ഞാൻ രണ്ട് തവണ ആവർത്തിച്ച് വായിച്ചിട്ടുള്ള ഏക പുസ്‌തകമാണ് ‘സഗീർ’ എന്ന പ്രവാസി മലയാളി എഴുതിയ ‘ഗൾഫുംപടി പി.ഒ.’ സാധാരണ പുസ്‌തകങ്ങൾ പോലെയല്ല ഗൾഫുംപടി.പി.ഒ. നർമ്മരസം ചേർത്ത് എഴുതിയ ഒരു ഗ്രാഫിക് നോവലാണിത്. ചിത്രകഥയോ കാർട്ടൂണോ വായിക്കുന്നതു പോലെ രസകരമായി വായിച്ചു പോകാം.  പ്രവാസി ജീവിതത്തിന്റെ നീറുന്ന സത്യങ്ങളാണ് സഗീർ ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ ഗൾഫുംപടി എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് നോവൽ വികസിക്കുന്നത്. ഒരുപാട് പ്രവാസികളുള്ള നാടാണല്ലോ മലപ്പുറം .അവിടുത്തെ ഏതു  ഗ്രാമവുമാകാം ഗൾഫുംപടി. അവിടെ നിന്നും എത്രയോ സാധാരണക്കാർ കൊച്ചുകൊച്ച് സ്വപ്‌നങ്ങൾ നെയ്‌തുകൂട്ടി, കരിപ്പൂരിൽനിന്നും ഗൾഫിലേക്ക് പറന്നിട്ടുണ്ട്. അത്തരത്തിൽ വളരെ പ്രതീക്ഷകളോടെ ഗൾഫിലേക്ക് പോയതാണ് നോവലിലെ കേന്ദ്രകഥാപാത്രമായ അബു. വീട്ടിൽ ഉമ്മയും, ഉപ്പ മൊയ്‌ദുണ്ണിയും, ഭാര്യ സൈനുവും, മൂന്ന് മക്കളുമുണ്ട് അബുവിന്.

പ്രായം തളർത്താത്ത മൊയ്‌ദുണ്ണി, വലിയൊരു ക്രിക്കറ്റ് പ്രാന്തനാണ്. വീട്ടിൽ ടി.വി. സിഗ്‌നൽ വന്നില്ലെങ്കിൽ ചിലപ്പോൾ മൊയ്‌ദുണ്ണി കോഴിക്കോട് വരെ പോയ് ഡി.ഡി. വണ്ണിൽ ക്രിക്കറ്റ് കാണും. നാട്ടിൽ മറ്റേതെങ്കിലും ഗൾഫുകാരൻ അവധിക്ക് വന്നാൽ ആയാളെ കണ്ട് മൊയ്‌ദുണ്ണി ഒരു റോത്ത്‌മാൻസോ, ട്രിപ്പിൾ ഫൈവോ വാങ്ങിച്ചെടുക്കും. മകനായഅബുവിന് ഗൾഫിൽ ജോലി ഇല്ല. ഒരുപാട് ദുരിതം പേറി അവിടെ അബു എല്ലാം സഹിച്ച് നിൽക്കുമ്പോൾ, വീട്ടിലേക്ക്  ഡ്രാഫ്റ്റ് വരാത്തത് കുടുംബത്തെ  വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ആർഭാട ജീവിതത്തിനു തടസം വരുന്നത് അവർക്കാർക്കും സഹിക്കവയ്യ. അബുവിന്റെ പരിതസ്ഥിതിയും, പരിമിതികളുമറിഞ്ഞിട്ടും  മൊയ്‌ദുണ്ണി, ഒരു ഗൾഫുകാരന്റെ ഉപ്പ എന്ന നിലയിൽ നാട്ടിൽ പൊങ്ങച്ചം കാട്ടി നടക്കാനാണ് ശ്രമിച്ചിരുന്നത്.

അബുവിന് നിത്യവും കത്തയക്കുകയും, അബുവിനെ ആത്‌മാർത്ഥമായ് സ്‌നേഹിക്കുകയും, അയാളുടെ ഓരോ പ്രതിസന്ധികളിലും സങ്കടപ്പെടുകയും ചെയ്യുന്ന ഏക വ്യക്‌തിയാണ് ഭാര്യയായ സൈനു. അബു ഗൾഫിലായിരുന്ന സമയത്ത് സൈനുവും അബുവും ഒരുപാട്‌ കത്തുകളെഴുതിയിട്ടുണ്ട്. എപ്പോഴും ദുഃഖങ്ങൾ മാത്രമേ അവർക്ക് പരസ്‌പരം ആ കത്തുകളിൽ പങ്ക് വെക്കാനുണ്ടായിരുന്നുള്ളു. ‘താൻ ഇതുവരെ എഴുതിയ കത്തുകൾ നിരത്തി വെച്ചാൽ അറബിക്കടലിനു കുറുകെ ഗൾഫിലേക്ക് ഒരു പാലമാകും’ എന്നാണ് സൈനു പറയുന്നത്. കണ്ണീരിന്റ ഉപ്പ് രസം ചുവക്കുന്ന ദാമ്പത്യ ബന്ധമാണ് അബുവിനും, സൈനുവിനുമുള്ളത്. ഏതു പ്രവാസിക്കുമെന്ന പോലെ.

അബുവിന്റെ ഉമ്മക്ക് എന്നും കോളയോ, ബൂസ്റ്റോ, ഹോർലിക്‌സോ കുടിക്കാൻ വേണം. ഗൾഫുകാരന്റെ ഉമ്മയാണല്ലോ. അവരുടെ  പൊങ്ങച്ചത്തിനൊട്ടും  കുറവില്ല. തന്റെ മകൻ ഗൾഫിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചോ ചിന്തിക്കുന്നില്ല ആ ഉമ്മ.  സ്വാർത്ഥമതിയായഅവർ തന്റെ ലോകത്ത് സുഖലോലുപ ജീവിതം നയിക്കുന്നു.

വീട്ടിലും, നാട്ടിലും അന്യരാവുന്ന ഗൾഫുകാരുടെ ആത്‌മനൊമ്പരം കൂടിയാണ് ഗൾഫുംപടി.

അബുവിന്റെ മൂത്ത മകൻ ഹമീദ് ബൈക്കിൽ ചുറ്റിയടിച്ചും, ഫോണിൽ സുഹൃത്തുക്കളെ വിളിച്ച് വീമ്പ് പറഞ്ഞും, തന്റെ യുവത്വം ആഘോഷിക്കുന്നു. സെൽഫോൺ വാങ്ങാൻ ഹമീദ് വീട്ടിലെ കറണ്ടില്ലാതെ ഉപയോഗ ശൂന്യമായ ഫ്രിഡ്‌ജ്‌ വിൽക്കുന്നു. ഉത്തരവാദിത്ത്വബോധം ഇല്ലാത്ത ഹമീദിന് ജീവിത ലക്ഷ്യങ്ങളൊന്നും തന്നെയില്ല. സ്വതന്ത്രമായി ഒരു പക്ഷിയെ പോലെ അയാൾ ജീവിതമെന്ന ആകാശത്ത് പറന്നു നടക്കുന്നു. അവനും പണം മാത്രം മതി. ഹമീദിന്റെ സഹോദരി സോഫിയും അങ്ങനെത്തന്നെ.

ഉമ്മൂമ്മയോടൊപ്പം, ഒരു ദിവസം പോലും മുടങ്ങാതെ സോഫി ‘അബലാജന്മം’ സീരിയൽ കാണും. സോഫി പത്താം ക്ലാസ്സിൽ പഠിക്കുന്നുമുണ്ട്.  പഠിച്ച്ഒരു കരപറ്റുക എന്ന ആഗ്രഹമൊന്നും പക്ഷേ അവൾക്കില്ല. പത്താം ക്ലാസ്സ് തോറ്റതിനുശേഷം സോഫിയെ കല്ല്യാണം കഴിപ്പിച്ച് വിടാനാണ് മൊയ്‌ദുണ്ണി ശ്രമിക്കുന്നത്. ഒരു കല്ല്യാണവും, കുടുംബവും തന്നെയാണ് സോഫി ആഗ്രഹിക്കുന്നതും,  അനിയൻ ഷരീഫിന് സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് കാട മുട്ട വേണം. അതാണ് ഉച്ചഭക്ഷണങ്ങളിൽ കൂട്ടുകാർക്കിടയിൽ ട്രെൻഡ്. അവൻ ജനിച്ചിട്ട് ഇതു വരെ അവന്റെ ഉപ്പയെ കണ്ടിട്ടില്ല. ഉപ്പയെ ഒന്ന് കാണാൻ  ഷെരീഫിന് ആഗ്രഹമില്ല. ഫോണിൽ ഒന്നു ഉപ്പയോട് മിണ്ടാൻ പോലും ഷെരീഫ് വിരസത കാണിക്കുന്നു. ഗൾഫിൽ കഷ്‌ടപ്പെടുന്ന അബുവിന് സൈന അല്ലാതെ മറ്റാരും ഒരു വിലയും കൊടുക്കുന്നില്ല.

വീട്ടുകാരും നാട്ടുകാരും ഗൾഫിനെ ഒരു സ്വർഗരാജ്യമായാണ് കാണുന്നത്. അവിടെ രാപകൽ അധ്വാനിക്കുന്ന സ്വന്തക്കാരുടെ മാനസിക പ്രയാസങ്ങൾ അവർ തിരിച്ചറിയുന്നില്ല. പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്. സഗീർ ഇത്തരം ബന്ധുജനങ്ങളെ, ഹാസ്യാത്‌മകമായ് ‘ബന്ധു മൃഗാദികൾ’ എന്ന് വിശേഷിപ്പിക്കുന്നതിലെ ഔചിത്യം വായനക്കാരന് എളുപ്പം മനസിലാക്കാൻ സാധിക്കുന്നു.

പതിനാല് വർഷങ്ങൾക്ക് മുൻപ് 2005ലാണ് സഗീർ ഗൾഫുംപടി പി.ഒ. ഒരു ഗ്രാഫിക് നോവലായ് പ്രസിദ്ധീകരിക്കുന്നത്. ആ കാലത്ത് പ്രവാസി മലയാളികൾ ഗൾഫിലും സ്വന്തം നാട്ടിലും അനുഭവിച്ചിരുന്നത് ഒരേ മാനസിക സംഘർഷങ്ങൾ തന്നെയായിരുന്നു. അവരുടെ ബുദ്ധിമുട്ടുകളും, പരിമിതികളും മനസിലാക്കാൻ ആരും ശ്രമിച്ചിക്കുന്നില്ല. അവരെ സാമ്പത്തികമായ് ചൂഷണം ചെയ്യാനാണ് ബന്ധുജനങ്ങളും സുഹൃത്തുക്കളും ഉത്‌സാഹിക്കുന്നത്. വീട്ടിലും നാട്ടിലും അവർ പണം കായ്ക്കുന്ന മരമാണ്.

പ്രവാസ ജീവിതത്തിന്റെ മറ്റൊരു ദൃശ്യാവിഷ്‌കാരമായിരുന്നു മമ്മൂട്ടി അഭിനയിച്ച ‘പത്തേമാരി’. മമ്മൂട്ടി അവതരിപ്പിച്ച നാരായണൻ എന്ന കഥാപാത്രം ചെറിയ പ്രായത്തിൽ തന്നെ ഗൾഫിലേക്ക് ചെല്ലുന്നു. അവിടെ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ജോലി ചെയ്‌ത്‌ വീട്ടിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നത്. അയാളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് നാരായണന്റെ ഭാര്യ മാത്രമാണ്.അവധിക്ക് വരുന്ന നാരായണന്റെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കാണ്. അയാളുടെ കൈയ്യിൽ നിന്ന് വല്ല ഗൾഫ് ഉൽപ്പന്നങ്ങളും കിട്ടുമോ എന്നറിയാനാണ് എല്ലാവരും തിരക്ക് കൂട്ടി എത്തുന്നത്. കുടുംബക്കാർ ഓരോരോ ആവശ്യങ്ങൾക്ക് അയാളെ ചൂഷണം ചെയ്യുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. ഗൾഫുകാരുടെ ഒരു സങ്കടഹർജിയാണ് പത്തേമാരി എന്ന സിനിമയും, ഗൾഫുംപടി പി.ഒ. എന്ന നോവലും.

നോവലിൽ ഏറ്റവും കൂടുതൽ രസിപ്പിക്കുന്ന കഥാപാത്രമാണ് ‘മാഷ്’. നോവലിൽ ഇടക്കിടെ പ്രത്യക്ഷമാകുന്ന ഒരു കഥാപാത്രമാണ് ഇദ്ദേഹം. പ്രവാസികളുടെ ദുരിതപൂർണമായ ജീവിതാവസ്ഥകളെക്കുറിച്ചും നാട്ടിലെ ബന്ധുജനങ്ങളുടെ ചൂഷണങ്ങളെക്കുറിച്ചുമുള്ള നിരീക്ഷണങ്ങളാണ് സഗീർ ഈ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ‘ദിനാറോളംവരില്ല ഒരു ദിനോസറും’ എന്ന സഗീറിന്റെ പ്രസ്‌താവന കേവലം ചിരിച്ച് തള്ളാൻ മാത്രമുള്ളതല്ല. അത് നമ്മെ കൂടുതൽ ചിന്തിപ്പിക്കുന്നു. പണത്തിനു മീതേ പരുന്തും പറക്കില്ല എന്നൊക്കെ പറയുന്നതു പോലെ, ഗൾഫുകാരന്റെ പണം പോലെ വിലപ്പെട്ടതായി അവരുടെ സ്വജനങ്ങൾക്ക് ഒന്നുമില്ലെന്ന് സഗീർ പറയുന്നു. ഇങ്ങനെ ഒരുപാട് ന്യൂജെൻ ഗൾഫ് ചൊല്ലുകളും സഗീർ ഈ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. മാഷിന്റെ  ഓരോ ചൊല്ലുകളും  വായനക്കാരന്റെ മനസിൽ എപ്പോഴും തങ്ങിനിൽക്കുന്ന ഒന്നാണ്.

നോവൽ ആരംഭിക്കുന്നതിന് മുൻപ് സഗീർ ഒരു ചെറിയ അനുഭവം എഴുതിയിരുന്നു. അതാണ് എന്റെ മനസ്സിൽ ഏറ്റവും പതിഞ്ഞ ഒരു വായനാനുഭവം. കല്ല്യാണം കഴിഞ്ഞ് രണ്ടാം വർഷം ഭാര്യയെയും  ആറ് മാസം പ്രായവുമുള്ള ഒരു കുഞ്ഞിനെയും നാട്ടിലാക്കിയാണ് സഗീർ ഗൾഫിലേക്ക് പറന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ സഗീർ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും തന്റെ പ്രത്യാശകളും എല്ലാം കവിഞ്ഞൊഴുകിയ ഒരു കടലാണ് ഗൾഫുംപടി പി.ഒ. എന്ന പുസ്‌തകം.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account