ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഭൂരിപക്ഷം ജനങ്ങൾക്ക് താൽപര്യമുള്ളതോ അവരുടെ ജീവിതത്തെ ബാധിക്കുന്നതോ ആയ യാതൊരു വിഷയവും ചർച്ചക്ക് വരാത്ത ഒരു തെരഞ്ഞെടുപ്പിനെ ജനാധിപത്യവിരുദ്ധമെന്നല്ലാതെ വേറെന്താണു വിളിക്കുക. ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നവരാണ് എന്ന് സ്വയം പ്രശംസിക്കുന്നവരുടെ തെരഞ്ഞെടുപ്പ് അജണ്ട വിചിത്രവും ദയനീയവുമാണ്. ശാസ്‌ത്രമോ മാനവികതയോ അല്ല അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. സഹസ്രാബ്ദങ്ങൾക്കു മുമ്പെന്നോ ജനിച്ച ഒരു ദേവകുമാരന് ക്ഷേത്രം പണിയുന്നതും പരമ്പരാഗതമായി അനുഷ്ഠിച്ചു വരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളേയും സംരക്ഷിക്കുന്നതുമാണ് അവരുടെ ലോകാഭിമാനത്തിന്റെ ഹേതു. ഇന്ത്യയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനെ ലോകം മൂക്കിൽ വിരൽ വച്ചാണ് കാണുന്നത് എന്നതാണ് യാഥാർഥ്യം.

ഒരു ഭരണകൂടം അതിന്റെ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ അതിന്റെ ഗുണദോഷങ്ങളുടെ യുക്‌തിസഹമായ വിശകലനം നടത്തേണ്ടത് തീർച്ചയായും പ്രതിപക്ഷ കക്ഷികളുടെ ഉത്തരവാദിത്തമാണ്. പക്ഷേ ഇവിടെ എന്താണ് സംഭവിക്കുന്നത്? നോട്ടു നിരോധനമോ, ഇന്ധന വിലക്കയറ്റമോ, കാർഷിക പ്രതിസന്ധിയോ തൊഴിലില്ലായ്‌മയോ ചർച്ചക്കു കൊണ്ടു വരുന്നതിൽ പ്രതിപക്ഷം അമ്പേ പരാജയപ്പെടുന്നു. ഭരണകൂടവും തൽപര കക്ഷികളും ഒന്നിച്ചു നിന്ന് രാജ്യം ചർച്ച ചെയ്യേണ്ട വിഷയം എന്താണെന്ന് ഏകപക്ഷീയമായി നിശ്ചയിക്കുകയും അതേ വിഷയങ്ങളിൽ മുഴുവൻ സമയവും പ്രതിപക്ഷത്തെ ഒതുക്കി നിർത്തുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. ഭരണകൂടം മുൻകൂർ തയ്യാറാക്കിയ അജണ്ടയനുസരിച്ച് നടത്തപ്പെടുന്ന ഒരു തെരഞ്ഞെടുപ്പ് ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമല്ലാതെ മറ്റെന്താണ്?

അടിയന്തരാവസ്ഥക്കാലത്ത് ‘കാണാതായ’ രാജൻ എന്ന ചെറുപ്പക്കാരന്റെ പേരിൽ നമ്മുടെ നാട്ടിലെ പ്രതിഷേധത്തിന്റെ അലകൾ ദശകങ്ങൾക്കിപ്പുറം ഇപ്പോഴും സജീവമാണ്. പക്ഷേ 2018 ൽ കാണാതായ നജീബ് അഹമ്മദ് എന്ന ചെറുപ്പക്കാരൻ 2019 ൽ ഇന്ത്യയിൽ ചർച്ചയേയല്ല. രോഹിത് വെമുലയും ചലച്ചിത്ര പാഠശാലയും ബൗദ്ധിക കടന്നു കയറ്റങ്ങളും വിസ്‌മരിക്കപ്പെടുകയും മതവും ജാതിയും മാത്രം ചർച്ചയാവുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധമല്ലെങ്കിൽ മറ്റെന്താണ്!

എല്ലാ ഗൗരവതരമായ വിഷയങ്ങളേയും മറികടക്കാൻ നരേന്ദ്ര മോദിയും സംഘവും ഉപയോഗിക്കുന്ന ഒരേ ഒരു കള്ളത്തരമേയുള്ളൂ. അത് സൈന്യത്തിന്റെ പേരിലുള്ള എട്ടുകാലി മമ്മൂഞ്ഞു കളിയാണ്. ഇന്ത്യൻ സൈന്യത്തിന്റെ ഒരു ഏറ്റുമുട്ടൽ നീക്കവും സർക്കാർ നിർദ്ദേശമനുസരിച്ചല്ല എന്നതാണ് യാഥാർഥ്യം. ആക്രമണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എപ്പോഴും സൈന്യമാണ്. സേനാ നേതൃത്വം മുന്നോട്ടു വക്കുന്ന പദ്ധതി സർക്കാരിന് അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അതായത് സർക്കാർ പറഞ്ഞതു കൊണ്ട് മാത്രം സൈന്യം ഒരാക്രമണവും നടത്തില്ല. വ്യക്‌തമായി പറഞ്ഞാൽ സൈനിക നടപടികളുടെ പേരിൽ വീരവാദം മുഴക്കുന്നവർ വെറും എട്ടുകാലി മമ്മൂഞ്ഞുമാരാണ്. വാജപേയി സർക്കാരിന്റെ കാലത്തുണ്ടായ കാർഗിൽ യുദ്ധവിജയം തെരഞ്ഞെടുപ്പു വിഷയമാകാഞ്ഞത് അദ്ദേഹത്തിന് കുറേക്കൂടി യാഥാർഥ്യബോധവും ചിന്താശേഷിയും സർവോപരി ദേശീയബോധവും ഉണ്ടായിരുന്നതു കൊണ്ടാണ്.

പുൽവാമയിലേയും പത്താൻ കോട്ടിലേയുമൊക്കെ സൈനിക രക്‌തസാക്ഷികൾക്കു വേണ്ടി വോട്ടു ചെയ്യാനുള്ള ആഹ്വാനമാണ് വിചിത്രം. 1999ൽ ആസാമിലുണ്ടായ ഒരു തീവണ്ടിയപകടത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് അന്നത്തെ റെയിൽ മന്ത്രി നിതീഷ് കുമാർ രാജിവച്ചു. രാജിയൊന്നും വേണ്ട, പുൽവാമയിലുണ്ടായ സുരക്ഷാവീഴ്‌ച സംബന്ധിച്ച് ഒരു അന്വേഷണം നടത്താൻ നമ്മുടെ പ്രതിരോധ മന്ത്രി തയ്യാറായില്ല. സൈനികർക്ക് നൽകാമെന്നു വാഗ്‌ദാനം ചെയ്‌ത ഒരു സുരക്ഷാ സംവിധാനവും കഴിഞ്ഞ 5 വർഷവും നടപ്പാക്കിയിട്ടില്ല. സൈനികരുടെ സുരക്ഷ പോലും ഉറപ്പാക്കാൻ കഴിയാത്ത ഭരണകൂടം സൈന്യത്തിന്റെ അഭിമാനത്തിന്റെ സ്വയം പ്രഖ്യാപിത ചൗക്കിദാർമാരാവുന്നത് കാണുമ്പോൾ അവജ്ഞയല്ലാതെന്താണ് തോന്നുക.?

പ്രധാനമന്ത്രിയും കൂട്ടരും പറയുമ്പോലെ അവരല്ലാത്തവരൊക്കെ പാക്കിസ്ഥാൻ പക്ഷപാതികളായിരുന്നുവെങ്കിൽ കഴിഞ്ഞ അറുപത്തി അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയെ പാക്കിസ്ഥാനിൽ ലയിപ്പിക്കാമായിരുന്നല്ലോ? അതു സംഭവിച്ചില്ലെന്നു മാത്രമല്ല, പാക്കിസ്ഥാനുമായി രണ്ടു യുദ്ധങ്ങൾ ചെയ്‌തതും ജയിച്ചതും സംഘ ഭരണത്തിനു മുമ്പാണ്. രാജ്യത്ത് ഹരിതവിപ്ലവം നടന്നത്, ആറ്റംബോംബുണ്ടാക്കിയത്, ഇൻസാറ്റ് വരെയുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്, ക്രയോജനിക് എൻജിൻ നിർമിച്ചത്, അഗ്നി, പ്രഥ്വി തുടങ്ങി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ നിർമിച്ചത്, ചാന്ദ്രയാൻ നടത്തിയത് ഒക്കെയും സംഘ ഭരണത്തിനു മുമ്പാണ്. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ അഞ്ചു വർഷം നാം എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാൽ നക്ഷത്രമെണ്ണുകയായിരുന്നു എന്നു പറയേണ്ടി വരും. ആ നക്ഷത്രമെണ്ണികളാണ്, ഞങ്ങളാണ് ഇന്ത്യ കണ്ടു പിടിച്ചത് എന്നു പറയുന്നത്.

നുണ പറച്ചിൽ മത്‌സരമാണ് സത്യത്തിൽ ഈ തെരഞ്ഞെടുപ്പ്. ചെയ്യാത്തതൊക്കെ ചെയ്‌തെന്നും 2014 ലാണ് ഇന്ത്യയുണ്ടായത് എന്നും ആവർത്തിച്ച് പറഞ്ഞ് സത്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ യജ്ഞത്തെ ചെറുത്തു നിൽക്കാനോ നുണകളെ പൊളിച്ചു കാണിക്കാനോ ഉള്ള ആർജവവും സത്യസന്ധതയുമില്ലാത്തവർ എതിർ കക്ഷികളുമാവുമ്പോൾ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതിരിക്കുന്നതെങ്ങനെ..?

1 Comment
  1. SAJU MR 1 year ago

    എല്ലാ രാഷ്ട്രീയ പാർട്ടികളും അധികാരത്തിനു വേണ്ടി പോരാടുമ്പോൾ /മത്സരിക്കുമ്പോൾ ജനങ്ങളുടെ /രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് എന്ത് പ്രാധാന്യം? Election സമയത്തു രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ജനസമ്പർക്കം election കഴിഞ്ഞാൽ എന്തുകൊണ്ടില്ല? ഇനി 5കൊല്ലം കഴിഞ്ഞു മതി എന്നവർക്ക് അറിയാം. അതുകൊണ്ട് election ഗിമ്മിക്കുകൾ തുടരും…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account