സുന്ദരിയൊന്നുമായിരുന്നില്ല ആതിര. എങ്കിലും അവൾക്കൊരു ശാലീനത്വമുണ്ടായിരുന്നു. അച്ഛനും അമ്മക്കുമൊപ്പമായിരുന്നു അവൾ വന്നത്. പ്രത്യേകിച്ച് ഒരു രോഗിയുടെ ലക്ഷണമില്ലാതിരുന്നതിനാലായിരിക്കണം, ഞാൻ മുൻപിൽ ഇരുന്ന ഫയലിൽ പേരും വയസ്സും വീണ്ടും തിരഞ്ഞത്. രോഗി ആതിര തന്നെ. വയസ്സ് ഇരുപത്തിമൂന്ന്.

എന്താണ് പ്രശ്‌നമെന്ന് ഞാൻ അന്വേഷിച്ചത് ആതിരയോടുതന്നെ ആയിരുന്നു. എന്തെങ്കിലും പ്രേമനൈരാശ്യമോ മറ്റോ ആയിരിക്കും എന്നേ എനിക്ക് തോന്നിയുള്ളൂ.

‘പ്രശ്‍നം കുറച്ചു ഗുരുതരമാണ്’. മറുപടി പറഞ്ഞത് അച്ഛനായിരുന്നു. ‘കുറച്ചു നാളുകളായി ഇവൾ നൃത്തം ചെയ്യുന്നു’. അച്ഛൻ പറഞ്ഞു നിറുത്തി.

‘അത് വളരെ നല്ല കാര്യമല്ലേ?’ എന്നായി ഞാൻ.

പിന്നീട് അവർ പറഞ്ഞ കാര്യങ്ങൾ വളരെ വിചിത്രമായി തോന്നി. നൃത്തം ഒരിക്കലും അഭ്യസിച്ചിട്ടില്ലാത്ത ആതിര ഏതാണ്ട് ഒരു വർഷം മുൻപാണ് നൃത്തം ചെയ്യാൻ തുടങ്ങിയത്. അര മണിക്കൂറോളം നീളുന്ന നൃത്തം. നൃത്തത്തിനൊടുവിൽ മയങ്ങി വീഴുന്നു. ഉണരുമ്പോൾ ഒന്നും വ്യക്‌തമായി ഓർക്കാൻ കഴിയാതെ വരുന്നു. ആഴ്‌ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ആവർത്തിക്കുന്നു.

‘എന്തായിരിക്കും കാരണം?’ ഞാൻ വെറുതെ അന്വേഷിച്ചു.

‘എല്ലാവരും പറയുന്നു പ്രേതബാധയാണെന്ന്’. അമ്മയായിരുന്നു അതിനു മറുപടി പറഞ്ഞത്.

‘പ്രേത ബാധയോ? അതും നൃത്തം ചവിട്ടുന്ന പ്രേതം?’ എന്റെ ചോദ്യം പരിഹാസ്യമായി അവർക്കു തോന്നിയോ എന്ന് ഞാൻ ഭയന്നു.

‘ഞങ്ങളുടെ വീടിനടുത്ത് ഒരു നൃത്താധ്യാപികയുണ്ടായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് അവർ ആത്‌മഹത്യ ചെയ്യുകയുണ്ടായി’. അച്ഛൻ പറഞ്ഞു നിറുത്തി.

‘അതിന് ഇതുമായി എന്ത് ബന്ധം?’ എന്ന എന്റെ ചോദ്യത്തിന് അവരുടെ മറുപടി ഇതായിരുന്നു.

‘അവരുടെ ആത്‌മാവിനെ പലരും കണ്ടിട്ടുണ്ടത്രേ. ചിലപ്പോഴൊക്കെ ആ വീട്ടിൽ നിന്നും ചിലങ്കകളുടെ ശബ്‌ദവും കേട്ടിട്ടുണ്ട്.

ഇത്രയും ധാരാളമാണല്ലോ ആതിരയിൽ പ്രവേശിച്ചിരിക്കുന്ന പ്രേതം ആ നൃത്താധ്യാപികയുടേതാണെന്നു സംശയിക്കാൻ. പിന്നീടങ്ങോട്ട് പ്രേതമൊഴിപ്പിക്കൽ കർമ്മങ്ങളുടെ ആവർത്തനങ്ങളായി. പല പല കർമ്മികൾ, യോഗികൾ. എല്ലാവരും ഈ അധ്യാപികയുടെ മുന്നിൽ വാൽ ചുരുട്ടി.

അങ്ങനെയാണ് ആതിര ഇവിടെ വന്നെത്തുന്നത്. ഇനി എന്റെ ഊഴമാണ്. ഏറ്റുമുട്ടേണ്ടയാളുടെ ശക്‌തിയളക്കുകയാണല്ലോ വിവേകമുള്ളവർ ആദ്യം ചെയേണ്ടത്. അത് തന്നെ ഞാനും അന്വേഷിച്ചു. നൃത്താധ്യാപികയുടെ പേര്, പ്രായം, പരിചയം, ആത്‌മഹത്യയുടെ കാരണം തുടങ്ങി പലതും. ലക്ഷ്‌മി എന്നായിരുന്നു അവരുടെ പേര്. മരിക്കുമ്പോൾ ഏതാണ്ട് മുപ്പതിന് മുകളിൽ പ്രായം. ദാമ്പത്യ പ്രശ്‌നമായിരുന്നു മരണഹേതു. അവർ ഏതോ പ്രശസ്‌ത സ്ഥാപനത്തിൽ തന്നെയായിരുന്നു നൃത്തം പഠിച്ചിരുന്നത്. നൃത്തത്തിൽ അത്യാവശ്യം പാണ്ഡിത്യമൊക്കെ അവർക്കുണ്ടായിരുന്നതായി എനിക്ക് മനസ്സിലായി. അവർ ഒരു സുന്ദരി ആയിരുന്നെന്നും ഞാൻ സംഭാഷണങ്ങളിൽനിന്നും മനസ്സിലാക്കി.

ആതിരയുമായുള്ള അഭിമുഖങ്ങളിൽ നിന്നും അവൾ അതി കഠിനമായ മാനസിക സമ്മർദ്ദത്തിനടിമയാണെന്നു മനസ്സിലായി. അവളുടെ കാമുകൻ ഒരു വർഷത്തിന് മുൻപ് ഒരു അപകടത്തിൽ മരിച്ചുപോയിരുന്നു. അവരുടെ വിവാഹം പറഞ്ഞുറപ്പിച്ചിരുന്ന സമയത്തായിരുന്നു പ്രതിശ്രുത വരൻ കൂടിയായ കാമുകൻ മരിക്കുന്നത്. അവരുടേത് ഒരു തീവ്ര പ്രണയം ആയിരുന്നുവെന്ന് അവളുടെ വാക്കുകളിൽ നിന്നും എനിക്ക് ബോധ്യമായി. അതി കഠിനമായ ദുഃഖം ഉള്ളിൽ പേറുമ്പോഴും, അതെന്നോട് പറയുമ്പോഴും അവൾ കരയുകയോ, കണ്ണീർ വരികയോ ഉണ്ടായില്ല എന്നത് എന്നെ അത്‌ഭുതപ്പെടുത്തി. വല്ലാത്തൊരു ഭാവമായിരുന്നു അവൾക്കിതിനെക്കുറിച്ചു സംസാരിക്കുമ്പോൾ.

മരുന്നിനു കുറിച്ചുകൊടുത്ത് അവളെ അയച്ചതിനു ശേഷം അച്ഛനോട് മാത്രം ഉള്ളിൽ ഇരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഇനി ആതിര നൃത്തം ചെയ്യുമ്പോൾ അതിന്റെ ഒരു വീഡിയോ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. അതൊരു മൊബൈൽ ക്യാമറയിലായാലും മതി എന്ന് ഞാൻ അവളുടെ അച്ഛനെ ധരിപ്പിച്ചു.

മൂന്നോ നാലോ നാളുകൾക്കുള്ളിൽത്തന്നെ ആതിരയുടെ അച്ഛൻ എന്നെ കാണാനെത്തി. അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ ആതിരയുടെ നൃത്തവുമുണ്ടായിരുന്നു. ഏതാണ്ട് ഇരുപതു മിനിറ്റുകൾ ദൈർഖ്യമുള്ള  ഒരു വീഡിയോ. അത് ഞാൻ എന്റെ കമ്പ്യൂട്ടറിലേക്ക് പകർത്തിയശേഷം ഫോൺ അദ്ദേഹത്തിന് തിരിച്ചുനൽകി, ഒരാഴ്‌ചക്ക് ശേഷം വരുവാൻ ആവശ്യപ്പെട്ടു.

കമ്പ്യൂട്ടറിൽ നിന്നും ഞാൻ പകർത്തിയെടുത്ത നൃത്തദൃശ്യങ്ങളടങ്ങുന്ന പെൻ ഡ്രൈവുമായി നേരേ പോയത് പ്രശസ്‌ത നർത്തകിയായ എന്റെ സുഹൃത്തിന്റെ അടുത്തേക്കാണ്. അവർ ആ നൃത്തം പരിശോധിച്ച ശേഷം എന്നോട് പറഞ്ഞത് കളിയായിട്ടായിരുന്നു. ‘ആരോ താങ്കളെ നൃത്തമാണെന്നു പറഞ്ഞു പറ്റിക്കുകയായിരുന്നു. ഇത് നൃത്തമല്ല, ചില വ്യായാമ മുറകൾ ഇതിലുണ്ടെന്നു വേണമെങ്കിൽ പറയാം. അതും ശരിയായ രീതിയിലല്ല’.

എനിക്ക് വേണ്ടതും അതുതന്നെയായിരുന്നു. നൃത്താധ്യാപികയുടെ പ്രേതമാണെങ്കിൽ അൽപ്പസ്വൽപ്പം താളമൊക്കെയുണ്ടാകുമായിരുന്നില്ലേ? ആതിരയുടെ തുള്ളിച്ചാടൽ നൃത്തമായി തെറ്റിദ്ധരിച്ച ആളുകളാണോ, അധ്യാപികയുടെ പ്രേതമായി അറിയാതെ അനുകരിക്കാൻ ശ്രമിച്ച ആതിരയുടെ മനസ്സാണോ യഥാർഥത്തിൽ ഈ പ്രേത ബാധക്ക് പിറകിൽ?

ഒരാഴ്‌ചക്ക് ശേഷം വരുമ്പോൾ ആതിരയുമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവൾ നൃത്തം ചെയ്യുന്നില്ല എന്നതും എനിക്കൊരു പുതിയ അറിവായി. ചിലപ്പോഴെല്ലാം എന്റെ അനുഭവങ്ങൾ അങ്ങനെ തന്നെയായിരുന്നു. ശരിയാക്കാൻ വിഷമമാണെന്നു വിചാരിച്ചിരുന്ന പല പ്രശ്‌നങ്ങളും വേഗത്തിൽ പരിഹരിക്കപ്പെട്ടതായിട്ടാണ് ചില മുൻ അനുഭവങ്ങൾ.

മരുന്ന് തുടരാൻ പറഞ്ഞു അവരെ അയക്കാൻ തുടങ്ങുമ്പോഴാണ് ആതിര എന്നോട് ഒരു ആവശ്യം പറഞ്ഞത്. ‘എനിക്ക് ഡോക്‌ടറോടൽപ്പം തനിയെ സംസാരിക്കണം’. ശരിയെന്നു ഞാൻ പറഞ്ഞതും അച്ഛൻ ആതിരയെ എന്റെ അടുത്ത് വിട്ട്‌ മുറിവിട്ടു പുറത്തു പോയി.

‘എന്താണ് ആതിരക്ക് എന്നോട് പറയാനുള്ളത്?’ ഞാനും ആകാംക്ഷാഭരിതനായിരുന്നു.

‘അത് ഡോക്റ്റർ ഞാനും ദിലീപും (അതായിരുന്നു മരിച്ച കാമുകന്റെ പേര്) ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടായിരുന്നു’. കൂടുതൽ ചോദിച്ചതിൽ നിന്നും ഏതാണ്ട് മൂന്നു തവണ അവർ ബന്ധപ്പെട്ടിരുന്നു എന്നും അത് സുരക്ഷിതമായ ബന്ധമായിരുന്നുവെന്നും എനിക്ക് മനസ്സിലായി.

എന്നാൽ കാമുകന്റെ മരണത്തിനുപരിയായി, ഈ ബന്ധമായിരുന്നു ആതിരയെ കൂടുതൽ ഭയപ്പെടുത്തിയിരുന്നത്. ഗര്ഭിണിയാകുമോ എന്ന ഭയം തീവ്രമായ സമയത്താണത്രെ ആതിരയിൽ രോഗത്തിന്റെ ആദ്യലക്ഷണമുണ്ടായത്. കൗൺസിലിംഗും മരുന്നുകളും വഴി അവളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സാധിക്കും എന്ന തിരിച്ചറിവ് അവൾക്കു പകർന്നു നൽകാൻ അന്നെനിക്ക് കഴിഞ്ഞു. പിന്നീട് പല പ്രാവശ്യം ആതിര എന്നെ കാണുവാൻ വന്നിട്ടുണ്ട്. ഇന്നവൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account