ഓര്‍ക്കാപ്പുറത്തുണ്ടാവുന്ന ഇടിമുഴക്കത്തോടുകൂടിയ മഴ. മേഘങ്ങളുരുണ്ടുകൂടി ആടിത്തിമിര്‍ത്തുപെയ്യുന്ന കുളിര്‍മഴ. അതങ്ങനെ ഒടുവില്‍ പെയ്‌തൊഴിയുമ്പോള്‍ അമ്പരപ്പും ആഹ്‌ളാദവും മരംപെയ്യുന്ന പെയ്ത്തില്‍ നനഞ്ഞുനില്‍ക്കുന്നു. ഫ്ളാഷ് മോബ് അങ്ങനെയാണ്. പ്രതീക്ഷിച്ചിരിക്കാത്ത ഒരവസരത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കുറച്ചുപേര്‍ ഒത്തുചേര്‍ന്നവതരിപ്പിക്കുന്ന നൃത്തം. എന്തെങ്കിലും സദുദ്ദേശത്തോടെയാണ് ഫ്ളാഷ് മോബ് അവതരിപ്പിക്കപ്പെടാറുള്ളത്. നദീസംരക്ഷണം, പുകയിലവിരുദ്ധ ക്യാമ്പൈന്‍, പ്രമേഹബോധവല്‍ക്കരണം എന്നിങ്ങനെ നീളുന്നു ആ പട്ടിക.

കേട്ടിട്ട് നല്ല കാര്യമാണെന്ന് തോന്നുന്നില്ലേ? ഇതുവരെ ഒരു കുഴപ്പവുമില്ലല്ലോ? ഇനി, ഈ ഫ്ളാഷ് മോബ് ചെയ്യുന്നത് പെണ്‍കുട്ടികളാണെങ്കിലോ? എന്ത് പ്രശ്‌നം, അല്ലെ? നൃത്തയിനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് അഭിരുചി കൂടുതലാണെന്ന് നിസ്സംശയം പറയാം. അപ്പോള്‍ അതും പ്രശ്‌നമല്ല. ഇനി, ആ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചിട്ടുണ്ടെങ്കില്‍? പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ പാതിരാ കാറ്റേറ്റ് നടന്നുവരുന്ന തട്ടമിട്ട സുന്ദരിയുടെ മുഖം മനസ്സില്‍ ഓടിയെത്തിയോ? ലവലേശം തെറ്റില്ല. പിന്നെ എന്താണ് തെറ്റ്? ആര്‍ക്കാണ് തെറ്റ് കണ്ടുപിടിക്കാതെ ഇരിക്കപ്പൊറുതിയില്ലാത്തത്?

ചില ആങ്ങളമാരുണ്ട്. സ്വന്തം സഹോദരിമാരെ കൈവെള്ളയിലിറുക്കിപ്പിടിച്ച്, ശ്വാസം മുട്ടിച്ച്, ഞെരിച്ച് സംരക്ഷിക്കുന്നവര്‍. അവരാണ് വാക്കുകളുടെ കടുത്ത സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. ‘അനക്ക് മരിക്കണ്ടേ പെണ്ണേ’ എന്നാണു ചോദ്യം. വേണമല്ലോ. ജനിച്ചാല്‍ മരണം ഉറപ്പല്ലേ, സഹോദരാ. പിന്നെ സ്വര്‍ഗത്തില്‍ പോകുന്ന കാര്യം. അത് എങ്ങനെയായിരിക്കുമെന്ന് മരിച്ച് സ്വര്‍ഗത്തില്‍ പോയവര്‍ ഭൂമിയിലേക്ക്‌ സന്ദേശം അയച്ചിട്ടില്ലാത്തതിനാല്‍ അറിവില്ല. ‘കയറൂരി വിട്ടിരിക്കുകയാണോ’ എന്നാണ് അടുത്ത ചോദ്യം. പശുവിനെയും ആടിനെയും കയറൂരി വിടാറുണ്ട്. അവര്‍ക്കുപോലും ആ സ്വാതന്ത്ര്യം ആവശ്യമാണ്. ഈ കുട്ടികള്‍ നല്ല അന്തസ്സായി പഠിച്ച് മിടുക്കികളായി ഒരു നല്ല കാര്യത്തിനിറങ്ങിയവരാണ്. അല്ലാതെ മേയാന്‍ വിട്ട ‘കന്നാലി’കളല്ല. ഈ ചോദ്യകര്‍ത്താക്കള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ എന്ന് ഈയുള്ളവള്‍ക്ക് ഒരു ചെറിയ സംശയം.

ഹാദിയയുടെ വിഷയത്തിലെ മനുഷ്യാവകാശ ലംഘനം സുപ്രീംകോടതി വരെയെത്തിച്ച അതേ ചേതോവികാരം, അതിന്റെ മറ്റൊരു വശത്തുനിന്നും നമ്മോടു സംസാരിക്കുന്നു. ഇതെല്ലാം ആവശ്യത്തില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട് കേരള സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ്‌ തന്നെ ഉണ്ടാക്കി. സ്ഥാപിത താൽപ്പര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിച്ചു രസിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന വനിതാ കമ്മീഷനും നിര്‍ബന്ധിത മതപരിവര്‍ത്തനമെന്നു ദേശീയ വനിതാ കമ്മീഷനും തമ്മിലടിച്ചു. ഇഷ്‌ടമുള്ള മതം തിരഞ്ഞെടുക്കാനും ഇഷ്‌ടമുള്ള ആളെ വിവാഹം ചെയ്യാനും പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും വാദിച്ചു. അതിന്റെ സങ്കീര്‍ണതകളിലേക്ക് കടക്കാതെ പറയട്ടെ; ഒടുവില്‍ ഹാദിയ സ്വതന്ത്രയാക്കപ്പെട്ടു. പഠനം തുടരട്ടെയെന്ന് സുപ്രീംകോടതി വിധിച്ചപ്പോള്‍ തനിക്കു ആഗ്രഹിച്ച സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് ഹാദിയയ്ക്ക് പരാതി. ഹാദിയ വാദിച്ചതും, ഹാദിയയുടെ അച്ഛന്‍ വാദിച്ചതും, ആങ്ങളമാര്‍ വാദിച്ചതും, ഷഫീന്‍ ജഹാന്‍ വാദിച്ചതും, വനിതാ കമ്മീഷന്‍ വാദിച്ചതും വേറെ വേറെ കാര്യങ്ങളായിരുന്നു. വീട്ടുതടങ്കലില്‍ നിന്നും ഹാദിയയെ മോചിപ്പിക്കണമെന്ന് മുറവിളി കൂട്ടിയ മനുഷ്യാവകാശ പ്രമാണികള്‍ക്ക് മാത്രം സന്തോഷമായി. വിവാഹക്കാര്യം കോടതി ഇതുവരെയും പുനഃപരിശോധിച്ചിട്ടില്ല എന്ന് വേണം വിലയിരുത്താന്‍.

കോടതി വിധിയില്‍ ആഘോഷിക്കാന്‍ പ്രത്യേകിച്ച് ഒന്നുമില്ലാതെ ഒരാഴ്ച്ച കടന്നുപോകവെ നമ്മുടെ തട്ടമിട്ട കുട്ടികള്‍ എത്തി. ഊര്‍ജ്ജസ്വലതയോടെ, നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കാനായി. അവര്‍ പതിനഞ്ചു പേരുണ്ടായിരുന്നു. പക്ഷെ അതില്‍ മൂന്നു പേരെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടി. കൊന്നുകളയുമെന്ന ഭീഷണിക്ക് മുന്നില്‍ അപ്‌ലോഡ്‌ ചെയ്‌തയാള്‍ തന്നെ ആ വീഡിയോ നീക്കം ചെയ്‌തു. ഒരു പക്ഷെ, ഹാദിയ ഇവിടെ രംഗപ്രവേശം ചെയ്‌തിരുന്നുവെങ്കില്‍!! അവളുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി കുറഞ്ഞത്‌ ഒരു സെക്രട്ടേറിയേറ്റ് മാര്‍ച്ചെങ്കിലും നടത്തിയേനെ. ഹാദിയയോട് ഒരു ചോദ്യം. അനുജത്തീ.. നീ ആഗ്രഹിച്ച സ്വാതന്ത്ര്യത്തിൽ ഫ്ളാഷ് മോബിന് സ്ഥാനമുണ്ടാകുമായിരുന്നോ?

-രാധിക അനൂപ്‌

2 Comments
  1. Vipin 4 years ago

    വളരെ പ്രസക്തമായ ചോദ്യം… ഇരട്ട മുഖങ്ങളെ വലിച്ചുകീറു…

  2. Anil 4 years ago

    Liked thus note… This is what our society is now. Only for political mileage..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account