മാർച്ച് 8 ലോക വനിതാ ദിനമായിരുന്നല്ലൊ! ആദ്യമൊക്കെ വനിതാ ദിനമെന്ന് കേട്ടപ്പോൾ അത്‌ഭുതം തോന്നിയിരുന്നു. വനിതകൾക്കായ് ഒരു ദിനമോ? പിന്നീട് ഈ വനിതാ ദിനത്തിന് മറ്റൊരു വ്യാഖ്യാനം ലഭിച്ചു. വർഷത്തിൽ മുന്നൂറ്റി അറുപത്തിനാല് ദിവസവും പൗരുഷത്തെ ആഘോഷിക്കുന്ന, പുരുഷന്റെ ദിനങ്ങളാണത്രേ. അപ്പോൾ പാവം പെണ്ണുങ്ങൾക്കുള്ള ഔദാര്യമാണ് ഈ ദിവസം.

എങ്കിലും ഈ കാഴ്ച്ചപ്പാടിന് ഇന്ന് മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. സമൂഹത്തിൽ പല മേഖലകളിലും സ്‌ത്രീ-പുരുഷ സമത്വവും, സ്‌ത്രീകളുടെ ഉന്നമനവും ഉറപ്പ് വരുത്തുന്നുണ്ട്. അതിന്റെ ചെറിയ മാറ്റങ്ങൾ സമൂഹത്തിൽ ഇന്ന് കണ്ടുതുടങ്ങി.

നമ്മുടെ കേരളത്തിൽ കത്തിജ്വലിച്ച് നിന്ന ഒരു വിഷയമായിരുന്നു ശബരിമല യുവതി പ്രവേശനവിഷയം. ഇതിനെ വലിയ രീതിയിൽ രാഷ്‌ട്രീയമായ് മുതലെടുത്തു കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾ. അത്രകാലം വരെ സ്‌ത്രീകൾ സമൂഹത്തിൽ ഉയരണം, അവർ സമൂഹത്തിലെ ഉന്നത പദങ്ങൾ അലങ്കരിക്കണം, സ്‌ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തണം എന്നെല്ലാം പറഞ്ഞു നടന്നവർ തന്നെ സ്‌ത്രീകൾ ശബരിമലയിൽ കയറരുത് എന്ന് പറഞ്ഞ് കേരളത്തെ ഒരു കലാപഭൂമിയാക്കി. ഈ ഒരു വിഷയത്തെ രാഷ്‌ട്രീയമായ് മുതലെടുക്കാൻ ചിലർ കാണിച്ച നാടകങ്ങൾ നാമെല്ലാവരും കണ്ടതാണ്. കേരളത്തിൽ, അല്ലെങ്കിൽ രാജ്യത്തിൽ സ്‌ത്രീകളുടെ ഉന്നമനത്തിനായി അങ്ങോളമിങ്ങോളം ഓടിനടന്ന് പരിപാടികൾ സംഘടിപ്പിച്ചാൽ മാത്രം പോരാ. മറിച്ച് സാമൂഹികമായ, മതപരമായ, രാഷ്‌ട്രീയപരമായ മേഖലകളിലെ സ്‌ത്രീ പുരുഷ അസമത്വങ്ങൾക്കെതിരേയും രാഷ്‌ട്രീയക്കാർ പ്രതികരിക്കണം. ഇലക്ഷനിൽ സ്ഥാനാർത്ഥികളായി എത്ര സ്‌ത്രീകളുണ്ട് എന്നു നോക്കിയാൽത്തന്നെ രാഷ്‌ട്രീയ സംഘടനകളുടെ സ്‌ത്രീ സ്‌നേഹഹത്തിന്റെ കാപട്യം വ്യക്‌തമാവും.

മലയാള സിനിമ മേഖലയിലും സ്‌ത്രീ വിരുദ്ധത കാണാം. വർഷം തോറും മലയാളത്തിലുണ്ടാകുന്ന, സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങളെല്ലാം പുരുഷ കേന്ദ്രീകൃതചലച്ചിത്രങ്ങളാണ്. സ്‌ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രങ്ങൾ എത്രയോ കുറവാണ്. മാത്രമല്ല നരസിംഹം, കസബ പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ സ്‌ത്രീകളെ പരിഹസിക്കുന്ന വിധത്തിലുള്ള നായകന്മാരുടെ പരാമർശങ്ങളും കാണാം. ഈ രംഗങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളിൽ നിറഞ്ഞ കൈയ്യടികൾ നേടി.

ഇത്തരത്തിൽ സ്‌ത്രീകൾക്ക് എതിരേയുള്ള പരിഹാസങ്ങളെ, സ്‌ത്രീവിരുദ്ധതയെ ആഘോഷിക്കുന്നവരാണ് മലയാളികൾ. എന്തുകൊണ്ടാണ് സ്‌ത്രീ വിരുദ്ധ പരാമർശങ്ങൾ സെൻസർ ബോർഡ് സിനിമകളിൽ നിന്ന് നീക്കം ചെയ്യാത്തത്?

സ്‌ത്രീകളെ താഴ്ത്തിക്കെട്ടുകയും, അപമാനിക്കുകയും ചെയ്യുകയാണ് അത്തരം സിനിമകൾ. തീർച്ചായും സ്‌ത്രീ വിരുദ്ധത ആഘോഷിക്കുന്ന അത്തരം രംഗങ്ങൾ ഇനി വരുന്ന സിനിമകളിൽ നിന്നെങ്കിലും നീക്കം ചെയ്യണം. കഴിഞ്ഞ കൊല്ലം നടൻ പൃഥ്വിരാജ് സ്‌ത്രീ വിരുദ്ധ സിനിമകളിൽ അഭിനയിക്കില്ല എന്ന ദൃഢമായ തീരുമാനം സമൂഹത്തോട് വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ അതേ പൃഥ്വിരാജ് തന്നെയാണ് ഈ വർഷം എന്തിനാണ് യുവതികൾ ശബരിമലയിൽ തന്നെ പോകുന്നതെന്ന ചോദ്യം ചോദിച്ചതും. സ്‌ത്രീകളെ വാനോളം ഉയർത്തിയ, അവർക്കൊപ്പം നിന്ന ആ നടൻ മതപരമായ കാര്യങ്ങൾ വന്നപ്പോൾ ആചാരവും, വിശ്വാസവും നോക്കി അവർക്കെതിരേ തിരിഞ്ഞു. നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യമുണ്ടാവണം മനുഷ്യർക്ക്.

സ്‌ത്രീകൾ ഈ സമൂഹത്തിൽ ഇന്ന് സുരക്ഷിതരാണോ എന്നൊരു ചോദ്യവും ഇക്കാലത്ത് പ്രസക്‌തമാണ്. എന്തെല്ലാം അതിക്രമങ്ങളാണ് സ്‌ത്രീകൾക്ക് എതിരേ ഇന്ന് ഈ സമൂഹത്തിൽ നടക്കുന്നത്? തലസ്ഥാന നഗരിയായ ഡൽഹിയിലെ ‘നിർഭയ’ സംഭവം ഇന്നും ഇന്ത്യയെ ഞെട്ടിപ്പിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ രണ്ടു വർഷം മുൻപ്, തൃശൂർ ജില്ലയിലെ പെരുമ്പാവൂരിൽ ‘ജിഷ’ എന്ന പാവം പെൺകുട്ടിയെ ഹിംസിച്ച് കൊന്നതും നാം കണ്ടതാണ്. ഇത്തരത്തിൽ നമ്മുടെ ഇന്ത്യയിൽ സ്‌ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങൾ ഇന്ന് വർധിച്ച് വരികയാണ്.

സ്‌ത്രീകൾ ഇന്നും പൂർണ സ്വതന്ത്രരല്ല. അവർ രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കാൻ ഭയക്കുന്നു. കാരണം അവരുടെ പിന്നാലെ അവരെ ആക്രമിക്കാൻ നടക്കുന്നു മനുഷ്യർ. എങ്കിലും രാജ്യത്ത് ഇപ്പോൾ നടപ്പാക്കിയ പിങ്ക് പട്രോൾ സംവിധാനം അവർക്ക് ചെറുതായെങ്കിലും ആശ്വാസം നൽകുന്നുണ്ട്. മാറിവരുന്ന സർക്കാരുകൾ പ്രചരണ പട്ടികകളിൽ ചെയ്‌ത വികസന പ്രവർത്തനങ്ങളുടെയും, ചെയ്യാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെയും കണക്കുകളും, വിശദീകരണങ്ങളും മാത്രം പറഞ്ഞാൽ പോര. അവർ സ്‌ത്രീകളുടെ സുരക്ഷിതത്വത്തിനു വേണ്ടി എന്ത് ചെയ്‌തു, ഇനി എന്ത് ചെയ്യും എന്നെല്ലാം വ്യക്‌തമാക്കണം.

എല്ലാ അമ്മമാർക്കും, അമ്മൂമ്മമാർക്കും, സഹോദരിമാർക്കും വനിതാ ദിന ആശംസകൾ നേരുന്നു. ജീവിതത്തിലെ കടുത്ത പ്രതിസന്ധികളിൽ ഉറച്ച തീരുമാനം എടുക്കാനും, ഇച്ഛാശക്‌തിയോടെ മുന്നോട്ട് പോകാനും നിങ്ങൾക്ക് കഴിയട്ടെ. ഒപ്പം രാജ്യത്തെ പ്രശോഭിതമാക്കാനും.

വൈകിയാണെങ്കിലും Happy Women’s Day!

– സ്വരൺദീപ്

2 Comments
  1. Dr. SUNEETH MATHEW 1 year ago

    പ്രൊഫൈൽ നോക്കി. എട്ടാം ക്ലാസ് എന്ന് കണ്ടു. നന്നായി എഴുതുന്നു. ഇതിനേക്കാൾ നന്നായി ഈ പ്രായത്തിൽ എഴുതുവാൻ പറ്റുമോ എന്നത് മാത്രമാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്. ഈ കഴിവ് ഉപയോഗിക്കുക, വലിയൊരു എഴുത്തുകാരിയാകുക

  2. Sreeraj 1 year ago

    നല്ല എഴുത്ത്. നാളത്തെ മലയാളത്തിന്റെ വാഗ്‌ദാനം.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account