ഇക്കഴിഞ്ഞ വനിതാ ദിനത്തിന്റെയന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സെടുത്തു കൊണ്ടിരിക്കെയാണ് സഭയിൽ നിന്നും അമ്പത് കഴിഞ്ഞ ഒരുമ്മ എണീറ്റു നിന്ന് പ്രഭാഷകയോട് ചോദിച്ചത്, ‘എന്റെ മകൾക്ക് ഞാൻ നല്ല വിദ്യാഭ്യാസം നൽകി, അവൾ നല്ല ജോലി സമ്പാദിച്ചു, ഒരാൾക്ക് 25 വയസ്സുണ്ട്, നിങ്ങളുടെ 25വയസ്സുള്ള മകനെക്കൊണ്ട് എന്റെ മകളെ വിവാഹം കഴിപ്പിക്കാൻ നിങ്ങൾ തയ്യാറാണോ…?’.

പിന്നീട് രണ്ടു നിമിഷത്തേക് നിശ്ശബ്‌ദതയായിരുന്നു. എനിക്കത്ര വയസ്സിൽ ഒരു മോനുണ്ടെങ്കിൽ ഞാൻ നടത്തുമായിരുന്നു  എന്ന് പറഞ്ഞു അവർ പ്രസംഗം തുടർന്നു.

എനിക്കുറപ്പാണ്, അവിടെ കൂടിയിരിക്കുന്ന 99%പേരും ‘ഇല്ല’ എന്നേ പറയൂ . കാരണം കല്യാണക്കാര്യത്തിൽ പെൺകുട്ടിയുടെ വയസ്സിന്റെ കുറവിനാണ് നമ്മുടെ നാട്ടിൽ മാർക്ക്. ഇരുപത് കഴിഞ്ഞ പെൺകുട്ടി,

വിവാഹക്കമ്പോളത്തിൽ അവളുടെ നിലവാരം ഒരിത്തിരി കുറഞ്ഞ് തന്നെയാണിപ്പോഴും. ചിലയിടത്തു 18 ആവാൻ കാത്തിരിക്കുകയാണ് കെട്ടിച്ചുവിടാൻ. അതിനു മുൻപേ ഒളിഞ്ഞും കുടുംബക്കാരുടെ വീട്ടിൽ വച്ച് നിക്കാഹ് നടത്തുന്നവരും കുറവല്ല. പലപ്പോഴും പെൺമക്കളുടെ അനുവാദം പോലും ചോദിക്കാതെയാണ് രക്ഷിതാക്കൾ അവർക്ക് വിവാഹമാലോചിക്കുന്നത്.

രണ്ടാഴ്ച്ച മുന്നെയാണ്, എന്റെ ക്ലാസ്സിൽ വരാത്തതിന്റെ കാരണം ചോദിച്ചപ്പോൾ വയറുവേദന എന്ന സ്ഥിരം പല്ലവി ആവർത്തിച്ചതിനാൽ വീട്ടിലേക്കു വിളിച്ചന്വേഷിക്കാനൊരുങ്ങിയപ്പോൾ കയ്യിൽ മുറുകെ പിടിച്ചു പൊട്ടിക്കരയുകയാണ് ആ പെൺകുട്ടി ചെയ്‌തത്. വീട്ടിൽ കല്യാണത്തിന് വല്ലാതെ നിർബന്ധിക്കുന്നു. ഇന്നലെ രാവിലെ ഒരു കൂട്ടർ കാണാൻ വരുന്നെന്നറിയിച്ചതിനാൽ ആണ് ഇന്നലെ ക്ലാസ്സിൽ വരാൻ കഴിയാഞ്ഞത് എന്നുമാണ് അറിയാൻ കഴിഞ്ഞത്. ഇതേ ക്ലാസ്സിലെ മറ്റൊരു കുട്ടി തന്നെയാണ് വീട്ടിൽ കല്യാണാലോചന തുടങ്ങിയിട്ടുണ്ട്, എനിക്ക് പഠിക്കണം, ഒന്നെന്റെ വീട്ടിൽ വന്നൊന്ന് സംസാരിക്കുമോ എന്നാവശ്യപ്പെട്ടതും.

മേൽപ്പറഞ്ഞ രണ്ടു പെൺകുട്ടികളും പഠിക്കുന്നത് പ്ലസ് ടുവിനാണ്. പതിനെട്ടാവാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി. ക്ലാസ്സ്‌ കഴിയുമ്പോഴേക്കും വിവാഹം നടത്താനാണവർ വിചാരിച്ചിരുന്നത്. ‘പഠനവും ജോലിയും കല്യാണം കഴിഞ്ഞിട്ടും ആവാലോ. ഭർത്താവിനും വീട്ടുകാർക്കും താൽപ്പര്യമുണ്ടെങ്കിൽ അതെല്ലാം ചെയ്യാലോ’. നോട് ദി പോയിന്റ് – ‘താൽപ്പര്യമുണ്ടെങ്കിൽ’.  കല്യാണം, പഠനം, ജോലി തുടങ്ങി പല കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നത് വീട്ടിലെ ഒരാണിൽ നിന്നും ഭർത്താവെന്ന മറ്റൊരാണിലേക്ക് കൈമാറുമ്പോൾ അവളുടെ അവകാശങ്ങളെയും കൂടിയാണ് കൈമാറുന്നത്. കല്യാണം കഴിഞ്ഞാലും തുടർന്ന് പഠിക്കാം എന്ന് പറഞ്ഞു കെട്ടുന്ന 90%പെൺകുട്ടികൾക്കും അതിനുള്ള അവസരം ഒത്തുവരാറില്ല. നാലഞ്ചു കൊല്ലം കഴിഞ്ഞു ഏതെങ്കിലും ഗെറ്റ്ടുഗതർ പരിപാടികളിൽ രണ്ടു മൂന്ന് കുട്ടികളുടെ ഉമ്മയായി  പ്രാരാബ്‌ധങ്ങളുടെ ഭാണ്ഡങ്ങളഴിക്കുന്ന കൂട്ടുകാരികളെ ഒരുപാട് കണ്ടിട്ടുണ്ട്.

നമുക്ക് ചുറ്റുമുള്ള അനവധി പെൺകുട്ടികൾ ഇത്തരം പ്രയാസങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്, ഇപ്പോഴും പോയ്‌ക്കൊണ്ടിരിക്കുന്നുമുണ്ട്. പലരും തുറന്നു പറയാഞ്ഞിട്ടോ അതിനവസരം കിട്ടാഞ്ഞിട്ടോ ആണ്. കാരണം നമ്മുടെ സമൂഹം വയസ്സിന്റെ ഇളപ്പത്തിനനുസരിച്ചാണ് വിവാഹക്കമ്പോളത്തിൽ പെണ്ണിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.

അധികം പഠിച്ചതിനെ കെട്ടിയാൽ പൊല്ലാപ്പാണെന്നും സ്വര്യക്കേടാണെന്നും അതുകൊണ്ട് 18  വയസ്സ് റേഞ്ചിൽ മതിയെന്ന് പറയുന്ന ഹൈലി എജ്യുക്കേറ്റഡ് പയ്യനെയും, അതെ, അത് ശെരിയാ, പഠിപ്പ് കൂടിയാൽ പൊന്തം വിടൽ (അഹങ്കാരം) കൂടുമെന്നും പഠിപ്പ് കുറവായതാണെങ്കിൽ അനുസരിച്ചു നിന്നോളുമെന്നും പറഞ്ഞ അവന്റെ സഹോദരിമാരെയും ഞാൻ കണ്ടിട്ടുണ്ട്. പേടിയാണ് വാ തുറക്കുന്ന, പ്രതികരിക്കുന്ന പെൺകുട്ടികളെ.

വയസ്സ് കൂടും തോറും കല്യാണം നല്ലത് വരില്ല എന്നും പറഞ്ഞു വീട്ടുകാരെ അമിത സമ്മർദ്ദത്തിലാക്കി നന്നായി പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ കല്യാണം കഴിച്ചു വിടാൻ പ്രേരിപ്പിക്കുന്ന ദല്ലാൾമാരും കുറവല്ല. സ്‌കൂളുകളുടെ വഴിയിൽ നിൽക്കുന്ന ദല്ലാൾമാരെ കണ്ടിട്ടുണ്ടോ നിങ്ങൾ? സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടിലെ കുട്ടികളെ ഉദ്ദേശിച്ചാണ് ആ നിൽപ്പ്. അവരുടെ പേരും വീടും സംഘടിപ്പിച്ചു വീട്ടുകാരുമായി സംസാരിക്കും. സാമ്പത്തികമായി ഒന്നുമില്ലാഞ്ഞിട്ടും എന്റെ മോളെ ഇങ്ങോട്ട് തേടിവന്ന ആദ്യത്തെ കല്യാണാലോചന! ഈയൊരവസരം നിരസിക്കാൻ ഒരു രക്ഷിതാവിനുമാവില്ല എന്ന ദല്ലാളിന്റെ  ദീർഘവീക്ഷണത്തിൽ ഏതൊരു രക്ഷിതാവും വീഴുന്നു. വളർന്നു വരുന്ന അനിയത്തിമാരും സുമംഗലികളായ സമപ്രായക്കാരുമൊക്കെ ഇവടെ വില്ലത്തികളായി ദല്ലാൾമാർ വഴി, അല്ലെങ്കിൽ നാട്ടുകാർ, കുടുംബക്കാർ വഴി പെൺകുട്ടിയുടെ വീട്ടുകാരുടെ ചിന്തയിലെത്തുന്നു, ഒട്ടും വൈകിക്കൂടാ എന്റെ മോളേം കെട്ടിക്കണം, അടുത്ത മാസം കല്യാണം. ശുഭം!! പിന്നെ പഠിത്തം, ജോലി ഒക്കെ കണക്കാണ്. മറ്റു കമ്മ്യൂണിറ്റികളെ കുറിച്ച് എനിക്ക് വല്യ ധാരണകളില്ല. പക്ഷെ മുസ്ലിം കമ്മ്യൂണിറ്റിയിൽ ഇത്തരം സംഭവങ്ങൾ കൂടുതലാണ്.

ഒരുപാട് പെൺകുട്ടികൾ ഉന്നത പഠനത്തിനായി മുന്നോട്ടു വരുന്നത് നമുക്കിന്നു കാണാൻ സാധിക്കും. നന്നായി പഠിച്ചില്ലേൽ പണ്ടത്തെ പോലെ തന്നെ പെട്ടെന്ന് കെട്ടിച്ചു വിടുമെന്ന് ഭയമുണ്ട് ചിലർക്കെങ്കിലും. ഉള്ളത് തന്നെയാണ്. അധികം പഠിക്കാതെ ജോലിയൊന്നുമില്ലാതെ ചെറുപ്രായത്തിൽ കല്യാണം കഴിഞ്ഞ പല കൂട്ടുകാരികളുടെയും ഇന്നത്തെ സ്ഥിതി അവർ കണ്ടിട്ടുണ്ടെന്നാണ്.

ഇതുപോലെ തന്നെയാണ് കുറെ പെൺകുട്ടികൾ. കല്യാണം കഴിഞ്ഞുപോയ പലരും പഠനം തുടരാതെയോ അവരുടെ അറിവോ വിദ്യാഭ്യാസമോ ഒന്നിനും പ്രയോജനപ്പെടുത്താതെയിരിക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഇന്നത്തെ പെൺകുട്ടികൾ ചിലരെങ്കിലും ബോധമുള്ളവരാണെന്ന് ഞാൻ പറയും. എന്നാലും എല്ലാത്തിനും വഴങ്ങിക്കൊടുക്കുന്ന കുട്ടികളുമുണ്ട്. വീട്ടിലെ നിർബന്ധങ്ങൾക്ക് മുന്നിൽ നിസ്സഹായരായവരും മുന്നിലുള്ള വിശാലമായ പഠനത്തിന്റെ, കരിയറിന്റെ ലോകത്തെ കുറിച്ച് വേണ്ടത്ര ചിന്ത വരാതെ പോയവരുമായിരിക്കുമവർ.

വിവാഹശേഷം പഠനം നിർത്തേണ്ടി വന്ന, ജോലിക്ക് പോകാനനുവദിക്കാതെ വീട്ടിലിരിക്കുന്ന, കല്യാണമുറപ്പിച്ചതിനു ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ പിന്നോട്ട് പോയ, മാനസിക സമ്മർദ്ദങ്ങളിൽ പെട്ട് പോയ ലൈംഗിക വിദ്യാഭ്യാസ കുറവും അവകാശങ്ങളെ കുറിച്ചുള്ള അറിവില്ലായ്‌മയും ശാരീരിക മാനസിക പീഠനങ്ങളിലേക്ക് തള്ളി വിട്ട നിറയെ പെൺകുട്ടികൾ നമുക്ക് ചുറ്റുമുണ്ട്. നിങ്ങൾ കാണാഞ്ഞിട്ടാണ്. അത് അങ്ങനെയാണല്ലോ. ചോദ്യങ്ങളുന്നയിക്കുന്നവരെ എന്നും അടക്കി വാണിട്ടെ ഉള്ളൂ.

നന്നായി പഠിച്ചാൽ പോലും ഫ്‌ളെക്‌സുകളിലെ പെൺപേരിന്റെ മുകളിലെ ഒഴിഞ്ഞ കോളത്തിന്  അഭിനന്ദനങ്ങൾ പറയാനേ പലയിടത്തും ആൾക്കാർക്ക് സൗകര്യമുള്ളൂ. എന്ത് പറയാനാണ്…

ഇക്കാലത്തു പഠിക്കാൻ ആഗ്രഹമില്ലാത്ത പെൺകുട്ടികൾ കുറവാണു. വിവാഹശേഷവും എനിക്ക് പഠിക്കണം എന്നുപറഞ്ഞു ധീരമായി  മുന്നോട്ടു വരുന്ന പെൺകുട്ടികൾ ഇന്ന് കൂടിവരുന്നുണ്ടെന്നത് പ്രതീക്ഷാവഹമാണ്. വിവാഹം കഴിഞ്ഞും ഭാര്യയെ പഠിക്കാൻ ‘സമ്മതിക്കുന്ന’ ഭർത്താവും അവന്റെ വീട്ടുകാരും എത്ര നന്മയുള്ളവരാണ് എന്ന് ഞാനൊരിക്കലും പറയില്ല. ഭീരുക്കളാണവർ. കാരണം വിവാഹം കഴിഞ്ഞതോട് കൂടി അവളുടെ ആഗ്രഹങ്ങളുടേം സ്വാതന്ത്ര്യത്തിന്റേം താക്കോൽ അവളാരുടെ പക്കലും ഏൽപ്പിച്ചിട്ടില്ല, നിങ്ങൾ പിടിച്ചു വാങ്ങിയതാണ്!

അവളുടെ ഇഷ്‌ടങ്ങൾക്ക് കൂടെ നിൽക്കുന്ന ഭർത്താക്കന്മാരെയാണ് പെൺകുട്ടികൾക്കിഷ്‌ടം. അങ്ങനെയുള്ള ആ 10%ത്തെ കുറിച്ചല്ല ഞാനീ പറഞ്ഞത്. ബാക്കിവരുന്ന ആ 90%ത്തെയാണ്.

ചില രക്ഷിതാക്കൾ ജീവിക്കുന്നത് തന്നെ പെൺകുട്ടിയെ കെട്ടിക്കാനെന്ന മട്ടിലാണ്. എത്രയും പെട്ടെന്ന് നടത്താനുള്ള ഓട്ടപ്പാച്ചിലാണ് മിക്കയിടത്തും. ആധിയൊന്നും വേണ്ട, അവൾക്കും കൂടി വേണ്ടുന്ന സമയത്തു നടത്താം. അതല്ലേ നല്ലത്?

കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇനിം എത്രയോ മാറാനുണ്ട്. പെണ്ണിന്റെ ഇഷ്‌ടങ്ങൾ മനസിലാക്കിയ ചുറ്റുമുള്ളവരെ ഓർത്തുകൊണ്ട് തന്നെ പറയട്ടെ, ഇനിയും ഇടക്കിടക്ക് ഇതൊക്കെ ഉച്ചത്തിൽ തന്നെ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കണം. എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും സ്‌കൂളുകളിലും സ്‌കൂളുമായി ബന്ധപ്പെട്ടും ജോലി ചെയ്യുന്നവർക്ക് ഒരിക്കലും ഇല്ലെന്നു പറയാനാവില്ല മുകളിൽ പറഞ്ഞ കാര്യങ്ങൾ. മുൻപൊരിക്കൽ ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ ഹേയ് അതൊക്കെ പണ്ടല്ലേ എന്ന് പറഞ്ഞവരുണ്ട്. എങ്കിൽ കേട്ടോളൂ, ഇവിടെയൊക്കെ ഇപ്പോഴും ഇങ്ങനൊക്കെ തന്നാണ്.

രക്ഷിതാക്കളോടാണ് –  പെൺമക്കളെ ഇത്ര ഭയക്കേണ്ട കാര്യമൊന്നുമില്ല, കെട്ടോ… നല്ല വിദ്യാഭ്യാസം നൽകുക എന്നതായിരിക്കും നിങ്ങൾക്കവർക്ക് ചെയ്‌തു കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം. പിന്നെ ജീവിതം. അത് താനേ വന്നു ചേർന്നോളും അവളും കണ്ടോട്ടെ എല്ലാ ലോകവും. അറിഞ്ഞോട്ടെ എല്ലാ നിറങ്ങളും!

1 Comment
 1. Shahla shahin 3 years ago

  Well said shamna…
  You are absolutely correct especially in case of girls from malappuram.They don’t have the right to speak or express their opinion.Women are supposed to be suppressed..They are slaves and they should be treated as one. This is the view of our community about women…even in the modern era.
  This has to be changed
  Yes we are women.. but we’re human beings as well.
  We do have emotions..n we have the right to express it.
  No religion ever taught that standing for your opinion is against the belief.It’s the community that made up all these moral rules.
  I don’t think expressing our view point is against any community.. yes may be against the moral police and their rules!!

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account