഗീതയുടെ കഥാലോകം. അത്തരമൊരു സാന്നിധ്യം മലയാളത്തിൽ കുറവായതുകൊണ്ട് കൂടി ഗീത സൃഷ്‌ടിച്ചെടുത്ത സ്‌നേഹത്തിന്റെ വേലിയേറ്റങ്ങളും ഒറ്റപ്പെടലിന്റെ വേലിയിറക്കങ്ങളും മനസ്സിൽ കുത്തിയിറക്കുന്ന മുള്ളുകളായി ആ കഥകളിൽ തന്നെ ചുറ്റപ്പെട്ടുകിടക്കുന്നു. ഒരുപക്ഷേ മറ്റൊരു കഥാകാരിയോ കഥാകാരനോ അവിടേക്കെത്തണമെങ്കിൽ കാലം ഇനിയുമേറെ കഴിയേണ്ടി വരുമെന്ന് സാരം.

ജൈവാംശമുള്ള കഥകൾ പറഞ്ഞെടുത്ത് അതിനെ രാകി മിനുക്കി സൂക്ഷ്‌മത ഉള്ളതാക്കാൻ കഥാകാരി കാണിക്കുന്ന പാകത കഥപറച്ചിൽ രീതിയുടെ പ്രത്യേകതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടേണ്ടതു തന്നെയാണ്. പൊട്ടിപ്പോയ പട്ടുനൂലിഴകൾ എന്നു ഗീതയെ വിശേഷിപ്പിക്കാം. മുഴുവൻ നെയ്‌തെടുക്കുന്നതിന് മുൻപ് മുഴുവനാക്കാതെ പോയ ഒരു പട്ടുനൂൽക്കസവ്. അത് മനസ്സിൽ ഉണ്ടാക്കുന്ന കൊളുത്തി വെലികൾ മുറിപ്പാടുകൾ, വേദനയുടെ നീരുറവകൾ, പെരുങ്കായ രുചികൾ ഒന്നും നമ്മളിൽ നിന്നും മാറി പോവുന്നുമില്ല

കാലം കാത്തുവെച്ച കനൽക്കട്ടകൾ തന്നെയാണ് ഓരോ കഥകളും. ഗീത എഴുതിയതൊക്കെ സമൂഹത്തിലെ കാഴ്ച്ചകളാണ് അതിശയോക്‌തിയില്ലാതെ, അതിഭാവുകത്വമില്ലാതെ, തനിക്ക് ചുറ്റുമുള്ള യഥാർത്ഥ്യങ്ങളെ കഥകളായി എഴുതപ്പെടുമ്പോൾ പലപ്പോഴും അത് പൊള്ളലുകൾ സമ്മാനിക്കുകയും ചിലപ്പോൾ അതൊരു മഴയായി പരിണമിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഗീത ഒരു കവിയാണ്. അവരുടെ കഥകളിലൂടെ പെയ്‌തിറങ്ങുന്നതും കവിതകളാണ്. ആ കവിതകൾ വായിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന ആന്തലുകളിൽ ഗീത എന്ന കഥാകാരി നിറഞ്ഞു വരികയും ഒറ്റ സ്‌നാപ്പിൽ ഒതുങ്ങില്ല ഒരു ജന്മ സത്യം എന്ന് പറയുകയും ചെയ്യുന്നു. സത്യത്തിൽ ഗീത ഒരു പ്രതീകമാണ്. എഴുത്തിന്റെ പട്ടുനുലിഴ കോർത്തെടുത്ത പ്രതീകം.

– കവിത എസ്.കെ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account