(പ്രശസ്‌ത കഥാകൃത്തും തിരക്കഥാകൃത്തുമായ ഹരിദാസ് കരിവെള്ളൂരുമായി ഡോ: ജിനേഷ് കുമാർ എരമം നടത്തിയ അഭിമുഖം)

എഴുത്തുകാരുടെ ജീവിതത്തിൽ ഏറെ സ്വാധീനിക്കുന്നത് ബാല്യത്തിലെ ഓർമ്മകളാണെന്ന് പറയാറുണ്ട്.  എങ്ങനെയായിരുന്നു ബാല്യകാലം?

മൾബെറിയുടെ ഓർമ്മ എന്ന പുസ്‌തകത്തിൽ ഞാനെൻ്റെ ബാല്യകാലത്തെക്കുറിച്ച് എഴുതിയത് ചിലരെങ്കിലും വായിച്ചു കാണുമെന്ന് കരുതുന്നു. കർണാടകയിൽ മംഗലാപുരത്തിനടുത്ത് സർക്കാരുദ്യോഗസ്ഥനായിരുന്ന അച്ഛൻ ആഴ്‌ചയിലൊരിക്കലേ വരുമായിരുന്നുള്ളൂ. വീട്ടിൽ ഞാനും അമ്മയും അച്ഛമ്മയും മാത്രമായിരുന്നു. അച്ഛമ്മ അന്ധയായിരുന്നു. അമ്മ കൃഷിപ്പണിക്ക് പോയാൽ കണ്ണു കാണാത്ത അച്ഛമ്മയെ നോക്കിയിരുന്നത് കുട്ടിയായ ഞാനായിരുന്നു. അച്ഛമ്മ ഇടക്കിടെ വിളിക്കുന്നതു കൊണ്ട് ദൂരെ കുട്ടികൾക്കൊപ്പം കളിക്കാൻ പോകാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. സ്‌കൂൾ വിട്ട് വന്നാൽ  എനിക്ക് വീട്ടിൽത്തന്നെ ഇരിക്കേണ്ടി വന്നു. പുസ്‌തകങ്ങളോട് ഇഷ്‌ടമാവാൻ അതൊരു കാരണമായിരിക്കും. ഞാൻ ചെറുപ്പത്തിലേ എഴുതാനും തുടങ്ങി. ആഴ്‌ചയിലൊരിക്കൽ വരുന്ന അച്ഛൻ എൻ്റെ എഴുത്തുകൾ കണ്ട്  മധുര പലഹാരങ്ങൾക്കൊപ്പം വെള്ളക്കടലാസുകളും കൊണ്ടു വരുമായിരുന്നു. ജ്ഞാനപീഠ അവാർഡ് നേടിയ കന്നഡ എഴുത്തുകാരൻ ശിവറാം കാറന്തിൻ്റെ പരിചയക്കാരനായിരുന്ന അച്ഛന് എഴുത്തുകാരെ ഇഷ്‌ടമായിരുന്നു. എഴുത്തുകാരനാവണമെന്ന എൻ്റെ സ്വപ്‌നത്തെ അച്ഛൻ പ്രോത്‌സാഹിപ്പിച്ചിരുന്നു. അക്കാലത്ത് കേരളത്തിലെ രക്ഷിതാക്കൾ പാഠപുസ്‌തകമല്ലാത്ത എന്തെങ്കിലും കുട്ടിയുടെ കൈയിൽ കണ്ടാൽ കുട്ടിയുടെ  പഠനത്തെ ബാധിക്കുമെന്ന് കരുതി കുട്ടിയെ വഴക്കു പറയുന്ന കാലമായിരുന്നു.

താങ്കളുടെ എഴുത്തിൻ്റെ ആദ്യകാലം?

സാംസ്‌കാരികമായും രാഷ്‌ട്രീയമായും വളരെ പ്രശസ്‌തമായ പ്രദേശമാണ് കരിവെള്ളൂർ. മികച്ച നാടകങ്ങളുടെയും മറ്റു കലാരൂപങ്ങളുടെയും അവതരണങ്ങൾ, നല്ല വായനശാലകൾ. സ: എ. വി. കുഞ്ഞമ്പുവിനെപ്പോലെ വലിയ നേതാക്കൾ. കരിവെള്ളൂർ മുരളിയെപ്പോലെ വലിയ  നാടകപ്രവർത്തകരും.  അടുത്ത ഗ്രാമത്തിൽ പ്രശസ്‌ത  സാഹിത്യകാരൻ സി. വി. ബാലകൃഷ്‌ണൻ. എന്നെ എഴുത്തുകാരനാക്കിയതിൽ എൻ്റെ നാടിന് പങ്കുണ്ട്. ചെറുപ്പത്തിലേ എഴുതിത്തുടങ്ങി. യുവജനോത്‌സവങ്ങളിൽ കഥയ്ക്കും നാടകത്തിനും സമ്മാനം നേടി. എഴുത്തുകാരൻ കെ. കരിവെള്ളൂർ, നാരായണി ടീച്ചർ എന്നീ അധ്യാപകരും, എൻ്റെ ജ്യേഷ്ഠസഹോദരനും എഴുത്തുകാരനുമായ ഗംഗാധരൻ കരിവെള്ളൂർ, ഇളയച്ഛനും ദേശാഭിമാനി ജീവനക്കാരനുമായിരുന്ന ടി. കുഞ്ഞിരാമൻ എന്നിവരുടെ പ്രോത്‌സാഹനങ്ങൾ  എന്നെ എഴുത്തിലേക്ക് നടത്തിച്ചു.

പ്രസിദ്ധീകരിച്ച ആദ്യ കഥ ഏതായിരുന്നു?

മനോരമ വാർഷികപ്പതിപ്പ്  കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ കഥാ മത്‍സരത്തിൽ സമ്മാനിതനായാണ് എഴുത്തിലേക്ക് വരുന്നത്. പാരമ്പര്യം എന്ന കഥ. ഒരു കുട്ടി എന്തു ചെയ്‌താലും തറവാട്ടിലെ കാരണവരുടെ പാരമ്പര്യം കുട്ടിയിൽ ആരോപിക്കുന്ന ഒരു അമ്മമ്മയാണ് കഥാപാത്രം. കണിയാൻ കവടി നിരത്തുമ്പോൾ പറയുന്ന ഭാഷയാണ് അതിൽ ഉള്ളത്. സമ്മാനിതമായ ആ കഥ ഒ.വി. വിജയനും, ടി. പത്‌മനാഭനുമൊപ്പം മനോരമ വാർഷികപ്പതിപ്പിൽ വന്നപ്പോൾ വലിയ സന്തോഷം തോന്നി… വത്‌സലൻ വാതുശ്ശേരി, മനോജ് ജാതവേദര് തുടങ്ങിയവരൊക്കെ എന്നെപ്പോലെ തൊട്ടടുത്ത വർഷങ്ങളിൽ  മനോരമ വാർഷികപ്പതിപ്പിൻ്റെ സമ്മാനം നേടി സാഹിത്യത്തിലേക്ക് വന്നവരാണ്.

കഥയോടൊപ്പം തന്നെ കേരളത്തിലെ കുട്ടികളുടെ നാടകവേദിയിൽ പ്രശസ്‌തമാണ് താങ്കളുടെ ‘ആൾ രൂപങ്ങൾ, അലമാരയിലെ സ്വപ്‌നങ്ങൾ’ തുടങ്ങിയ  ബാല നാടകങ്ങൾ. അവയെക്കുറിച്ച്?

കരിവെള്ളൂർ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഞാൻ നാടകങ്ങൾ എഴുതിയിരുന്നു. 92 ൽ എഴുതിയ ആൾരൂപങ്ങൾ നാടകം സംസ്ഥാന സ്‌കൂൾ യുവജനോത്‌സവത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ നന്നായി ശ്രദ്ധിക്കപ്പെട്ടു.തുടർന്ന് അലമാരയിലെ സ്വപ്‌നങ്ങൾ നാടകം എഴുതി. അതും സംസ്ഥാന യുവജനോത്‌സവത്തിൽ എ ഗ്രേഡ് നേടി. അതുവരെ കാര്യമായി തുറന്നുകൊടുക്കാതിരുന്ന കേരളത്തിലെ സ്‌കൂൾ ലൈബ്രറികൾ കുട്ടികൾക്കു തുറന്നുകൊടുക്കാൻ ആ നാടകം കാരണമായി. ശാസ്‌ത്രസാഹിത്യപരിഷത് ആയിരക്കണക്കിന് വേദികളിൽ ആ നാടകം അവതരിപ്പിച്ചു. കേരളത്തിലെ കുട്ടികളുടെ നാടകവേദിയെ ആൾരൂപങ്ങളും അലമാരയിലെ സ്വപ്‌നങ്ങളും സജീവമാക്കി. പിന്നീട് കേരള സിലബസിൽ  ആൾരൂപങ്ങൾ ഏഴാം ക്ലാസിൽ ഒരു പാഠമായിരുന്നു. ഇപ്പോൾ സി.ബി.എസ്. ഇ. സിലബസിൽ അതൊരു പാഠമാണ്. ആ നാടകങ്ങൾ ഉൾപ്പെടെ ആറ് നാടകങ്ങളുടെ സമാഹാരമായ വിസ്‌മയ വരമ്പിലൂടങ്ങനെ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

മലയാള കഥ ആധുനികതയിൽ നിന്ന് മാറി ആധുനികോത്തരത സജീവമാവുന്ന കാലത്താണ് താങ്കൾ എഴുത്തിലേക്ക് വരുന്നത്. ആ കാലം എഴുത്തുകാരനെന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു?

ആധുനികതയുടെ അവസാനത്തിൽ എൻ. പ്രഭാകരൻ, സി.വി. ബാലകൃഷ്‌ണൻ, അശോകൻ ചരുവിൽ, അഷ്ടമൂർത്തി, ടി.വി. കൊച്ചുബാവ, യു കെ കുമാരൻ, കെ. പി. രാമനുണ്ണി, അംബികാസുതൻ മാങ്ങാട്, ടി എൻ പ്രകാശ്, അക്ബർ കക്കട്ടിൽ തുടങ്ങിയ എഴുത്തുകാർ ഏറ്റവും മികച്ച കഥകൾ എഴുതുന്ന കാലത്താണ് ഞാൻ വരുന്നത്. ശിഹാബുദ്ദീനും, ഞാനും, ഫാസിലും, കെ, ടി, ബാബുരാജും, ടി, പി, വേണുഗോപാലനുമൊക്കെയാണ് ആ കാലത്തെ ഇളയ തലമുറ. അക്കാലത്ത് ഞങ്ങളുടെ സ്വരം കേൾപ്പിക്കാൻ പ്രയാസമായിരുന്നു. കഥ പ്രസാധകർക്ക് താൽപര്യമുള്ള ചരക്കായിരുന്നില്ല. ഞങ്ങൾക്കത് സ്വന്തമായി പ്രസിദ്ധീകരിക്കേണ്ടി വന്നു. ഞാനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ഇതൾ പബ്ലിക്കേഷൻസ് ആണ് എൻ്റെയും നിരൂപകൻ ഇ.പി.രാജഗോപാലൻ്റെയും ആദ്യ കൃതികൾ പ്രസിദ്ധീകരിച്ചത്.

മറ്റു പല എഴുത്തുകാരിൽ നിന്ന് വിഭിന്നമായി വളരെ കുറച്ചു കഥകളാണ് താങ്കൾ പ്രസിദ്ധീകരിച്ചത്. സ്വന്തമായി പ്രസാധക സ്ഥാപനമുണ്ടായിട്ടും ആകെ ഏഴു കൃതികൾ മാത്രം. എന്തുകൊണ്ടാണിങ്ങനെ?

വർഷങ്ങളോളം സജീവമായി കഥകളെഴുതുകയും ഇടയ്ക്കു കുറച്ചു കാലം കഥയിൽ നിശ്ശബ്‌ദനാവുകയും, വീണ്ടും എഴുതുകയും, കഥയിലും ദൃശ്യമാധ്യമങ്ങളിലും സജീവമാവുകയും ചെയ്‌ത ഒരാളാണ് ഞാൻ. കഥ ഒരു ഉത്പ്പന്നമെന്ന നിലയിൽ നല്ല  ക്വാളിറ്റി  വേണമെന്ന് ആഗ്രഹിക്കുന്നയാളുമാണ്. കടുത്ത പെർഫക്ഷനിസ്റ്റും. ഈ സാഹചര്യത്തിൽ എന്നെ സംബന്ധിച്ച് കഥയെഴുത്ത് വളരെ ക്ലേശകരമായിരുന്നു. എഴുതിയ കഥകൾ പലതും നിരൂപകശ്രദ്ധ നേടുകയും അവയ്ക്ക്  പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്‌തത് പുതിയ കഥകൾ  എഴുതുമ്പോൾ അമിതമായ ജാഗ്രത കാണിക്കാൻ ഇടയാക്കി. എഴുത്തു കുറഞ്ഞു. കൃതികൾ കുറഞ്ഞു. എന്നാലും എനിക്കതിൽ ഖേദമില്ല. എൻ്റെ കഥകളുടെ പേരിൽ അഭിമാനമേയുള്ളൂ. ടി. പത്‌മനാഭനും, സുഭാഷ് ചന്ദ്രനും, സന്തോഷ് ഏച്ചിക്കാനവും, ഇ. സന്തോഷ് കുമാറുമൊക്കെ തിളങ്ങി നിൽക്കുന്നത് ധാരാളം എഴുതിയത് കൊണ്ടല്ല. എഴുതിയതൊക്കെ നല്ലതായതു കൊണ്ടാണ്.

സമകാല മലയാള കഥയെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?

മലയാള കഥ കഴിഞ്ഞ കുറച്ചു കാലമായി പ്രമേയ പരമായുംശൈലീപരമായും ഏകതാനതയുടെ പാതയിലായിരുന്നു. ഒരു കാലത്ത് തോട്ടിയുടെ മകൻ ഒക്കെ ഇറങ്ങുന്ന കാലത്ത് ജീവിതത്തിൻ്റെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ജീവിതം ആവിഷ്ക്കരിച്ച മലയാള സാഹിത്യത്തിൻ്റെ കാലത്തെ പ്രമേയങ്ങളോടായിരുന്നു കുറച്ചു വർഷങ്ങളായി പുതിയ മലയാള കഥയ്ക്ക് ചാർച്ച. അടിത്തട്ടിലെ അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യർ ആ കഥകളിൽ അടയാളപ്പെടുത്തപ്പെട്ടു. അപ്പോൾത്തന്നെ വളരെ പ്രാദേശികമായ ഭാഷകൾ കഥകളിൽ ഉപയോഗിക്കപ്പെടുകയും ചെയ്‌തു. വിശദാംശങ്ങൾ നിറഞ്ഞ നോവൽ ഭാഷ ഈ കഥകളിൽ പൊതുവെ പ്രയോഗിക്കപ്പെട്ടു. എത്രയോ വർഷങ്ങളായി കഥാ കേന്ദ്രമായിരുന്ന മധ്യവർഗ ജീവിതം കഥയിൽ നിന്ന്  മാഞ്ഞു പോയി. വിശപ്പ്, ദാരിദ്ര്യം, അനാഥത്വം, പ്രാദേശികത ഒക്കെ ഈ കഥകളിൽ നിറഞ്ഞു നിന്നു. അതൊക്കെ നല്ലതാണെങ്കിലും ആവർത്തനങ്ങൾ ചെടിപ്പിച്ചു. എന്നാൽ, ഈയിടെയായി കഥകളിൽ വലിയ മാറ്റം വന്നു. വിശദാംശങ്ങൾ നിറഞ്ഞ നോവൽ ഭാഷ പിൻവാങ്ങുകയും ആഡംബരങ്ങളില്ലാത്ത നേർമ്മയുള്ള ഭാഷ കഥയിൽ വരാനും തുടങ്ങി. പുതുകഥാ മത്‍സരങ്ങളിൽ സമ്മാനിതമായ കഥകളിൽ പഴയ ഹാംഗോവർ ഉണ്ടാകുന്നുവെങ്കിലും ഏറ്റവും പുതിയ കഥകൾ സുതാര്യവും ബഹുസ്വരവുമായി വരുന്നത് ആശാവഹമാണ്.

കഥയിൽ നിന്ന് മാറിനിന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ! ബോധപൂർവ്വം മാറി നിന്നതാണോ? അതോ…? ആ കാലത്തെ അനുഭവങ്ങൾ?

86 ലെ മനോരമ വാർഷികപ്പതിപ്പിൻ്റെ കഥാപുരസ്‌കാരം നേടി കഥയിലേക്ക് വന്നയാളാണ് ഞാൻ. 2005 വരെ സജീവമായി എഴുതി. മാതൃഭൂമിയുടെ 2000 മുതലുള്ള മിക്ക വാർഷികപ്പതിപ്പിലും ഓണപ്പതിപ്പിലും എൻ്റെ കഥയുണ്ട്. എല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും എൻ്റെ കഥയുണ്ട്. സുന്ദർദാസ് സംവിധാനം ചെയ്‌ത കണ്ണിനും കണ്ണാടിക്കും ഉൾപ്പെടെ മൂന്നു സിനിമകൾക്ക് രചന നിർവ്വഹിച്ചു.ആ സിനിമകൾ റിലീസായി പിന്നെയും രണ്ട് സിനിമകൾ കിട്ടി. നിർഭാഗ്യവശാൽ ആ സിനിമകൾ നടന്നില്ല. അതിൻ്റെ നിരാശ എൻ്റെ എഴുത്തിനെ ബാധിച്ചു. 2005 ൽ മാധ്യമം വാർഷികപ്പതിപ്പിൽ വന്ന ദാർശനികം എന്ന കഥയോടെ എഴുത്ത് നിന്നുപോയി. എന്നിലെ എഴുത്തുകാരനെ ഞാൻ തന്നെ മറന്നു പോയി വർഷങ്ങളോളം. സാധാരണ മനുഷ്യൻ്റെ സാധാരണ ജീവിതത്തിലേക്ക് പോയി. ചെറിയ കാര്യങ്ങളിൽ സന്തോഷിച്ചു. അപ്പോഴും അമലിൻ്റെ കൽഹണൻ നോവലിലെ ചിത്രകാരനെപ്പോലെ എന്നിലെ എഴുത്തുകാരൻ എന്നിലെ സാധാരണ വ്യക്‌തിയുമായി കലഹിച്ചു കൊണ്ടിരുന്നു.

വർഷങ്ങൾ എഴുതാതിരുന്ന കാലത്തെ അനുഭവങ്ങൾക്കു ശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട സിക്കിം സൂപ്പർ എന്ന കഥയിലൂടെയുള്ള എഴുത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച്?

എഴുത്ത് കൈവിട്ട് അകമേ നിരാശയിലാണ്ടിരുന്നെങ്കിലും ഒരു സർക്കാർ ഉദ്യോഗത്തിലായിരുന്നതുകൊണ്ട് ബാഹ്യ തലത്തിൽ ആ നിരാശ പ്രകടമായില്ല. അക്കാലത്ത് സിക്കിം സൂപ്പർ എന്ന ലോട്ടറിയുടെ മായാവലയത്തിലായിരുന്നു കേരളത്തിലെ വലിയ വിഭാഗം തൊഴിലാളികളും ജീവനക്കാരും. എൻ്റെ ഓഫീസിലെ സഹപ്രവർത്തകൻ അവസാന മൂന്നക്കത്തിന് അയ്യായിരം രൂപ സമ്മാനമടിക്കാൻ സാധ്യതയുള്ള നമ്പരുകളുടെ ഒരു ചാർട്ട് കൊണ്ടുവന്നത് പുതിയ ഒരു സാധ്യതയുടെ വാതിൽ തുറന്നു. സിക്കിം സൂപ്പർ ലോട്ടറിയിൽ പലരും സമ്മാനമടിക്കാൻ സാധ്യതയുള്ള നമ്പർ പ്രവചിക്കാൻ  തുടങ്ങി. ഞാനതിൽ  ആകൃഷ്‌ടനായി. നന്നായി ലോട്ടറി പഠിച്ച് ഞാനും പ്രവചിക്കാൻ തുടങ്ങി. ലോട്ടറിയെടുക്കാനും. വളരെ പെട്ടെന്ന് തന്നെ എൻ്റെ പ്രവചനങ്ങൾ ശരിയാവുകയും എനിക്ക് ലക്ഷക്കണക്കിന് രൂപ ലോട്ടറിയടിക്കുകയും ചെയ്‌തു.  അക്കാലത്ത് ഞാൻ അക്ഷരം വിട്ടു അക്കത്തിലേക്ക് പോയി. അക്കാലത്ത് എൻ്റെ മിത്രങ്ങൾ ലോട്ടറിക്കാരായി മാറി. ലോട്ടറി ഏജൻസികളും സാധാരണ തൊഴിലാളികളും വരെ എൻ്റെ പ്രവചനങ്ങൾ ആരാഞ്ഞിരുന്നു. പിന്നീട് സിക്കിം സൂപ്പർ നിരോധിക്കപ്പെട്ടു. പിന്നെയും മൂന്നു നാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ എഴുത്ത് എന്നെ തൊട്ടു. ഈ ലോട്ടറി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പിണറായി കഥാപാത്രമായുള്ള സിക്കിം സൂപ്പർ എന്ന കഥ പിറക്കുന്നത് അങ്ങനെയാണ്. എൻ്റെ കഥകളിൽ ഏറ്റവും വായിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ കഥയായി സിക്കിം സൂപ്പർ മാറി.

മലയാള കഥയിൽ താങ്കളുടെ കഥകൾ എങ്ങനെ വേറിട്ട് നിൽക്കുന്നു?

പാരമ്പര്യം എന്ന ആദ്യ കഥ മുതൽ തന്നെ കഥയുടെ പ്രമേയത്തിലും രൂപ ശിൽപ്പത്തിലും പുതുമയുണ്ടാക്കാൻ പരിശ്രമിച്ച എഴുത്തുകാരനാണ് ഞാൻ. ആദ്യ കഥയിൽ, ജ്യോത്സ്യർ കവിടി നിരത്തുമ്പോൾ ഉപയോഗിക്കുന്ന താളവും ഭാഷയും സൃഷ്‌ടിക്കാൻ ശ്രമിച്ചു. കാലത്തെ തിരിച്ചിട്ട് പ്രേമം സമയബന്ധിതം എന്ന കഥയെഴുതി. നിരൂപണ ഭാഷയിൽ ‘ദേശീയം – ഒരു കഥാ വായന’ എന്ന കഥയെഴുതി. സന്ദർശനങ്ങൾ എന്ന കഥ ചോദ്യോത്തരങ്ങൾ മാത്രമുള്ള ഒരു രൂപ മാതൃകയിലാണ് എഴുതിയത്. കഥകളിൽ ഫാൻ്റസിയും യാഥാർത്ഥ്യവും ധാരാളമായി ഉപയോഗിച്ചു. കഥയെഴുത്തുകാരനെന്ന നിലയിൽ ഒരുപക്ഷെ മറ്റാരും തന്നെ എൻ്റെയത്ര ബയോഫിക്ഷൻ കഥയിൽ ഉപയോഗപ്പെടുത്തിക്കാണില്ലെന്ന് തോന്നുന്നു. ജീവിച്ചിരിക്കുന്ന പ്രശസ്‌തരെ ഫിക്ഷനിൽ കഥാപാത്രങ്ങളാക്കുന്ന കഥകളെയാണ് ബയോഫിക്ഷൻ എന്നുദ്ദേശിക്കുന്നത്. ഈയിടെ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ‘കെ.പി ഉമ്മർ’ എന്ന കഥയിൽ ബയോഫിക്ഷൻ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഇത് ഞാൻ 90 കളിൽത്തന്നെ ഉപയോഗപ്പെടുത്തി. ആംസ്ട്രോംഗ് തുടങ്ങിയ ചന്ദ്രപര്യവേക്ഷകരെ കഥാപാത്രങ്ങളാക്കിയ ചന്ദ്ര സ്‌പർശം, 2003 ൽ മാതൃഭൂമി ഓണപ്പതിപ്പിലെഴുതിയ കടമ്മനിട്ട കഥാപാത്രമായ പകർപ്പവകാശം, 2005 ൽ മാധ്യമം വാർഷിക പതിപ്പിൽ എം. എൻ. വിജയൻ കഥാപാത്രമായ ദാർശനികം, ഏറ്റവും ഒടുവിൽ 2016ൽ പിണറായി കഥാപാത്രമായ സിക്കിം സൂപ്പർ എന്നീ കഥകളിൽ ബയോഫിക്ഷൻ സങ്കേതമാണ് ഞാൻ ഉപയോഗിച്ചത്. ബഷീർ ബയോഫിക്ഷൻ കഥകൾ എഴുതിയിട്ടുണ്ടെങ്കിലും പിൽക്കാല മലയാള കഥാകൃത്തുക്കൾ അത് വികസിപ്പിച്ചെടുത്തില്ല. തീർച്ചയായും കഥയ്ക്ക് പുതിയ ഒരു മാനം നൽകാൻ ബയോഫിക്ഷന് കഴിയുന്നുണ്ട്. അഷ്ടമൂർത്തിയുടെ ഏറ്റവും പുതിയ മാതൃഭൂമിക്കഥ – യേശുദാസും ജയചന്ദ്രനും – ഏറ്റവുമധികം വായന നേടിയ ബയോഫിക്ഷണൽ കഥയാണ്.

കഥാ ജീവിതത്തിൽ സ്വാധീനിച്ചവർ?

സക്കറിയയുടെ ഒരിടത്ത് എന്ന കഥാസമാഹാരവും, സേതുവിൻ്റെ പാണ്ഡവപുരം നോവലും, എം. രാജീവ് കുമാറിൻ്റെ റേഡിയോ നാടകങ്ങളുമാണ് കൗമാരത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച രചനകൾ. ബഷീർ, എം. ടി. പത്‌മനാഭൻ, മാധവിക്കുട്ടി തുടങ്ങിയ എഴുത്തുകാരും. പിൽക്കാലത്ത് മാർകേസ് തുടങ്ങിയ എഴുത്തുകാർ, സി. വി. ബാലകൃഷ്‌ണൻ, എൻ. പ്രഭാകരൻ, അഷ്ടമൂർത്തി, ഇ. പി. രാജഗോപാലൻ, അശോകൻ ചരുവിൽ, ടി വി കൊച്ചുബാവ, ടി.എൻ. പ്രകാശ്, അംബികാസുതൻ മാങ്ങാട്, ജിനേഷ് കുമാർ എരമം, സന്തോഷ് ഏച്ചിക്കാനം, കെ.ടി. ബാബുരാജ്, ടി.പി. വേണുഗോപാലൻ, പി.കെ. ശ്രീവത്സൻ തുടങ്ങിയ എഴുത്തുകാരുമായുള്ള സൗഹൃദങ്ങളും എന്നെ എഴുത്തിൽ മുന്നോട്ട് നടത്തിച്ചു.  ഡോ: ടി.പി. സുകുമാരനും, അങ്കണം സാംസ്‌കാരിക വേദിയുടെ അമരക്കാരൻ ആർ.ഐ. ഷംസുദ്ദീനും, ദേശാഭിമാനി പത്രാധിപർ സിദ്ധാർത്ഥൻ പരുത്തിക്കാട്, മാതൃഭൂമി ആഴ്‌ചപ്പതിപ്പിൻ്റെ എഡിറ്റർ ടി. ബാലകൃഷ്‌ണനും  എനിക്ക് എഴുത്തിൽ  വഴിവിളക്കുകളായിരുന്നു. അവരൊക്കെ ചേർന്നാണ് എന്നെ വായനക്കാരിലെത്തിച്ചത്.

പകർപ്പവകാശം എന്ന കഥയിൽ കഥയുടെ അവകാശം ആർക്ക് എന്ന പ്രസക്‌തമായ ചോദ്യം താങ്കൾ ഉന്നയിച്ചതിനെക്കുറിച്ച് അഷ്ടമൂർത്തി ‘ആർക്കു വേണം എഴുത്തുകാരനെ’ എന്ന കൃതിയിൽ ചർച്ച ചെയ്‌തിരുന്നു. ശരിക്കും സാഹിത്യം എഴുത്തുകാരൻ്റെ സ്വകാര്യ സ്വത്താണോ?

മാതൃഭൂമി ഓണപ്പതിപ്പിലാണ് പകർപ്പവകാശം പ്രസിദ്ധീകരിച്ചത്. കടമ്മനിട്ടയെ പോലെ കവിത ചൊല്ലി നടക്കുന്ന കടമ്മനിട്ടക്കവിതകൾ സ്വന്തം രക്‌തമാംസങ്ങളാക്കി  മാറ്റിയ ഒരാളാണ് കഥാപാത്രം. (പയ്യന്നൂരിനടുത്ത് മാത്തിലെ നാരാണേട്ടൻ എന്നയാളാണ് ആ കഥാപാത്രത്തിലേക്കുള്ള  പ്രചോദനം). അതിലാണ് ഒരു കഥാപാത്രം പറയുന്നത്: ‘നമ്മുടെ അനുഭവങ്ങൾ ഒരു എഴുത്തുകാരൻ എഴുതി വച്ചാൽ, അത് അയാളുടെ കൃതിയല്ല, നമ്മുടേത് തന്നെയാണ്. നമ്മുടെ സ്വത്തിൻ്റെ  രേഖയുണ്ടാക്കുന്ന ആധാരമെഴുത്തുകാർക്ക് നമ്മുടെ സ്വത്തിൽ അവകാശമുണ്ടോ?’. ഈ ചോദ്യമാണ് അഷ്ടമൂർത്തി ചർച്ച ചെയ്‌തത്. അത് നിരവധി വേദികളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ പ്രശസ്‌തനായ ഒരു  എഴുത്തുകാരൻ ആ കഥയിലൂടെ എന്നെ ചേർത്തു പിടിച്ചത് അവിസ്‌മരണീയമായ അനുഭവമാണ്. അതുപോലെ അശോകൻ ചരുവിലും, അംബികാസുതൻ മാങ്ങാടും, എംകെ ഹരികുമാറും, വി.സി ശ്രീജനും,  ഇ.പി. രാജഗോപാലനും, ടി.വി. കൊച്ചുബാവയും, പി.കെ. ശ്രീവത്സനും ഒക്കെ എന്നെ ചേർത്തു പിടിച്ചത് മറക്കുന്നില്ല. ഒരു എഴുത്തുകാരൻ സമൂഹത്തിൽ നിന്ന് സൃഷ്‌ടിക്കുന്ന രചനകൾ സമൂഹത്തിൻ്റെ സ്വത്താണെന്ന് ഞാൻ വിശ്വസിക്കുന്നു. ജയമോഹനെ പോലുള്ള എഴുത്തുകാർ അത് തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറ് സിംഹാസനങ്ങൾ എന്ന നോവൽ  അദ്ദേഹം കോപ്പിലെഫ്റ്റ് ആക്കിയത് അതിനുദാഹരണം. എൻ്റെ മോഹിതം എന്ന നോവലിൻ്റെ പിഡിഎഫ് ഹരിതം ബുക്‌സുമായി ചേർന്ന് സൗജന്യമായി ഇറക്കിയതും ആ പ്രതിബദ്ധത കൊണ്ടാണ്.

കഥാജീവിതത്തിൽ അവിസ്‌മരണീയമായ അനുഭവങ്ങൾ?

കുറച്ച് വർഷങ്ങൾക്കു മുൻപ് അമേരിക്കൻ മലയാളികളുടെ ഒരു സംഘടന  ലോകത്തിലെ  മലയാളി എഴുത്തുകാർക്ക് വേണ്ടി നടത്തിയ മത്‍സരത്തിൽ  എൻ്റെ നോവലെറ്റിന് – ശരീരഭാഷ – അവാർഡ് പ്രഖ്യാപിച്ചു. ഒരാഴ്‌ച കഴിഞ്ഞ് അവർ തന്നെ ആ അവാർഡ് റദ്ദാക്കി പത്ര സമ്മേളനം നടത്തി. ആ നോവലെറ്റ് പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ചതായിരുന്നു  കാരണം. മത്‍സരത്തിന് അയക്കുമ്പോൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഞാൻ ശരിക്കും അപമാനിതനായി. എഴുത്തിൽ അറിയപ്പെടാൻ തുടങ്ങിയ കാലമായിരുന്നു. ശരിക്കും തകർന്നു പോയി… ഒന്നും എഴുതാതിരുന്നു. ആ കാലത്തെ അതിജീവിച്ചത്  ഒരു കത്തിൻ്റെ ബലം കൊണ്ടായിരുന്നു. മാതൃഭൂമി ഓണപ്പതിപ്പിൽ കഥയാവശ്യപ്പെട്ട് എഡിറ്റർ ടി. ബാലകൃഷ്‌ണൻ എഴുതിയ കത്തായിരുന്നു അത്. എൻ്റെ കണ്ണു നിറഞ്ഞു. ഞാൻ കഥയുമായി നേരിട്ട് മാത്രുഭൂമിയിലെത്തി അദ്ദേഹത്തെക്കണ്ട് അവാർഡ് റദ്ദായ വേദന പങ്കുവച്ചു. (അതിനു മുൻപ് മാതൃഭൂമിയിലെഴുതിയ ദൈവത്തിൻ്റെ ചിറകുകൾ അങ്കണം – ഇ പി സുഷമ അവാർഡ് നേടിയപ്പോൾ പത്രാധിപർ അഭിനന്ദനമറിയിച്ച് കത്തയച്ചിരുന്നു. അങ്ങനെ പരിചയമുണ്ട്). അദ്ദേഹം എന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: നിങ്ങൾ എന്തിനാണ് ദു:ഖിക്കുന്നത്? ലോകത്തിൽ മലയാളത്തിൽ നടത്തിയ നോവലെറ്റ് മത്‍സരത്തിൽ ഒന്നാം സ്ഥാനം നേടുക എന്ന് പറയുന്നത് നിങ്ങളുടെ പ്രതിഭയുടെ ഔന്നത്യമല്ലേ കാണിക്കുന്നത്? അത് അച്ചടിച്ചു പോയി എന്നത് കൊണ്ട് അവാർഡ് തിരിച്ചെടുക്കാനേ അവർക്ക് പറ്റൂ. നിങ്ങളുടെ പ്രതിഭ റദ്ദാക്കാൻ പറ്റില്ല. ഇനിയും മലയാള സാഹിത്യത്തിന് നിങ്ങളുടെ കഥകൾ  വേണം. ആ വാക്കുകൾ എന്നെ എഴുത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.  മാതൃഭൂമിയിൽ ഓണപ്പതിപ്പിലും വാർഷികപ്പതിപ്പിലും മറ്റുമായി തുടർന്ന് 15 കഥകൾ പ്രസിദ്ധീകരിച്ചു. 2003 ലെ മാതൃഭൂമി ഓണപ്പതിപ്പിൽ വന്ന ജീവിതം തുടയ്ക്കാൻ ഒരു തൂവാല എന്ന കഥയ്ക്ക് (സമാഹാരത്തിന്) ഇടശ്ശേരി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ഡോ: ഷാജി ജേക്കബ് ഇന്ത്യാ ടുഡേയിൽ ഏറ്റവും മികച്ച കഥകളിലൊന്നായി ജീവിതം തുടയ്ക്കാൻ ഒരു തൂവാലയെക്കുറിച്ച് എഴുതി. മലയാളത്തിലെ മികച്ച നോവലുകളിലൊന്നായി പ്രകാശനം നോവലിനെ ഡോ: വി.സി. ശ്രീജൻ നോവൽ വായനകൾ എന്ന കൃതിയിൽ തിരഞ്ഞെടുത്ത് പഠനമെഴുതിയതും അവിസ്‌മരണീയമായ അനുഭവമാണ്. മലയാറ്റൂർ പുരസ്‌കാരം ഉൾപ്പെടെ പല പുരസ്‌കാരങ്ങളും ‘പ്രകാശന’ത്തിന് ലഭിച്ചു. ആൾരൂപങ്ങൾ എന്ന നാടകം ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തിലെ ഒരു പാഠമായതും, കഥാകൃത്ത് കെ.ആർ മല്ലിക എഡിറ്റ് ചെയ്‌ത 60 വർഷം 60 കഥ എന്ന കഥാസമാഹാരത്തിൽ പ്രകൃതി നിയമം എന്ന കഥ തിരഞ്ഞെടുത്തതും അഭിമാനത്തോടെ ഓർക്കുന്നു.

ഏറ്റവും പുതിയ കൃതി?

പുതിയ കഥകളുടെ സമാഹാരമായ സിക്കിം സൂപ്പർ അച്ചടിയിലാണ്. മറ്റു കൃതികൾ – ചന്ദ്ര സ്‌പർശം, ജീവിതം തുടയ്ക്കാൻ ഒരു തൂവാല, ഹൃദയം പകർന്ന വാക്കുകൾ, പ്രകാശനം, വിസ്‌മയ വരമ്പിലൂടങ്ങനെ, മോഹിതം – നിരവധി പതിപ്പുകളിലൂടെ വായനക്കാരിലെത്തുന്നുണ്ട്

ദൃശ്യ മാധ്യമങ്ങളിലെ രചനകൾ?

മൂന്നു സിനിമകൾ. മറിമായം, എം 80 മൂസ തുടങ്ങിയ സൂപ്പർ ഹിറ്റ് ടി.വി. സറ്റയർ സിറ്റ്‌കോമുകളുടെ നൂറ് കണക്കിന് എപ്പിസോഡുകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. തീർച്ചയായും എൻ്റെ കഥകൾ പോലെ അവയും എനിക്ക് പ്രിയപ്പെട്ടതാണ്. മനസ്സിൽ എന്തെങ്കിലും വിഷമങ്ങൾ നിറയുന്ന ഘട്ടങ്ങളിൽ ഞാൻ എഴുതിയ അത്തരം സിറ്റ്‌കോമുകൾ യുട്യൂബിൽ നിന്ന് കാണും. മനസ്സിൽ സന്തോഷം നിറയ്ക്കാൻ അവയ്ക്കു കഴിയുമെന്ന അനുഭവമുണ്ട്. എന്നാൽ  നമ്മൾ എഴുത്തിൻ്റെ ഏകാധിപതിയാവുന്നത് ചെറുകഥയിലും നോവലിലും തന്നെയാണ്. കഥാകാരനായി അറിയപ്പെടുന്നതു തന്നെയാണ് ഏറ്റവും സന്തോഷം.

സർഗാത്‌മക രചനകൾ കൂടാതെ ഹരിദാസ് കരിവെള്ളൂർ എന്ന എഴുത്തുകാരൻ്റെ സംഘാടന പാടവം തിളങ്ങി നിൽക്കുന്ന ഒരിടം പ്രശസ്‌തമായ ഓൺലൈൻ കഥാവേദിയായ ‘കഥ മാത്രം’ ആണല്ലോ. അത് രൂപീകരിക്കാനിടയായ സാഹചര്യം? അതിൻ്റെ അനുഭവം?

ധാരാളം വായിക്കുകയും വല്ലപ്പോഴും മാത്രം എഴുതുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ മലയാളത്തിലെ എല്ലാ തലമുറയിലെയും എഴുത്തുകാരുടെ കഥകൾ വായിക്കുകയും അതിനെക്കുറിച്ച് എഫ് ബി യിൽ എഴുതുകയും ചെയ്യാറുണ്ട്. മലയാളത്തിലെ എഴുത്തുകാരുമായി നല്ല സൗഹൃദമുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല ഒരു കഥ വന്നു എന്നു പറയാമെന്നല്ലാതെ ആഴത്തിലുള്ള നിരൂപണങ്ങൾ എഫ് ബി യിൽ  ഉണ്ടായിക്കാണുന്നില്ലെന്ന് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു കഥയ്ക്ക് പലതരം വായനകൾ വേണമെന്ന് തോന്നിയിട്ടുണ്ട്. എൻ്റെ  ആദ്യ കഥ മുതൽ ഒടുവിലെ കഥ – സിക്കിം സൂപ്പർ – വരെ കരിവെള്ളൂരിൽ നന്നായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്രയും അനുഭവങ്ങൾ ഉള്ളിലുള്ളത് കൊണ്ട് കോവിഡ് ലോക് ഡൗൺ കാലത്തെ ഏകാന്തതയെ മറികടക്കാൻ ഞാൻ കഥ മാത്രം എന്ന വാട്‍സ് ആപ് കൂട്ടായ്‌മ ഉണ്ടാക്കി. മലയാളത്തിലെ മിക്ക എഴുത്തുകാരും പത്രാധിപന്മാരും മാധ്യമ പ്രവർത്തകരും ഗ്രൂപ്പിലുണ്ട്. ഒരു മികച്ച കഥ 2 മണിക്കൂർ നേരം ലൈവ് സംവാദം നടത്തുകയാണ് രീതി. നമ്മളോടൊപ്പം ജപ്പാൻ, അമേരിക്ക, യു കെ, യു എ ഇ, സൗദി, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരും വായനക്കാരും ഒരേ സമയം പങ്കെടുക്കുന്ന ലൈവ് കഥാസംവാദം പുതുമയാർന്നതാണ്. ടി. പത്‌മനാഭനെപ്പോലെ,  സേതുവെപ്പോലെ കഥയിലെ  ലെജൻഡുകളെ പങ്കെടുപ്പിക്കാൻ സാധിച്ചതും ഏറ്റവും പുതിയ എഴുത്തുകാരെ ഉൾപ്പെടുത്തി കഥോത്സവം നടത്തിയതും കഥ മാത്രത്തിൻ്റെ വിജയമായി കാണുന്നു. ഒരു കഥ ഒരേ സമയം 70-80 പേർ ലൈവ് സംവാദത്തിൽ വിലയിരുത്തുമ്പോൾ  എഴുത്തുകാർക്കും വായനക്കാർക്കും ഉണ്ടാക്കുന്ന ആഹ്ലാദം അനിർവ്വചനീയമാണ്. ഇതൊരു സാംസ്‌കാരിക ദൗത്യമാണെന്ന് കണ്ട് ശക്‌തമായി തുടരുകയാണ്.  പതിനഞ്ച് കഥാസംവാദങ്ങളും മൂന്ന് കഥോത്സവങ്ങളും കഥ മാത്രം ഇതിനകം നടത്തിക്കഴിഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാരുടെയും വായനക്കാരുടെയും, പങ്കാളിത്തം നന്ദിയോടെ സ്‌മരിക്കുന്നു.

പ്രകാശനം എന്ന നോവൽ വളരെ നിരൂപകശ്രദ്ധയും പുരസ്‌കാരങ്ങളും നേടിയിട്ടും ഇത്രയും വർഷങ്ങളായിട്ടും പുതിയ നോവൽ എഴുതാത്തതെന്ത്?

കഥയെഴുതുന്നതു പോലെ കടുത്ത പ്രചോദനമുള്ള നിമിഷങ്ങളിൽ മാത്രം ഓരോ അധ്യായവും എഴുതി രണ്ടു വർഷം കൊണ്ടാണ് പ്രകാശനം നോവൽ പൂർത്തിയാക്കിയത്. അതിന് കിട്ടിയ നിരൂപക ശ്രദ്ധയും പുരസ്‌കാരങ്ങളും എന്നെ ബാധിച്ചു. പുതിയ നോവൽ അത്ര നന്നായില്ലെങ്കിലോ എന്ന് ഭയന്ന് വളരെക്കാലം എഴുതാതിരുന്നു. ഇപ്പോൾ അതിനെ മറികടക്കുന്ന ഒരു പ്രമേയം കിട്ടിയിട്ടുണ്ട്. എഴുതാൻ തുടങ്ങി. നന്നായി തോന്നിയാൽ മാത്രം പ്രസിദ്ധീകരിക്കാൻ കൊടുക്കും. എന്താവുമെന്നറിയില്ല, നോക്കട്ടെ. ക്ഷമയോടെ കാത്തിരിക്കാൻ എനിക്കിഷ്‌ടമാണ്. സാഹിത്യം ഒരു ഓട്ടമത്‍സരമാണെങ്കിൽ ഞാനൊരു ദീർഘദൂര ഓട്ടക്കാരനാണ്, എനിക്കറിയാം. എൻ്റെ കഥകൾ/നോവൽ വായിച്ചവർ എന്നെ മറക്കുകയില്ല. അതുകൊണ്ട് തന്നെ എൻ്റെ വായനക്കാർക്ക് എഴുതിയതിൽ ഏറ്റവും നല്ല രചനകൾ നൽകണമെന്നാഗ്രഹിക്കുന്നു. അൽപ്പം കാത്തിരുന്നാലും സാരമില്ല.

(ഹരിദാസ് കരിവെള്ളൂരിന്റെ കൃതികൾ:
നോവൽ: പ്രകാശനം, ശരീരഭാഷ, മോഹിതം
കഥകൾ: ഹൃദയം പകർന്ന വാക്കുകൾ, ചന്ദ്രസ്പർശം, ജീവിതം തുടയ്ക്കാൻ ഒരു തൂവാല
ബാലസാഹിത്യം: വിസ്‌മയ വരമ്പിലൂടെ)

2 Comments
  1. Muyyam Rajan 2 years ago

    ജ്വലനം കാലത്തിന്റെ പുതിയ നേർക്കാഴ്ച. ആശംസകൾ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account